Wednesday, December 24, 2008

വീണ്ടുമൊരു യാഥാസ്ഥിതിക ലേഖനം അഥവാ കച്ചവട കാലത്തെ സ്വത്വ വിചാരം

ഇതെന്റെ ശരീരമാണ്‌. എന്റെ മാത്രം ശരീരം.
ഇതിനെ എടുക്കുന്നതും ഉടുക്കുന്നതും ഞാന്‍...
നിനക്ക്‌ തൊടാനാവില്ല.
സ്‌നേഹം നഷ്ടമാകുമ്പോള്‍ മറ്റെല്ലാം നഷ്ടമാണ്‌ എന്നു പറയുംപോലെ തന്നെ പ്രധാനമാണ്‌ സ്വത്വം നഷ്ടപ്പെടുമ്പോള്‍ മനുഷ്യത്വവും നഷ്ടമാകുന്നു എന്നത്‌.
സ്വത്വത്തിലേക്ക്‌ മടങ്ങുക എന്നാല്‍ പ്രകൃതിയുടെ ഇലയനക്കങ്ങളെപ്പോലും തിരിച്ചറിയുക എന്നാണ്‌.

കൃത്യമായ സ്വത്വ ബോധത്തിലേക്ക്‌ വിദ്യാര്‍ത്ഥിയും യുവത്വവും ഉണരേണ്ട അനിവാര്യത ദിനംപ്രതിയുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതൊരുപക്ഷേ നവോത്ഥാനത്തിന്‌ ഇറങ്ങിത്തിരിച്ചവരുടെ പിന്‍മുറക്കാരെയൊക്കെ ഭയപ്പെടുത്തുന്നതു കൂടിയാണ്‌.


നമ്മുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും പാടെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന തരത്തിലേക്ക്‌ ആധുനികയുടെ മതിഭ്രമങ്ങള്‍ വഴിമാറിയപ്പോഴാണ്‌ യുവത്വത്തിന്‌ തിരിച്ചിവും സ്വത്വ ബോധവും നഷ്ടമായത്‌.

ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന വിഡ്‌ഢികളായി പുതിയ തലമുറ മാറരുത്‌ എന്നാഗ്രഹിക്കുകയും അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികള്‍ നിര്‍മിക്കുകയും ചെയ്യുക എന്നതാണ്‌ ഇതിനുളള പരിഹാരമായി സംഘടിത പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്‌. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ധാര്‍മികത അപ്രത്യക്ഷമാകുന്നു എന്നത്‌ ഇക്കാലത്തെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. നമ്മുടെ താല്‍ക്കാലികമായ ഇച്ഛകളെ തൃപ്‌തിപ്പെടുത്തുന്ന പ്രലോഭനങ്ങളാണ്‌ ആധുനിക ലോകം ഒരുക്കുന്ന കെണി. അതില്‍ അകപ്പെടുന്നവന്‌ അറിവുണ്ടാകുമെങ്കിലും തിരിച്ചറിവുണ്ടാകണമെന്നില്ല. അവന്റെ ഹൃദയത്തിലേക്കുള്ള തിരിച്ചറിവിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കാനും അവിടെ കേറി അടയിരിക്കാനുമുള്ള മിടുക്ക്‌ ആഗോളീകരണം ഒരുക്കുന്ന കെണികള്‍ക്കുണ്ട്‌. അവിടെ കച്ചവടമാണ്‌ പ്രധാനം.
എന്റെ ഏകാന്തത അപാരം. അവിടെ ചെന്ന്‌ ഇരിക്കാന്‍ എനിക്ക്‌ ഭയമാണ്‌. ഇഷ്ടവുമാണ്‌.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം എന്നീ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളെന്ന്‌ നാം ധരിച്ചു വെച്ചവയെല്ലാം ഇവിടെ പ്രഫഷണല്‍ ആവുകയും കച്ചവടത്തിന്റെ സാധ്യതകള്‍ തേടുകയും ചെയ്യുന്നു. ഏതൊരാള്‍ ഏതൊന്നിനെ സമീപിക്കുന്നുവോ അതതെല്ലാം കച്ചവടക്കണ്ണിലൂടെയാവണമെന്ന്‌ യുവത്വത്തെ നിരന്തരം ധരിപ്പിക്കാനും അതനുസരിച്ചുള്ള ജീവിത രീതി കെട്ടിപ്പടുക്കാനും ഈ പ്രവണത ശ്രമിച്ചു കൊണ്ടിരിക്കും. അവിടെ ബന്ധങ്ങള്‍, സൗഹൃദം, സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെല്ലാം ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയപ്പെടുകയും പകരം കച്ചവടത്തിന്റെ കണ്ണുകള്‍ അവയെ നോട്ടമിടുകയും ചെയ്യുന്നു. ഈ പറയപ്പെട്ടവയെല്ലാം എന്തെങ്കിലും ലൗകിക നേട്ടങ്ങള്‍ക്കായുള്ള ഉപാധി എന്ന നിലക്ക്‌ ഉപയോഗിക്കപ്പെടുന്നതോടെ മഹത്തായ മാനവികത എന്നൊക്കെ നാം പറയാറുളള കാര്യങ്ങളില്‍ ചെളി പറ്റുകയാണ്‌. കച്ചവട കാലത്ത്‌ ധാര്‍മ്മിക ബോധത്തോടെയും പരലോപ്രീതി പ്രതീക്ഷിച്ചും കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ പരിഹസിക്കാനാണ്‌ ചുറ്റുമുള്ളവര്‍ക്ക്‌ കമ്പം. അതോടെ മറ്റുള്ളവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനായി ഇത്തിരിയെങ്കിലും ദയയുള്ളവന്റെ ഹൃദയവും വാണിജ്യവല്‍ക്കരിക്കപ്പെടും.