Sunday, June 5, 2011

ബാബാ രാംദേവ്‌ ആരുടെ ബിനാമി...?


അരാഷ്ട്രീയ നേതാക്കള്‍ നിരാഹാരസമരത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണമെന്തെന്ന അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു. യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ്‌ ബാബാ രാംദേവിന്റെ നിരാഹാരസമരമാണ്‌ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്‌. യോഗ ബിസിനസ്സിലൂടെ മാത്രം കോടികള്‍ സമ്പാദിച്ച രാംദേവ്‌ നേരത്തെ അണ്ണാ ഹസാരെ നടത്തിയതിനേക്കാള്‍ മുന്നൊരുക്കങ്ങളോടെയാണ്‌ സമരം ആരംഭിച്ചത്‌.
പബ്ലിക്‌ റിലേഷനാണ്‌ ഈ ആഘോഷത്തിന്റെ ഒന്നാംഘട്ടം. സമരം ആരംഭിക്കുന്നതിന്‌ മാസങ്ങള്‍ക്കു മുമ്പേ പ്രചരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. പത്രമോഫീസുകള്‍ കയറിയിറങ്ങി ദേശീയ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു. രാജ്യത്തെ പ്രധാന മാധ്യമഭീമന്മാര്‍ പ്രധാനവാര്‍ത്തയായി ഏറ്റെടുക്കുന്നതോടെ മറ്റുള്ള പത്രങ്ങളും ചാനലുകളും സ്വാഭാവികമായും കൊണ്ടാടുന്നു. ഈ ഏറ്റെടുക്കല്‍ എങ്ങനെ നടക്കുന്നു എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.
യോഗ വില്‍പനയിലൂടെ രാജ്യത്തെ പട്ടിണി മാറ്റാന്‍ മാത്രം പണമുണ്ടാക്കിയ ഈ സ്വാമി ആരുടെ ബിനാമിയാണ്‌ എന്ന ചോദ്യമാണ്‌ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്‌. നിരാഹാരസമരത്തിന്റെ മാര്‍ക്കറ്റ്‌ വാല്യൂ മനസ്സിലാക്കിയവര്‍ അരാഷ്ട്രീയസമരത്തിലൂടെ രാഷ്ട്രീയ അട്ടിമറി നടത്തി രാജ്യത്തെ ഫാസിസ്റ്റുകള്‍ക്ക്‌ എഴുതിക്കൊടുക്കാനൊരുങ്ങുകയാണെന്നും ആരോപണമുണ്ട്‌. ബാബരി മസ്‌ജിദ്‌ കേസിലെ പ്രതി സാധ്വി ഋതംബരയുടെ സമരപ്പന്തലിലെ സജീവസാന്നിദ്ധ്യം ഈ ആരോപണത്തിന്‌ ആക്കം കൂട്ടുന്നു.
18 കോടിയാണ്‌ ശീതീകരിച്ച സമരപ്പന്തലിനുവേണ്ടി ചെലവഴിച്ചത്‌. മാസങ്ങള്‍ക്കുമുമ്പേ പ്രചരണത്തിനുള്ള കോപ്പ്‌കൂട്ടി. അനുയായികളില്‍നിന്ന്‌ ലക്ഷങ്ങള്‍ പിരിവു നടത്തി. ഹൈ ടെക്‌ സമരമെന്ന്‌ തുടങ്ങുന്നതിനുമുമ്പേ പ്രചാരണമുണ്ടായിട്ടും സ്വന്തം വിമാനത്തില്‍ സമരത്തിനു വന്നിറങ്ങിയ രാംദേവ്‌ അവിടെ നടത്തിയ പ്രഭാഷണങ്ങളില്‍ ഒരു ഭാഗം ഇങ്ങനെയാണ്‌: സ്വാതന്ത്ര്യത്തിനായുള്ള സമരപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചത്‌ ഭഗത്‌സിംഗാണെന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്‌. അവരെപ്പോലുള്ള ത്യാഗികളില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം നമുക്കിന്നും അന്യമായി തുടരുമായിരുന്നു. എന്നെ ഒരുപാട്‌ സ്വാധീനിച്ച വ്യക്തികളാണ്‌ ഭഗത്‌ സിംഗും ചന്ദ്രശേഖര്‍ ആസാദും. ഇവരെപ്പോലുള്ള സേനാനികളെ നമ്മളൊരിക്കലും മറക്കാന്‍ പാടില്ല. ഭഗത്‌ സിംഗിന്റെ പേരില്‍ രാജ്‌ഘട്ട്‌ പോലെ മനോഹരമായ ഒരു പാര്‍ക്ക്‌ നിര്‍മിക്കാന്‍ 5 ലക്ഷം രൂപ ഞങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ബാബാ രാംദേവ്‌ തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ഭഗത്‌്‌സിംഗിന്റെയോ ആസാദിന്റെയോ മാര്‍ഗത്തിലല്ല സമരം ചെയ്യുന്നത്‌ എന്നതും ഈ വാചകങ്ങളും കൂട്ടിവായിക്കുന്നത്‌ രസകരമാണ്‌. സ്വാധീനിച്ച വ്യക്തികളുടെ നിലപാടുകളല്ല രാംദേവ്‌ ജീവിതത്തില്‍ പിന്തുടരുന്നത്‌ എന്നത്‌ മറ്റൊരു കാര്യം. ലാളിത്യത്തിന്റെയും അഹിംസയുടെയും പ്രതീകമെന്ന്‌ ലോകം വാഴ്‌ത്തിയ മഹാത്മാഗാന്ധിയുടെ മാര്‍ഗമാണ്‌ സഹനസമരം. (ഈ സമരത്തില്‍ സഹനമെവിടെ എന്ന ചോദ്യം വേറെ). എന്നാല്‍ പ്രസംഗത്തിലെവിടെയും താന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ ഉപാസകനെ അദ്ദേഹം അനുസ്‌മരിച്ചില്ല.
രാംദേവ്‌ ഉന്നയിച്ച ആവശ്യങ്ങളും വിചിത്രമായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണം എന്ന തമാശയായിരുന്നു അതിലൊന്ന്‌. താന്‍ സമ്പാദിച്ച കോടികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുപോലും ഓര്‍ക്കാതെയാണ്‌ രാംദേവ്‌ ഇക്കാര്യം പറഞ്ഞത്‌. മറ്റൊന്ന്‌ അഴിമതിക്കുറ്റം ചെയ്‌തവര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും. ഏറ്റവുമൊടുവില്‍ ഈ ആവശ്യങ്ങളില്‍നിന്ന്‌ പിന്‍വാങ്ങിയെങ്കിലും തമാശകള്‍ വേറെയുമുണ്ട്‌്‌. ഹൈന്ദവ ഫാസിസ്റ്റുകള്‍ സമരം കൈയേറിയെന്ന ആരോപണത്തെ തൊപ്പിവെച്ച ഒരു മൗലവിയെക്കൊണ്ട്‌ പലവട്ടം പ്രസംഗിപ്പിച്ചാണ്‌ അദ്ദേഹം പ്രതിരോധിച്ചത്‌. വിശ്വഹിന്ദു പരിഷത്തിന്റെ വിഷം വമിപ്പിക്കുന്ന തീപ്പൊരിനേതാവായ ഋതംബരയെ അനാഥശാലകള്‍ നടത്തുന്ന മഹതിയെന്ന്‌ വിശേഷിപ്പിക്കുമ്പോള്‍തന്നെയാണ്‌ ഈ നാടകവും. സമരത്തിന്‌ മുസ്‌്‌ലിംകളുടെ പിന്തുണയുണ്ടെന്ന്‌ ബോധ്യപ്പെടുത്താന്‍ മൗലാനയ്‌ക്ക്‌ പിന്നെയും പിന്നെയും അവസരം നല്‍കി. അതും പോരാഞ്ഞ്‌ മക്കയിലും മദീനയിലും പോകാന്‍ ആഗ്രഹമുണ്ടെന്നുകൂടി രാംദേവ്‌ തട്ടിവിട്ടു. ആര്‍.എസ്‌.എസ്സും ബി.ജെ.പി.പിയും സമരത്തെ ആവര്‍ത്തിച്ച്‌ പിന്തുണച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഈ കസര്‍ത്തുകള്‍.
