Sunday, December 14, 2008

ഒരു യാഥാസ്ഥിതിക ലേഖനം അഥവാ ഐ.ടി കാലത്തെ പെണ്ണുങ്ങളും ആണുങ്ങളും


പ്രസവിക്കാന്‍ പേടിയില്ല. പക്ഷേ
ഈ നശിച്ച ലോകത്തേക്കാണല്ലോ അവന്‍/ അവള്‍
വരാന്‍ പോകുന്നത്‌ എന്നോര്‍ക്കുമ്പോഴോ...
പ്രസവിക്കാനൊരുങ്ങുന്ന പെണ്‍സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.
ധാര്‍മികതയെപ്പറ്റിയും സദാചാരത്തെക്കുറിച്ചും ഒട്ടേറെ മനസ്സില്‍പതിയുന്ന വിവരങ്ങളും വിവരണങ്ങളും നല്‍കിയാണ്‌ നമ്മുടെ കുട്ടികളെ വളര്‍ത്താറുള്ളത്‌. എന്നാല്‍ മുതിര്‍ന്നു വരുമ്പോള്‍ ഏറെ സദാചാര ശിക്ഷണം ലഭിച്ച കുട്ടികള്‍ പോലും അവന്‍ ചെന്നു പെട്ട സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം വൃത്തികേടുകളുട സഹചാരിയാകുന്ന കാഴ്‌ച നമ്മെ വേദനിപ്പിക്കുന്നതാണ്‌. പുതിയ വിവരസാങ്കേതിക വിദ്യയുടെ കാലം സാമൂഹികമായ പൈതൃകങ്ങളെയെല്ലാം തമസ്‌കരിക്കുന്നതിന്റെ സൂചനകളാണു നല്‍കുന്നത്‌.
തികച്ചും ആശങ്കാജനകമായ ഇത്തരമൊരു അവസ്ഥയില്‍ നിന്ന്‌ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത നമുക്കുണ്ട്‌. കാലം അത്രയൊന്നും നല്ലതല്ല എന്ന പരാതി ഉന്നയിക്കുകയും ബദല്‍ പ്രക്രിയകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥ ഏറ്റവും അബദ്ധമാണ്‌. നല്ല വഴികളും നിലപാടുകളും നമുക്കുണ്ട്‌. സ്വന്തം അസ്‌തിത്വത്തിനു മുറിവേറ്റാല്‍ വൈകാപരികമായി പ്രതികരിക്കുന്ന സ്വഭാവവുമുണ്ട്‌. എന്നാല്‍ ഇനി വരാനിരിക്കുന്നവരുടെ നിലപാടുകളിലെവിടെയും ധാര്‍മ്മികത, സദാചാരം, എന്നിവക്ക്‌ പ്രസക്തി കാണുന്നില്ല. ആഗോളീകരണം വിദ്യാര്‍ത്ഥിയിലും സമൂഹത്തില്‍ പൊതുവെയും വരുത്തിക്കൂട്ടുന്ന അപകടങ്ങളിലൊന്നായിട്ടുവേണം സദാചാര ധ്വംസനങ്ങളെ വിലയിരുത്താന്‍. നന്മയുടെ വിത്തുകളും വിളയും ഏറെയുള്ളതാണ്‌ നമ്മുടെ പൈതൃകങ്ങളും പാരമ്പര്യവും. അവയുടെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനവും നയവുമാണ്‌ പുതിയ തലമുറയിലെ ഐ.ടി ജീവികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. ബാംഗ്ലൂരില്‍ നിന്ന്‌ ഈ രംഗത്തെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സ്വന്തം മണ്ണു വിട്ടു പോകുന്നവന്‍ സംസ്‌കാരത്തെയും തിരസ്‌കരിക്കുന്ന കാഴ്‌ചയാണ്‌ ബാംഗ്ലൂര്‍ പോലത്തെ മെട്രോ നഗരങ്ങള്‍ പറയുന്നത്‌. ഐ.