മൂല്യങ്ങള്‍ വിസ്‌മരിക്കപ്പെടുന്നിടത്ത്‌ ചെകുത്താന്‍ പാര്‍പ്പു തുടങ്ങുകയായി. പിന്നെ സംഭവിക്കുന്നതെല്ലാം തെറ്റായിരിക്കും. ആ തെറ്റുകളെ കച്ചവടത്തിന്റെ ന്യായം പറഞ്ഞ്‌ സ്വീകരിക്കാനാണ്‌ പലരും പിന്നീട്‌ ശ്രമിക്കുക. താന്‍ നില കൊള്ളുന്ന സമൂഹത്തിന്‌ ഉപകാരപ്പെടുന്ന വിധത്തില്‍ തന്റെ പ്രവര്‍ത്തന മേഖലയെ എങ്ങനെ സജ്ജീകരിക്കാം എന്നതിനെപ്പറ്റി യുവത്വം ഇന്നത്തെക്കാലത്ത്‌ അധികം ചിന്തിക്കാറില്ല. പകരം തനിക്കും കുടുംബത്തിനും എന്തു കിട്ടും എന്ന്‌ അവന്‍ ആലോചിക്കുന്നു. അതിന്റെ പളപളപ്പുകളിലേക്ക്‌ അവന്റെ മനസ്സു ചായുന്നു. മാനുഷിക മൂല്യങ്ങള്‍ക്കോ ബന്‌ഘങ്ങള്‍ക്കോ അവിടെ യാതൊരു പ്രസക്തിയുമില്ല. നില്‍ക്കുന്ന തറ ഏതാണെന്ന്‌ അറിയാതെ പോയതാണ്‌ ആധുനിക കാലത്തെ യുവത്വത്തിനു പറ്റിയ അബദ്ധങ്ങളില്‍ പ്രാധാനം. ജീവിക്കുന്ന തറയുടെ ചരിത്രവും അതിന്റെ ഉറച്ച മണ്ണ്‌ കൊടുക്കുന്ന ബലവും ഉപയോഗപ്പെടുത്തി ജീവിതം ക്രമപ്പെടുത്തിയവര്‍ തന്നെ അതിനെ തള്ളിപ്പറയുന്ന കാഴ്‌ച ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭീതിതവുമാണ്‌. ദൈവബോധവും ധാര്‍മ്മികതയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിതങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുത്തവരാണ്‌ യഥാര്‍ത്ഥത്തില്‍ ഇത്തരം കുടുക്കുകളില്‍ ചെന്നു വീഴുന്നത്‌. അവര്‍ ചെയ്യുന്നതു മാത്രമാണ്‌ ശരി എന്ന വാശിയും ഇവരുടെ പ്രത്യേകതയാണ്‌. നാം വീണ്ടെടുക്കേണ്ടത്‌ സ്വയാര്‍ജ്ജിതമായ പൈതൃകങ്ങളം ധാര്‍മ്മികതയുമാണ്‌. നില്‍ക്കുന്ന തറയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയല്ലാതെ അതു കൈവരില്ല. ആ തിരിച്ചറവു തന്നെയാണ്‌ യഥാര്‍ത്ഥമായ സ്വത്വ ബോധത്തിലേക്ക്‌ നമ്മെ നയിക്കുക. ആരുടെയെങ്കിലും ചട്ടുകമാവുക എന്നത്‌ എളുപ്പമുള്ള കാര്യമാണ്‌. എന്നാല്‍ തന്റെ അസ്‌തിത്വം തിരിച്ചറിഞ്ഞവന്‍ ഒരിക്കലും അത്തരത്തിലുള്ള ചട്ടുകങ്ങളാകാന്‍ നിന്നു കൊടുക്കില്ല. ജീവിതത്തെപ്പറ്റിയും സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധമുള്ളവനായിരിക്കും അവന്‍. അവനെ കീഴ്‌പ്പെടുത്താന്‍ ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തികള്‍ക്കല്ലാതെ മറ്റൊന്നിനും കഴിയില്ല. ദൈവത്തിനല്ലാതെ അവന്‍ മറ്റൊന്നിനും കീഴ്‌പ്പെടുകയുമില്ല. ചുറ്റും ചെളിയാണ്‌ എന്നു വിലപിക്കുന്നതിനു പകരം അത്‌ നീക്കം ചെയ്യാനുളള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനാണ്‌ നാം മെനക്കെടേണ്ടത്‌. സ്വത്വ ബോധം നേടിയവന്‌ അത്‌ സാധിക്കും. എല്ലാം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഉള്ളില്‍ കിടക്കുന്നു. അതിനെ വേര്‍തിരിച്ചെടുത്ത്‌ ഉപയോഗിക്കാനും വരുംതലമുറയുടെ നല്ല ഭാവിക്കായി ഇട്ടു കൊടുക്കാനുമാകുമ്പോള്‍ നാം നേടിയ അറിവുകളെല്ലാം ഉപകാരപ്പെട്ടടുന്നതാകുമെന്ന്‌ ഉറപ്പുണ്ട്‌. കച്ചവട കാലത്ത്‌ നാം വിചാരപ്പെടേണ്ടത്‌ സ്വത്വത്തെ തിരിച്ചറിയേണ്ടത്‌ എങ്ങനെയെന്നാണ്‌. അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളിലൂടെ അതു സാധിക്കില്ല. ഇടപെടുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാറ്റിലും തന്റേതായ അംശത്തെ തേടലും പ്രയോഗിക്കലുമാണത്‌. നമുക്കതിനു കഴിയും. നമുക്ക്‌ മാത്രമേ കഴിയൂ.

