Thursday, June 26, 2008

നമ്മുടെ പള്ളികള്‍ ആരുടെ കൈകളില്‍...?

നമ്മുടെ നാട്ടില്‍ ദിനേനയെന്നോണം മുളച്ചു പൊന്തുന്ന പള്ളികള്‍ക്ക്‌ കണക്കില്ല. ഇതെങ്ങനെ എവിടുന്നുണ്ടാകുന്നു എന്നോ പള്ളിപ്പണിക്ക്‌ വരുന്ന വിദേശപ്പണത്തിന്റെ വരവു ചെലവ്‌ കണക്കുകള്‍ എങ്ങനെയൊക്കെയാണെന്നോ ആരുമധികം അന്വേഷിക്കാറില്ല. വീട്ടില്‍ പട്ടിണിയാണെങ്കിലും നാട്ടുകാര്‍ മുണ്ടു മുറുക്കിയെടുത്ത്‌ പള്ളികള്‍ക്ക്‌ സംഭാവന നല്‍കാറുമുണ്ട്‌(വരിസംഖ്യക്കു പുറമെ). കേരളത്തിലെ ഓരോ പളളിക്കും ലക്ഷക്കണക്കിന്‌ രൂപയുടെ ആസ്‌തിയാണുള്ളത്‌. റബ്ബര്‍ തോട്ടങ്ങളും ഷോപ്പിംഗ്‌ കോംപ്ലക്‌സുകളും അക്കൂട്ടത്തില്‍പെടും. എന്നാല്‍ മാരകരോഗം, മാറാവ്യാധി തുടങ്ങി ജനങ്ങളുടെ അടിയന്തരമായ ആവശ്യങ്ങള്‍ക്ക്‌ നാട്ടില്‍ പണം തികയാറുമില്ല. അങ്ങനെ സംഭവിച്ചവന്‍ ഒന്നുകില്‍ കൈനീട്ടണം. അല്ലെങ്കില്‍ പള്ളിപ്പടിയില്‍ മുണ്ട്‌ വിരിക്കണം.
പള്ളികള്‍ മുസ്‌്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നാണ്‌ പൊതുവെ പറയപ്പെടുന്നത്‌. പള്ളികളെക്കുറിച്ച്‌ വിശ്വ കാഥികന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ ഒരു കാര്യമാണ്‌ ഓര്‍മ്മ വരുന്നത്‌. ഒരാള്‍ അദ്ദേഹത്തോട്‌ അടുത്തു വല്ല പള്ളിയുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞു." നേരെ പോയാല്‍ നല്ല സൊയമ്പന്‍ മൂത്രത്തിന്റെ മണമടിക്കും. അവിടെത്തന്നെ." അദ്ദേഹം പറഞ്ഞതില്‍ നിന്ന്‌ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനമായും മനസ്സിലാക്കാവുന്നതാണ്‌. സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന പള്ളിയെ സമുദായം മൂത്രപ്പുരയാക്കി എന്നതാണ്‌ ഒന്ന്‌. ഇന്ന്‌ ജനങ്ങള്‍ക്ക്‌ പള്ളികളെക്കൊണ്ട്‌ എന്തെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ അതു മൂത്രമൊഴിക്കാനുളള സൗകര്യമാണ്‌. ഇത്രയും സ്വസ്ഥമായും പണം മുടക്കാതെയും ലഭിക്കുന്ന സൗകര്യത്തിന്‌ അല്ലാഹുവിന്‌ സ്‌തുതി!.. നേരത്തെ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി വിഭാഗം പുറത്തിറക്കുന്ന മാസികയില്‍ ഈയൊരു ചര്‍ച്ച പൊടിപൊടിച്ചിരുന്നു. ഈ മാറാലപ്പുരകള്‍ ആരു തകര്‍ക്കും എന്നായിരുന്നു അതിന്റെ കവര്‍ സ്റ്റോറി എന്നാണ്‌ ഓര്‍മ്മ. എന്തായാലും വളരെ ഭംഗിയായി കേരളത്തിലെ പള്ളികള്‍ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അതില്‍ വിവരിച്ചിരുന്നു. എന്തു കൊണ്ടോ പയ്യന്മാര്‍ തയ്യാറാക്കിയ കണക്കു പുസ്‌തകമായതിനാല്‍ മതനേതാക്കള്‍ അത്‌ ശ്രദ്ധിക്കുകയോ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുകയോ ഉണ്ടായില്ല.
