Sunday, May 15, 2011

മുനീറും ഷാജിയും ജയിച്ചതെങ്ങനെ...?എം.കെ മുനീറും കെ.എം ഷാജിയും ജയിച്ചതെങ്ങനെയാണ്‌...? തീവ്രവാദികളുടെ വോട്ട്‌ വാങ്ങി തിരുവനന്തപുരത്തേക്ക്‌ വണ്ടികയറാന്‍ ഒട്ടും താല്‍പര്യമില്ലെന്ന്‌ പച്ചയ്‌ക്ക്‌ പറഞ്ഞ രണ്ടുപേര്‍. ആ വര്‍ത്തമാനം കേട്ട പലരും മൂക്കത്ത്‌ വിരല്‍ വെച്ചു. എന്ത്‌ അസംബന്ധമാണ്‌ ഇവര്‍ വിളിച്ചുകൂവുന്നത്‌ എന്നു പറഞ്ഞ്‌ പഴിച്ചു. രാഷ്ട്രീയക്കാര്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ വോട്ട്‌ വേണ്ട എന്നു പറയുന്നത്‌ വിഡ്‌ഢിത്തം വിഡ്‌ഢിത്തം..! മുനീറിനും ഷാജിക്കും ഭ്രാന്താണെന്നും ആര്‍.എസ്‌.എസ്സിന്റെ അച്ചാരം വാങ്ങിയവരാണെന്നും പ്രളയമായി. ബി.ജെ.പിക്ക്‌ ആര്‍.എസ്‌.എസ്‌ പോലെ മുസ്‌്‌ലിംലീഗിന്‌ എന്‍.ഡി.എഫ്‌ ആയാലെന്താ എന്നു ചോദിച്ചവരും വിരളമല്ല. എന്‍.ഡി.എഫിന്റെ അടുക്കളവാതിലിലൂടെ ചെന്ന്‌ ഇത്തിരി എരിവും പുളിയും ഉപ്പും സ്‌പൂണിലാക്കി വാങ്ങിയവരുമുണ്ട്‌. നാല്‌ വോട്ടുകള്‍ക്കു വേണ്ടി തീവ്രവാദികളുമായി ആരുമറിയാത്ത ബന്ധം സ്ഥാപിച്ചാല്‍ അത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലേ എന്നു ചോദിച്ചവരും. ഇങ്ങനെ പോയാല്‍ മുനീറും ഷാജിയും ഒരു കാലത്തും ഇനി ജയിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞവരും. ഇപ്പറഞ്ഞവരെയെല്ലാം അടങ്കരെ അടക്കിക്കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. മുനീറും ഷാജിയും ജയിച്ചിരിക്കുന്നു! അതു കറകളഞ്ഞ വോട്ടുകളാല്‍. എന്നാല്‍പ്പിന്നെ അതെങ്ങനെയായിരിക്കും എന്നതാണ്‌ പിന്നത്തെ ചോദ്യം. ആരാണ്‌ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്‌തത്‌.
അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ്‌ വന്നു. പാര്‍ട്ടിയിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍. ഇന്ത്യാവിഷന്റെ പേരില്‍ മുനീറിനു പഴി.
കടുപ്പമുള്ള മണ്ഡലങ്ങളിലാണ്‌ രണ്ടാള്‍ക്കും നറുക്ക്‌ വീണത്‌. കെകെ പിപി. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയവനെന്ന പേരില്‍ ലീഗുകാരില്‍ പലര്‍ക്കും മുനീറിനോട്‌ പുഞ്ഞം. തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തി ഒന്നര മാസത്തെ മൗനവ്രതത്തിന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയ സമയത്തുതന്നെ വിവാദകാലം വന്നതിനാല്‍ മിണ്ടാന്‍ പറ്റാതായ ഷാജിക്കും കിട്ടി പ്രവര്‍ത്തകരുടെ വക ചില കൊട്ടുകള്‍. കൈച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പറ്റാത്തവരെന്ന്‌ വിധിയെഴുത്തുകള്‍. മുനീറിനില്ലാത്ത പാര്‍ട്ടി സ്‌നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത്‌ വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്‌. അപ്പോള്‍പ്പിന്നെ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. സാംസ്‌കാരികസംഗമം നടത്തിയാലൊന്നും സാധാരണക്കാരന്റെ വോട്ട്‌ കിട്ടില്ലെന്ന്‌ പറഞ്ഞ്‌ പിന്നെയും പുഞ്ഞം. അഴീക്കോട്ടാണെങ്കില്‍ എന്‍.ഡി.എഫുകാരുടെ വക നുണപ്രചരണങ്ങള്‍. മുസ്‌്‌ലിം വോട്ടുകള്‍ ഒറ്റയെണ്ണം ഷാജിക്ക്‌ കിട്ടില്ലെന്ന തറപ്പിക്കലുകള്‍. ആര്‍.എസ്‌.എസ്സിന്‌ സമുദായത്തെ ഒറ്റുന്നവനെന്ന സല്‍പ്പേര്‌. ഇരവിപുരത്തിനുശേഷം അഴീക്കോടുംകൂടി പിടിവിട്ടാല്‍ ഷാജിയുടെ രാഷ്ട്രീയഗ്രാഫ്‌ അടിയോടടുക്കുമെന്ന്‌ വീമ്പ്‌. മുനീറിനെതിരെ പ്രചരണം നടത്താന്‍ വേണ്ടി മാത്രം മത്സരിച്ച എസ്‌.ഡി..പി.ഐ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയത്‌ 749 വോട്ട്‌. തീവ്രവാദരാഷ്ട്രീയത്തിന്‌ സമുദായത്തിന്റെ പിന്തുണ. ഷാജിക്കെതിരെ നുണ പറച്ചില്‍ യത്‌നത്തിന്‌ നിന്ന സുഡാപ്പികള്‍ക്ക്‌ കിട്ടിയത്‌ രണ്ടായിരത്തിത്തൊള്ളായിരത്തിന്റെ പുട്ട്‌. മലപ്പുറത്ത്‌ മുസ്‌്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ നിന്ന സുഡാപ്പിക്ക്‌ 4683. പെരിന്തല്‍മണ്ണയില്‍ 1067. മലപ്പുറത്ത്‌ എസ്‌.ഡി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒട്ടാകെ ലഭിച്ചത്‌ 44,415. മലപ്പുറത്ത്‌ കെ. ഉബൈദുല്ലയുടെ 44508 എന്ന ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എസ്‌.ഡി.പി.ഐക്ക്‌ ജില്ലയില്‍ ആളില്ല. സുഡാപ്പിക്കാരന്റെ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും വോട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറപ്പ്‌.
മുനീറും ഷാജിയുമാണ്‌ വിഷയം. ആര്‍ക്കും വേണ്ടാത്ത ഇവരെ ആരാണ്‌ ജയിപ്പിച്ചത്‌... ? എന്തായിരുന്നു വോട്ട്‌ ചെയ്‌തവരുടെ ഉദ്ദേശ്യം. അറിയാന്‍ താല്‍പര്യമുണ്ട്‌.