Sunday, December 14, 2008

ഒരു യാഥാസ്ഥിതിക ലേഖനം അഥവാ ഐ.ടി കാലത്തെ പെണ്ണുങ്ങളും ആണുങ്ങളും


പ്രസവിക്കാന്‍ പേടിയില്ല. പക്ഷേ
ഈ നശിച്ച ലോകത്തേക്കാണല്ലോ അവന്‍/ അവള്‍
വരാന്‍ പോകുന്നത്‌ എന്നോര്‍ക്കുമ്പോഴോ...
പ്രസവിക്കാനൊരുങ്ങുന്ന പെണ്‍സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.
ധാര്‍മികതയെപ്പറ്റിയും സദാചാരത്തെക്കുറിച്ചും ഒട്ടേറെ മനസ്സില്‍പതിയുന്ന വിവരങ്ങളും വിവരണങ്ങളും നല്‍കിയാണ്‌ നമ്മുടെ കുട്ടികളെ വളര്‍ത്താറുള്ളത്‌. എന്നാല്‍ മുതിര്‍ന്നു വരുമ്പോള്‍ ഏറെ സദാചാര ശിക്ഷണം ലഭിച്ച കുട്ടികള്‍ പോലും അവന്‍ ചെന്നു പെട്ട സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം വൃത്തികേടുകളുട സഹചാരിയാകുന്ന കാഴ്‌ച നമ്മെ വേദനിപ്പിക്കുന്നതാണ്‌. പുതിയ വിവരസാങ്കേതിക വിദ്യയുടെ കാലം സാമൂഹികമായ പൈതൃകങ്ങളെയെല്ലാം തമസ്‌കരിക്കുന്നതിന്റെ സൂചനകളാണു നല്‍കുന്നത്‌.
തികച്ചും ആശങ്കാജനകമായ ഇത്തരമൊരു അവസ്ഥയില്‍ നിന്ന്‌ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത നമുക്കുണ്ട്‌. കാലം അത്രയൊന്നും നല്ലതല്ല എന്ന പരാതി ഉന്നയിക്കുകയും ബദല്‍ പ്രക്രിയകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥ ഏറ്റവും അബദ്ധമാണ്‌. നല്ല വഴികളും നിലപാടുകളും നമുക്കുണ്ട്‌. സ്വന്തം അസ്‌തിത്വത്തിനു മുറിവേറ്റാല്‍ വൈകാപരികമായി പ്രതികരിക്കുന്ന സ്വഭാവവുമുണ്ട്‌. എന്നാല്‍ ഇനി വരാനിരിക്കുന്നവരുടെ നിലപാടുകളിലെവിടെയും ധാര്‍മ്മികത, സദാചാരം, എന്നിവക്ക്‌ പ്രസക്തി കാണുന്നില്ല. ആഗോളീകരണം വിദ്യാര്‍ത്ഥിയിലും സമൂഹത്തില്‍ പൊതുവെയും വരുത്തിക്കൂട്ടുന്ന അപകടങ്ങളിലൊന്നായിട്ടുവേണം സദാചാര ധ്വംസനങ്ങളെ വിലയിരുത്താന്‍. നന്മയുടെ വിത്തുകളും വിളയും ഏറെയുള്ളതാണ്‌ നമ്മുടെ പൈതൃകങ്ങളും പാരമ്പര്യവും. അവയുടെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനവും നയവുമാണ്‌ പുതിയ തലമുറയിലെ ഐ.ടി ജീവികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. ബാംഗ്ലൂരില്‍ നിന്ന്‌ ഈ രംഗത്തെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സ്വന്തം മണ്ണു വിട്ടു പോകുന്നവന്‍ സംസ്‌കാരത്തെയും തിരസ്‌കരിക്കുന്ന കാഴ്‌ചയാണ്‌ ബാംഗ്ലൂര്‍ പോലത്തെ മെട്രോ നഗരങ്ങള്‍ പറയുന്നത്‌. ഐ.ടി രംഗത്ത്‌ നിലനില്‍ക്കുന്ന അരാജകബോധം മറ്റൊരു കെണിയാണ്‌. പഠിച്ചിറങ്ങുമ്പോഴേക്കും ലഭിക്കുന്ന അഞ്ചക്ക ശമ്പളത്തിന്റെ ഹുങ്കാണ്‌ പലരെയും തെറ്റുകളിലേക്ക്‌ നയിക്കുന്നതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദവും പണം എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്‌മയും ഈ അഭിനവ മുതലാളിമാരുടെ പ്രശ്‌നമാണ്‌. ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും ഇല്ലാത്തവരാണ്‌. കുടുംബത്തിലേക്ക്‌ പണം കൊടുക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക്‌ പിന്നെ ശമ്പളം എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയാവുകയും അസാന്മാര്‍ഗ്ഗികവും അപകടകരവുമായ അവസ്ഥകളിലേക്ക്‌ ഇവര്‍ വഴിമാറുകയും ചെയ്യുന്നു. മയക്കുമരുന്ന്‌, മദ്യം, പരസ്‌ത്രീഗമനം എന്നിവക്കായി കിട്ടിയ ശമ്പളത്തിന്റെ പാതിയും ഉപയോഗിക്കുന്നവരാണ്‌ ഇവര്‍. ദൈവികബോധമോ സദാചാരവിചാരങ്ങളോ ആഗോളീകരണത്തിന്റെ വിഷയത്തില്‍ എവിടെയും വരാത്തതായതിനാല്‍ നിയന്ത്രണങ്ങള്‍ അസാധ്യമാവുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ്‌ ഈയിടെ പുറത്തു വന്നത്‌. നമ്മള്‍ കടമെടുത്തും അല്ലാതെയും പഠിക്കാനയക്കുന്ന കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന കിടങ്ങ്‌ എത്ര വലുതാണെന്ന്‌ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും തുറന്ന കണ്ണുളള വീക്ഷണം അനിവാര്യം. െൈലംഗിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും അടിമകളായ ഇവര്‍ക്ക്‌ സദാചാരത്തിന്റെ കാര്യം പറഞ്ഞാല്‍ തലയില്‍ കയറില്ല. പോടാ പുല്ലേ എന്നു വരെ പറഞ്ഞേക്കും. അവനൊരു സദാചാരവദി വനിനരിക്കുന്ന എന്ന കമന്റും പ്രതീക്ഷിക്കാം. പാശ്ചാത്യ സംസ്‌കാരത്തിന്റെ അലകളുമായി ലോകവുമായുള്ള അണ്‍ലിമിറ്റഡ്‌ നെറ്റ്‌വര്‍ക്ക്‌ സൗകര്യം ലഭിച്ചതാണ്‌ നമ്മുടെ കുട്ടികള്‍ നാടുവിടാനുണ്ടായ കാരണം. ആഗോളീകരണമെന്ന്‌ പുറംമോടിക്ക്‌ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ചെയ്യുന്ന ദോഷമെന്താണെന്ന്‌ നാമിതുവരെ ചിന്തിച്ചിട്ടില്ലെന്നു വേണം കരുതാന്‍. നാടുവിടുക എന്നത്‌ ഒരു ഫാഷനായി മാറുന്നതിന്റെ രസതന്ത്രവും അപ്പോള്‍ മനസ്സിലാകും. ജീവിതലക്ഷ്യമെന്നത്‌ ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണയുമായാണ്‌ സാമ്രാജ്യത്വം നമ്മുടെ സംസ്‌കാരത്തെ മയക്കാനെത്തുന്നത്‌. അത്‌ ആട്ടത്തിലൂടെയും പാട്ടിലൂടെയും വിദ്യാഭ്യാസ വൈജാത്യത്തിലൂടെയും നമ്മുടെ കണ്‍മുന്നില്‍ താണ്ഡവമാടുന്നുണ്ടെങ്കിലും കാണാത്ത ഭാവം നടിക്കുകയാണ്‌ പലരും. യാഥാര്‍ത്ഥ്യത്തിന്റെ ഭീകരത ഉള്‍ക്കൊള്ളാന്‍ പോലുമാകാതെ തകര്‍ന്നു പോയ കുടുംബങ്ങളുമുണ്ട്‌. ആഗോളീകരണം ലോകത്തിന്‌ ഒരുപാട്‌ നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അതു പോലെ ദോഷങ്ങളും. അതിന്റെ ഏറ്റവും വലിയ കെണി വരുംതലമുറയുടെ മാനസികവിചാരങ്ങള്‍ മാംസ വിചാരങ്ങളാക്കുന്നു എന്നതാണ്‌. മനസ്സിന്റെ പ്രാധാന്യം ചവറ്റുകുട്ടയിലെറിയപ്പെടുകയും മാംസം അഥവാ ഭൗതികവും ലൗകികവുമായ നൈമിഷിക താല്‍പര്യങ്ങള്‍ സ്വീകരണമുറിയില്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാനുള്ള മരുന്ന്‌ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കാരണം അതിനുള്ള മരുന്ന്‌ അവനവന്റെ ഹൃദയങ്ങളിലാണ്‌ എന്നതത്രേ. ആ ഹൃദയങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന്‌്‌ അപഹരിച്ചതിനാല്‍ നമുക്കാ മരുന്ന്‌ കണ്ടെത്താനുമാകുന്നില്ല.ധാര്‍മിക വിചാരങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ്‌ അനിവാര്യം. സന്നദ്ധസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്‌. സാമൂഹിക ദുരന്തങ്ങളെ ഇങ്ങനെ ക്ഷണിച്ചുവരുത്തുന്നതെന്തിനാണെന്ന്‌ നാമോരുത്തരും ചിന്തിക്കുന്നത്‌ നല്ലതാണ്‌. സദാചാരവും ധാര്‍മികതയും കടലു കടന്നു പോയിട്ടില്ലെന്ന്‌ നമ്മുടെ കുട്ടികള്‍ തെളിയിക്കണം. എല്ലാ തരം അധാര്‍മികവല്‍ക്കരണങ്ങളെയും സ്വയാര്‍ജ്ജിതമായ വിശ്വാസത്തിന്റെ ബലം കൊണ്ട്‌ തകര്‍ത്തെറിയാന്‍ കഴിയണം. അപ്പോള്‍ മാത്രമാണ്‌ അടുക്കളയിലും നാമറിയാതെ നമ്മുടെ ഹൃദയങ്ങളിലും അടിഞ്ഞുകൂടിയ അധിനിവേശത്തിന്റെ അപകടങ്ങളെ തൂത്തെറിയാന്‍ കഴിയൂ. അപ്പോള്‍ മാത്രമാണ്‌ അപകടപ്പെടുത്തുന്ന കടന്നുകയറ്റങ്ങളെ നാടിനു വേണ്ടി മാറ്റിയെടുത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാതരം പരിഷ്‌കാരങ്ങളും നന്മക്കു വേണ്ടി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഐ.ടി രംഗത്തടക്കം സമൂഹത്തെ വേവലാതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന അപകടങ്ങളെ ചെറുക്കാനാവുമെന്ന്‌ പ്രത്യാശിക്കാം.