രാജ്യത്തെ എണ്ണപ്പെട്ട ആക്ടിവിസ്റ്റുകളെല്ലാം സമരത്തെ തള്ളിപ്പറഞ്ഞു. പഞ്ചനക്ഷത്രസമരമെന്നാണ്‌ മേധാപട്‌കര്‍ ഈ നിരാഹാര നാടകത്തെ വിശേഷിപ്പിച്ചത്‌. പ്രതിവര്‍ഷം 4 കോടി ഡോളര്‍ വിറ്റുവരവുള്ള വന്‍ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ഉടമയായ രാംദേവ്‌ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‍ പോലും കുറ്റപ്പെടുത്തി. അഴിമതിവിരുദ്ധസമരത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയും വലിയ താല്‍പര്യം കാണിച്ചില്ല. എല്ലാ ആധുനികസൗകര്യങ്ങള്‍ക്കുംപുറമെ 100 രഹസ്യ ക്യാമറകള്‍ കൂടി സമരപ്പന്തലില്‍ ഘടിപ്പിച്ചു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പാലും പഴവും മാത്രം കഴിക്കുന്ന ഈ സന്യാസിയുടെ പൂര്‍വ്വാശ്രമത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരണം വരെ നിരാഹാരം കിടക്കുമെന്ന്‌ തുടക്കത്തില്‍ പ്രഖ്യാപിച്ച സ്വാമി കൃത്യം 14 മണിക്കൂര്‍ മാത്രമേ പട്ടിണി കിടക്കാന്‍ പറ്റൂ എന്ന്‌ പിന്നീട്‌ വ്യക്തമാക്കി.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ്‌ ചെയ്യാന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച ബാബാ രാംദേവ്‌ പോലീസ്‌ വന്നപ്പോള്‍ രക്ഷപ്പെടാനായി വെള്ള കൂര്‍ത്തയും ഷാളുമണിഞ്ഞ്‌ സ്‌ത്രീകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടും സമരം തുടര്‍ന്ന രാംദേവിനെതിരെ പോലീസ്‌ നടപടി അനിവാര്യമായിരുന്നു.
കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട ആത്മീയത രാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ വിലപേശിത്തുടങ്ങുന്നതിന്റെ സൂചനയാണിത്‌. കാര്യമാകുന്ന കളി. കള്ളപ്പണവും അഴിമതിയും രാജ്യത്തിന്റെ തീരാശാപമാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഭൂരിഭാഗവും. ഒരു സുപ്രഭാതത്തില്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയാല്‍ പരിഹരിക്കപ്പെടാവുന്ന വിഷയമല്ല അതെന്നും എല്ലാവര്‍ക്കും നിശ്ചയമുണ്ട്‌. പുതിയ ബോധ്യപ്പെടലുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. അതിനാല്‍, ആത്മാര്‍ത്ഥതയോടെയല്ല ഈ സമരമെന്ന്‌ ഓരോരുത്തരും അര്‍ത്ഥശങ്കയില്ലാതെ പറയുമ്പോള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ വേറെയാണ്‌.
ഇനി ബി.ജെ.പിയുടെ ഹിന്ദുത്വവുമായി മുന്നോട്ടുപോയാല്‍പോര എന്ന അഭിപ്രായമുള്ള സംഘ്‌പരിവാര്‍ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെയാണ്‌ ബാബാ രാംദേവ്‌ സമരനാടകം അരങ്ങേറുന്നതെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. രാമജന്മഭൂമി പോലുള്ള വിഷയങ്ങള്‍ വൈകാരികമായ ആഘാതങ്ങളേല്‍പ്പിക്കുന്നില്ലെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലുള്ള പുതിയ പടപ്പുറപ്പാടാണിത്‌. ജനപിന്തുണ ലഭിക്കുമെന്ന്‌ ഉറപ്പുള്ള ഒരു വിഷയത്തെ മുന്‍നിര്‍ത്തി കളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ച ബാബക്ക്‌ അതൊരു പിടിവള്ളിയാകുമെന്ന അജണ്ട സമരത്തിനു പിന്നിലുണ്ട്‌. ശക്തമായ ഒരു ദേശീയ നേതൃത്വത്തിന്റെ അഭാവത്താലും ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടുകളാലും ഇരുട്ടില്‍തപ്പുന്ന സംഘ്‌്‌പരിവാര്‍ ശക്തികള്‍ക്ക്‌ ഉണരാനുള്ള ഊര്‍ജ്ജംകൂടിയാണിത്‌. അണ്ണാ ഹസാരെയുടെ അരാഷ്ട്രീയ സമരത്തേക്കാള്‍ അപകടം പിടിച്ച പരുവത്തിലേക്കാണ്‌ ബാബാ രാംദേവിന്റെ ഈ സമരം രാജ്യത്തെ എത്തിക്കുക. ഫാസിസം അരാഷ്‌ട്രീയമാണ്‌. അരാഷ്‌ട്രീയം അരാജകത്വവും സര്‍വ്വനാശത്തിന്റെ വിത്തുമാണ്‌. അധികാരം കൈയാളുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ഫാസിസ്റ്റ്‌ തന്ത്രം വിജയിപ്പിച്ചെടുക്കുകയാണ്‌ രാംദേവിന്റെ ദൗത്യം. ഇത്രയധികം സമ്പാദിച്ചിട്ടും ഇന്ത്യയിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്യസായിബാബ ചെയ്‌ത സേവനങ്ങള്‍ പോലും ബാബാ രാംദേവിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. സ്വന്തം കള്ളപ്പണത്തിന്റെയും ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെയും രഹസ്യങ്ങള്‍ ഒളിപ്പിക്കാനാണ്‌ ഈ സമരമെന്നും സംശയമുണ്ട്‌. ദേശീയരാഷ്ട്രീയത്തില്‍ പുതിയ പ്രതിബിംബത്തെ സൃഷ്ടിച്ച്‌ ഫാസിസം അതിന്റെ പണി തുടരുന്നു എന്നതാണ്‌ മനസ്സിലാക്കേണ്ട സത്യം.