ആര്‍ക്കും പള്ളിയില്‍ വരാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍തന്നെ വേണ്ടത്ര ഗൗരവത്തില്‍ ഇക്കാര്യങ്ങള്‍ ഉണര്‍ത്തിക്കാനാവുന്നില്ലെന്നുമാണ്‌ ഇമാമുമാര്‍ പറയുന്ന ന്യായം. ശുദ്ധ അസംബന്ധമാണത്‌. പണ്ടൊക്കെ ദര്‍സ്‌ മുഖേനയും പാതിരാപ്രസംഗങ്ങളിലൂടെയും നാട്ടുകാര്‍ക്ക്‌ നല്ല വിവരം കിട്ടിയിരുന്നു. പള്ളിയില്‍ അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ വിധിതീര്‍പ്പുകളുമുണ്ടായിരുന്നു. ഇന്ന്‌ പള്ളിയിലെ മുസ്‌്‌ല്യാരുടെ അടുത്തേക്ക്‌ പ്രശ്‌നപരിഹാരത്തിനു ചെല്ലുന്നവര്‍ തുലോം വിരളമാണ്‌. കാരണമെന്താണെന്ന്‌ അവര്‍ തന്നെ ചിന്തിക്കുന്നത്‌ നന്നായിരിക്കും.
കേവലം അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ നിന്ന്‌ ഈ മാറാലപ്പുരകള്‍ തകര്‍ക്കാന്‍, താന്‍പോരിമയുടെ അഹന്ത കൊണ്ട്‌ അര്‍ഹരല്ലാത്തവരുടെ ആസനത്തിനടിയില്‍ കിടക്കുന്ന പരിശുദ്ധിയെ വീണ്ടെടുക്കാന്‍ പണ്ഡിത പക്ഷത്തു നിന്നാണ്‌ കൂടുതല്‍ ശ്രമങ്ങളുണ്ടാവേണ്ടത്‌. (സഹികെട്ട ദുരവസ്ഥയില്‍ നിന്ന്‌ ഇനി നമുക്ക്‌ അമ്പലങ്ങള്‍ക്ക്‌ തീ കൊളുത്താമെന്നു പറഞ്ഞത്‌ വി.ടി ഭട്ടതിരിപ്പാടാണ്‌).
ഇനി നമുക്ക്‌ നാട്ടുകാര്‍ക്ക്‌ വേണ്ടാത്ത പള്ളികളുടെ അടിക്കല്ലിളക്കാം....
പള്ളികള്‍ സാധാരണക്കാരില്‍ നിന്ന്‌ എത്ര അകലം പാലിക്കാമോ അത്രയും അകലം സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു എന്നതാണ്‌ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ദുര്യോഗം. ആരുടെ വരുതിയിലാണ്‌ അല്ലാഹുവിന്റെ ഭവനങ്ങള്‍ നിലകൊള്ളുന്നത്‌ എന്നതിനെപ്പറ്റി ഒരു സാമാന്യനിരീക്ഷണം ഓരോരുത്തരും നടത്തുന്നത്‌ നല്ലതാണ്‌. ആ നിരീക്ഷണം എത്തിച്ചേരുന്ന സംജ്ഞ എന്താണെങ്കിലും ഇനിപ്പറയുന്ന കാര്യത്തിന്റെ (കഥയല്ല; ഈ ഭൂലോകത്ത്‌ നടന്ന സംഭവം) അടുത്തേക്കെങ്കിലും വിവരമുള്ളവരും പരിസരവ്യാകുലതയുള്ളവരും എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണ്‌.
