Wednesday, December 30, 2009

കേരള മുസ്‌്‌ലിംകള്‍ വായിച്ചറിയുന്നതിന്‌

ആദ്യം മനുഷ്യരാവുക, പിന്നെ മുസ്‌്‌ലിംകളാവുക, ശേഷം മുജാഹിദും സുന്നിയും ജമാഅത്തും ആവുക.......
സാലിം പടിക്കല്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ മുസ്‌്‌ലിംകളായ മനുഷ്യരും, മനുഷ്യരായ മുസ്‌്‌ലിംകളും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട്‌ പൂര്‍ണമായും യോജിക്കുന്നതോടൊപ്പം ഈ എളിയ ശ്രമത്തിന്‌ ഇത്തരം ഗുസ്‌തികളില്‍ മനംനോന്ത ഒരു മുസ്‌്‌ലിം എന്ന നിലക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. താങ്കള്‍ ഒറ്റയ്‌ക്കല്ല; ഈ നെറികേടുകളെ പ്രതിരോധിക്കാന്‍ പുതിയ തലമുറയിലെ ചിന്തിക്കുന്ന വലിയ വിഭാഗം കൂടെയുണ്ടെന്ന്‌ സ്‌നേഹത്തോടെ അറിയിക്കുന്നു. പ്രസ്‌തുത ലേഖനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. നിങ്ങള്‍ നോക്കൂ. ഡോ. സക്കരിയ്യ സ്വലാഹിയെ, പേരോടിനെ, സലഫിയെ, സുല്ലമിയെ. പാണ്ഡിത്യത്തില്‍ ഒന്നിനൊന്ന്‌ കേമന്മാര്‍. പ്രസംഗകലയില്‍ അഗ്രഗണ്യര്‍. എന്നിട്ടോ? കഴിവുകള്‍ മുഴുവന്‍ തെരി പറയാനും സ്വവാദഗതി സ്ഥാപിച്ചെടുക്കാന്‍ ഏത്‌ പച്ചക്കള്ളവും എഴുന്നള്ളിക്കാനും മാത്രം മാറാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു?
2. കര്‍മ്മശാസ്‌ത്രത്തിലെ ചില സാദൃശ്യങ്ങള്‍ മാറ്റിവെച്ചാല്‍ ഇവര്‍ക്കൊന്നും അല്ലാഹുവിന്റെ മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കാന്‍ ഇവരെ ആരാണ്‌ പഠിപ്പിക്കേണ്ടത്‌? തിമിരം ബാധിച്ച അനുയായി വൃന്ദത്തെ ഹരം പിടിപ്പിക്കലാണോ ദീനീപ്രബോധനം?
3. പരസ്‌പരവൈരാഗ്യം വളര്‍ത്തിയും തെറി പറഞ്ഞും നടന്നാലേ ഈ ആട്ടിന്‍പറ്റത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താന്‍ കഴിയൂ എന്ന്‌ മറ്റാരേക്കാളും ഈ പണ്ഡിതകേസരികള്‍ക്കറിയാം.
4. പടച്ചവനേ, ഈ നാടിന്റെ ഭരണം മുസ്‌്‌ലിംകളുടെ കൈകളില്‍ ഏല്‍പ്പിക്കരുതേ എന്ന്‌ ഓരോ നമസ്‌കാരത്തിലും പ്രാര്‍ത്ഥിക്കുക. അത്ര മഹത്തരമാണ്‌ ഈ വിഭാഗങ്ങളുടെ കുത്തിത്തിരിപ്പുകളും കൊള്ളരുതായ്‌മകളും.
5. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌്‌ലിംകള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരല്ല. അവര്‍ക്ക്‌ വിശ്വാസം, സുന്നി, മുജാഹിദ്‌, ജമാഅത്ത്‌, തബ്‌്‌ലീഗ്‌ പണ്ഡിതന്മാരില്‍ മാത്രം. സുന്നിയാമെങ്കില്‍ എ.പി, അല്ലെങ്കില്‍ ഇകെ, മുജാഹിദാണെങ്കില്‍ മടവൂര്‍, അല്ലെങ്കില്‍ ഔദ്യോഗികം. സംഘടനകളിലും നേതാക്കളിലും മാത്രമാണ്‌ ഇവരുടെ വിശ്വാസം. അതുകൊണ്ട്‌ തന്നെ സംഘടനക്കെതിരെ വരുന്ന ആരോപണങ്ങളെ ഏത്‌ വിധേനയും ചെറുക്കാന്‍ ഒന്നുമറിയാത്ത വിഡ്‌ഢികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു.