Sunday, May 15, 2011

മുനീറും ഷാജിയും ജയിച്ചതെങ്ങനെ...?



എം.കെ മുനീറും കെ.എം ഷാജിയും ജയിച്ചതെങ്ങനെയാണ്‌...? തീവ്രവാദികളുടെ വോട്ട്‌ വാങ്ങി തിരുവനന്തപുരത്തേക്ക്‌ വണ്ടികയറാന്‍ ഒട്ടും താല്‍പര്യമില്ലെന്ന്‌ പച്ചയ്‌ക്ക്‌ പറഞ്ഞ രണ്ടുപേര്‍. ആ വര്‍ത്തമാനം കേട്ട പലരും മൂക്കത്ത്‌ വിരല്‍ വെച്ചു. എന്ത്‌ അസംബന്ധമാണ്‌ ഇവര്‍ വിളിച്ചുകൂവുന്നത്‌ എന്നു പറഞ്ഞ്‌ പഴിച്ചു. രാഷ്ട്രീയക്കാര്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ വോട്ട്‌ വേണ്ട എന്നു പറയുന്നത്‌ വിഡ്‌ഢിത്തം വിഡ്‌ഢിത്തം..! മുനീറിനും ഷാജിക്കും ഭ്രാന്താണെന്നും ആര്‍.എസ്‌.എസ്സിന്റെ അച്ചാരം വാങ്ങിയവരാണെന്നും പ്രളയമായി. ബി.ജെ.പിക്ക്‌ ആര്‍.എസ്‌.എസ്‌ പോലെ മുസ്‌്‌ലിംലീഗിന്‌ എന്‍.ഡി.എഫ്‌ ആയാലെന്താ എന്നു ചോദിച്ചവരും വിരളമല്ല. എന്‍.ഡി.എഫിന്റെ അടുക്കളവാതിലിലൂടെ ചെന്ന്‌ ഇത്തിരി എരിവും പുളിയും ഉപ്പും സ്‌പൂണിലാക്കി വാങ്ങിയവരുമുണ്ട്‌. നാല്‌ വോട്ടുകള്‍ക്കു വേണ്ടി തീവ്രവാദികളുമായി ആരുമറിയാത്ത ബന്ധം സ്ഥാപിച്ചാല്‍ അത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലേ എന്നു ചോദിച്ചവരും. ഇങ്ങനെ പോയാല്‍ മുനീറും ഷാജിയും ഒരു കാലത്തും ഇനി ജയിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞവരും. ഇപ്പറഞ്ഞവരെയെല്ലാം അടങ്കരെ അടക്കിക്കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. മുനീറും ഷാജിയും ജയിച്ചിരിക്കുന്നു! അതു കറകളഞ്ഞ വോട്ടുകളാല്‍. എന്നാല്‍പ്പിന്നെ അതെങ്ങനെയായിരിക്കും എന്നതാണ്‌ പിന്നത്തെ ചോദ്യം. ആരാണ്‌ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്‌തത്‌.
അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ്‌ വന്നു. പാര്‍ട്ടിയിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍. ഇന്ത്യാവിഷന്റെ പേരില്‍ മുനീറിനു പഴി.
കടുപ്പമുള്ള മണ്ഡലങ്ങളിലാണ്‌ രണ്ടാള്‍ക്കും നറുക്ക്‌ വീണത്‌. കെകെ പിപി. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയവനെന്ന പേരില്‍ ലീഗുകാരില്‍ പലര്‍ക്കും മുനീറിനോട്‌ പുഞ്ഞം. തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തി ഒന്നര മാസത്തെ മൗനവ്രതത്തിന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയ സമയത്തുതന്നെ വിവാദകാലം വന്നതിനാല്‍ മിണ്ടാന്‍ പറ്റാതായ ഷാജിക്കും കിട്ടി പ്രവര്‍ത്തകരുടെ വക ചില കൊട്ടുകള്‍. കൈച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പറ്റാത്തവരെന്ന്‌ വിധിയെഴുത്തുകള്‍. മുനീറിനില്ലാത്ത പാര്‍ട്ടി സ്‌നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത്‌ വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്‌. അപ്പോള്‍പ്പിന്നെ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. സാംസ്‌കാരികസംഗമം നടത്തിയാലൊന്നും സാധാരണക്കാരന്റെ വോട്ട്‌ കിട്ടില്ലെന്ന്‌ പറഞ്ഞ്‌ പിന്നെയും പുഞ്ഞം. അഴീക്കോട്ടാണെങ്കില്‍ എന്‍.ഡി.എഫുകാരുടെ വക നുണപ്രചരണങ്ങള്‍. മുസ്‌്‌ലിം വോട്ടുകള്‍ ഒറ്റയെണ്ണം ഷാജിക്ക്‌ കിട്ടില്ലെന്ന തറപ്പിക്കലുകള്‍. ആര്‍.എസ്‌.എസ്സിന്‌ സമുദായത്തെ ഒറ്റുന്നവനെന്ന സല്‍പ്പേര്‌. ഇരവിപുരത്തിനുശേഷം അഴീക്കോടുംകൂടി പിടിവിട്ടാല്‍ ഷാജിയുടെ രാഷ്ട്രീയഗ്രാഫ്‌ അടിയോടടുക്കുമെന്ന്‌ വീമ്പ്‌. മുനീറിനെതിരെ പ്രചരണം നടത്താന്‍ വേണ്ടി മാത്രം മത്സരിച്ച എസ്‌.ഡി..പി.ഐ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയത്‌ 749 വോട്ട്‌. തീവ്രവാദരാഷ്ട്രീയത്തിന്‌ സമുദായത്തിന്റെ പിന്തുണ. ഷാജിക്കെതിരെ നുണ പറച്ചില്‍ യത്‌നത്തിന്‌ നിന്ന സുഡാപ്പികള്‍ക്ക്‌ കിട്ടിയത്‌ രണ്ടായിരത്തിത്തൊള്ളായിരത്തിന്റെ പുട്ട്‌. മലപ്പുറത്ത്‌ മുസ്‌്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ നിന്ന സുഡാപ്പിക്ക്‌ 4683. പെരിന്തല്‍മണ്ണയില്‍ 1067. മലപ്പുറത്ത്‌ എസ്‌.ഡി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒട്ടാകെ ലഭിച്ചത്‌ 44,415. മലപ്പുറത്ത്‌ കെ. ഉബൈദുല്ലയുടെ 44508 എന്ന ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എസ്‌.ഡി.പി.ഐക്ക്‌ ജില്ലയില്‍ ആളില്ല. സുഡാപ്പിക്കാരന്റെ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും വോട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറപ്പ്‌.
മുനീറും ഷാജിയുമാണ്‌ വിഷയം. ആര്‍ക്കും വേണ്ടാത്ത ഇവരെ ആരാണ്‌ ജയിപ്പിച്ചത്‌... ? എന്തായിരുന്നു വോട്ട്‌ ചെയ്‌തവരുടെ ഉദ്ദേശ്യം. അറിയാന്‍ താല്‍പര്യമുണ്ട്‌.