Monday, November 24, 2008

ഹിന്ദുക്കള്‍ ഈ രാജ്യദ്രോഹികളെ തള്ളിപ്പറയാത്തതെന്ത്‌..?

സന്യാസിനി പ്രജ്ഞസിംഗ്‌ (ഇടത്ത്‌) സ്വാമി ദയാനന്ദ്‌ പാണ്ഡെ (വലത്ത്‌) എന്നിവര്‍ ഹിന്ദു ഭീകരസംഘടനയായ അഭിനവ്‌ ഭാരത്‌ ഭോപ്പാലില്‍ സംഘടിപ്പിച്ച പൊതുവേദിയില്‍.
മുസ്‌്‌ലിംകള്‍ തീവ്രവാദികളാണ്‌. കൊള്ളരുതാത്തവരാണ്‌. കണ്ടമാനം പെറ്റുകൂട്ടുന്നവരാണ്‌. കള്ളന്മാരാണ്‌. പെണ്ണുപിടിയന്മാരാണ്‌. ഇറച്ചി തിന്നുന്ന അപരിഷ്‌കൃതരാണ്‌. കുളിക്കാതെ നടക്കുന്ന നാശങ്ങളാണ്‌. ഹാവൂൂൂൂ.... ഇങ്ങനെയൊക്കെ പറഞ്ഞുതീരുമ്പോഴാണ്‌ ഒരു യഥാര്‍ത്ഥ ഹിന്ദുവിന്‌ (ദൈവ വിശ്വാസികള്‍ക്കല്ല; ആര്‍.എസ്‌.എസ്‌, വി.എച്ച്‌.പി, ബജ്‌റംഗ്‌ദല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദി ഹിന്ദുവിന്‌) ആശ്വാസം തോന്നുക. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞുതീരുമ്പോള്‍ മാത്രമാണ്‌ അവന്റെ കിതപ്പടങ്ങുന്നത്‌.മുസ്‌്‌ലിംകളില്‍ തീവ്രവാദികളുണ്ട്‌ എന്നത്‌ വാസ്‌തവം തന്നെ. അവരെ പിടികൂടി പരമാവധി ശിക്ഷ നല്‍കണം. തൂക്കിയോ വെടിവെച്ചോ കൊല്ലണം. രാജ്യത്ത്‌ ഓരോ തീവ്രവാദി ആക്രമണങ്ങള്‍ നടക്കുമ്പോഴും അതിന്റെ പിന്നില്‍ മുസ്‌്‌ലിംകളാണെങ്കില്‍ മുസ്‌്‌ലിം പണ്ഡിതന്മാര്‍ അതിനെ അപലപിക്കാറുണ്ട്‌. വെള്ളിയാഴ്‌ച ജുമുഅകളില്‍ അതിനിശിതമായ ഭാഷയില്‍ തീവ്രവാദികളെ തള്ളിപ്പറയാറുണ്ട്‌. ഡല്‍ഹി സ്‌ഫോടനങ്ങളോടനുബന്ധിച്ച്‌ ബട്‌ല ഹൗസില്‍ ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെന്ന ആരോപണത്തോടെ വെടിയേറ്റു മരിച്ചപ്പോള്‍ അതിന്റെ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടതും ഒപ്പം തീവ്രവാദത്തിനെതിരെ ഡല്‍ഹിയില്‍ പടുകൂറ്റന്‍ പ്രകടനം നടത്തിയതും മുസ്‌്‌ലിം പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ്‌. ബഹുസ്വരതയുടെ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന്‌ ഇസ്‌്‌ലാം അനുശാസിക്കുന്നുണ്ട്‌. അന്യമതത്തെയും ആരാധനാലയങ്ങളെയും ബിംബങ്ങളെയും സഹിഷ്‌ണുതയോടെ വീക്ഷിക്കണമെന്നാണ്‌ പ്രവാചകന്റെ അധ്യാപനം. മക്കയിലെ പീഡനങ്ങള്‍ സഹിക്കാനാവാതെ മദീനയിലേക്ക്‌ പലായനം ചെയ്‌ത പ്രവാചകനും അനുയായികളും മദീനക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രസക്തമാണ്‌. മദീനയെ ആക്രമിക്കാന്‍ വിശുദ്ധ കഅബ ഉള്‍പ്പെടുന്ന ജന്മനാടായ മക്കയാണ്‌ വരുന്നതെങ്കിലും മദീനക്കാര്‍ക്കൊപ്പം ഉറച്ചുനിന്ന്‌ മക്കക്കെതിരെ പോരാടുമെന്നായിരുന്നു പ്രവാചകന്റെ ഉറപ്പ്‌. രാജ്യസ്‌നേഹം ഈമാനിന്റെ ഭാഗമാണെന്നു പഠിപ്പിച്ചതും പ്രവാചകന്‍. ഈ പ്രവാചകാധ്യാപനങ്ങളിലും സത്യസന്ധമായ ഇസ്‌്‌ലാമിക ചരിത്രത്തിലും വിശ്വസിക്കുന്ന ആരും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ രാജ്യദ്രോഹി ആവുകയോ ചെയ്യുകയില്ല. കാശ്‌മീര്‍ താഴ്‌വരയിലെ കുപ്‌വാരയില്‍ പിടഞ്ഞൊടുങ്ങിയ മലയാളികളായ മുസ്‌്‌ലിം തീവ്രവാദികളെ പെറ്റുമ്മമാരും മതനേതൃത്വും തള്ളിപ്പറഞ്ഞു. നമ്മക്ക്‌ വലുത്‌ രാജ്യാണ്‌. മോന്റെ മയ്യത്ത്‌ കാണേണ്ട എന്നു പറഞ്ഞത്‌ രാഷ്ട്രമീമാംസയൊന്നും പഠിക്കാത്ത ഫയാസിന്റെ ഉമ്മയാണ്‌. ഫയാസിന്റെ ഉമ്മയുടെ ശബ്ദം മുസ്‌്‌ലിം സമുദായത്തിന്റെ ഉറച്ച ശബ്ദമാണെന്ന്‌ മുസ്‌്‌ലിലീഗ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാണ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും പ്രസ്‌താവിച്ചു. തീവ്രവാദത്തോട്‌ ഒരുകാലത്തും അനുനയമില്ലെന്ന്‌ അദ്ദേഹം ഊന്നിപ്പറയുകയുമുണ്ടായി. ഇന്ത്യയിലെ മുസ്‌്‌ലിം തീവ്രവാദികളുടെ ബുദ്ധികേന്ദ്രമായ ജമാഅത്തെ ഇസ്‌്‌ലാമിയും, ആ പാര്‍ട്ടിയുടെ പ്രയോക്താക്കളായ എന്‍.ഡി.എഫും ഒഴികെയുള്ള മുഴുവന്‍ മുസ്‌്‌ലിം സംഘടനകളും കേരളത്തില്‍ തീവ്രവാദ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്നവരാണ്‌. (ജമാഅത്തെ ഇസ്‌്‌ലാമി ശാന്തി, സമാധാനം എന്നൊക്കെ കഷ്ടപ്പെട്ട്‌ ഉച്ചരിക്കുമെങ്കിലും ഉള്ളില്‍ നിറയെ വിഷമാണെന്ന്‌ ഏത്‌ ചെറിയ കുട്ടിക്കും അറിയാം) സുന്നി വിഭാഗങ്ങള്‍, മുജാഹിദ്‌ വിഭാഗങ്ങള്‍, വിദ്യാഭ്യാസ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവ മുസ്‌്‌ലിം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുകയും അതിനെതിരെ മഹല്ലുകളില്‍ പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നവരാണ്‌.
ദേശദ്രോഹത്തിന്‌ എന്തെല്ലാം ചെയ്യാമെന്ന ഗവേഷണത്തിലാണ്‌ രാജ്യത്തെ ഹിന്ദുത്വ തീവ്രവാദികളെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലേഗാവ്‌ അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു ഭീകരസംഘടനയാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. മലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട ചുരുളുകള്‍ അഴിയുംതോറും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഭീകരസംഘടനകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്താവുകയാണ്‌.മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ്‌ വര്‍ഗ്ഗീയ-വിഘടന വാദങ്ങള്‍ ശക്തി പ്രാപിക്കുന്നത്‌. മറാത്താ വാദത്തിന്റെ ശക്തമായ പിന്‍ബലത്തില്‍ ശിവസേനക്കാരും ഏതാനും മുസ്‌്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തി രാജ്‌താക്കറെയുടെ എം.എന്‍.