6. തങ്ങള്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ കേരളത്തിലെ ഒരു മുസ്‌്‌ലിം ഗ്രൂപ്പും ഇക്കാലം വരെ സമ്മതിച്ചിട്ടില്ല. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും ആളെ കൂട്ടുന്ന റിക്രൂട്ടിംഗ്‌ ഏജന്‍സികളെ പോലെയാണ്‌ അവരുടെ പെരുമാറ്റം. അവരോടൊപ്പം നിന്നാലേ സ്വര്‍ഗ്ഗത്തിലെത്തൂ എന്നാണ്‌ പ്രചാരണം.
7. ലോകാടിസ്ഥാനത്തില്‍ പണ്ടു മുതലേ നിലനില്‍ക്കുന്ന കര്‍മ്മശാസ്‌ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ചാണ്‌ ഇവരുടെ നിലനില്‍പ്പ്‌. സുബ്‌്‌ഹിയിലെ കുനൂത്ത്‌, സ്‌ത്രീ പള്ളിപ്രവേശം, തറാവീഹിലെ റക്‌്‌അത്ത്‌, ജുമുഅയിലെ രണ്ടാം ബാങ്ക്‌, നമസ്‌കാരത്തെല കൈ കെട്ടല്‍ തുടങ്ങിയ നിസ്സാരപ്രശ്‌നങ്ങളെ ഇക്കൂട്ടര്‍ ഭീകരമായി അവതരിപ്പിക്കുന്നു. സലഫി ഭരണമുള്ള മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ തറാവീഹ്‌ ഇരുപതാമെന്നും അവിടെ ജുമുഅക്ക്‌ മുമ്പ്‌ രണ്ട്‌ ബാങ്കാണെന്നും മുജാഹിദുകള്‍ അറിയാമെങ്കിലും ഒളിയ്‌ക്കുന്നു. സലഫി ഭരണത്തില്‍ സഊദിയില്‍ മുസ്‌്‌ലിം സ്‌ത്രീകള്‍ക്ക്‌ പൊതുപ്രവേസം പോയിട്ട്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പോലും ലഭിക്കില്ല. സ്‌ത്രീ പൊതുപ്രവേശം പാടില്ലെന്ന്‌ പര്‍ദ്ദ എന്ന തന്റെ പുസ്‌തകത്തില്‍ ചൂണ്ടിക്കാട്ടിയ സാക്ഷാല്‍ മൗദൂദിയുടെ പുസ്‌തകത്തിന്‌ ജമാഅത്തിന്റെ ഐ.പി.എച്ചില്‍ വിലക്കേര്‍പ്പെടുത്തി. സ്‌ത്രീ പള്ളിയില്‍പോകരുതെന്ന്‌ ഫത്‌വയിറക്കിയ എ.പി ബഹ്‌്‌റൈനിലെ സ്‌ത്രീകള്‍ നമസ്‌കരിക്കുന്ന അറാഭ്‌ പള്ളിയില്‍ ഖുതുബ നടത്തി. നാട്ടിലെത്തിയപ്പോള്‍ ആ പള്ളിയില്‍ പെണ്ണുങ്ങളില്ലെന്ന്‌ പച്ചനുണ പറഞ്ഞു. ആ പള്ളിയെപ്പറ്റി അറിവുള്ള എ.പി സുന്നികളാരും ഉസ്‌താദിനെ ചോദ്യം ചെയ്‌തില്ല. ലോക മുസ്‌്‌ലിംകളുടെ പുണ്യഗേഹങ്ങളായ മസ്‌്‌ജിദുല്‍ ഹറാം, മസ്‌ജിദുന്നബവി, മസ്‌്‌ജിദുല്‍ അഖ്‌സ എന്നിവിടങ്ങളില്‍ സ്‌ത്രീകളും നമസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം സുന്നികള്‍ മറച്ചുവെക്കുന്നു.
