Wednesday, June 16, 2010

മഅ്‌ദനി: ഒരു ദുരന്തനാടകത്തിന്റെ അന്ത്യം

മഅ്‌ദനിയുടെ കഥയില്‍ ദുരന്തങ്ങള്‍ മാത്രമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ദുരന്തങ്ങളില്‍നിന്ന്‌ പ്രചോദിതനായി ദുരന്തങ്ങളിലേക്ക്‌ ആളെകൂട്ടി ദുരന്തങ്ങളിലൂടെ നടന്ന്‌ ദുരന്തത്തില്‍ അവസാനിക്കുക എന്നതായിരുന്നു ഈ ചാക്രികചലനത്തിന്റെ ശീലം. വാളെടുത്തവന്‍ വാളാല്‍ എന്ന നാട്ടുഭാഷയില്‍ ഈ രീതിയെ എഴുതിവെക്കുന്നതിനുമുമ്പേ മനുഷ്യരായി ജനിച്ചവരെല്ലാം മനസ്സിരുത്തി ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.
യഥാര്‍ത്ഥത്തില്‍ ആ വരവ്‌ ഫാഷിസ്റ്റ്‌ ഭീകരതക്കെതിരായ മുന്നേറ്റമെന്ന പ്രതീതിയിലായിരുന്നു. എന്നാല്‍ മഅ്‌ദനിയും കൂട്ടരും സന്നാഹസേനയെ ഉല്‍പാദിപ്പിക്കുന്നതിനും എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പേ അങ്ങനെയൊരു മുന്നേറ്റനിര കേരളത്തില്‍ ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ ആ സാധുക്കള്‍ക്ക്‌ സാധിക്കാതെ പോയി. അതൊരിക്കലും ഭീതിയുടെ മുഖങ്ങളെ പേറിയല്ല പ്രവര്‍ത്തിച്ചിരുന്നത്‌ എന്നതായിരുന്നു വ്യത്യാസം. സമുദായത്തോടൊപ്പം സമൂഹവും രാഷ്ട്രവും എന്ന വികാരം അവര്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും കേരളത്തിലെ വ്യവസ്ഥാപിത മുസ്‌്‌ലിം സംഘടനകളെല്ലാം ഈ മാര്‍ഗ്ഗത്തില്‍ ഒരു നിശബ്ദ വിപ്ലവംതന്നെ നടത്തി. കാരുണ്യത്തിലും സമാധാനത്തിലും ഊന്നിയായിരുന്നു അവരുടെ ശീലങ്ങള്‍. അതിനുവേണ്ടിയാരുന്നു അവരുടെ പ്രബോധനങ്ങള്‍. പ്രകോപനങ്ങള്‍ എന്തുണ്ടായാലും ആ വഴിയില്‍നിന്ന്‌ ഒരിഞ്ച്‌ മാറേണ്ടതില്ലെന്ന പക്വമായ തീരുമാനമാണ്‌ അവര്‍ കൈക്കൊണ്ടത്‌. സ്‌നേഹത്തിന്റെ വശ്യസൗന്ദര്യമുള്ള ഇത്തരം മുഖങ്ങളും നിലപാടുകളുമാണ്‌ 1920കളില്‍തന്നെ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ആര്‍.എസ്‌.എസ്‌ അടക്കമുള്ള ഫാഷിസ്റ്റ്‌ ചിന്താധാരകളെ പ്രതിരോധിച്ചത്‌. ആ പ്രതിരോധം ജയിച്ചതിന്റെ നിലങ്ങളിലാണ്‌ കേരളം നവോത്ഥാനവിചാരങ്ങള്‍ക്ക്‌ അടിക്കല്ലു പാകിയത്‌.