Wednesday, May 4, 2011

ബിന്‍ലാദന്റെ ശവമടക്ക്‌ എവിടെ നടത്തിയാലെന്താ...?


ബിന്‍ലാദന്റെ മൃതദേഹം കടലിലെറിഞ്ഞു എന്നത്‌ വലിയൊരു ചതിയായി പല മുസ്‌്‌ലിം നേതാക്കളും കൊണ്ടാടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ലോകത്തെ മനുഷ്യസ്‌നേഹികളെല്ലാം ഭയക്കുന്ന ഒരാളെ കൊന്നതിനേക്കാള്‍ വലിയ പാതകമാണോ കടലില്‍ തള്ളിയത്‌...? അമേരിക്കന്‍ വിരോധത്തിന്റെ രതിമൂര്‍ച്ഛയില്‍ ഈ മഹാപാതകിയെ തീവ്രമനസ്സിന്റെ ഉള്ളില്‍നിന്ന്‌ തള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ശവഘോഷ വിവാദങ്ങള്‍.ചിലര്‍ പറയുന്നു ചെയ്‌തത്‌ ശരീഅത്ത്‌ വിരുദ്ധമാണെന്ന്‌. ശരീഅത്തിന്‌ അനുസരിച്ചായിരുന്നോ ലാദന്റെ പ്രവര്‍ത്തികള്‍..? അറിയാന്‍ കൗതുകമുണ്ട്‌. ബിന്‍ലാദന്‍ മതത്തിന്റെ യശസ്സുയര്‍ത്താനാണ്‌ ജിഹാദ്‌ നടത്തിയതെന്ന്‌ പറയാനുള്ള ധൈര്യം വിവരമുള്ള ഏതെങ്കിലും പണ്ഡിതനുണ്ടോ...? അമേരിക്ക ചെയ്‌തത്‌ നന്നായി എന്ന്‌ ആശ്വസിക്കുകയല്ലേ അന്തസ്സുള്ള മുസ്‌്‌ലിംകള്‍ കരുതേണ്ടത്‌. ഉസാമ എന്ന പ്രതിരൂപത്തിന്റെ സൃഷ്ടിപ്പിന്റെ ഉത്തരവാദി അമേരിക്ക തന്നെയെന്ന്‌ സമ്മതിക്കുമ്പോഴും അതായിരിക്കണം മാതൃകയെന്ന്‌ ഏതെങ്കിലും പണ്ഡിതന്‍ പറഞ്ഞതായി അറിവില്ല.
മുസ്‌്‌ലിം ലോകത്തിന്‌ ലാദന്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

1. ഇസ്‌്‌ലാം അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി കരുതുന്ന താടിയും തലപ്പാവും തീവ്രവാദത്തിന്റെ അടയാളമാക്കി.
2. യൂറോപ്പിന്റെ ഇസ്‌്‌ലാമോഫോബിയക്ക്‌ ആക്കം കൂട്ടി.
3. ജിഹാദിന്‌ ഇസ്‌്‌ലാം നല്‍കുന്ന മഹത്തായ അര്‍ത്ഥതലങ്ങളെ അപ്രസക്തമാക്കി ആ പദത്തെ ഭയത്തിന്റെ പര്യായമാക്കി.
4. മുസ്‌്‌ലിം പേരിനെപ്പോലും ഭയത്തിന്റെ അടയാളമാക്കി അമേരിക്ക നടത്തുന്ന കുരിശുയുദ്ധത്തിന്റെ എരിതീയിലേക്ക്‌ എണ്ണയൊഴിച്ചു.
5. നിരപരാധികളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്‌്‌ലാമിനെ താറടിച്ചു.