Wednesday, May 4, 2011

ബിന്‍ലാദന്റെ ശവമടക്ക്‌ എവിടെ നടത്തിയാലെന്താ...?


ബിന്‍ലാദന്റെ മൃതദേഹം കടലിലെറിഞ്ഞു എന്നത്‌ വലിയൊരു ചതിയായി പല മുസ്‌്‌ലിം നേതാക്കളും കൊണ്ടാടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ലോകത്തെ മനുഷ്യസ്‌നേഹികളെല്ലാം ഭയക്കുന്ന ഒരാളെ കൊന്നതിനേക്കാള്‍ വലിയ പാതകമാണോ കടലില്‍ തള്ളിയത്‌...? അമേരിക്കന്‍ വിരോധത്തിന്റെ രതിമൂര്‍ച്ഛയില്‍ ഈ മഹാപാതകിയെ തീവ്രമനസ്സിന്റെ ഉള്ളില്‍നിന്ന്‌ തള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ശവഘോഷ വിവാദങ്ങള്‍.ചിലര്‍ പറയുന്നു ചെയ്‌തത്‌ ശരീഅത്ത്‌ വിരുദ്ധമാണെന്ന്‌. ശരീഅത്തിന്‌ അനുസരിച്ചായിരുന്നോ ലാദന്റെ പ്രവര്‍ത്തികള്‍..? അറിയാന്‍ കൗതുകമുണ്ട്‌. ബിന്‍ലാദന്‍ മതത്തിന്റെ യശസ്സുയര്‍ത്താനാണ്‌ ജിഹാദ്‌ നടത്തിയതെന്ന്‌ പറയാനുള്ള ധൈര്യം വിവരമുള്ള ഏതെങ്കിലും പണ്ഡിതനുണ്ടോ...? അമേരിക്ക ചെയ്‌തത്‌ നന്നായി എന്ന്‌ ആശ്വസിക്കുകയല്ലേ അന്തസ്സുള്ള മുസ്‌്‌ലിംകള്‍ കരുതേണ്ടത്‌. ഉസാമ എന്ന പ്രതിരൂപത്തിന്റെ സൃഷ്ടിപ്പിന്റെ ഉത്തരവാദി അമേരിക്ക തന്നെയെന്ന്‌ സമ്മതിക്കുമ്പോഴും അതായിരിക്കണം മാതൃകയെന്ന്‌ ഏതെങ്കിലും പണ്ഡിതന്‍ പറഞ്ഞതായി അറിവില്ല.
മുസ്‌്‌ലിം ലോകത്തിന്‌ ലാദന്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

1. ഇസ്‌്‌ലാം അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി കരുതുന്ന താടിയും തലപ്പാവും തീവ്രവാദത്തിന്റെ അടയാളമാക്കി.
2. യൂറോപ്പിന്റെ ഇസ്‌്‌ലാമോഫോബിയക്ക്‌ ആക്കം കൂട്ടി.
3. ജിഹാദിന്‌ ഇസ്‌്‌ലാം നല്‍കുന്ന മഹത്തായ അര്‍ത്ഥതലങ്ങളെ അപ്രസക്തമാക്കി ആ പദത്തെ ഭയത്തിന്റെ പര്യായമാക്കി.
4. മുസ്‌്‌ലിം പേരിനെപ്പോലും ഭയത്തിന്റെ അടയാളമാക്കി അമേരിക്ക നടത്തുന്ന കുരിശുയുദ്ധത്തിന്റെ എരിതീയിലേക്ക്‌ എണ്ണയൊഴിച്ചു.
5. നിരപരാധികളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്‌്‌ലാമിനെ താറടിച്ചു.

അമേരിക്കയെ കുറ്റം പറയുന്നത്‌ തെറ്റല്ല. അതോടൊപ്പം ബിന്‍ലാദനും കൂട്ടിവായിക്കപ്പെടണം. ബിന്‍ലാദനും ഇനിയും പൊന്താനിരിക്കുന്ന ബിന്‍ലാദന്‍മാരും ലോകസമാധാനത്തിനു ഭീഷണിയാണെന്നും ലാദന്റെ ഗതി തീവ്രവാദികള്‍ക്ക്‌ പാഠമാകണമെന്നും പഠിപ്പിക്കാനുള്ള ഈ അവസരത്തെ അനാവശ്യ വിവാദത്തിലൂടെ തല്ലിക്കെടുത്തുന്നവരുടെ ഉള്ളിന്റെ ഇസ്‌്‌ലാമിന്റെ മഹത്തായ ആദര്‍ശത്തിന്റെ കണികയില്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.