എന്നാല്‍, കേരളത്തിന്റെ സാമൂഹ്യരീതിക്ക്‌ അപരിചിതമായ ഭീകരതക്കെതിരെ ഭീകരത എന്ന മുദ്രാവാക്യവുമായാണ്‌ മഅ്‌ദനി രംഗപ്രവേശം ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ അബദ്ധവിചാരങ്ങള്‍ക്ക്‌ വാനോളമുയരാനുള്ള അസ്വസ്ഥതയുടെ പുക അന്തരീക്ഷത്തില്‍ ധാരാളമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയാവസ്ഥകളില്‍ ഹിന്ദുത്വ തീവ്രവാദം അഴിഞ്ഞാടുന്നതായിരുന്നു അതില്‍ പ്രധാനം. ബാബ്‌്‌രി മസ്‌ജിദ്‌, മുംബൈ കലാപം, ബിഹാറിലെ ഭഗല്‍പൂര്‍ കലാപം തുടങ്ങിയ സംഭവങ്ങളെ ചേരുംപടി ചേര്‍ത്ത്‌ ഈ ഭീകരത കേരളത്തിലേക്ക്‌ പാഞ്ഞെത്താന്‍ അധികം താമസമില്ല എന്ന മട്ടിലായിരുന്നു പ്രചരണം. മഅ്‌ദനി ഈ സുവിശേഷക്കാരില്‍ മുഖ്യ പാസ്റ്ററായി. വ്യവസ്ഥകളെ പൊട്ടിച്ചെറിഞ്ഞ്‌ പുറത്തെടുക്കാന്‍ നിവൃത്തിയില്ലെന്നുകരുതിയ തീവ്രചിന്തകളില്‍ അഭിരമിച്ചവര്‍ക്ക്‌ അദ്ദേഹം ഇരയും ചാകരയുമായിരുന്നു. പണവും ബുദ്ധിയും ഇറക്കുമതി ചെയ്‌ത്‌ കാലങ്ങളായി കാത്തിരുന്നതിന്റെ അപ്രതീക്ഷിതഫലം. ആ ഇരയെ ചൂണ്ടയില്‍ കൊരുത്ത്‌ കേരളത്തിന്റെ മതനിരപേക്ഷബോധങ്ങളുടെ ആഴങ്ങളിലേക്ക്‌ വീശിയെറിയാന്‍ പിന്നെ താമസമുണ്ടായില്ല. വിവരം ലവലേശമില്ലാത്ത ചില പരലുകളും പൊടിമീനുകളും ആ ചൂണ്ടയില്‍ കൊത്തി. ആ പൊടിക്കുട്ടികളാണ്‌ ഏറ്റവുമൊടുവിലത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍വരെ മഅ്‌ദനിയെ എത്തിച്ചത്‌. വേട്ടയാടാനാണോ സ്വയം ഇരകളാവാനാണോ ഇവര്‍ ഇറങ്ങിത്തിരിച്ചത്‌ എന്ന്‌ ചോദിച്ചാല്‍ മഅ്‌ദനിക്കുപോലും മറുപടിയുണ്ടാവില്ല. സത്യത്തില്‍ ഇക്കൂട്ടര്‍ വേട്ടയാടിയത്‌ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ നെഞ്ചകങ്ങളെയായിരുന്നു. ഇവരുടെ ചെയ്‌ത്തുകളുടെ ഇരകളായതും ഇതേ ന്യൂനപക്ഷം തന്നെ. ആരാണ്‌ വേട്ടക്കാര്‍, ആരാണ്‌ ഇരകള്‍ എന്ന ഗവേഷണത്തിന്‌ ഉത്തരം ആഗ്രഹിക്കുന്നവര്‍ ഈ വഴിക്കുകൂടി അന്വേഷണത്തെ തിരിച്ചുവിടുന്നത്‌ നന്നായിരിക്കും.