അമേരിക്കയെ കുറ്റം പറയുന്നത്‌ തെറ്റല്ല. അതോടൊപ്പം ബിന്‍ലാദനും കൂട്ടിവായിക്കപ്പെടണം. ബിന്‍ലാദനും ഇനിയും പൊന്താനിരിക്കുന്ന ബിന്‍ലാദന്‍മാരും ലോകസമാധാനത്തിനു ഭീഷണിയാണെന്നും ലാദന്റെ ഗതി തീവ്രവാദികള്‍ക്ക്‌ പാഠമാകണമെന്നും പഠിപ്പിക്കാനുള്ള ഈ അവസരത്തെ അനാവശ്യ വിവാദത്തിലൂടെ തല്ലിക്കെടുത്തുന്നവരുടെ ഉള്ളിന്റെ ഇസ്‌്‌ലാമിന്റെ മഹത്തായ ആദര്‍ശത്തിന്റെ കണികയില്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

Friday, April 22, 2011

മതിയാക്കാം, മരണത്തിന്റെ കച്ചവടം


കേരളം വീണ്ടും ജനീവയിലേക്ക്‌ ഉറ്റുനോക്കുന്നു. ഏപ്രില്‍ 25 മുതല്‍ 27 വരെ സ്റ്റോക്‌ ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്‌ത്രസമിതി അവിടെ യോഗം ചേരുകയാണ്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ നിലപാട്‌ എന്തായിരിക്കുമെന്ന കാര്യത്തിലാണ്‌ ഏവര്‍ക്കും ആകാംക്ഷ. കരളലിയുന്ന കാഴ്‌ചകളിലേക്ക്‌ ഇക്കുറിയെങ്കിലും കരുണയുടെ നോട്ടമുണ്ടാകുമെന്ന പ്രത്യാശയിലാണ്‌ മനുഷ്യസ്‌നേഹികള്‍. എന്നാല്‍ നിരോധനം ആവശ്യമില്ലെന്ന നിലപാടുതന്നെ വീണ്ടും സ്വീകരിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചുവെന്ന വാര്‍ത്തയെ ആശങ്കയോടെയാണ്‌ സാമൂഹ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്‌.
ഒരു ഗ്ലാസ്സ്‌ പാല്‍ കഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത്രയും ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ ഉപയോഗംകൊണ്ട്‌ മനുഷ്യന്‌ സംഭവിക്കുകയുള്ളൂ എന്നാണ്‌ നേരത്തെ ജനീവയില്‍ നടന്ന സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ പ്രതിനിധി വാദിച്ചത്‌. ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി മുറവിളി കൂട്ടുമ്പോള്‍ കീടനാശിനി നിര്‍മ്മാതാക്കളും അവരെ അനുകൂലിക്കുന്ന കച്ചവട മനസ്സുകളും ഇത്തരം വിചിത്രമായ തടസ്സവാദങ്ങളാണ്‌ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്‌. ജപ്പാന്‍, ബ്രസീല്‍, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകംതന്നെ ഈ മാരകവിപത്തിനെ പടിക്ക്‌ പുറത്താക്കിക്കഴിഞ്ഞു. ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഒരിറ്റു കാരുണ്യത്തിനുവേണ്ടി കേണുകൊണ്ടിരിക്കുന്ന നാടിനാണ്‌ പിന്നെയും ശങ്ക. നിരോധിക്കണോ വേണ്ടയോ എന്ന്‌. കീടനാശിനി നിയമങ്ങളെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പൊതുമനസ്സിനെയും അവഹേളിച്ചുകൊണ്ടാണ്‌ കേരളമൊട്ടാകെ പകല്‍വെളിച്ചത്തില്‍ ഇപ്പോഴും ഇതിന്റെ വില്‍പനയും തെളിയും നടക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം കര്‍ശന നിരോധനം അനിവാര്യമാക്കുന്നു.
ബാധിത പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത മനുഷ്യരക്തത്തില്‍ തുടങ്ങി പിഞ്ചുകുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന മുലപ്പാലില്‍വരെ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിച്ചതാണ്‌. (Centre for Science and Enviornment). കാസര്‍ക്കോട്ടെ ദുരന്തചിത്രങ്ങള്‍ പുറംലോകത്തെപോലും ഭയപ്പെടുത്തിതുടങ്ങിയപ്പോള്‍ വടക്കോട്ട്‌ പഠനസംഘങ്ങളുടെ വേലിയേറ്റമുണ്ടായി. കീടനാശിനിക്ക്‌ അനുകൂലമായും പ്രതികൂലമായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മനുഷ്യദുരിതങ്ങളുടെ പച്ചയായ ചിത്രങ്ങളെ അമര്‍ത്തി മായ്‌ച്ചുകൊണ്ടായിരുന്നു ചില കണ്ടെത്തലുകള്‍. ഉറപ്പായിട്ടും മരുന്നുകമ്പനികളുടെയും വ്യവസായ ലോബിയുടെയും എച്ചില്‍നക്കികള്‍ക്ക്‌ മനുഷ്യനെ അറിയില്ല. നേര്‍ക്കണ്ണ്‌ കാണുകയുമില്ല.
വിവിധ പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2003ല്‍ ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അത്‌ നടപ്പാക്കാനുള്ള നടപടികള്‍ അപര്യാപ്‌തമായിരുന്നു. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച്‌ പഠിക്കാന്‍ മാത്രം ഇതിനകം ഇരുപതോളം കമ്മിറ്റികളാണ്‌ നിലവില്‍ വന്നത്‌. മിക്ക പഠനങ്ങളും കാസര്‍കോട്‌ കേന്ദ്രീകരിച്ചായിരുന്നെങ്കിലും ഈ കീടനാശിനി ഉപയോഗിച്ച കേരളത്തിലെ പലയിടങ്ങളിലും വിഷമഴയുടെ ദുരന്തചിത്രങ്ങള്‍ തെളിഞ്ഞുവന്നു.
ശാസ്‌ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നത്‌ വെറുമൊരു സിനിമാപ്പേര്‌ മാത്രമല്ലെന്ന്‌ കാസര്‍കോട്ടെ ജനങ്ങള്‍ അറിഞ്ഞു. ജയിച്ചത്‌ ശാസ്‌ത്രം മാത്രമായിരുന്നില്ല. ശാസ്‌ത്രത്തെ ഉപയോഗിച്ച്‌ ഈ പെരുംകീടത്തെ (കീടനാശിനി കീടമായി തിരിഞ്ഞുകൊത്തുമ്പോള്‍) നിര്‍മിച്ച്‌ വിതരണം ചെയ്യുന്ന മരണത്തിന്റെ കച്ചവടക്കാരായ വ്യവസായ- ഭരണകൂട ഭീകരതയും ജയിച്ചു. തോറ്റത്‌ മനുഷ്യന്‍. സഹായിക്കാന്‍ വന്ന ഭൂതം തങ്ങളെ വിഴുങ്ങിയതറിഞ്ഞ്‌ മരവിച്ചുപോയ മനുഷ്യന്‍. പച്ചയായി കണ്ടത്‌ പച്ചയ്‌ക്ക്‌ വിളിച്ചുപറഞ്ഞുവെന്ന അപരാധം ചെയ്‌ത മനുഷ്യന്‍.