8. ഇവിടെ മുജാഹിദുകളോട്‌ തുടര്‍ന്ന്‌ നിസ്‌കരിക്കാന്‍ പാടില്ലെന്നും സലാം പോലും പറയരുതെന്നും ശഠിക്കുന്ന സുന്നികള്‍ മക്കത്തും മദീനത്തുമെത്തിയാല്‍ ഖുനൂത്തോതാത്ത, കൂട്ടുപ്രാര്‍ത്ഥന നടത്താത്ത, ബിസ്‌മി ചൊല്ലാത്ത ഒന്നാം നമ്പര്‍ സലഫികളെ ഇമാമുമാരാക്കി നമസ്‌കരിക്കുന്നു.
9. അധികാരത്തോടും പണത്തോടും തങ്ങളുടെ സ്ഥാപനങ്ങളോടും മാത്രമാണ്‌ മതസംഘടനകള്‍ക്ക്‌ ആര്‍ത്തിയും വിധേയത്വവുമുള്ളത്‌. അല്ലാഹുവിനോടും റസൂലിനോടുമല്ല. തങ്ങളുടെ അധികാരസ്‌താനങ്ങളും പണാധിപത്യവും നഷ്ടപ്പെടുമെന്ന പേടി മാത്രമാണ്‌ ഇവരുടെ ലയനനീക്കങ്ങള്‍ക്കുള്ള പ്രധാന തടസ്സം.
10. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ തന്നെ സ്വന്തം ആവശ്യത്തിന്‌ അതിനെ ഹലാലാക്കുന്നു. മകന്റെ പാര്‍ട്‌ണര്‍ഷിപ്പുള്ള കമാലിയ്യ മെഡിക്കല്‍ കോളേജിനു ഫണ്ട്‌ കണ്ടെത്താന്‍ എ.പി ഉസ്‌താദ്‌ യത്തീം കുട്ടികളുടെ മുതലായ മര്‍കസ്‌ കോംപ്ലക്‌സ്‌ കാത്തലിക്‌ സിറിയന്‍ ബാങ്കില്‍ പണയം വെക്കുന്നു. ആ മര്‍കസ്‌ കോംപ്ലക്‌സില്‍തന്നെ പലിശക്കാര്‍ വിലസുന്ന സ്ഥാപനങ്ങളും. മടവൂര്‍ മുജാഹിദുകള്‍ വര്‍ത്തമാനം പത്രത്തിനുവേണ്ടി യൂണിയന്‍ ബാങ്കില്‍നിന്നും ജീവനക്കാരുടെ ജാമ്യത്തില്‍ ലോണെടുക്കുമ്പോള്‍ പലിശ ഹലാലാകുന്നു.
11. കേരളത്തില്‍ മുസ്‌്‌ലിം തീവ്രവാദം വളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍നിന്ന ജമാഅത്തെ ഇസ്‌്‌ലാമി ജനാധിപത്യത്തെ നൂറുവട്ടം തള്ളിപ്പറഞ്ഞവരാണ്‌. പിന്നീട്‌ നിലപാടു മാറ്റിയിട്ടും ഇന്നേവരെ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിട്ടില്ല.
12. എന്‍.ഡി.എഫിന്റെ തുടക്കത്തില്‍ അതുമായി സഹകരിച്ചതും മഅ്‌ദനി, സിമി, ഐ.എസ്‌.എസ്‌., പി.ഡി.പി തുടങ്ങി എല്ലാതരം തീവ്രവാദ സംഘടനകള്‍ക്കും അതിരുകടന്ന പ്രാധാന്യവും സെന്‍സേഷനും നല്‍കി മീറത്തും സൂറത്തും ഭഗല്‍പൂരും ബാബരി ധ്വംസനവും മുതലെടുത്ത്‌ കേരളത്തിലെ മുസ്‌്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്കടുപ്പിക്കുന്നതില്‍ ജമാഅത്തും മാധ്യമവും ഐ.പി.എച്ചും വലിയ പങ്ക്‌ വഹിച്ചു. കുരങ്ങിനെക്കൊണ്ട്‌ ചുടുചോര്‌ എടുപ്പിച്ച ജമഅത്തുകാരുടെ ഇസ്‌്‌തിരി ചുളിഞ്ഞില്ല; അവര്‍ മേലുനോവുന്ന ഒരു പണിക്കും പോയില്ല.