ഐ.എസ്‌.എസ്‌ പിരിച്ചുവിട്ട്‌ പി.ഡി.പിയുമായി എത്തിയ മഅ്‌ദനി അഗ്നിശുദ്ധി വരുത്തിയെന്ന്‌ അന്നത്തെ സി.പി.എമ്മും ഇടതുപക്ഷവും ആണയിട്ടു. അഹിംസയുടെ പ്രവാചകനെന്ന്‌ ലോകം വാഴ്‌ത്തിയ ഗാന്ധിജിയോടുപോലും അദ്ദേഹത്തെ ഉപമിക്കാന്‍ ഇ.എം.എസ്‌ എന്ന അടവുകമ്യൂണിസത്തിന്റെ താത്വികാചാര്യന്‍ തയ്യാറായി. പത്രവും പ്രസിദ്ധീകരണങ്ങളുമായി മുസ്‌്‌ലിംലീഗിനെയും അതുവഴി മുസ്‌്‌ലിം വ്യവസ്ഥകളെയും പൊളിക്കുക എന്ന അജണ്ടയുമായി ജമാഅത്തെ ഇസ്‌്‌ലാമിയും കൂടെ കൂടി. ആ വിള്ളലിലേക്ക്‌ അള്ളിക്കയറുക എന്നതായിരുന്നു അവരുടെ ആഗ്രഹം. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിശ്വരൂപം പൂണ്ട മഅ്‌ദനിക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നത്‌ വാളയാര്‍ചുരം പിന്നിട്ട്‌ കോയമ്പത്തൂര്‍ ജയിലിലേക്ക്‌ പോകുമ്പോള്‍ മാത്രമാണ്‌. അപ്പോഴേക്കും ആ പേര്‌ ഭീതിയുടെയും ഭീകരതയുടെയും അടയാളമായി ചെറിയ കുട്ടികളുടെ മനസ്സില്‍പോലും പതിഞ്ഞുകഴിഞ്ഞിരുന്നു. മഅ്‌ദനിയെപ്പോലെതന്നെ സാധാരണജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ പറ്റാത്തവിധം നിരവധി ചെറുപ്പക്കാരും തീവ്രവാദഭൂമികയില്‍ അകപ്പെട്ടു. മഅ്‌ദനി പടര്‍ത്തിയെടുത്ത വേരുകള്‍ കാശ്‌മീരിലെ കുപ്‌വാരയിലേക്കുവരെ വളം തേടിപ്പോകുന്ന കാഴ്‌ചയും കേരളം കണ്ടു. പരമ്പരകള്‍ നെയ്‌തുണ്ടാക്കിയ മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മണ്ണിനെ ഉഴുതെടുക്കാനുള്ള കലപ്പയുമായി എത്തിയവര്‍ക്ക്‌ ഉരുക്കളെ നഷ്ടമാകുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ചെറിയൊരു പോറലേല്‍പ്പിക്കാനല്ലാതെ ഇളക്കിമറിക്കാനായില്ല. ഇതാണ്‌ കേരളത്തിന്റെ അത്യന്തികശീലമെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ തീവ്രവാദം പറഞ്ഞുനടന്നപലരും ജനാധിപത്യത്തിന്റെ മഹത്വത്തെ വാഴ്‌ത്തി പൊതുധാരയില്‍ അലിയാന്‍ വെമ്പുന്നത്‌. ന്യൂനപക്ഷശാക്തീകരണം, ജനപക്ഷ രാഷ്ട്രീയം എന്നെല്ലാം പേരുകള്‍ നല്‍കി പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉടലുവെക്കുന്നത്‌ ഈ പാഠങ്ങളില്‍നിന്നാണെന്നു കരുതാം.