എസും വിഘടനവാദത്തിനു നേതൃത്വം നല്‍കുമ്പോള്‍ അഭിനവ്‌ ഭാരതിന്റെ മേല്‍നോട്ടത്തിലാണ്‌ ഹിന്ദുത്വ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്‌. നാസിക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു രാഷ്ട്രസേനയുടെ പ്രവര്‍ത്തനം സെമിറ്റിക്‌ മതങ്ങള്‍ക്കെതിരായ പ്രചാരണമാണ്‌. അന്യമതങ്ങളെ നിന്ദിക്കുന്നതിന്റെ പരമാവധി നിന്ദിക്കാന്‍ ഹിന്ദു രാഷ്ട്രസേന അനുയായികളെ പഠിപ്പിക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട അധ്യാപനങ്ങളിലൂടെ പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്‌ എന്ന മുദ്രാവാക്യവുമായിട്ടാണ്‌ സംഘടനയുടെ പ്രവര്‍ത്തനം. ധന്യാജയ്‌ ദേശായിയാണ്‌ ഈ സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ധുലൈ പട്ടണം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഹിന്ദു ഭീകരസംഘടനയാണ്‌ ഹിന്ദു രാഷ്ട്ര സമിതി. തീവ്രവാദത്തിനെതിരായ പ്രകോപിപ്പിക്കുന്ന പോസ്‌റ്ററുകളുടെ പേരില്‍ ഒക്ടോബറില്‍ ഇവിടെ സാമുദായിക കലാപമുണ്ടായിരുന്നു. ഹിന്ദു വികാരമുണര്‍ത്തി കലാപമുണ്ടാക്കുക എന്നതാണ്‌ പ്രവര്‍ത്തനശൈലി. അഭിനവ്‌ ഭാരതിന്റെ നേതാക്കളുടെ ശക്തമായ പിന്തുണ സംഘടനക്കുണ്ട്‌. സവര്‍ക്കര്‍ എല്ലാ ഹിന്ദുക്കള്‍ക്കും ഹിന്ദുത്വ സൈനികശക്തി എന്താണെന്ന്‌ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ ഹിന്ദു രാഷ്ട്ര സമിതിയുടെ വക്താവ്‌ സുനില്‍ ജെയിന്‍ പറയുന്നു. പൂനൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിവ ശംഭു സേനയാണ്‌ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘം. ആര്‍.എസ്‌.എസുമായി യോജിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. ആര്‍.എസ്‌.എസ്‌ അംഗങ്ങള്‍ തന്നെയാണ്‌ ഈ സംഘടനയിലുമുള്ളത്‌. ഹിന്ദു തീവ്രവാദി സംഘടനകളെല്ലാം സംഗമിക്കുന്നത്‌ പൂനൈയിലാണ്‌. അഭിനവ്‌ ഭാരതിന്റെ അദ്ധ്യക്ഷയും സവര്‍ക്കറുടെ പേരമകളുമായ ഹിമാനിയാണ്‌ ഇവരുടെ യോഗം വിളിച്ചു ചേര്‍ക്കുക. ''ഞങ്ങളുടെ സന്യാസിനിയെയും (പ്രജ്ഞ) പുരോഹിത്‌ജിയെയും (ശ്രീകാന്ത്‌ പുരോഹിത്‌) കേസില്‍നിന്ന്‌ രക്ഷപ്പെടുത്താനുള്ള വക്കീലന്മാരും ഫണ്ടും ഞങ്ങളുടെ കൈവശമുണ്ട്‌.` പറയുന്നത്‌ ഹിന്ദു രാഷ്ട്രസമിതിയുടെ വക്‌താവ്‌ മിലിന്ദ്‌. താനെയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സേവാ സംഘ്‌ പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ എല്ലാ മാസവും സ്ഥിരമായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്‌. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ ആത്മീയനേതാക്കള്‍ പിടിയിലായപ്പോള്‍ മാത്രമാണ്‌ പരിശീലന ക്യാമ്പിന്‌ മുടക്കം നേരിട്ടത്‌. പ്രജ്ഞയും പാണ്ഡെയും മടങ്ങിയെത്തി ക്യാമ്പിനെ അഭിസംബോധന ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന്‌ ഹിന്ദു സേവാ സംഘിന്റെ നേതാവ്‌ രമേശ്‌ ഗൈക്കര്‍ പറയുന്നു. 1818ല്‍ മറാത്താ സാമ്രാജ്യം തകര്‍ന്നതു മുതല്‍ താനെ, നാസിക്‌, പൂനൈ മേഖലകളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. നിശ്ശബ്ദമായി രാഷ്ട്രവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഇവരെ സഹായിക്കാന്‍ കാലാകാലങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയം പ്രത്യേകം ശ്രദ്ധിച്ചു.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും രാജ്യത്ത്‌ മതങ്ങളെ തമ്മിലടിപ്പിച്ചവരുടെ ഉദ്ദേശ്യമെന്തായിരുന്നു എന്ന കഥാകഥനങ്ങളും ചര്‍ച്ച ചെയ്യുന്നത്‌ വെറുതെയായിരിക്കുന്നു. ഹിന്ദു, മുസ്‌്‌ലിം, ക്രിസ്‌ത്യന്‍ എന്ന രൂപത്തില്‍ മതനിരപേക്ഷ മനസ്സുകള്‍ വ്യക്തമായി വിഭജിക്കപ്പെട്ടാല്‍ അതിന്റെ രാഷ്ട്രീയ ലാഭം ബി.ജെ.പിക്കാണെന്ന്‌ ചരിത്രം പറഞ്ഞുതന്നിട്ടുമുണ്ട്‌. എന്നാല്‍ മലേഗാവ്‌ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു മഹാസഭ ഒഴികെയുള്ള ഹൈന്ദവ സംഘടനകള്‍ സ്വീകരിച്ച മൗനം ഏതൊരു മുസ്‌്‌ലിമിനും ഭയപ്പാടോടെയല്ലാതെ വീക്ഷിക്കാനാവില്ല. ഇന്ത്യയില്‍ നിറയെ വിവരമില്ലാത്ത മതേതരവിശ്വാസികളാണ്‌ ഉള്ളതെന്ന്‌ ബി.ജെ.പി ധരിച്ചുവെച്ചിരിക്കുന്നു. രാജ്യത്ത്‌ വിഭജനത്തിന്റെയും വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകിയ സവര്‍ക്കറുടെ പേരമകള്‍ ഹിമാനി നേതൃത്വം നല്‍കുന്ന അഭിനവ്‌ ഭാരത്‌ എന്ന ഹിന്ദു ഭീകരസംഘടനയും പ്രജ്ഞസിംഗ്‌, ദയാനന്ദ്‌ പാണ്ഡെ തുടങ്ങിയ കാവി വേഷം ധരിച്ച കാപാലികരും ലെഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌ അടക്കം രാജ്യത്തെ ഭദ്രമായി കാക്കുന്നു എന്ന്‌ നാം വിശ്വസിച്ച സൈനികരും ഉള്‍പ്പെട്ട മലേഗാവ്‌ അടക്കമുള്ള സ്‌ഫോടനങ്ങളെപ്പറ്റി ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങള്‍ വന്നു കൊണ്ടിരിക്കെ ഈ ഭീകരന്മാരെ തള്ളിപ്പറയേണ്ട ബി.ജെ.പി അവരെ രക്ഷിക്കാന്‍ രംഗത്തെത്തിയിരിക്കുന്ന കാഴ്‌ച ഭീതിതമാണ്‌. ഹിന്ദുമതത്തിന്റെ ഭാഗമെന്ന്‌ നാം വിശ്വസിച്ച ഒരു സമുദായ സംഘടനയും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പോലും പേടിക്കുന്നത്‌ രാജ്യത്തെ തീവ്രവാദത്തിന്റെ പേരില്‍ അവഹേളനങ്ങള്‍ക്കു മേല്‍ അവഹേളനങ്ങള്‍ ഏറ്റുവാങ്ങിയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന ഒന്നാണ്‌. എന്താണാവോ എന്റെ ഹിന്ദു സുഹൃത്തുക്കളുടെ ഉദ്ദേശ്യം..? തീവ്രവാദവുമായി ബന്ധപ്പെടുന്നത്‌ മൗലവിയായാലും സാധാരണക്കാരനായാലും തുറന്നെതിര്‍ക്കുന്ന ഇസ്‌്‌ലാമിക പണ്ഡിതസമൂഹമാണ്‌ ഇന്ത്യയിലുള്ളത്‌. ഈയവസരത്തിലാണ്‌ മലേഗാവ്‌ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ 100 ലധികം സന്ന്യാസിമാര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു പ്രഖ്യാപിക്കുന്നത്‌. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്‌ വി എച്ച്‌ പിയാണ്‌ നേതൃത്വം നല്‍കുന്നത്‌. ഭീകരസംഘടനായ വി.എച്ച്‌.പിയുടെ കൈയിലെ കളിപ്പാവകളാണോ ആര്‍ഷഭാരതം ഏറെ ആദരിക്കുന്ന സന്യാസി സമൂഹം..?