ടി രംഗത്ത്‌ നിലനില്‍ക്കുന്ന അരാജകബോധം മറ്റൊരു കെണിയാണ്‌. പഠിച്ചിറങ്ങുമ്പോഴേക്കും ലഭിക്കുന്ന അഞ്ചക്ക ശമ്പളത്തിന്റെ ഹുങ്കാണ്‌ പലരെയും തെറ്റുകളിലേക്ക്‌ നയിക്കുന്നതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദവും പണം എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്‌മയും ഈ അഭിനവ മുതലാളിമാരുടെ പ്രശ്‌നമാണ്‌. ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും ഇല്ലാത്തവരാണ്‌. കുടുംബത്തിലേക്ക്‌ പണം കൊടുക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക്‌ പിന്നെ ശമ്പളം എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയാവുകയും അസാന്മാര്‍ഗ്ഗികവും അപകടകരവുമായ അവസ്ഥകളിലേക്ക്‌ ഇവര്‍ വഴിമാറുകയും ചെയ്യുന്നു. മയക്കുമരുന്ന്‌, മദ്യം, പരസ്‌ത്രീഗമനം എന്നിവക്കായി കിട്ടിയ ശമ്പളത്തിന്റെ പാതിയും ഉപയോഗിക്കുന്നവരാണ്‌ ഇവര്‍. ദൈവികബോധമോ സദാചാരവിചാരങ്ങളോ ആഗോളീകരണത്തിന്റെ വിഷയത്തില്‍ എവിടെയും വരാത്തതായതിനാല്‍ നിയന്ത്രണങ്ങള്‍ അസാധ്യമാവുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ്‌ ഈയിടെ പുറത്തു വന്നത്‌. നമ്മള്‍ കടമെടുത്തും അല്ലാതെയും പഠിക്കാനയക്കുന്ന കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന കിടങ്ങ്‌ എത്ര വലുതാണെന്ന്‌ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും തുറന്ന കണ്ണുളള വീക്ഷണം അനിവാര്യം. െൈലംഗിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും അടിമകളായ ഇവര്‍ക്ക്‌ സദാചാരത്തിന്റെ കാര്യം പറഞ്ഞാല്‍ തലയില്‍ കയറില്ല. പോടാ പുല്ലേ എന്നു വരെ പറഞ്ഞേക്കും. അവനൊരു സദാചാരവദി വനിനരിക്കുന്ന എന്ന കമന്റും പ്രതീക്ഷിക്കാം. പാശ്ചാത്യ സംസ്‌കാരത്തിന്റെ അലകളുമായി ലോകവുമായുള്ള അണ്‍ലിമിറ്റഡ്‌ നെറ്റ്‌വര്‍ക്ക്‌ സൗകര്യം ലഭിച്ചതാണ്‌ നമ്മുടെ കുട്ടികള്‍ നാടുവിടാനുണ്ടായ കാരണം. ആഗോളീകരണമെന്ന്‌ പുറംമോടിക്ക്‌ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ചെയ്യുന്ന ദോഷമെന്താണെന്ന്‌ നാമിതുവരെ ചിന്തിച്ചിട്ടില്ലെന്നു വേണം കരുതാന്‍. നാടുവിടുക എന്നത്‌ ഒരു ഫാഷനായി മാറുന്നതിന്റെ രസതന്ത്രവും അപ്പോള്‍ മനസ്സിലാകും. ജീവിതലക്ഷ്യമെന്നത്‌ ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണയുമായാണ്‌ സാമ്രാജ്യത്വം നമ്മുടെ സംസ്‌കാരത്തെ മയക്കാനെത്തുന്നത്‌. അത്‌ ആട്ടത്തിലൂടെയും പാട്ടിലൂടെയും വിദ്യാഭ്യാസ വൈജാത്യത്തിലൂടെയും നമ്മുടെ കണ്‍മുന്നില്‍ താണ്ഡവമാടുന്നുണ്ടെങ്കിലും കാണാത്ത ഭാവം നടിക്കുകയാണ്‌ പലരും. യാഥാര്‍ത്ഥ്യത്തിന്റെ ഭീകരത ഉള്‍ക്കൊള്ളാന്‍ പോലുമാകാതെ തകര്‍ന്നു പോയ കുടുംബങ്ങളുമുണ്ട്‌. ആഗോളീകരണം ലോകത്തിന്‌ ഒരുപാട്‌ നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അതു പോലെ ദോഷങ്ങളും. അതിന്റെ ഏറ്റവും വലിയ കെണി വരുംതലമുറയുടെ മാനസികവിചാരങ്ങള്‍ മാംസ വിചാരങ്ങളാക്കുന്നു എന്നതാണ്‌. മനസ്സിന്റെ പ്രാധാന്യം ചവറ്റുകുട്ടയിലെറിയപ്പെടുകയും മാംസം അഥവാ ഭൗതികവും ലൗകികവുമായ നൈമിഷിക താല്‍പര്യങ്ങള്‍ സ്വീകരണമുറിയില്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാനുള്ള മരുന്ന്‌ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കാരണം അതിനുള്ള മരുന്ന്‌ അവനവന്റെ ഹൃദയങ്ങളിലാണ്‌ എന്നതത്രേ. ആ ഹൃദയങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന്‌്‌ അപഹരിച്ചതിനാല്‍ നമുക്കാ മരുന്ന്‌ കണ്ടെത്താനുമാകുന്നില്ല.ധാര്‍മിക വിചാരങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ്‌ അനിവാര്യം. സന്നദ്ധസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്‌. സാമൂഹിക ദുരന്തങ്ങളെ ഇങ്ങനെ ക്ഷണിച്ചുവരുത്തുന്നതെന്തിനാണെന്ന്‌ നാമോരുത്തരും ചിന്തിക്കുന്നത്‌ നല്ലതാണ്‌. സദാചാരവും ധാര്‍മികതയും കടലു കടന്നു പോയിട്ടില്ലെന്ന്‌ നമ്മുടെ കുട്ടികള്‍ തെളിയിക്കണം. എല്ലാ തരം അധാര്‍മികവല്‍ക്കരണങ്ങളെയും സ്വയാര്‍ജ്ജിതമായ വിശ്വാസത്തിന്റെ ബലം കൊണ്ട്‌ തകര്‍ത്തെറിയാന്‍ കഴിയണം. അപ്പോള്‍ മാത്രമാണ്‌ അടുക്കളയിലും നാമറിയാതെ നമ്മുടെ ഹൃദയങ്ങളിലും അടിഞ്ഞുകൂടിയ അധിനിവേശത്തിന്റെ അപകടങ്ങളെ തൂത്തെറിയാന്‍ കഴിയൂ. അപ്പോള്‍ മാത്രമാണ്‌ അപകടപ്പെടുത്തുന്ന കടന്നുകയറ്റങ്ങളെ നാടിനു വേണ്ടി മാറ്റിയെടുത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാതരം പരിഷ്‌കാരങ്ങളും നന്മക്കു വേണ്ടി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഐ.ടി രംഗത്തടക്കം സമൂഹത്തെ വേവലാതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന അപകടങ്ങളെ ചെറുക്കാനാവുമെന്ന്‌ പ്രത്യാശിക്കാം.