സംഭവം നടന്നത്‌ ഒട്ടൊന്നും അകലെയല്ല. മലപ്പുറം ജില്ലയില്‍ വിവരം എമ്പാടുമുള്ള മുസ്‌്‌ലിംകള്‍ തിങ്ങിനിറഞ്ഞ്‌ പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌. പലചരക്ക്‌ കച്ചവടവും അത്യാവശ്യം പൊളിയുന്ന മറ്റു പല 'വിസിനസ്സു'കളുമായി കഴിഞ്ഞുകൂടിയിരുന്ന കഥാ നായകന്‍ ഒരു സുപ്രഭാതത്തില്‍ ഗല്‍ഫിലേക്ക്‌ പറക്കുകയാണ്‌. പച്ചപിടിക്കാത്ത തന്റെ സാമ്രാജ്യം പച്ചപിടിപ്പിക്കാനുറച്ചായിരുന്നു ആ പറക്കം. കൃത്യം 2 മാസത്തിനുള്ളില്‍ ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയ ഉടനെ ജീപ്പും കാറും കൂറ്റന്‍ ബംഗ്ലാവും പമികഴിപ്പിച്ചു. മൂന്നു കാറുകള്‍, കൊട്ടാരസദൃശമായ വീട്‌, റബ്ബര്‍ തോട്ടം എന്നിങ്ങനെ ആള്‍ അക്ഷരാര്‍ത്ഥത്തില്‍ കോടീശ്വരനായി. പള്ളിയിലേക്ക്‌ ഇയാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത വാതിലിന്‌ ലക്ഷക്കണക്കിന്‌ ഉറുപ്പിക വിലയുണ്ടായിരുന്നു. അപ്പോഴും ആ നാട്ടില്‍ ദുരിതക്കാരുണ്ടായിരുന്നു. നാശം പിടിച്ച പട്ടിണി വര്‍ഗ്ഗം. അതിലൊരാള്‍ മകളുടെ കല്യാണ ആവശ്യത്തിന്‌ ഒരിക്കല്‍ ഇയാളുടെ അടുത്ത്‌ പിരിവിനു പോയി. അപ്പോള്‍ നമ്മുടെ കഥാപുരുഷന്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. എന്തെന്നാല്‍ ഹേയ്‌.... ഒന്നുകില്‍ നിങ്ങള്‍ക്ക്‌ പണം വേണം. അല്ലെങ്കില്‍ മകള്‍ക്ക്‌ സൗന്ദര്യം വേണം. ഇതു രണ്ടുമില്ലാത്തവന്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണരുത്‌..
ഇങ്ങനെ അരുളിച്ചെയ്‌ത ഈ മഹാന്‍ സ്വന്തം മകളുടെ കല്യാണം സന്തോഷ്‌ മാധവന്‍ നടത്തിയ വിവാഹത്തേക്കാള്‍ പൊടിപൊടിച്ചു. കോഴി, കാട, ബീഫ്‌, കഷ്‌ണം മീന്‍ തുടങ്ങി വിഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. നാട്ടുകാരെന്ന എമ്പോക്കികള്‍ ബഹുസ്സായി അകത്താക്കിയിട്ട്‌ ഇതിയാന്റെ പോരിശയും പറഞ്ഞ്‌ ചായപ്പീടികയില്‍ കുത്തിയിരുന്നു. കഥാനായകന്‍ ഇടക്കിടെ ഗള്‍ഫില്‍ പോയി കീശ നിറയെ പണവുമായി മടങ്ങി.
ഇക്കഥയില്‍ പള്ളിക്കെന്തു കാര്യം എന്നതാണു വിഷയം. കഥാപുരുഷന്‍ ഒരു പുലര്‍ച്ചെ പണക്കാരനായതിനു ശേഷം പള്ളിക്കമ്മിറ്റിക്ക്‌ സംഭാവനകള്‍ ഒഴുക്കി. നാട്ടില്‍ അത്യാവശ്യം സ്വീകാര്യത ലഭിക്കണമെങ്കില്‍ പള്ളിക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കണമെന്ന സാമാന്യതത്വം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗള്‍ഫില്‍ ഇയാള്‍ക്ക്‌ കള്ളക്കടത്താണു പണിയെന്ന്‌ പള്ളിക്കമ്മിറ്റിക്കാര്‍ക്കടക്കം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരസ്യമായ പരസ്യമാണ്‌. (രഹസ്യമല്ല). നിഴല്‍ക്കടത്ത്‌ എന്ന പുതിയ ഭാഷയാണ്‌ ഇതിന്‌ നാട്ടുകാര്‍ ഉപയോഗിച്ചത്‌. എന്തെല്ലാമോ നിഗൂഢതകള്‍ ഇയാളെ ചുറ്റിപ്പറ്റി ഉണ്ടെന്ന്‌ നാട്ടുകാര്‍ക്കറിയാമായിരുന്നു. പറഞ്ഞു പറഞ്ഞിരിക്കെ സംഭവിക്കേണ്ടത്‌ സംഭവിച്ചു. കഥാപുരുഷന്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ടായി.
സംഭവങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഇയാള്‍ പിന്നെയും ഗള്‍ഫില്‍ പോയി. അവിടെ വെച്ച്‌ പലനാള്‍ കള്ളന്‍ അതിമനോഹരമായി പിടിക്കപ്പെട്ടു. ജയിലിലായി. പിന്നെയുള്ള കഥയാണ്‌ രസം. എന്റെ റബ്ബേ... ചിരിച്ച്‌ ചിരിച്ച്‌ .... സംഗതി മറ്റൊന്നുമല്ല. രാജ്യദ്രോഹിയും കൊടും ക്രിമിനലുമായ ഇയാള്‍ക്കു വേണ്ടി പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. ഇയാളെ വേഗം വിട്ടുകിട്ടണേ നാഥാ എന്ന്‌ കരഞ്ഞു പറഞ്ഞു. (എന്നാലല്ലേ പള്ളിക്ക്‌ പിന്നെയും പണം കിട്ടൂ. ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കാനാവൂ.)
ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു വള്ളിപുള്ളി നുണയില്ല. ഇനിയും നൂറുനൂറു നാറിയ കഥകള്‍ ബാക്കിയുണ്ട്‌. ഇളിഭ്യച്ചിരിയുമായി ഹദീസും ആയത്തും കക്ഷത്ത്‌ വെച്ച്‌ ഉറങ്ങിയുണരുകയും സമുദായത്തിന്റെ ചോറ്‌ തിന്ന്‌ തടിച്ചു കൊഴുക്കുകയും ചെയ്‌തവര്‍ക്ക്‌ ബാധ്യതയുണ്ട്‌. എല്ലാമറിഞ്ഞിട്ടും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്ന ഉളുപ്പില്ലാത്ത നാട്ടുകാര്‍ക്കും ബാധ്യതയുണ്ട്‌. എന്തു കൊണ്ട്‌ മമ്മൂട്ടിയുടെ സിനിമ ഹറാമും പള്ളിക്ക്‌ സംഭാവന കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ പണം ഹലാലുമാകുന്നു എന്നു ചിന്തിക്കാന്‍ ഇനിയും നേരമുണ്ട്‌. ഇതിലും സത്യസന്ധമായി പറയാന്‍ എനിക്ക്‌ മനസ്സില്ല. ഇത്തിരി കാലം കൂടി ജീവിക്കണമെന്ന്‌ കൊതിയുണ്ടളിയോ...