Saturday, August 23, 2008

എമ്മാന്തരം

ടി.വിയില്‍ ചോദ്യോത്തരം.
ഭര്‍ത്താവിന്‌ തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..

101 ആയത്തുല്‍കുര്‍സി ഓതി
ചെവിയില്‍ ഊതണം.

ആരോ കണ്ണുതട്ടിയതാ
വല്ലാത്ത ക്ഷീണം
ഇനീപ്പൊ എന്തു ചെയ്യും?

കടുകും മുളകും മന്ത്രിച്ചൂതി അടുപ്പിലിട്ട്‌
തിരിഞ്ഞുനോക്കാതെ പോവുക.

തലകറക്കമാണ്‌-
നില്‍ക്കാന്‍ പറ്റുന്നില്ല
എന്തു ചെയ്യും ഉസ്‌താദേ..?

ഫാത്തിഹയും കുല്‍ഹുവള്ളയും ഓതി
കറങ്ങിത്തിരിയുക.

കല്ലായിപ്പാലത്തില്‍ ആക്‌സിഡന്റ്‌
ആളുകിടന്നു പിടയുന്നു..
എന്താപ്പൊ പരിഹാരം?..

ടപ്പേ!
കറണ്ടു പോയി.
എമ്മാന്തരം!.

Thursday, July 10, 2008

രാഷ്ട്രീയക്കാര്‍ യൂണിയനുണ്ടാക്കണം

തെരഞ്ഞെടുപ്പ്‌ കാലമാകുമ്പോള്‍ ഇളിച്ചോണ്ടു വരട്ടെ, കാണിച്ചു കൊടുക്കുന്നുണ്ട്‌; അവര്‌ കോടികള്‌ സമ്പാദിക്കുമെന്നല്ലാതെ ആരെ ജയിപ്പിച്ചാലും നമുക്കെന്തു കിട്ടാനാ..., കൈയില്‍ കുറേ കാലത്തേക്ക്‌ മായാത്ത മഷി പുരണ്ടു എന്നല്ലാതെ ഈ ഏര്‍പ്പാടു കൊണ്ട്‌ ലാഭമെന്താ..., ആരു ജയിച്ചാലും കണക്കാ..., സകല രാഷ്ട്രീയക്കാരും കള്ളന്മാരാ..., നെറികെട്ട വര്‍ഗ്ഗം...
ഈ രാജ്യത്തു നടക്കുന്ന എല്ലാ തെമ്മാടിത്തങ്ങളുടെയും കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്ന്‌ ഒരുപറ്റം ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നു. അരാഷ്ട്രീയവാദവും ജനാധിപത്യവിരോധവും തലക്കു പിടിച്ച ചില ബുദ്ധികൂടിയ ഇനങ്ങള്‍ ഈ ധാരണക്ക്‌ ദിനേനയെന്നോണം ചൂടും ചൂരും പകരുന്നുമുണ്ട്‌. ചാനലുകളിലൂടെയും അല്ലാതെയും പ്രചരിച്ചു കൊണ്ടിരിക്കുന്ന ശരീരപ്രധാനവും സൗന്ദര്യാസ്‌പദവുമായ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ മാത്രമാണ്‌ ലോകമെന്ന്‌ ധരിച്ചുവശായവരും ഇക്കൂട്ടത്തിലുണ്ട്‌. പെണ്ണുങ്ങളാണ്‌ ഏറെയും. ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ ഭാര്യക്കു പോലും വ്യക്തമായ ഒരു രാഷ്ട്രബോധമുണ്ടാവില്ല എന്നത്‌ എത്ര നിഷേധിച്ചാലും വസ്‌തുതയാണ്‌.

സത്യത്തില്‍ ഈ നിഗമനങ്ങളുടെ വസ്‌തുതയെന്താണ്‌...? രാഷ്ട്രീയക്കാര്‍ എല്ലാവരും കള്ളന്മാരാണോ... ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാറുദ്യോഗസ്ഥന്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും കള്ളത്തരങ്ങളും ശുദ്ധ തെമ്മാടിത്തങ്ങളും ചെയ്യുന്നവരാണ്‌... എന്നാല്‍ രാഷ്ട്രീയക്കാര്‍ സാമൂഹ്യസേവകര്‍ എന്ന നിലയില്‍ വ്യക്തിശുദ്ധി പാലിക്കണമെന്നാണ്‌ അലിഖിത നിയമം. ചില രാഷ്ട്രീയക്കാര്‍ക്ക്‌ എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍ അപ്പോള്‍ തന്നെ കോലാഹലങ്ങള്‍ തുടങ്ങും. പ്രധാനമായും മാധ്യമങ്ങളും പിന്നെ എതിര്‍ കക്ഷികളുമാണ്‌ ഇയാള്‍ക്കെതിരെ പടവാളുമായി കലിതുള്ളുക.

രാഷ്ട്രീയം ആരുടെയും ഉപജീവന മാര്‍ഗ്ഗമല്ല. എന്നാല്‍ ചിലര്‍ക്ക്‌ അങ്ങനെ തന്നെയാണ്‌. അവര്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങളുള്ളതിനാല്‍ ചില അഡ്‌ജസ്റ്റുമെന്റുകള്‍ക്ക്‌ വിധേയരാകേണ്ടതായി വരും. എന്നാല്‍ അത്‌ രാജ്യദ്രോഹപരമാകുമ്പോഴും സമൂഹത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത ചെറ്റത്തരമാകുമ്പോഴുമാണ്‌ അപകടമാവുക. അത്തരത്തില്‍ രാജ്യത്തെ ഒറ്റുകയും സ്വന്തം കീശ വീര്‍പ്പിച്ച്‌ ഇത്തിള്‍ക്കണ്ണികളായി ജീവിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചല്ല ഈ കുറിപ്പ്‌. മറിച്ച്‌ യാതൊരു തെറ്റും ചെയ്യാതെ ചില ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയക്കാര്‍ വേട്ടയാടപ്പെടാറുണ്ട്‌. ഇവരുടെ കൂട്ടിന്‌ സ്വന്തം പാര്‍ട്ടിക്കാരെ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല. അത്രമാത്രം ഒറ്റപ്പെടാറുള്ള ഇവര്‍ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലെവിടെയോ വെച്ച്‌ നടത്തം മതിയാക്കാറാണ്‌ പതിവ്‌. ചിലര്‍ കരുത്തോടെ ഉയിര്‍ത്തു വന്ന ചരിത്രവുമുണ്ട്‌.

ചുരുക്കത്തില്‍ ആരോപണവിധേയനായ ഒരാളെ നിജസ്ഥിതികള്‍ അന്വേഷിക്കാതെ അപമാനിക്കാണ്‌ മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കാറുള്ളത്‌. സമൂഹത്തില്‍ ഏതൊരു വിഭാഗവും ജനങ്ങള്‍ക്കു വേണ്ടി ഇത്രയധികം അധ്വാനിക്കുന്നില്ല എന്നതാണ്‌ എന്റെ പക്ഷം. മരണവീട്ടിലും കല്യാണവീട്ടിലുമൊക്കെ ഇവര്‍ ഏതു പാതിരാത്രിയിലും ഓടിയെത്തും. രോഗികളുടെ ജീവന്‍ രക്ഷിക്കേണ്ട നാട്ടിന്‍പുറത്തെ ചില ഡോക്ടര്‍മാര്‍ പോലും രാത്രി പത്തിനു ശേഷം വാതിലില്‍ മുട്ടിയാല്‍ തുറക്കാറില്ല. മനുഷ്യസ്‌നേഹം പ്രസംഗിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. എത്ര പുളിച്ച തെറി പറഞ്ഞാലും ആളുകള്‍ ചില ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ഓടിച്ചെല്ലുന്നത്‌ രാഷ്ട്രീയക്കാരുടെ അടുത്തേക്കാണ്‌.