18 comments:

‍ശരീഫ് സാഗര്‍ said...

ജീവിതലക്ഷ്യമെന്നത്‌ ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണയുമായാണ്‌ സാമ്രാജ്യത്വം നമ്മുടെ സംസ്‌കാരത്തെ മയക്കാനെത്തുന്നത്‌. അത്‌ ആട്ടത്തിലൂടെയും പാട്ടിലൂടെയും വിദ്യാഭ്യാസ വൈജാത്യത്തിലൂടെയും നമ്മുടെ കണ്‍മുന്നില്‍ താണ്ഡവമാടുന്നുണ്ടെങ്കിലും കാണാത്ത ഭാവം നടിക്കുകയാണ്‌ പലരും.

ശ്രീഹരി::Sreehari said...

തകര്‍ത്തു!...
ശ്ശൊ വല്ലാത്ത കാലം തന്നെ! ആഗോളവല്‍ക്കരണവും വിവരസാങ്കേതികവിദ്യയും കൂടെ നമ്മളുടെ സംസ്‌കാരത്തെ തകര്‍ത്തു കളഞ്ഞല്ലോ! മതാന്ധതയും ഫ്യൂഡലിസവും തന്നെയായിരുന്നു നല്ലത്. ശ്ശെ ആ വ്യവസായവല്‍ക്കരണം വന്നില്ലായിരുന്നെങ്കില്‍ വല്ല കുഴ്പ്പോം ഉണ്ടായിരുന്നോ? ഇരുണ്ട കാലഘട്ടമായിരുന്നു നല്ലത്‌>

ഈ ബാംഗ്ലൂര്‍ എന്ന നഗരത്തെപ്പറ്റി പറയുകയേ വേണ്ട. കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങുന്ന എല്ലാ എണ്ണവും സദാചാരം വെടിയാന്‍ ആണല്ലോ അങ്ങോട്ട് പോവുന്നെ തന്നെ! ഒരു 9/11 നോ 26/11 വന്നു ആ നഗരം തന്നെ അങ്ങു നശിപ്പിക്കണം. കേരളത്തിലെ യുവാക്കള്‍ ഡിഗ്രിയെടുത്ത് പണിയില്ലാതെ വീട്ടില്‍ ഇരിക്കട്ടെയെന്നേ. അല്ലെങ്കില്‍ തന്നെ ഈ ഗള്‍ഫ് പോലെ എങ്ങാനും ആണോ ബാംഗ്ലൂര്‍? ബാംഗ്ലൂരില്‍ പണി എടുക്കാന്‍ ഐ.ടിക്കാരും പാവം നഴ്സുമാരും പോവുന്നത് കുടുംബം പോറ്റാന്‍ അല്ലല്ലോ. അസാന്മാര്‍ഗികപ്രവര്‍ത്തനത്തിനല്ലേ?

സംഗീതവും നൃത്തവും എന്നേ നിരോധിക്കേണ്ട ലിസ്റ്റില്‍ പെട്ടതാണ്. ഇതു കൊണ്ടോക്കെ വല്ല പ്രയോജനവും ഉണ്ടോ? പണിയെടുത്ത് തളര്‍ന്ന് വീട്ടിലെത്തുന്ന ചെക്കന്മാറും പെണ്ണുങ്ങളും ഡിസ്കോ കളിക്കാന്‍ പോയാല്‍ പിന്നെയും ക്ഷീണിക്കില്ലേ? അതും വേണ്ട...

നഴ്സിംഗും ഐ.ടിയും ഇല്ലായിരുന്നെങ്കില്‍ നമ്മടെ ഒക്കെ സദാചാരമൂല്യങ്ങള്‍ എന്തു മാത്രം വളര്‍ന്നേനെ....
ഗുഡ് ഗോയിംഗ് കീപ് ഇറ്റ് അപ്.....

sreeNu Guy said...

ശ്രീഹരി,
എനിക്കാ പറഞ്ഞതങ്ങു പിടിച്ചു. കൊറേ മത, സാംസ്കാരിക പ്രവാച്ചന്മാര്‍. എല്ലാരും ഐ ടി ക്കാരുടെ നെഞ്ജതോട്ടാ. നമ്മടെ പൈതൃകം പോലും. വെറും 50 വര്‍ഷത്തെ സദാചാര പാരമ്പര്യം പോലുമില്ലാത്ത കേരളത്തിലാ ഐ ടി ക്കാര് വന്നപ്പം മാനം ഇടിഞ്ഞു വീണത്‌. വെറും 50 വര്‍ഷം മുന്‍പ് കേരളത്തില്‍ എന്ത് സദാചാര സാമൂഹിക മൂല്യങ്ങളായിരുന്നു എന്ന് ചോദിച്ചാല്‍ മാനതോട്ടു നോക്കുന്ന കുഞ്ഞുങ്ങളാണ് സദാചാരം പൊക്കിപ്പിടിച്ച് നടക്കുന്നത്.

വികടശിരോമണി said...