വിധി വിപരീതമായാണ്‌ എപ്പോഴും മഅ്‌ദനിയെ തേടിയെത്തിയത്‌. മനസ്സറിഞ്ഞ്‌ പിന്തുണച്ച സി.പി.എം തന്നെ അദ്ദേഹത്തെ തിരിഞ്ഞുകൊത്തി. കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുടെ പേരില്‍ കൂട്ടിക്കൊണ്ടുപോകാനെത്തിയ തമിഴ്‌നാട്‌ പോലീസിന്‌ തെല്ലും സങ്കോചമില്ലാതെ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ മഅ്‌ദനിയെ പിടിച്ചുകൊടുത്തു. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഭരണനേട്ടങ്ങളിലൊന്നായി ഈ സംഭവത്തെ ചൂണ്ടിക്കാട്ടാനും മടിച്ചില്ല. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ അങ്ങേതല എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ സംഗതികളില്‍ മനംനൊന്താണ്‌ മറ്റൊരു വിപരീതം മഅ്‌ദനി ചെയ്‌തത്‌. യു.ഡി.എഫിന്‌ പിന്തുണ എന്നതായിരുന്നു അത്‌. അന്നേവരെ സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ദല്ലാളന്മാരായി വിശേഷിപ്പിച്ചവരെയെല്ലാം അദ്ദേഹത്തിന്‌ മാറ്റിപ്പറയേണ്ടിവന്നു. ഒമ്പതാണ്ടുകള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണതടവുകാരനായി മഅ്‌ദനിയുടെ ജീവിതം ഹോമിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും അതൊരു മനുഷ്യാവകാശപ്രശ്‌നമായി ഏറ്റെടുത്തു. തീവ്രവാദിയായ മഅ്‌ദനിയെയല്ല, മനുഷ്യനായ മഅ്‌ദനിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്ന ആവശ്യം ശക്തമായി. തന്റെ ചെയ്‌തികളുടെ ദുരന്തഫലം കാത്തിരുന്ന മഅ്‌ദനിപോലും ഒരുപക്ഷേ പ്രതീക്ഷിക്കാതിരുന്ന വിപരീതമായിരുന്നു അത്‌. പിന്നീട്‌ ജയില്‍മോചിതനായ മഅ്‌ദനിയെ കാത്ത്‌ ആളും ആശയും നല്‍കാന്‍ ശംഖുമുഖം കടപ്പുറത്ത്‌ മറ്റൊരു വൈപരീത്യം വെയിലുകൊണ്ട്‌ നിന്നിരുന്നു. തമിഴ്‌നാട്‌ പോലീസിന്‌ തന്നെ പിടിച്ചുകൊടുത്തത്‌ ഭരണനേട്ടമായി കൊട്ടിഘോഷിച്ച അതേ സി.പി.എമ്മിന്റെ മന്ത്രിമാര്‍. കരിമ്പൂച്ചകളുമായി മഅ്‌ദനി വന്ന കാലത്ത്‌ പറഞ്ഞ അതേ ന്യായം മുസ്‌്‌ലിം വോട്ടില്‍ കണ്ണുംനട്ട്‌ ഇവിടെയും സി.പി.എം ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനിയല്ല എന്നതായിരുന്നു അത്‌. കാലെടുത്തുവെക്കും മുമ്പേ അദ്ദേഹം അറിഞ്ഞു. നട്ടുപോയ കാഞ്ഞിരച്ചെടികള്‍ തഴച്ചുവളര്‍ന്നിരിക്കുന്നു. പതിനാറാം വയസ്സില്‍ മഅ്‌ദനിയുടെ പ്രസംഗം കേട്ട്‌ ഐ.എസ്‌.എസ്സില്‍ ചേര്‍ന്ന തടിയന്റവിട നസീര്‍ ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍നിന്ന്‌ പിടിയിലായതോടെ ആ ചിത്രം പൂര്‍ണമായി. ദിനേനയെന്നോണം നസീറിന്റെ തിരുമൊഴികള്‍ മഅ്‌ദനിക്കെതിരായ അമ്പുകളായി മാധ്യമങ്ങള്‍ തൊടുത്തുവിട്ടു. തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയരാകുമ്പോള്‍ മടുപ്പും ഉളുപ്പുമില്ലാതെ പ്രയോഗിക്കാനായി സി.