13. മുസ്‌്‌ലിംകളുടെ യഥാര്‍ത്ഥ ശത്രുക്കളെ കണ്ടെത്തുന്നതില്‍ എന്‍.ഡി.എഫ്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഒരേ സമയം ഇസ്‌്‌ലാമിനും പ്രായോഗിക ബുദ്ധിക്കും നിരക്കുന്നതല്ല. മുസ്‌്‌ലിംകളുടെ ശത്രുക്കള്‍ സവര്‍ണഹിന്ദുവോ ക്രിസ്‌ത്യാനിയോ അല്ല. മുസ്‌്‌ലിം തന്നെയാണ്‌. ഒരു മുസ്‌്‌ലിമിനു പകരം രണ്ടു ഹിന്ദുവിനെ കൊന്നാല്‍ വിജയം മുസ്‌്‌ലിംകള്‍ക്കായി എന്ന ദാരണ ശുദ്ധ അസംബന്ധം.
14. സംഘടനക്ക്‌ ദോഷം വന്നാലും മതത്തിന്‌ ദോഷമോ ചീത്തപ്പേരോ വരുത്താതെ നോക്കാനാണ്‌ മുസ്‌്‌ലിം ശ്രമിക്കേണ്ടത്‌. തെറ്റു കണ്ടാല്‍ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം മുസ്‌്‌ലിം കാണിക്കണം.
15. പരസ്‌പരം കാഫിറാക്കാന്‍ നോക്കാതെ സുബഹിക്ക്‌ ഖുനൂത്ത്‌ സുന്നത്താമെന്ന്‌ അഭിപ്രായപ്പെട്ട ശാഫി ഇമാം തന്റെ ഉസ്‌താദായ ഹനഫി ഇമാമിന്റെ നാട്ടില്‍ പോയപ്പോള്‍ ഖുനൂത്തോതാതെ സുബഹി നിസ്‌കരിച്ച ചരിത്രത്തില്‍ പാഠം ഉള്‍ക്കൊള്ളുക.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കേരളത്തിലെ ഓരോ മുസ്‌്‌ലിമും ചിന്തിക്കേണ്ട വസ്‌തുതകളാണ്‌. പണ്ടത്തെപ്പോലെ പാവങ്ങളായ ജനങ്ങളെ പറ്റിക്കാന്‍ ഇനിയും കഴിയില്ലെന്ന്‌ ഈ മതസംഘടനകള്‍ തിരിച്ചറിയുന്നത്‌ നന്ന്‌. പുതിയ തലമുറ ഭിന്നിപ്പുകളെ കുടഞ്ഞെറിഞ്ഞ്‌ ഒന്നിച്ചുനില്‍ക്കാനും കാര്യങ്ങള്‍ തിരിച്ചറിയാനുമുള്ള പ്രാപ്‌തി സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ ഈ ലേഖനം. തീവ്രവാദം, സങ്കുചിത ചിന്തകള്‍ എന്നിവയുടെ പേരില്‍ -യഥാര്‍ത്ഥത്തില്‍ വഴികാട്ടികളാവേണ്ട മുതിര്‍ന്നവരെയും വിവരമുള്ളവരെയും തിരുത്തേണ്ടി വരിക എന്നത്‌ ഒരുപക്ഷേ, പുതിയ കാലത്തെ മുസ്‌്‌ലിം യുവാക്കളുടെ മാത്രം ദുര്യോഗമായിരിക്കാം. സാലിം പടിക്കലിന്‌ അഭിനന്ദനങ്ങളും പിന്തുണയും.