ഒരു പോസ്റ്റുമിട്ട് പോവുക എന്നല്ലാതെ,കമന്റുകൾ വായിക്കുകയോ,സംവാദഠിലേർപ്പെടുകയോ ചെയ്യുന്ന പണി ഈ ശരീഫിനില്ലെന്നു തോന്നുന്നു.അതുകൊണ്ട് അധികം പറയുന്നില്ല.ഏതായാലും സാമ്രാജ്യത്വം,ആഗോളവൽക്കരണം എന്നൊക്കെയുള്ള വാക്കുകൾക്കൊപ്പം മതനിരപേക്ഷത,ജനാധിപത്യം,ആധുനിക സാമൂഹ്യബോധം എന്നിവകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.ദൈവികചിന്തകൾ ഇല്ലാത്ത ഐ.ടി.കാരെ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതിന് മുമ്പ്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

എങ്ങനെയെങ്കിലും ഒന്ന് എഞ്ചിനീയറിംഗ്‌ കഴിചുകൂട്ടിയാ മാത്രം മതിയോ ശരീഫേ അഞ്ചക്കവും ആറക്കവുമൊക്കെ ശമ്പളമായിട്ടുകിട്ടാന്‍? ലോകം സാംസ്കാരികമായി അധ:പതിച്ചുപോയതുകൊണ്ടുമാത്രം പ്രസവിക്കാന്‍ ഭയക്കുന്ന താങ്കളുടെ പെണ്‍സുഹ്ര്ത്തിനെയോര്‍ത്ത്‌ പരിതപിക്കുന്നു, കഷ്ടം തന്നെ! ഇപ്പഴേ എവിടെയെങ്കിലും ഒന്നു കാണിക്കുന്നത്‌ നന്നായിരിക്കും. 'ഏതു സദാചാര ശിശുക്കളയാണ്‌ ഇത്രയ്ക്കും സമ്മര്‍ദ്ദത്തിലാക്കി വഴിതെറ്റിക്കുന്ന എന്തു സാഹചര്യത്തെക്കുറിച്ചാണ്‌ ശരീഫ്‌ വിലപിക്കുന്നത്‌? വഴിതെറ്റാനുള്ളവന്‍ ഒരു സാഹചര്യത്തിനും കാത്തുനില്‍കേണ്ടതില്ല. അതുപോലെ തെറ്റാത്തവന്‍ ഒരു സാഹചര്യത്തിലും തെറ്റുകയുമില്ല. ഐ.ടി രംഗവും സാങ്കേതികവിദ്യയുമൊക്കെ വളര്‍ന്നതിന്റെ ഗുണഫലംകൂടിയാണ്‌ ശരീഫ്‌ ഈപോസ്റ്റിട്ടതും ഇതുമാതിരി കമന്റുകള്‍ ഉടനടി കിട്ടുന്നതും. വെറുതേ ഐ.ടിയുമേയും സാങ്കേതികവളര്‍ച്ചയേയും തെറിപറഞ്ഞിട്ട്‌ വല്ലകാര്യവുമുണ്ടോ, കണ്ണടച്ചിരുട്ടാക്കാമെന്നല്ലാതെ? ഏതായാലും നല്ലവണ്ണം തലമണ്ടകാഞ്ഞ്‌, ഊണും ഉറക്കവും, യവ്വനത്തിന്റെ നല്ലൊരുപങ്കുസമയവും കമ്പ്യൂട്ടറുകള്‍ക്ക്‌ മുന്‍പില്‍ ഹോമിച്ച്‌ വിദേശരാജ്യങ്ങളില്‍ നിന്നും കോടികള്‍ ഇന്‍ഡ്യയിലേക്കൊഴുക്കുന്ന