ലബോറട്ടറിയില്‍ പത്ത്‌ എലികള്‍ക്ക്‌ കീടനാശിനി കൊടുത്ത്‌, അതില്‍ അഞ്ചെണ്ണമെങ്കിലും ചാകുന്നെങ്കില്‍ മാത്രമേ ശാസ്‌ത്രത്തിന്റെ ദൃഷ്ടിയില്‍ കീടനാശിനി അപകടകാരിയാവുകയുള്ളൂ. അഥവാ നൂറു മനുഷ്യര്‍ക്ക്‌ കീടനാശിനി അപകടം വിതച്ചാല്‍ അതില്‍ നാല്‍പത്തിയൊമ്പത്‌ പേര്‍ മരിച്ചാലും യാതൊരു കുഴപ്പവുമില്ല. ധൈര്യമായി നിര്‍മ്മിക്കാം. വിതരണം ചെയ്യാം. ഉപയോഗിക്കാം. എത്ര സുന്ദരമായ ശാസ്‌ത്രനീതി!. വീണ്ടും പഠനകമ്മിറ്റി വരുന്നു എന്നു കേള്‍ക്കുമ്പോള്‍തന്നെ കാസര്‍കോട്ടുകാര്‍ ആശങ്കയിലാകുന്നതിന്റെ കാര്യം ഈ നിയമവ്യവസ്ഥയാണ്‌.
ലാഭം പരിഗണിക്കുമ്പോള്‍ മനുഷ്യനെ അവഗണിക്കാം എന്നതാണ്‌ കച്ചവടകാലത്തിന്റെ രീതി. തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. അപകടത്തെക്കുറിച്ച്‌ അറിവുള്ളവരും ആഗ്രഹിക്കുന്നത്‌ അമിതലാഭമാണ്‌. നൂറില്‍ നൂറ്‌ പാവയ്‌ക്കയും കേടുകൂടാതെ പറിച്ച്‌ കുട്ടയിലാക്കി അതിര്‍ത്തി കടത്തിയാലേ തമിഴ്‌ കര്‍ഷകന്‌ ലാഭം കൊയ്യാനാവൂ. കൊങ്ങന്‍ലോറികളുടെ മൂളക്കം കേട്ട്‌ വെള്ളം തിളപ്പിക്കുന്ന നമ്മുടെ അടുക്കളകളില്‍ ദിവസവും പാകം ചെയ്യുന്ന വിഷക്കായകള്‍ എത്ര രുചിയോടെയാണ്‌ നാം തിന്നുതീര്‍ക്കുന്നത്‌!.
1980 മുതല്‍ 2000 ഡിസംബര്‍ 26 വരെയാണു കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ പൂവുകളെ നശിപ്പിക്കുന്ന തേയിലക്കൊതുകിനെ കൊല്ലാന്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌. 11 പഞ്ചായത്തുകളിലടക്കം ഒട്ടേറെ പേര്‍ രോഗ ബാധിതരായതോടെ സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. 2003ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം സംസ്ഥാനത്തിനു നിര്‍ദേശം നല്‍കി. 2004 ഡിസംബര്‍ എട്ടിനു സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചു. എന്നാല്‍, ഇതിനകം രോഗത്തിന്‌ അടിമകളായവരുടെ എണ്ണം ഭീകരമായിരുന്നു.
എന്‍ഡോസള്‍ഫാനെതിരെ അന്തിമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌ കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമങ്ങളും. കഴിഞ്ഞ ഒക്ടോബര്‍ 15ന്‌ സ്വിറ്റ്‌സര്‍ലന്റില്‍ നടന്ന അന്തര്‍ദേശീയ സ്ഥാവര കാര്‍ബണിക മാലിന്യ നിയന്ത്രണ റിവ്യൂ കമ്മിറ്റിയുടെ (Persistent Organic Pollutants' Review Committee) ആറാമത്‌ കണ്‍വന്‍ഷന്‍ അതിനൊരു നിമിത്തമായി എന്നു മാത്രം. എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണമായി നിരോധിക്കുക എന്നത്‌ ഇന്ന്‌ കാസര്‍കോട്ടുകാരുടെ മാത്രം ആവശ്യമല്ല. ആര്‍ക്കും അവഗണിക്കാനാവാത്ത വിധം ദുരന്തചിത്രങ്ങള്‍ മലയാളികളെ വേട്ടയാടുമ്പോള്‍ കേരളം അതേറ്റെടുക്കുകയായിരുന്നു. ബദിയടുക്ക പള്ളത്തടുക്കയിലെ കവിതയും സൈനബയും സുജിതും ഷാഹിനയുമെല്ലാം ഇന്ന്‌ മലയാളി മനസ്സിന്റെ നൊമ്പരങ്ങളാണ്‌.
യഥാര്‍ത്ഥ രോഗികള്‍ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോഴും ഇടം പിടിച്ചിട്ടില്ല എന്ന പരാതിയും നിലനില്‍ക്കുന്നു. 2046 പേരാണ്‌ ദുരിതബാധിതരുടെ പട്ടികയിലുള്ളത്‌. ശരിക്കുള്ള കണക്ക്‌ ഇതിന്റെ ഇരട്ടിയാണെന്ന്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള പട്ടികയിലുള്ളത്‌ 537 പേര്‍ മാത്രം. നിരോധനത്തിന്റെ പേരില്‍ കേന്ദ്രത്തിനു മേല്‍ കുതിര കയറുന്നവര്‍ കാണിക്കുന്ന വിവേചനത്തിന്റെ സത്യമാണിത്‌. ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക്‌ ആളെ കൂട്ടുന്നവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിച്ച്‌ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നവരും കണ്ണടച്ച്‌ ഇരുട്ടാക്കാതിരുന്നാല്‍ നന്ന്‌.
മാരക കീടനാശിനിയുമായി ബന്ധപ്പെട്ട്‌ ഈയിടെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍കൂടി പുറത്തു വരികയുണ്ടായി. എന്‍ഡോസള്‍ഫാനേക്കാള്‍ ദോഷം ചെയ്യുന്ന കീടനാശിനികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്‌ എന്നതായിരുന്നു അത്‌. കേരള കാര്‍ഷിക സര്‍വകലാശാല ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. വന്‍കിട കീടനാശിനി നിര്‍മ്മാതാക്കളുമായി ഒത്തുകളിച്ച്‌ കീടനാശിനി നയം സംബന്ധിച്ച്‌ ഉത്തരവിറക്കാതെ കേന്ദ്രത്തിനെതിരെ കള്ളനും പോലീസും കളിക്കാനാണ്‌ കേരളം സമയം കണ്ടെത്തിയത്‌. വിഷവീര്യം കൂടിയ റെഡ്‌ വിഭാഗം കീടനാശിനികളും യെല്ലോ വിഭാഗത്തില്‍പെടുന്ന ട്രയാസാഫോസ്‌, പ്രിഫനോഫോസ്‌, എഡിഫെന്‍ഫോസ്‌, ട്രൈ സൈക്ലാസോള്‍, ഓക്‌സിതയോക്വിനോക്‌സ്‌, കരാട്ടെ എന്ന ബ്രിട്ടീഷ്‌ കീടനാശിനി തുടങ്ങിയ വീര്യമേറിയ കീടനാശിനികളും സര്‍ക്കാരിന്റെ ഉപയോഗിക്കാവുന്ന ലിസ്‌റ്റില്‍ ഇടം നേടിയിട്ടുണ്ടെന്നും ഇതു തടയണമെന്നും സര്‍വകലാശാല റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇതിനൊന്നും തുടര്‍ നടപടിയുണ്ടായില്ല എന്ന വിവരം കേന്ദ്രത്തിനെതിരെ പുകമറ സൃഷ്ടിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തുന്നു.