വാലില്‍ കടി: സ്‌നേഹ സഹോദരന്മാരേ, ഇതൊരു കാടടച്ചുള്ള വെടിയല്ല. കൊള്ളേണ്ടവര്‍ക്കു മാത്രം കൊള്ളാനുള്ളതാണ്‌. മേത്ത്‌ തട്ടാതിരിക്കണമെന്നുള്ളവര്‍ മാറി നില്‍ക്കുക. നന്മകളുടെ വീണ്ടെടുപ്പിന്‌ പ്രതിജ്ഞാബദ്ധമാവുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

Tuesday, June 24, 2008

മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി

കുണ്ടനിടവഴികള്‍ താണ്ടി ഞങ്ങള്‍ ആ ചെറിയ ഗ്രാമത്തിലെ സീതിക്കോയ ഹാജിയാരുടെ വീട്ടിലെത്തുമ്പോള്‍ നേരം നാലുമണിയായിരുന്നു. നിറയെ ഓറഞ്ച്‌ നിറം വാരിപ്പൂശിയ വലിയ ബംഗ്ലാവിലേക്ക്‌ പോക്കുവെയിലിന്റെ ഓറഞ്ച്‌ കൂടി കലര്‍ന്നപ്പോള്‍ നല്ല ഭംഗി തോന്നി. ഈ ഗ്രാമത്തില്‍ ഒന്നാം നമ്പര്‍ എന്ന്‌ അടയാളപ്പെടുത്താന്‍ ഇതല്ലാതെ വേറെ വീടില്ല. സമീപത്തുള്ളതെല്ലാം ഹാജിയാരുടെ ആശ്രിതന്മാരും അല്ലാത്തവരുമായ ദരിദ്രക്കുഷ്‌മാണ്ടന്മാരാണ്‌. പിരിവിനു ചെന്നാല്‍ ചില ജാതി പെരക്കാര്‌ കതക്‌ കൊട്ടിയടക്കും. അവരുടെ വീടുകളുടെ ഓടുകള്‍ വെയിലേറ്റ്‌ കോടിയിരുന്നു. കണ്ണുകളില്‍ പട്ടിണിപ്പശ ഒട്ടിപ്പിടിച്ചിരുന്നു.
പരിചാരകനാണ്‌ വാതില്‍ തുറന്നത്‌. ഉദ്ദേശം 50,000 രൂപയെങ്കില്‍ ആവാതിലിനു മുടക്കിയിട്ടുണ്ടാവുമെന്ന്‌ കൂടെയുള്ളയാള്‍ എന്റെ കാതില്‍ പിരുപിറുത്തു. നേരത്തെ വിളിച്ചു പറഞ്ഞതു പ്രകാരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ പിരിവിനാണ്‌ ഞങ്ങള്‍ ഹാജിയാരുടെ വീട്ടിലെത്തുന്നത്‌. പിരിവുകാരാണെങ്കിലും ശുജായികളായ മുന്തിയ അതിഥികള്‍ എത്തിയ പോലെയാണ്‌ ഹാജിയാര്‍ ഞങ്ങളോട്‌ പെരുമാറിയത്‌. എന്തു തങ്കപ്പെട്ട മനുഷ്യന്‍ എന്ന്‌ മന്ത്രിക്കാന്‍ തോന്നുന്ന മനസ്സുമായി ഞങ്ങളിരിക്കെ ഡൈനിംഗ്‌ ടേബിളില്‍ സുപ്ര വിരിച്ചു. പത്തിരി, കോഴിക്കറി തുടങ്ങിയ വിഭവങ്ങള്‍ നിരന്നു. ഞങ്ങള്‍ അത്യാവശ്യം കഴിക്കാന്‍ തന്നെ ഒരുങ്ങിയിരുന്നു.
കൂട്ടത്തിലൊരാള്‍ക്ക്‌ ഒരു പ്ലേറ്റിന്റെ കുറവുണ്ടെന്നറിഞ്ഞതും ഹാജിയാര്‍ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ.. "
മൂന്നു വട്ടം ഹജ്ജിനു പോയിട്ടുള്ള ആ മഹാനവറുകളെ അത്ഭുതാദരങ്ങളോടെ നോക്കിയിരിക്കുമ്പോള്‍ എന്റെ കൂടെയുള്ള ചെറുപ്പക്കാരന്‍ സംശയം ചോദിച്ചു.
" ബസിയോ.. അതെന്താ...?"
" അതേന്നേയ്‌. പിഞ്ഞാണം പിഞ്ഞാണം.." വെറ്റിലക്കറ പിടിച്ച പല്ലുകള്‍ പുറത്തേക്കിട്ട്‌ ഇങ്ങനെയൊരു പോയത്തക്കാരന്‍ എന്നോര്‍ത്ത്‌ ഹാജിയാര്‍ ഉറക്കെ ചിരിച്ചു.
ചെറുപ്പക്കാരന്‌ സംഗതി പിടികിട്ടി. ഹാജിയാരും ഞങ്ങളോടൊപ്പം തിന്നു.