പി.എം റെക്കോര്‍ഡ്‌ ചെയ്‌തുവെച്ച സാമ്രാജ്യത്വ, ഫാഷിസ്റ്റ്‌ ഗൂഢാലോചന എന്ന വാക്ക്‌ മഅ്‌ദനിയും ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനി തന്നെയെന്ന്‌ ലോക്‌സഭാതെരഞ്ഞെടുപ്പിലെ പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചു. പത്രസമ്മേളനം നടത്തുമ്പോള്‍ അരികില്‍ കാവിയും ചന്ദനക്കുറിയും രുദ്രാക്ഷമാലയുമുള്ള സന്യാസിയെ ഇരുത്തിയാല്‍ മതേതരനാവാമെന്നും അദ്ദേഹത്തെ ആരോ പറഞ്ഞുപറ്റിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സംഭവിച്ചിട്ടില്ലാത്ത ഗതികേട്‌. ഒന്നും ഏശിയില്ല. രക്ഷകനായി അവതരിച്ചയാള്‍ക്ക്‌ സ്വന്തം തടി മാത്രമല്ല, ഭാര്യ സൂഫിയയെപോലും രക്ഷിക്കാനായില്ല. തെരെഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടാണ്‌ ഈ ആരോപണങ്ങളെന്ന്‌ ബുദ്ധിയുള്ളവരും ഇല്ലാത്തവരുമായ ഇടതുജീവികള്‍ ഉരുവിട്ടു. ഓപ്പറേഷന്‍ മഅ്‌ദനിയെന്ന്‌ വിശേഷിപ്പിച്ച്‌ കൂലിയെഴുത്തുകാര്‍ വിലപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോഴും മാധ്യമങ്ങള്‍ തങ്ങള്‍ക്കുകിട്ടിയ വാര്‍ത്തകള്‍ അതേ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. അപ്പോള്‍പ്പിന്നെ സാമ്രാജ്യത്വമായി കാരണം. കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം ആഗ്രഹിക്കാത്തവരാണെന്ന്‌ മഅ്‌ദനി പലവട്ടം പറഞ്ഞിരുന്നു. ഉള്ളുനീറുന്ന വേദനയോടെയായിരുന്നു അദ്ദേഹം അതു പറഞ്ഞിരുന്നതെന്ന്‌ അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയാണെന്ന്‌ കോടതിയും പോലീസും സാക്ഷികളും പറഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. ജയില്‍മോചനത്തിന്‌ എല്ലാ സാധ്യതകളും തുറന്നിട്ട നേരത്താണ്‌ ഇതു സംഭവിച്ചതെന്നും അത്‌ കേസിനെ ബാധിച്ചെന്നും ചാനലുകളില്‍ മഅ്‌ദനി അറുത്തുമുറിച്ചുപറഞ്ഞു. എന്നാല്‍ ബസ്സ്‌ കത്തിച്ചത്‌ സൂഫിയയുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണെന്ന്‌ തെളിവുകള്‍ സഹിതം പൊതുസമൂഹത്തിന്‌ ബോധ്യപ്പെട്ടപ്പോള്‍ ഇതേ ബുദ്ധിജീവികള്‍ കണ്ണട നേരെയാക്കി പറഞ്ഞു: അത്‌ ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാടല്ലേ. അങ്ങനെ ചെയ്‌തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടില്ലേ. അതൊന്നും ഇത്ര പുകിലായില്ലല്ലോ... ഉദരനിമിത്തം ബഹുകൃതവേഷം!.