കേരളത്തിന്റെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട്ടെ കൊല്ലങ്കോട്ടും മുതലമടയിലുമെല്ലാം ഇത്‌ വിളവെടുപ്പ്‌ കാലമാണ്‌. സിന്ദൂരം, കിളിച്ചുണ്ടന്‍, ആപോസ്‌, നടുച്ചേല, ബങ്കനപ്പിള്ളി മാങ്ങകള്‍ മൂത്ത്‌ പഴുത്ത്‌ മധുരമൂറുന്ന മാമ്പഴക്കാലം. ഇവിടങ്ങളിലെ മാന്തോപ്പുകളിലെല്ലാം മാരക കീടനാശിനികള്‍ തളിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. തമിഴ്‌നാട്ടില്‍നിന്ന്‌ വാളയാര്‍ വഴിയെത്തുന്ന ഈ കീടനാശിനികളുടെ ദുരന്തം മുതലമടയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നുമുണ്ട്‌.
യൂറോപ്യന്‍ യൂണിയന്‍ 2006ല്‍ എന്റോസള്‍ഫാന്‍ നിരോധിക്കുന്നതിനു മുമ്പേ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിച്ച ഫ്രാന്‍സ്‌, ഗ്രീസ്‌, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ ഇച്ഛാശക്തിയെ ഈ അന്തിമസമരത്തില്‍ ഓര്‍ക്കാവുന്നതാണ്‌. അമിതലാഭത്തേക്കാള്‍ മനുഷ്യജീവന്‌ വില കല്‍പ്പിച്ച ഈ രാജ്യങ്ങളുടെ ആത്മാര്‍ത്ഥതക്കു മുന്നില്‍ ഏറ്റവുമധികം മനുഷ്യജീവനുകളുള്ള ഇന്ത്യാ മഹാരാജ്യം നിലപാട്‌ സ്വീകരിക്കാന്‍ മടിക്കുന്നതിനെ ലജ്ജയോടെയല്ലാതെ കാണാനാവില്ല. ആര്‍ത്തിപ്പണ്ടാരങ്ങളുടെ പണക്കൊതിയില്‍ പൊലിയുന്നത്‌ വരും തലമുറയുടെ നിര്‍മാണത്തിനുള്ള ഊര്‍ജ്ജമാണെന്ന്‌ മറക്കാതിരിക്കുക. മരണത്തിന്റെ കച്ചവടം ഇനിയെങ്കിലും മതിയാക്കാമെന്ന്‌ ഒരു ജനതയൊന്നാകെ വിളിച്ചുപറയുമ്പോള്‍ ചെവിപൊത്തുന്നത്‌ നല്ല ഭരണകൂടത്തിന്റെ ലക്ഷണമല്ല.