കിട്ടുന്ന നൂറില്‍ 30 ഉം ഇത്തരത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കും കൂടിവേണ്ടി ടാക്സായി നല്‍കുന്ന, തൊഴിലുറപ്പില്ലാത്ത, തൊഴില്‍ അവകാശങ്ങളോ, സംഘടനകളോ ഇല്ലാത്ത, ജോലിനഷ്ടപ്പെട്ടാലോ, അപകടം സംഭവിച്ചാലോ ടാക്സ്‌ പിഴിഞ്ഞു വാങ്ങുന്ന സര്‍ക്കാരോ പോലും തിരിഞ്ഞുനോക്കാത്ത പാവം ഐ.ടി തൊഴിലാളിയെ ഉപദ്രവിക്കണോ? അവനാണോ ഈപറയുന്ന സാംസ്കാരികച്യുതിക്ക്‌ മൂല ഹേതു? അവനെ ഇത്തരത്തില്‍ ഒരു 'അഭിനവ മുതലാളിയാക്കി' ചിത്രീകരിക്കേണ്ട കാര്യമുണ്ടോ? ബാംഗളൂരാണോ ഇന്‍ഡ്യയുടെ സാംസ്കാരിക അധ:പതനകേന്ദ്രം? പണം എങ്ങനെയുണ്ടാക്കണമെന്ന് അവനറിയാമെങ്കില്‍ താമസിയാതെ തന്നെ എങ്ങനെ ചിലവഴിക്കണമെന്നുകൂടി അവന്‍ പഠിച്ചുകൊള്ളും. മയക്കുമരുന്ന് , മദ്യം , പരസ്ത്രീ ഗമനം ഇവമൂന്നും ഐ.ടി തൊഴില്‍ മേഘല ഇന്‍ഡ്യയില്‍ വന്നതിനുശേഷം ഉണ്ടായ സാമൂഹിക വിപത്തുകള്‍ തന്നെ സംശയമില്ല! എത്രയും വേഗം ഐ.ടി രംഗം മുടിഞ്ഞാല്‍ ഈവക സാമൂഹിക വിപത്തുകള്‍ക്ക്‌ തടയിടാം. ആ ഒരു സാമൂഹിക നന്മയെ ലക്ഷ്യമിട്ടാണല്ലോ നമ്മുടെ സാമൂഹിക പരിഷ്കരണ സംഘടകള്‍ ഇപ്പോള്‍ ഐ.ടി , വ്യവസായ തലസ്ഥാനങ്ങളില്‍ പടക്കം പൊട്ടിച്‌ ഇത്തരം സാമൂഹിക തിന്മകളില്‍ നിന്നും ആളെയകറ്റാന്‍ പാടുപെടുന്നത്‌! ഈലിസ്റ്റിലെ ആദ്യത്തെ ഇനമായ മയക്കുമരുന്ന് (കറപ്പ്‌) ഏറ്റവും കൂടുതല്‍ ക്ര്ഷിചെയ്യുകയും , അങ്ങനെ കിട്ടുന്ന പണമുപയോഗിച്ച്‌ (അ)സാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന താലിബാനാകട്ടെ നമുക്ക്‌ അനുകരണീയമായ മാതൃക! അപ്പോള്‍ സാങ്കേതികവിദ്യ തോക്കിന്റെയും വെടിക്കോപ്പുകളുടേയും കാര്യത്തില്‍ മാത്രം ഒതുക്കാം. യാത്രയൊക്കെ കഴുതപ്പുറത്ത്‌ മാത്രമാക്കാം. എന്നാലെങ്കിലും തീരട്ടെ ഈ നശിച്ച സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള സാമൂഹിക അധ:പതനം!

