Thursday, January 1, 2009

അടിച്ചു കൊല്ലുന്ന ആഘോഷം


നന്മകളും പ്രത്യാശയുടെ പുതൂകിരണങ്ങളും ആശംസിച്ചു കൊണ്ടാണ്‌ ലോകം പുതിയ വര്‍ഷത്തെ വരവേറ്റത്‌. ആയുസ്സില്‍ ഒരാണ്ട്‌ കുറഞ്ഞു പോയെന്ന സങ്കടമില്ലാതെതന്നെ ലഹരിയിലും അല്ലാതെയും ആഘോഷങ്ങളുടെ കൊടിയേറ്റം നടത്താനും ആരും മറന്നില്ല. എന്നായാലും മരിക്കും എന്നതിനാല്‍ പരമാവധി അറമാദിച്ച്‌ മരിക്കുക എന്നതാണ്‌ പുതിയ തലമുറയിലെ ചിലരെങ്കിലും നയമായി സ്വീകരിച്ചിട്ടുള്ളത്‌. ആഘോഷങ്ങളാവാം. അത്‌ അന്യന്റെ നെഞ്ചത്തു കേറി കുതിര കളിക്കുന്നതാകുമ്പോഴാണ്‌ കളി കാര്യമാകുന്നത്‌. ഈ പുതുവര്‍ഷവും കാര്യമായ ചില കളികളെ കണ്ടു. പണക്കൊഴുപ്പിന്റെ മേളപ്പെരുക്കളുമായാണ്‌ ഉപരിവര്‍ഗ്ഗം പുതുവര്‍ഷത്തെ വരവേറ്റതെങ്കില്‍ മധ്യവര്‍ഗ്ഗം പതിവു പോലെ അടിപിടിയിലും വാറ്റിലും കൂടി. പട്ടിണിപ്പാവങ്ങള്‍ ചോറ്റുപൊതിക്കുള്ള പാച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.
പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ ചെറുകുന്നത്ത്‌ ഹാരിഷ്‌(24) എന്ന യുവാവ്‌ മരിച്ച കാര്യം കേട്ടിട്ടും നമ്മുടെ അറമാദച്ചുള്ളന്മാര്‍ക്ക്‌ മാനസാന്തരമുണ്ടാകാന്‍ വഴിയില്ല. അവര്‍ രണ്ടും കല്‍പിച്ച്‌ ആഘോഷിക്കാനിറങ്ങിയവരല്ലേ. ആഘോഷത്തിനിടെ മുന്നില്‍ വരുന്നത്‌ സ്വന്തം തന്തയാണെങ്കിലും ഒന്നു പൊട്ടിച്ചു വിട്ടില്ലെങ്കില്‍ പിന്നെന്തു ഹരമാണ്‌ ഹേ. രാത്രി രണ്ടു മണിയോടുകൂടിയാണ്‌ പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടങ്ങിയത്‌. മുട്ടുങ്ങലില്‍ ചെറുകുന്നത്ത്‌, പൊട്ടേങ്ങല്‍ കോളനികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അടിപിടിയില്‍ പരാജയപ്പെട്ട ഒരു സംഘം കൂടുതല്‍ ആയുധങ്ങളുമായി മടങ്ങിവന്ന്‌ വീണ്ടും ആക്രമണം നടത്തി. ഹാരിഷ്‌ ഉള്‍പ്പെടെ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാരിഷ്‌ രാവിലെയോടെ മരിക്കുകയായിരുന്നു. സഹജീവിയെ അടിച്ചു കൊല്ലാന്‍ വരെ നമുക്ക്‌ ആഘോഷങ്ങള്‍ ലൈസന്‍സ്‌ തന്നിരിക്കുന്നു. പരമാനന്ദ രസത്തിന്‌ ഇനിയെന്തു വേണം സഖാക്കളേ....
ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ മലയാളി ഓണത്തല്ല്‌ പോലുള്ള ചില സംഗതികള്‍ ചട്ടപ്രകാരം നടത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത്‌ ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും യാതൊരു വിലയുമില്ല. അവനവന്റെ ആത്മസുഖം തന്നെ സുഖം. അപരന്റെ സുഖം ദു:ഖവും. (ഇതെഴുതുന്നയാള്‍ പ്രവാചകനല്ല, ഈ വകുപ്പില്‍ പെട്ട ആത്മവിമര്‍ശനം നടത്തുന്നവന്‍ തന്നെ).മദ്യപിച്ച്‌ വാഹനമോടിച്ച 353 പേര്‍ ഡല്‍ഹിയില്‍ അറസ്‌റ്റിലായി. പുതുവത്സരത്തിന്റെ തലേ ദിവസം രാത്രി നടത്തിയ പ്രത്യേക പരിശോധനയിലാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. 274 പേര്‍ക്കെതിരെ മദ്യപിച്ച്‌ വണ്ടിയോടിച്ചതിനും 79 പേര്‍ക്കെതിരെ അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിനുമാണ്‌ കേസെടുത്തിരിക്കുന്നത്‌. മദ്യപിച്ചിരുന്നു എന്നു സംശയിക്കുന്നവരുടെ രക്‌ത പരിശോധന നടത്തുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2000 രൂപ പിഴയോ മൂന്നു വര്‍ഷം തടവോ ആണ്‌ മദ്യപിച്ച്‌ വാഹനമോടിച്ചാലുള്ള ശിക്ഷ. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 600 ഓളം പേരില്‍ നിന്ന്‌ ഇവിടെ പിഴ ഈടാക്കിയിട്ടുണ്ട്‌്‌. എന്നിട്ടും ഈ ആഘോഷങ്ങള്‍ക്ക്‌ ലവലേശം കുറവില്ല എന്നത്‌ രസകരം.
എന്നു മുതലാണ്‌ മലയാളി ന്യൂ ഇയര്‍ ഇത്ര മട്ടത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്‌... എന്നു മുതലാണ്‌ കോഴിക്കോട്‌ കടപ്പുറത്തും കോവളത്തും ഇത്രയധികം ആളുകള്‍ അര്‍ദ്ധരാത്രിയിലും പുതുവര്‍ഷമാഘോഷിക്കാന്‍ വരാന്‍ തുടങ്ങിയത്‌... ചുമ്മാ ചിന്തിച്ചു നോക്കുക. ചിരിച്ചു മണ്ണു കപ്പും. നല്ല കാര്യങ്ങളില്‍ പാശ്ചാത്യനെ അനുകരിക്കാന്‍ നോക്കരുത്‌. ചീത്തകളൊക്കെ കൊത്തിവലിക്കുക. ഏറ്റവും വൃത്തിവെടിപ്പെഴുക. നെഗളിക്കുക. ഹാഹഹ....