Wednesday, January 13, 2010

തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം

അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന്‌ മസ്‌തിഷ്‌കങ്ങളില്‍ കയറിക്കൂടുക എന്നതാണ്‌. സാംസ്‌കാരികാധിനിവേശം അതിനു പറ്റിയ ഏറ്റവും നല്ല മാധ്യമമാണ്‌. പാശ്ചാത്യ അധിനിവേശരീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്‌. വിപ്ലവത്തിന്റെ വിഫല സ്വപ്‌നങ്ങള്‍ പേറുന്ന പഴയകാല നക്‌സലുകളടക്കമുള്ള ബുദ്ധിജീവികളും കേരളത്തില്‍ ഒരുതരത്തിലും വേരുറപ്പിക്കാനാവാതെ തീവ്രവാദത്തിന്റെ വഴിയെ മാറ്റിപ്പിടിച്ച്‌ പല്ലും പൂടയും പൊഴിഞ്ഞ മുസ്‌്‌ലിം നാമധാരികളുമാണ്‌ ഈ അധിനിവേശപ്രക്രിയക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. മസ്‌തിഷ്‌കത്തെ ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ്‌ ഇക്കൂട്ടര്‍ ഇവിടെയും പ്രയോഗിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ അത്‌ നാസികളും ഫാഷിസ്റ്റുകളും സ്വീകരിച്ച രീതികളില്‍നിന്ന്‌ വിഭിന്നവുമല്ല. താന്‍ വിശ്വസിക്കുന്നതിന്‌ അപ്പുറമുള്ളതെല്ലാം തെറ്റാണെന്നും അതിനെ നശിപ്പിക്കേണ്ടത്‌ തന്റെ ബാധ്യതയാണെന്നും ഫാഷിസം ഉദ്‌ഘോഷിക്കുന്നു. തീവ്രവാദവും ഫാഷിസവും സന്ധിക്കുന്ന ഇടം ഇതാണ്‌. അവ തമ്മില്‍ അസാമാന്യമായ സാദൃശ്യങ്ങളുണ്ട്‌.
സിമി പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ ഒരു വിഭാഗമാണ്‌ പീഡിതരുടെ രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ജമാഅത്തെ ഇസ്‌്‌ലാമിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയിലാണ്‌ ഇവരുടെ നിലനില്‍പ്പും വളര്‍ച്ചയും. മതരാഷ്ട്രമെന്ന മൗദൂദിയന്‍ വിചാരത്തിന്റെ പുതപ്പിനുള്ളില്‍നിന്ന്‌ ഇപ്പോഴും മോചിതരായിട്ടില്ലാത്ത വിഭാഗമാണ്‌ ജമാഅത്തുകാര്‍. ഇന്ത്യയിലെയും കേരളത്തിലെയും സാമുദായിക വികാരങ്ങളെയും പ്രശ്‌നങ്ങളെയും ആഗോള മുസ്‌്‌ലിം രീതിശാസ്‌ത്രവുമായി ബന്ധിപ്പിക്കുക എന്നതാണ്‌ ഇവരുടെ കര്‍മ്മ പദ്ധതികളില്‍ പ്രധാനം. ഈ ഉദ്യമത്തില്‍നിന്ന്‌ അത്യന്തികമായി ഉരുത്തിരിഞ്ഞ്‌ വരുന്നത്‌ തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസം നേടുന്നതിനും ജീവിതത്തില്‍ വളര്‍ച്ചയും വികാസവും സംഭവിക്കുന്നതിനും അദ്ധ്വാനിക്കുന്ന വ്യവസ്ഥാപിത മതസംഘടനകളോടെല്ലാം ഇവര്‍ക്ക്‌ പുച്ഛമാണ്‌. ഭൂരിപക്ഷം വരുന്ന സുന്നി, മുജാഹിദ്‌ സംഘടനകളൊന്നും ലോകത്തിന്റെ പോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതായിരിക്കും ഇവരുടെ പരാതികളില്‍ പ്രധാനം. ലോകത്തിന്റെ പോക്ക്‌ എന്നതുകൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌ തീവ്രവാദത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മുസ്‌്‌ലിം വിഭാഗത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളുമാണ്‌. കണ്ണിനു കണ്ണ്‌ എന്ന്‌ അടക്കിപ്പറയുകയും സമാധാനത്തിന്‌ വേണ്ടി വൈരുദ്ധ്യങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഇവരുടെ പ്രത്യേകത. ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നടപടികളെല്ലാം ഇവരുടെ കണ്ണില്‍ ഭരണകൂട ഭീകരതയാണ്‌. വാര്‍ത്തകളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെല്ലാം ഇവര്‍ക്ക്‌ സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണ്‌.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ 'തീവ്രവാദം: ഇരകള്‍ ആര്‌, പ്രതികള്‍ ആര്‌?' എന്ന വിഷയം ചര്‍ച്ച ചെയ്‌തപ്പോള്‍ ജമാഅത്തെ ഇസ്‌്‌ലാമി അമീര്‍ ടി.