നല്ലൊരു തുക സംഭാവനയായി കിട്ടിയ അന്ന്‌ പിരിവു നിര്‍ത്തി ഞങ്ങള്‍ വീടുകളിലേക്ക്‌ മടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്ന്‌ ആ വാചകം മാഞ്ഞില്ല. `എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ..'


ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌.. ലബ്ബൈക്ക്‌ ലാ ശരീക്കലക്ക ലബ്ബൈക്ക്‌ എന്ന പ്രത്യുത്തര മന്ത്രവുമോതി ഹജ്ജിനു പോകാനൊരുങ്ങുകയാണ്‌ ലോകമെങ്ങുമുള്ള മുസ്‌്‌ലിംകള്‍. ഇസ്‌്‌ലാമിന്റെ നിര്‍ബന്ധിത പഞ്ചകര്‍മ്മങ്ങളില്‍ സമ്പത്തുള്ളവര്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കേണ്ട വിശുദ്ധ കര്‍മ്മമാണ്‌ ഹജ്ജ്‌. ആഗോള മനുഷ്യ സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമെന്ന്‌ ഉദ്‌ഘോഷിക്കപ്പെടുന്ന ഹജ്ജിന്‌ പോകാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്ന്‌ മുസ്‌്‌ലിംകള്‍ വിശ്വസിക്കുന്നു.
പണ്ടു കാലത്ത്‌ വേണ്ടപ്പെട്ടവരോടെല്ലാം പറഞ്ഞ്‌ മരിക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു ഹജ്ജിനു പോയിരുന്നത്‌. കാടും മരുഭൂമികളും താണ്ടി ഒട്ടനേകം ദുരിതങ്ങള്‍ സഹിച്ച്‌ ഹജ്ജ്‌ ചെയ്‌തു വന്നവരുടെ സാഹസിക കഥകള്‍ നമ്മള്‍ ഏറെ കേട്ടതാണ്‌. കുടിക്കാനിത്തിരി വെള്ളമില്ലാതെ, കിടിക്കാനൊരിടമില്ലാതെ ഒന്നും രണ്ടും വര്‍ഷം വഴിദൂരം താണ്ടി അവര്‍ വിശുദ്ധ കര്‍മ്മം നിര്‍വ്വഹിച്ചു. പോകുന്ന വഴിയില്‍ തന്നെ ജിവനൊടുങ്ങിയവരുമുണ്ട്‌. പിന്നെ ചിലര്‍ കപ്പലുകളില്‍ കയറി കടല്‍ക്ഷോഭവും മറ്റും സഹിച്ച്‌ എത്തിയാലെത്തി ഇല്ലെങ്കില്‍ ദൈവമാര്‍ഗ്ഗത്തില്‍ മരണം എന്ന നിയ്യത്തോടെ ഹജ്ജിനു പോയി. പഴയ കാരണവന്മാര്‍ ഏറെ പറഞ്ഞതാണ്‌ ആ ദുരിത കഥകള്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമായ വസ്‌തുത എന്തെന്നാല്‍ കച്ചവടകാലത്ത്‌ ഹജ്ജും അങ്ങനെയായിരിക്കുന്നു എന്നതാണ്‌. ചിലര്‍ ടൂറു പോകുന്നതു പോലെയൊരു എന്‍ജോയ്‌മെന്റിനാണ്‌ ഇപ്പോള്‍ ഹജ്ജിനു പോകുന്നത്‌. മറ്റു ചിലര്‍ സര്‍ക്കാരിനെ പറ്റിച്ചും അല്ലാതെയും രണ്ടും മൂന്നും തവണ അവധിക്കാലം ചെലവഴിക്കാനെന്ന പോലെ ഹജ്ജ്‌ ചെയ്യുന്നു.