തീവ്രവാദിയായി പോയ മഅ്‌ദനിയെയല്ല മിതവാദിയായി മടങ്ങിയ മഅ്‌ദനിയെയാണ്‌ തങ്ങള്‍ പിന്തുണച്ചതെന്ന ഇടതുപക്ഷത്തിന്റെ ആര്‍പ്പുകള്‍ ജയില്‍മോചനത്തിനുശേഷം സംഭവിച്ച ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ അദ്ദേഹം പ്രതിചേര്‍ക്കപ്പെടുന്നതോടെ അവസാനിച്ചു. ആ പിന്തുണ നാലു വോട്ടിനുവേണ്ടി മാത്രമായിരുന്നു എന്ന്‌ പച്ചക്ക്‌ തെളിയിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ തമിഴ്‌നാട്‌ പോലീസിന്‌ മഅ്‌ദനിയെ വിട്ടുകൊടുത്ത അതേ സി.പി.എം തന്നെ കേസ്‌ നടക്കുന്നവേളയിലേ ബാംഗ്ലൂര്‍ പോലീസിന്‌ പിന്തുണ പ്രഖ്യാപിച്ചു. തനിയാവര്‍ത്തനത്തിന്റെ ചരിത്രം. നിങ്ങള്‍ വന്നോളൂ ഞങ്ങള്‍ പിടിച്ചുതരാം എന്ന മട്ടിലായിരുന്നു കോടിയേരിയുടെ സംസാരം.
തീവ്രവാദത്തിന്റെ പേമഴയത്ത്‌ കുരുത്തുവന്ന രാഷ്ട്രീയവിത്തുകളുടെയെല്ലാം ലക്ഷ്യം മുസ്‌്‌ലിംലീഗായിരുന്നു. ഒന്നുകില്‍ ഈ സംഘടിതരൂപത്തിലേക്ക്‌ നുഴുഞ്ഞുകയറുക; അല്ലെങ്കില്‍ പുറത്തുനിന്ന്‌ കുത്തുക എന്നതായിരുന്നു രീതി. എന്നാല്‍, മുസ്‌്‌ലിംലീഗ്‌ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും പോസിറ്റീവായാണ്‌ വിവക്ഷിച്ചത്‌. അനാവശ്യഭയങ്ങളെ ഊതിപ്പെരുപ്പിച്ച്‌ സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തുകയും അതുവഴി തീവ്രവാദത്തിലേക്കും രാഷ്ട്രവിരുദ്ധതയിലേക്കും യുവാക്കളെ ഉന്തിവിടുകയും ചെയ്യുക എന്നത്‌ ആ പാര്‍ട്ടിയുടെ രീതിയായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജനാധിപത്യത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും സഹകരിപ്പിക്കുക എന്ന നയമാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ട്‌ ഖാഇദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌്‌മാഈല്‍ സാഹിബ്‌ ചെയ്‌തത്‌. അതായിരുന്നു ഇന്ത്യയിലൊട്ടാകെയുള്ള മുസ്‌്‌ലിംകള്‍ സ്വീകരിക്കേണ്ടിയിരുന്ന വഴിയെന്ന്‌ പിന്നീട്‌ തെളിയുകയും ചെയ്‌തു.
വേരുകളാണ്‌ പറിച്ചുകളയേണ്ടതെന്ന്‌ ഈ ദുരന്തനാടകങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഉന്മാദവിചാരങ്ങളുടെ ആ വേരുകള്‍ പറ്റിക്കിടക്കുന്നത്‌ പോസ്‌റ്ററുകളിലോ പ്രസംഗങ്ങളിലോ അല്ല. ഒരിത്തിരി നനവു കാത്ത്‌ ഓരോരുത്തരുടെയും നെഞ്ചുകളില്‍ അതുണ്ട്‌. അതിനെ പിഴുതെടുത്ത്‌ ദൂരെ കളയാന്‍ അവനവന്‍ സന്നദ്ധമാകുന്നതുവരെ നമ്മുടെ പൈതൃകങ്ങളിലേക്ക്‌ ഈ വൈകൃതങ്ങള്‍ നുഴഞ്ഞുകയറിക്കൊണ്ടേ ഇരിക്കും.