ശരീഫ്‌ പറഞ്ഞില്ലെങ്കിലും, മുന്‍പ്‌ കമന്റിട്ട ശീഹരിക്കും, ശ്രീനുവിനും, വികടശിരോമണിക്കും എന്റെ വക ആശംസകള്‍!

Melethil said...
This comment has been removed by the author.
Melethil said...
This comment has been removed by the author.
Melethil said...

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

മൂന്നു ആഴ്ച കൊണ്ടു 318 മണിക്കൂര്‍ പണിയെടുത്തു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ കണ്ട പോസ്റ്റ്. നല്ല തമാശ, തോന്നി, അത് കൊണ്ടു ചിരിച്ചതാ.....

Melethil said...

പോസ്റ്റിലെ ഒരു ഭാഗം
(1) അമിതമായ മാനസിക സമ്മര്‍ദ്ദവും (2)പണം എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്‌മയും ഈ അഭിനവ മുതലാളിമാരുടെ പ്രശ്‌നമാണ്‌. ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ (3) നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും (4)ഇല്ലാത്തവരാണ്‌.
1) ശരി
2) തെറ്റ്
3) വലിയ തെറ്റ്
4) പൊട്ടത്തെറ്റ്

ഒന്നും അറിയുകയും, മനസ്സിലാകുകയും ചെയ്യാതെ കുണ്ട് കിണറ്റിലെ തവളയുടെ കണ്ണ് കൊണ്ടു കാണുന്ന പുതിയ സ്വ. ലെ. കളുടെ കാഴ്ചപ്പാടുകള്‍! ഓ, ചന്ദ്രികയുടെ വെള്ളിവെട്ടത്തില്‍ പെട്രോ ഡോളറിനു മാത്രമല്ലേ വിലയുള്ളൂ.. അത് മറന്നു!

തോമാച്ചന്‍™||thomachan™ said...

"ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും ഇല്ലാത്തവരാണ്‌. കുടുംബത്തിലേക്ക്‌ പണം കൊടുക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക്‌ പിന്നെ ശമ്പളം എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയാവുകയും....."

ഭയങ്കര കണ്ടു പിടിത്തം ആണല്ലോ സുഹൃത്തേ. പണ്ടു കൊറേ എണ്ണം ഗള്ഫ് കാരുടെ നെഞ്ചത്തു കേറിയ പോലെ ഇപ്പൊ കുറ്റം മൊത്തം ഞങ്ങള്‍ IT കാര്‍ക് ആയി അല്ലെ. ഇങ്ങനെ ഓരോന്ന് എഴുതി ഉണ്ടാകുനതിനു മുന്നേ ഒരു journalist പുലര്‍ത്തേണ്ട minimum primary investigation ഒക്കെ നടത്തേണ്ടേ?? ഇതു ഒരു മാതിരി അഭയ കേസ് ഇലെ സഭയുടെ നിലപാട് പോലെയോ , ഐസ്ക്രീം കേസിലെ ചന്ദ്രികയുടെ നിലപാട് പോലെ ഒക്കെ ആയി പോയല്ലോ ഇഷ്ടാ!!

‍ശരീഫ് സാഗര്‍ said...

എല്ലാരും ക്ഷമിക്കണം. നെഞ്ചത്തു കൊണ്ടെങ്കില്‍ പൊറുക്കണം. കണ്ടും കേട്ടതും വിളിച്ചു കൂവിയതാണ്‌. അബദ്ധം പറ്റിയതാണ്‌. ഇനി ശ്രദ്ധിച്ചോളാം...

കിഷോര്‍:Kishor said...

ജീവിതം മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലാതെ ആഘോഷിച്ചാൽ എന്താണു കുഴപ്പം ശരീഫ്??


ഒരു പഴയ മലയാളം പാട്ട് ഓർമ്മ വരുന്നു.

“കരഞ്ഞാലും മരിക്കും
ചിരിച്ചാലും മരിക്കും
എന്നാൽ പിന്നെ ചിരിച്ചൂടേ?“

:-)

N.J ജോജൂ said...

Melethil പറഞ്ഞ പൊട്ടക്കിണറ്റിലെ തവളയോടുള്ള ഉപമ ഏറെക്കുറെ ശരിയാണ്. ഏതുവിഷയവും എരിവും പുളിയും ചേര്‍ത്തുവിളമ്പീയാലേ പ്രചാരം വര്‍ദ്ധിയ്ക്കുകയുള്ളൂ എന്നറിയാവുന്ന മാധ്യമങ്ങളെ അപ്പാടെ വിശ്വസിയ്ക്കുതുകൊണ്ടൂള്ള കുഴപ്പം. പലതും അസത്യം എന്നുപറയാനാവില്ലെങ്കിലും അര്‍ദ്ധസത്യം മാത്രമാണെന്നു പറയാതെ വയ്യ.

‍ശരീഫ് സാഗര്‍ said...