പൊങ്ങച്ചസഞ്ചി പിരടിയില്‍ തൂക്കി നടക്കുന്നവരും അവരെ പിന്താങ്ങുന്ന മതനേതാക്കളും ഇക്കാര്യത്തില്‍ അപകടകരമായ മൗനം തുടരുന്നത്‌ ദുരൂഹമാണ്‌. പണ്ടൊക്കെ ഹജ്ജിനു പോകാനായി എടങ്ങേറായി സ്വരുക്കൂട്ടിവെച്ച പണം അയല്‍പക്കത്തെ പട്ടിണിക്കാര്‍ക്കു നല്‍കിയ ഒരു സാത്വികന്റെ കഥ പറയാറുണ്ടായിരുന്നു പള്ളിയിലെ ഉസ്‌താദ്‌. അയല്‍വാസിയായ സ്‌ത്രീയും കുട്ടികളും പന്നിയിറച്ചി കഴിക്കുന്നതു വരെയെത്തിയ പട്ടിണിയില്‍ കഴിയുമ്പോള്‍ തനിക്ക്‌ ഹജ്ജ്‌ ചെയ്യേണ്ടെന്നു പറഞ്ഞ ആ മഹാനായ മനുഷ്യന്‍ വളരെയധികം അധ്വാനിച്ചുണ്ടാക്കിയ പൈസ അവര്‍ക്കു കൊടുത്തതായൂം അതുമൂലം അദ്ദേഹത്തിന്‌ ഹജ്ജ്‌ ചെയ്‌തതിന്റെ പ്രതിഫലം ലഭിച്ചതായും ചരിത്രത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കഥ അധികം കേള്‍ക്കാറില്ല. എന്തെന്നാല്‍ ഇക്കഥ പറഞ്ഞ്‌ രാജ്യത്തെ പട്ടിണി മാറ്റാന്‍ മുതിര്‍ന്നവര്‍ തന്നെയാണ്‌ ഇപ്പോള്‍ പണം വാരിക്കൂട്ടുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകളെ തലപ്പത്തിരിക്കുന്നവരും അക്കണക്കില്‍ അമീറുമാരായി പോയി ഹജ്ജ്‌ ചെയ്യുന്നതും. അയല്‍പക്കത്തെ പട്ടിണിക്കാരനെ മറന്ന്‌ നാലും അഞ്ചും തവണ ഹജ്ജിനു പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ മതം അറിയാത്ത ചിലരുടെ വിചാരം. മതം അറിയുന്നവര്‍ സത്യമെന്താണെന്ന്‌ പറയാന്‍ മെനക്കെടുന്നുമില്ല. അയല്‍ക്കാരന്‍ കടവും കള്ളിയുമായി ജീവിതദുരിതങ്ങളില്‍പെട്ട്‌ ആത്മഹത്യയുടെ വക്കത്ത്‌ നില്‍ക്കുമ്പോഴും അയല്‍പക്കത്ത്‌ നാലും അഞ്ചും പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം കെട്ടാച്ചരക്കുകളായി ഇരിക്കുമ്പോള്‍ ഹജ്ജിനു പോകുന്നവന്റെ അനുഷ്‌ഠാനത്തിന്‌ അല്ലാഹു എങ്ങനെയാണ്‌ പ്രതിഫലം നല്‍കുക...?ഒരു പ്രദേശത്തിന്റെ സാമ്പത്തിക സുരക്ഷയെതന്നെ തകിടം മറിക്കുന്ന തരത്തിലേക്ക്‌ ഇപ്പോള്‍ ഹജ്ജ്‌ ഭ്രമം മാറിയിരിക്കുകയാണ്‌. ഏറെ പണം മുടക്കി ചെയ്യുന്ന കര്‍മ്മം എന്ന നിലയില്‍ ഏറെ പ്രതിഫലം പ്രതീക്ഷിക്കുന്ന (അല്ലാഹുവിനോടും ലാഭക്കച്ചവടം) പ്രമാണിമാര്‍ ഒരിക്കലെങ്കിലും നിലത്തേക്കിറങ്ങി ചിന്തിച്ചിട്ടുണ്ടോ താന്‍ ചെയ്യുന്നത്‌ ശരിയാണെന്ന്‌...? ഹജ്ജ്‌ ക്ലാസ്സെടുപ്പ്‌ ആഘോഷമാക്കി മാറ്റാറുള്ളവര്‍ എപ്പോഴെങ്കിലും നിങ്ങള്‍ മക്കയും മദീനയും മനസ്സില്‍ വെച്ച്‌ അയലോക്കത്തേക്കൊന്നു നോക്കൂ എന്ന്‌ പറഞ്ഞിട്ടുണ്ടോ...?