Sunday, January 9, 2011

മുജാഹിദീങ്ങളുടെ സമ്മേളന ജിഹാദ്‌


മലപ്പുറത്ത്‌. രണ്ടത്താണിയില്‍ മുജാഹിദ്‌ സമ്മേളനം. മറുവിഭാഗത്തിന്‌ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം നടത്താന്‍ ഇന്നത്തെ ദിവസമല്ലാതെ പറ്റില്ലെന്ന്‌ ഏതു കണിയാനാവും ഗണിച്ചുകൊടുക്കുന്നത്‌?... ഹാ.... മഹാകഷ്ടം...!.. അറിവ്‌ സമാധാനക്കേടിന്‌ എന്ന്‌ നമുക്ക്‌ പ്രമേയം തിരുത്താം. അനവസരത്തിലുള്ള ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ആത്മാര്‍ത്ഥതയെ കളങ്കമില്ലാതെ സംശയിക്കുകയുമാവാം.... എങ്ങനെയാണ്‌ ഈ മതസംഘടനകള്‍ക്ക്‌ ഇത്രത്തോളം അധ:പതിക്കാനാവുന്നത്‌. അതും കേരളത്തില്‍ മുസ്‌്‌ലിം നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച ഒരു പ്രസ്ഥാനം എങ്ങനെയാണ്‌ ഇങ്ങനെ സ്വയം അപഹസിക്കുന്നത്‌...?
ആര്‍ക്കുവേണ്ടിയാണ്‌ ഈ മതസംഘടകള്‍ നിലകൊള്ളുന്നത്‌? ആരുടെ താല്‍പര്യങ്ങളാണ്‌ ഇവരെ നയിക്കുന്നത്‌? ആത്മരോഷത്തിന്റെ ആണത്തമുള്ള ഒറ്റയെണ്ണവും ഇക്കൂട്ടത്തിലില്ലേ..? രണ്ടു മുജാഹിദ്‌ വിഭാഗവും ഈ ഏര്‍പ്പാട്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി... ഇവരെ സഹിക്കുന്ന അനുയായി വൃന്ദത്തെ സമ്മതിച്ചുകൊടുക്കണം.... സമൂഹത്തെ മുഴുവനായും വിഡ്‌ഢികളാക്കുന്ന ഈ കലാപരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാറായില്ലേ... അറിവ്‌ സമാധാനത്തിന്‌, ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം തുടങ്ങിയ പ്രമേയങ്ങളുടെ വ്യാപ്‌തിയെന്തെന്ന്‌ ഈ സംഘാടകര്‍ ചിന്തിച്ചിട്ടുണ്ടോ... ആരുടെ കണ്ണുകെട്ടാനാണ്‌ ലക്ഷങ്ങള്‍ പൊടിയ്‌ക്കുന്ന ഈ സമ്മേളന മഹാമഹങ്ങള്‍.. സമ്മേളന ഇസ്‌്‌ലാമിനെ പ്രതിഷ്‌ഠിച്ചാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങളും അവസാനിക്കുമോ.. സമ്മേളനഭ്രാന്ത്‌ പണ്ടത്തെ എറണാകുളവും കോഴിക്കോടും തീര്‍ന്നപ്പോള്‍ തീര്‍ക്കേണ്ടതായിരുന്നില്ലേ...
കുട്ടിക്കുരങ്ങനെക്കൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്ന നേതാക്കള്‍ക്ക്‌ തലയിലെന്താ ഓളമാണോ... സമുദായത്തെ ഇങ്ങനെ വ്യഭിചരിക്കാന്‍ ആരാണ്‌ ഇവര്‍ക്ക്‌ അധികാരം കൊടുത്തത്‌.... ഇത്‌ ചീപ്പാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആണ്‍പിറന്നവരും പെണ്‍പിറന്നോരും അക്കൂട്ടത്തിലില്ലേ.... ഇപ്പോള്‍ സമ്മേളനങ്ങള്‍ നടത്തി ജിഹാദ്‌ കൊഴുപ്പിക്കാനാണ്‌ മുജാഹിദീങ്ങളുടെ പരിപാടി. എം.എസ്‌.എം ഒന്നു നടത്തിയാല്‍ മറ്റേ എം.എസ്‌.എം അതേ ദിവസം മറ്റൊന്ന്‌. ഐ.എസ്‌.എം എന്തിനെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാല്‍ മറ്റേ ഐ.എസ്‌.എമ്മും രംഗത്ത്‌. വഷളത്തരം...!
സംഘടനാ ഭ്രാന്തിന്റെ പൊറാട്ടുനാടകങ്ങള്‍ക്കിടെ ഇനി നവോത്ഥാനത്തിന്റെ വിത്ത്‌ പാകേണ്ടത്‌ നേതാക്കളുടെ തലയിലാണ്‌. അധികാരത്തിനും പണത്തിനും സ്ഥാപനങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വേണ്ടി സംഘശേഷിയെ ബലികൊടുക്കുന്നവര്‍ അസംതൃപ്‌തരുടെ കൂട്ടങ്ങള്‍ കയറിവന്ന്‌ പടിക്കുപുറത്താക്കുന്ന കാലത്തെക്കുറിച്ചല്ല; അല്ലാഹുവിന്റെ കോടതിയില്‍ മറുപടി പറയേണ്ട ദിവസത്തെക്കുറിച്ചെങ്കിലും ബേജാറായെങ്കില്‍ ഈ നാട്‌ നന്നാവുമായിരുന്നു. സമ്മേളനങ്ങളുടെ പേരിലുള്ള ഈ പരിസര മലിനീകരണം അവസാനിക്കുമായിരുന്നു.