ആരിഫലി പറഞ്ഞ വാക്യങ്ങള്‍ മാത്രം മതിയാകും ഇവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരിച്ചറിയുന്നതിന്‌. സാമൂഹ്യ അസന്തുലിതാവസ്ഥയാണ്‌ തീവ്രവാദത്തിനു കാരണമെന്നും മുസ്‌്‌ലിം സമുദായത്തെ പൊതുധാരയില്‍നിന്ന്‌ അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹുമതസമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത്‌ രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ മുസ്‌്‌ലിംകളുടെ ശക്തമായ പ്രാതിനിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണെന്നും അതില്‍നിന്ന്‌ വിട്ടുനിന്നിട്ടല്ല എന്നും മനസ്സിലാക്കാനുള്ള വിവരമുള്ളവരാണ്‌ സെമിനാറില്‍ പ്രസംഗിച്ച തേജസ്‌ പത്രത്തിന്റെ പ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അതേപ്പറ്റി ഒരക്ഷരം സംസാരിക്കാതെ മുസ്‌്‌ലിംകള്‍ അരക്ഷിതരാണ്‌, അവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ നിര്‍മ്മാണ ശേഷിയെ മരവിപ്പിച്ചുനിര്‍ത്തുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. സെമിനാറില്‍ പ്രസംഗിച്ച പി.ഡി.പിയുടെ പ്രതിനിധി സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത വിഭാഗത്തെ തകര്‍ക്കാനാണ്‌ സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്നും ആരോപിക്കുന്നു. ആ വിഭാഗം പ്രതിനിധീകരിച്ചത്‌ ഏത്‌ തത്വസംഹിതയെ ആണെന്ന്‌ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ്‌ ശ്രദ്ധേയം. അത്‌ നശീകരണത്തിന്റെ തത്വശാസ്‌ത്രമായിരുന്നു എന്നും ഇന്ത്യനവസ്ഥയില്‍ അതല്ല പരിഹാരമാര്‍ഗ്ഗമെന്നും സമ്മതിക്കാനുള്ള ചങ്കൂറ്റം ദുരനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഈ വിഭാഗങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ മേളം
ഫാഷിസത്തെയും തീവ്രവാദത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന ചില കണ്ണികള്‍ തീവ്രവാദവുമായി രാജിയാകുന്നതില്‍ ഇടതുപക്ഷത്തിനും ന്യായമാകുന്നുണ്ട്‌. ചില ഇടതു തീവ്രവാദികളും ചരിത്രകാരന്മാരും പലപ്പോഴും ഇടതുപക്ഷം തന്നെയും ഈ വിഭാഗത്തോട്‌ പുലര്‍ത്തുന്ന പരസ്യമായ കൂറിനെ കേരളം കാണാതെ പോയിക്കൂടാ. ഈ വിഭാഗത്തോടൊപ്പം നിന്നാലല്ലാതെ സാംസ്‌കാരിക നായകനായി വിലസാനാവില്ലെന്നുവരെ ചില പാവം ബുദ്ധിജീവികള്‍ ധരിച്ചുവെച്ചിരിക്കുന്നു. അവര്‍ സ്വന്തം ഇടമുറപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ കണ്ടാല്‍ ഇവര്‍ ബുദ്ധിയുള്ള ജീവികള്‍ തന്നെയാണോ എന്ന്‌ ഒരുവേള ആരും സംശയിച്ചുപോകും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഈയിടെ കോഴിക്കോട്ട്‌ നടത്തിയ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ തേജസ്‌, ഐ.പി.എച്ച്‌ തുടങ്ങിയ പ്രസിദ്ധീകരണവിഭാഗങ്ങള്‍ക്കും അവരുടെ സാന്നിദ്ധ്യത്തിനും നല്‍കിയ അപകടകരമായ ഇരിപ്പിടം മതേതരകേരളം ചര്‍ച്ച ചെയ്യേണ്ടതാണ്‌. പുസ്‌തകമേളയുടെ കവാടം കടന്നാല്‍ ആദ്യം കാണുന്നത്‌ തേജസ്‌ പബ്ലിക്കേഷന്‍സിന്റെ സ്റ്റാളായിരുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ ഈ വിഭാഗം പ്രതിനിധീകരിക്കുന്ന തത്വശാസ്‌ത്രമെന്താണെന്ന അറിവില്ലായ്‌മ. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അതിനെ വരിക്കുമ്പോഴുള്ള ലാഭങ്ങള്‍. രണ്ടായാലും ഇടതു പുരോഗമനവാദികളുടെ ഈ പോക്ക്‌ രാജ്യത്തിനാപത്താണെന്ന്‌ പറയാതെവയ്യ.