കേരളത്തില്‍ നിന്ന്‌ 29054 പേരാണ്‌ ഇത്തവണ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയത്‌. 5918 ആണ്‌ കേരളത്തിന്റെ ഹജ്ജ്‌ ക്വാട്ട. 1290 അധികം സീറ്റുകള്‍ നല്‍കിയിട്ടും കേരളത്തില്‍ അപേക്ഷ നല്‍കിയ 75 ശതമാനം ആളുകള്‍ക്കും ഇത്തവണ ഹജ്ജിനു പോകാന്‍ കഴിയില്ല. 7208 പേര്‍ക്ക്‌ പോകാന്‍ അനുമതി ലഭിച്ചു. കണക്കു പ്രകാരം 21846 പേര്‍ക്ക്‌ ഇത്തവണ ഹജ്ജ്‌ ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന്‌ മൊത്തം 270962 അപേക്ഷകളാണ്‌ ഇത്തവണ ലഭിച്ചത്‌. ഇന്ത്യയില്‍ നിന്ന്‌ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ഹജ്ജ്‌ സര്‍വ്വീസ്‌ വഴിയും 1,60491 പേര്‍ ഇക്കുറി ഹജ്ജ്‌ ചെയ്യും. 270962 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ്‌ ഇത്രയും പേരെ തെരഞ്ഞെടുത്തത്‌.
ചിലര്‍ രണ്ടും മൂന്നും തവണ ഹജ്ജിനു പോകാന്‍ പെടുന്ന പാടുകള്‍ സങ്കടപ്പെടുത്തുന്നതാണെന്ന്‌ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി. സര്‍ക്കാര്‍ കണക്ക്‌ പ്രകാരം ഒരാള്‍ക്ക്‌ അഞ്ചു വര്‍ഷത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യാന്‍ അവസരമുള്ളൂ. എന്നാല്‍ കഴിഞ്ഞ തവണ ഹജ്ജ്‌ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ല എന്ന്‌ ഉളുപ്പില്ലാതെ പച്ച നുണ എഴുതി ഹജ്ജിനു പോകാന്‍ സീറ്റു തരപ്പെടുത്തുന്നവര്‍ ധാരാളമാണ്‌. കള്ളത്തരം കാണിക്കുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പ്‌ നടത്തിപ്പുകാരുടെ ലീലാവിലാസങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളാത്തതാണ്‌. മതം പഠിപ്പിക്കാന്‍ വേഷം കെട്ടിയിറങ്ങിയവരാണ്‌ ഇത്തരം കളളത്തരങ്ങള്‍ കാണിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ എന്നത്‌ വേദനാജനകം. സ്വകാര്യഹജ്ജ്‌ ഗ്രൂപ്പുകള്‍ പലതും വരുന്ന അഞ്ചു കൊല്ലത്തേക്ക്‌ ബുക്കിംഗ്‌ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുമ്പ്‌ എഴുപതിനായിരം രൂപ ചെലവുണ്ടായിരുന്ന ഹജ്ജ്‌ യാത്രക്ക്‌ ഇപ്പോള്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം വരെ സ്വാകാര്യ ഗ്രൂപ്പുകള്‍ പണം വാ(രു)ങ്ങുന്നുണ്ട്‌. അതു കൊടുക്കാനും ശുജായികള്‍ എമ്പാടുമുണ്ട്‌.
കാലം കണക്കു ചോദിക്കുന്ന ദിവസത്തെപ്പറ്റി ബേജാറോടെ ചിന്തിച്ച്‌ ജീവിക്കുന്ന സമുദായത്തിന്റെ അകത്തു നിന്ന്‌ ഇത്തരം അപകടങ്ങളെപ്പറ്റി പറയാന്‍ ഹജ്ജ്‌ ഗ്രൂപ്പുകാരെ ഭയമില്ലാത്ത ആണുങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നു.