കാടടച്ചു വെടിവെച്ചതല്ല. ഐ.ടി. കാലത്തെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സൗഹൃദത്തിന്റെ ലേബലൊട്ടിച്ച്‌ ചെയ്‌തുകൂട്ടുന്ന വൃത്തികേടുളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ (തെളിവു സഹിതം) ആവശ്യമുള്ളവര്‍ക്ക്‌ തരാവുന്നതാണ്‌. വേണമെങ്കില്‍ ഇതൊക്കെ നേരിട്ട്‌ അനുഭവിക്കുന്നവരുടെ ശബ്ദരേഖയും. (വീഡിയോ കൈവശമില്ല.)
മറ്റുള്ളവര്‍ക്ക്‌ ശല്യമാകാതെ ആഘോഷിക്കുന്നത്‌ കൊണ്ട്‌ യാതൊരു കുഴപ്പവുമില്ല. പക്ഷേ, ഈ ആത്മരോഷക്കാര്‍ സ്വന്തം വീട്ടിലും (പെങ്ങള്‍, മക്കള്‍, ഭാര്യ എന്നിത്യാദി വര്‍ഗ്ഗങ്ങള്‍ക്ക്‌) ഇതൊക്കെ അനുവദിക്കണം എന്നു മാത്രം.
സദാചാരം എന്നത്‌ ഇത്ര വൃത്തികെട്ട പദമാണെന്ന്‌ ഇപ്പഴാ മനസ്സിലായത്‌. എല്ലാരും തല്‍ക്കാലത്തേക്ക്‌ ക്ഷമി.
സ്വയം വിചാരിക്കുന്നവര്‍ക്ക്‌ നന്നാവാം. പക്ഷെ മനുഷ്യനല്ലേ ഇഷ്ടാ. എത്ര കാലം പിടിച്ചുനില്‍ക്കും. ബോയ്‌ഫ്രണ്ടും ഗേള്‍ഫ്രണ്ടുമില്ലാത്തവരെ (ഡീപ്പ്‌) മണ്ണുണ്ണികളായിട്ടാണ്‌ സഹപ്രവര്‍ത്തകര്‍ പോലും കരുതുന്നത്‌. (കാടടച്ചല്ല)

പൊട്ട സ്ലേറ്റ്‌ said...

കറതീര്‍ന്ന രാഷ്ട്രീയക്കാരും ഉത്തമരായ പോലീസുകാരും, നട്ടെല്ല് വലയ്ക്കാത്ത മാദ്ധ്യമങ്ങളും നല്ലവര്ല്‍ നല്ലവരായ നാട്ടുകാരും, സ്ത്രീകള്‍ക്കും അബലര്‍ക്കും സമൂഹത്തില്‍ തുല്യ പങ്കാളിത്തവും ഉള്ള ഈ നാട്ടു മുടിപ്പിക്കാന്‍ പിറന്നിരികുന്ന IT സന്തന്തികള്‍ !!.

Sureshkumar Punjhayil said...

kalamithu kalikaalamannathum...!!! Nannayirikkunnu. Inninte chinthakal. Ashamsakal.

അനുരൂപ് said...

"ജീവിതം മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലാതെ ആഘോഷിച്ചാൽ എന്താണു കുഴപ്പം ശരീഫ്??"
ധാര്‍മിക അപചയം ഈ ചോദ്യത്തില്‍ തുടങ്ങുന്നു. ഈ ചിന്ത നമ്മെ കാര്യമായി ബാധിച്ചിരിക്കുന്നു. തിന്മകളോട് അഡ്ജസ്റ്റ് ചെയ്യാനും മൂല്യങ്ങളോട് കോമ്പ്രമൈസ് ചെയ്യാനും നമുക്കറിയാം.
കാലികമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍.

‍ശരീഫ് സാഗര്‍ said...

തിന്മകളോട് അഡ്ജസ്റ്റ് ചെയ്യാനും മൂല്യങ്ങളോട് കോമ്പ്രമൈസ് ചെയ്യാനും നമുക്കറിയാം.

അങ്ങനെയൊരു തിരിച്ചറിവ്‌ ഒരാളെങ്കിലും പ്രകടിപ്പിച്ചതില്‍ ഈയുള്ളവന്‍ കൃതാര്‍ത്ഥനാണ്‌.