തീവ്രവാദം ഉന്മാദമാണ്‌. മതം അതിന്റെ ഉപകരണവും. ആ ഉപകരണത്തെ ഉപയോഗിച്ച്‌ ആഗോളതലത്തില്‍ മസ്‌തിഷ്‌കപ്രക്ഷാളനം നടന്നുവരുന്നതിന്റെ അനുരണനങ്ങളാണ്‌ ഇരവാദത്തിന്റെയും പ്രതിരോധത്തിന്റെയും പേരില്‍ കേരളത്തിലും നടക്കുന്നത്‌. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌ എന്ന ഇടതുപക്ഷ ബുദ്ധിജീവിയാണ്‌ ഇരവാദമെന്ന പേരിലുള്ള അരക്ഷിതലേബലില്‍ ഈ വിഭാഗത്തിന്‌ ഊര്‍ജ്ജം പകരുന്നതിന്‌ മുന്നില്‍നില്‍ക്കുന്നത്‌. ഇരവാദം എന്നത്‌ അരക്ഷിതബോധമാണ്‌. അരക്ഷിതബോധത്തെ അതുപോലെ നിലനിര്‍ത്തുമ്പോഴാണ്‌്‌ തീവ്രവാദത്തിന്‌ ഊക്ക്‌ കൂടുന്നത്‌.
പേരില്‍ പുരോഗമനം എന്ന്‌ എഴുതിവെക്കുകയും പ്രവര്‍ത്തിയില്‍ പരിവര്‍ത്തനത്തിനോ പരിഷ്‌കരണത്തിനോ നിര്‍മാണാത്മകതക്കോ ഒട്ടും സ്ഥാനമില്ലാത്ത തീവ്രവാദത്തെ സഹായിക്കുകയും ചെയ്യുന്നത്‌ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തത്‌ നാം നേരത്തെ കണ്ടതാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൃത്യവും ലളിതവുമായ അവസരങ്ങളുണ്ടായിട്ടും അതിനെയൊക്കെ അവഗണിച്ചുകൊണ്ടാണ്‌ ഈ വിഭാഗത്തിന്റെ പോക്ക്‌. എന്‍.ഡി.എഫ്‌ അടക്കമുള്ള തീവ്രവാദ, ക്വട്ടേഷന്‍ സംഘങ്ങള്‍ നക്‌സലിസം പോലെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനങ്ങളാണെന്ന്‌ സിവിക്‌ ചന്ദ്രന്‍ അടക്കമുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇടതുപക്ഷത്തിന്‌ ആഭിമുഖ്യമോ ആധിപത്യമോ ഉള്ള സാംസ്‌കാരിക സംഘടനകളിലേക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിഭാഗം നുഴഞ്ഞുകയറുന്നുണ്ട്‌. രാജ്യത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യാത്ത ഒരു സിദ്ധാന്തത്തെ ഇരവാദത്തിന്റെയും പീഢനങ്ങളുടെയും പേരില്‍ അവതരിപ്പിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ വളര്‍ച്ചയെ നിശ്ചലമാക്കുകയാണ്‌ തീവ്രവാദികള്‍ ചെയ്യുന്നത്‌. അതിന്‌ ജനസ്വീകാര്യത ലഭിക്കാന്‍ ഇടതുപക്ഷമാണ്‌ എളുപ്പവഴിയെന്ന്‌ അവര്‍ തിരിച്ചറിയുകയും ചെയ്‌തിരിക്കുന്നു. തീവ്രവാദികള്‍ അവരുടെ ഇടം നിശ്ചയിച്ചുകഴിഞ്ഞിട്ടും മതേതര ചേരിക്ക്‌ അവരെ ചെറുക്കാനുള്ള ഇടം ഇപ്പോഴും ഒത്തുകിട്ടിയിട്ടില്ല. അതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.

സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം
ജനകീയ സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ പൊതുസ്വീകാര്യതക്കുവേണ്ടി ചെയ്‌തുവരുന്ന മറ്റൊരു ഇടപാടാണ്‌. ചെങ്ങറയിലും പ്ലാച്ചിമടയിലും ഇവര്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. അരുക്കാക്കപ്പെട്ടവര്‍ ആരായാലും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട്‌ എന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇവരെ മുന്‍പന്തിയില്‍ കാണാം. പതുങ്ങിയിരുന്ന്‌ ആളെ കൊന്ന്‌, അതിനെ പ്രതിരോധം എന്നു വിളിക്കുന്നവരില്‍നിന്നാണ്‌ ഇങ്ങനെയുള്ള അനുഭവം എന്നത്‌ ഒരേ സമയം രസകരവും ഗൗരവമുള്ളതുമായ വിഷയമാണ്‌. തങ്ങളുടെ കൊള്ളരുതായ്‌മകള്‍ക്ക്‌ മറയിടാനുള്ള വിദ്യയായിട്ടാണ്‌ ഇത്തരം സംഗതികളെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്‌. ആര്‍.എസ്‌.എസ്സ്‌ അടക്കമുള്ള സംഘ്‌പരിവാര്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളും ഇതേ രീതിയിലാണ്‌ രാജ്യത്ത്‌ പ്രവര്‍ത്തിച്ചുവരുന്നത്‌.
വര്‍ഗ്ഗീയമായി സംഘം ചേരുക എന്നത്‌ കേരളത്തിന്റെ സാംസ്‌കാരികരീതിയല്ല. ചരിത്രത്തിലെവിടെയും വേര്‍തിരിവിന്റെ മതിലിനകത്ത്‌ കേരള മുസ്‌്‌ലിംകള്‍ കെട്ടിയിടപ്പെട്ടിട്ടുമില്ല. എന്നാല്‍ അങ്ങനെ മുസ്‌്‌ലിംകളെ കെട്ടിയിടാനും പൊതുസമൂഹത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്താനും ആഗ്രഹിക്കുന്നവരാണ്‌ മലയാളിക്ക്‌ അപരിചിതമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്‌. ഇറാനിയന്‍ വിപ്ലവത്തിന്റെ വിത്തുകളും ആശയങ്ങളും കേരളത്തിന്റെ പ്രത്യേകാവസ്ഥയിലേക്ക്‌ നട്ടുനനക്കുമ്പോഴാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം സംഭവിക്കുന്നത്‌. മൗദൂദിയുടെ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ കേരളത്തെ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ അതാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം.
ഈ വിഭാഗത്തെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ആര്‍ജ്ജവം കാണിക്കേണ്ട വിഭാഗം തന്നെ ഇവര്‍ക്ക്‌ കുട പിടിക്കുന്നു എന്നതാണ്‌ സങ്കടം. ഇവര്‍ പ്രയോഗിക്കുന്ന ചെറുത്തുനില്‍പ്പ്‌, പ്രതിരോധം തുടങ്ങിയ വാചകങ്ങള്‍ വ്യാജമാണെന്നും അതിലെ ഒളിയജണ്ട രാജ്യത്തിന്റെ കെട്ടുറപ്പിന്‌ ഭീഷണിയാണെന്നും ഒരുപക്ഷേ, ആദ്യം തിരിച്ചറിയേണ്ടത്‌ ഇടതുപക്ഷമായിട്ടും അവര്‍ ആ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്‌ക്കുന്നു എന്നത്‌ മതനിരപേക്ഷകേരളത്തിന്റെ ചരിത്രത്തില്‍ പൊറുക്കാനാവാത്ത അപരാധമായി വിലയിരുത്തപ്പെടും. ഇടതുരാഷ്‌്‌ട്രീയത്തില്‍നിന്ന്‌ അടിസ്ഥാനജനവിഭാഗങ്ങള്‍ ഇപ്പോഴും ഏറെ നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. കുറേ പ്രസിദ്ധീകരണങ്ങളും സാംസ്‌കാരികപ്രവര്‍ത്തനവും ഉണ്ടായതുകൊണ്ട്‌ തീവ്രവാദികള്‍ അവരല്ലാതായി മാറുന്നില്ല. തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാന്‍ ഇടതെന്നോ വലതെന്നോ വിഭജിക്കപ്പെടാത്ത മതേതരചേരി ശക്തിപ്പെടണം. അതിനുവേണ്ടത്‌ സൂക്ഷ്‌മമായ ജാഗ്രതയാണ്‌.