രാഷ്ട്രീയക്കാരാണെങ്കില്‍ തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈ പതുക്കെ മാറ്റിവെച്ചിട്ട്‌ കൂടെ വരും. അല്ലാത്തവര്‍ ഒന്നു കൂടി മൂടിപ്പുതച്ചുറങ്ങും. അല്ലെങ്കില്‍ നേരം വെളുക്കട്ടെ എന്നു പറയും. (എല്ലാ ജനസാമാന്യത്തെയും ഉദ്ദേശിച്ചല്ല. ചില മാന്യദേഹങ്ങള്‍ മാത്രം). ഈ ചാടി വരവിനെ വോട്ടിനു വേണ്ടിയെന്നോ കള്ളപ്പണമുണ്ടാക്കാനെന്നോ വ്യാഖ്യാനിച്ച്‌ പരിഹസിക്കാനാണ്‌ നമ്മള്‍ ശ്രമിക്കുക. എന്തൊരു കഷ്ടം.!എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന്‌ വിചാരിക്കരുത്‌. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ഒട്ടേറെ പേരെ എനിക്കു നേരിട്ടു പരിചയമുണ്ട്‌. ഭൂരിപക്ഷം ആളുകളും ഇത്തരക്കാരാണെന്നാണ്‌ എന്റെ വിലയിരുത്തല്‍. എല്ലാ മേഖലയിലുമെന്ന പോലെ ഇക്കൂട്ടത്തിലും ചില കള്ളനാണയങ്ങളുണ്ട്‌. അവരെ വേര്‍തിരിച്ചറിയാന്‍ സാധിക്കണം. അതിനു മാധ്യമങ്ങള്‍ക്ക്‌ ഏറെ പങ്കു വഹിക്കാനുണ്ട്‌. എന്നാല്‍ ദൗര്‍ഭാഗ്യം എന്തെന്നാല്‍ ഒരാള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത നുണയെ എത്രത്തോളം പെരുപ്പിക്കാമെന്നു മാത്രമാണ്‌ രാഷ്ട്രീയക്കാരെ സംബന്ധിച്ച ഒന്ന്‌ കൈയില്‍ കിട്ടിയാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. ഏതു പാതിരാത്രിക്കും കൊടും മഴയത്തും വിളിച്ചാല്‍ കൂടെ വരുന്ന രാഷ്ട്രീയക്കാരാണ്‌ എന്റെ നാട്ടിന്‍പുറത്തുള്ളത്‌. അത്‌ ഏതു പാര്‍ട്ടിയിലായാലും.

രാഷ്ട്രീയക്കാരന്റെ ഖദറോ അല്ലെങ്കില്‍ ആ തരത്തിലുള്ള ഏതെങ്കിലും ആദര്‍ശപ്രകടനങ്ങളോ കാണുമ്പോള്‍ തന്നെ ചിലരുടെ നെറ്റിചുളിയും. താന്‍ നടക്കുന്ന റോഡും താനിരിക്കുന്ന വീട്ടിലെ വൈദ്യുതിയും തന്നെ നിയന്ത്രിക്കുന്ന ജീവിത സാഹചര്യങ്ങളും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഈ രാഷ്ട്രത്തിന്റെ കരുതലുകളാണെന്നും അതിലേക്കു തന്നെ നയിച്ചത്‌ വ്യക്തവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളാണെന്നും രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്ന വിഡ്‌ഢികള്‍ ആലോചിക്കാറില്ല. കപടമതേതരത്വമെന്നും കപടജനാധിപത്യമെന്നും മുദ്രപ്പെടുത്തി അവര്‍ തങ്ങളുടെ സുന്ദരമായ വര്‍ഗ്ഗീയ മുഖം നിഷ്‌കളങ്കമായി വെളിപ്പെടുത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം സംവിധാനിച്ച സുഖസൗകര്യങ്ങളുടെ പന്തലിലിരുന്ന്‌ ഏമ്പക്കം വിട്ടിട്ട്‌ ആ അരാഷ്ട്രീയവാദി എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നു പറയും. അയല്‍ രാജ്യങ്ങളില്‍ രാഷ്ട്രീയം വഴിവിട്ടതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരന്തചിത്രങ്ങളൊന്നും അവന്റെ മനസ്സില്‍ പതിഞ്ഞിട്ടേ ഉണ്ടാകില്ല. മറ്റേതു ലോകരാഷ്ട്രങ്ങളേക്കാളും സൗകര്യങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. എന്നിട്ടും ഉളുപ്പില്ലാത്ത അരാഷ്ട്രീയവാദി വിളിച്ചു പറയും.. രാജാക്കന്മാരുടെ കാലം തന്നെയായിരുന്നു നല്ലത്‌. അവനറിഞ്ഞുകൂട; രാജാക്കന്മാരുടെ കാലത്തെ ചരിത്രവും ദുരിതപര്‍വങ്ങളും. പുതിയ തലമുറയിലെ ആളുകള്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകലുന്ന സാഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ കുട്ടികള്‍ രാഷ്ട്രീയം ഔദ്യോഗികമായി പഠിച്ച്‌ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ സ്വീകരിച്ചുതുടങ്ങിയ കാലമാണിത്‌.

ഇന്ത്യയിലും ഇങ്ങനെ പോയാല്‍ ആ സംവിധാനം വേണ്ടി വന്നേക്കും. ആരൊക്കെ കുതിരകയറിയാലും സംയമനം പാലിക്കുന്ന രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും തേജോവധ രാഷ്ട്രീയത്തിനെതിരെ യൂണിയനുണ്ടാക്കണമെന്നാണ്‌ എന്റെ അഭിപ്രായം. ഏതു രാഷ്ട്രീയക്കാരനെപ്പറ്റി എന്തു നെറികേടു പറഞ്ഞാലും മറുപക്ഷത്തിന്റെ പിന്തുണ കിട്ടുമെന്ന ബലത്തിലാണ്‌ രാഷ്ട്രീയക്കാര്‍ ഇങ്ങനെ ചെറുതാകുന്നത്‌. എല്ലാ തൊഴിലാളികള്‍ക്കമുള്ള പോലെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ യൂണിയനുണ്ടാക്കിയാല്‍ ഒരു തെണ്ടിയും ഞൊട്ടാന്‍ വരില്ല.
വാലില്‍ കടി: ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല. രാഷ്ട്ര ബോധമുള്ളവനാണ്‌. എല്ലാ നല്ല രാഷ്ട്രീയക്കാരെയും ഏറെ ബഹുമാനിക്കുന്നു. നിഷ്‌കളങ്കമായി സമൂഹത്തിനു വേണ്ടി അധ്വാനിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന്‌ ബോധ്യമുള്ള വ്യക്തിയാണ്‌. എന്തിന്റെ പേരിലായാലും അവര്‍ അദ്ധ്വാനിക്കുന്നത്‌ കുടുംബം നന്നാക്കാന്‍ മാത്രമല്ല. നമുക്കു കൂടി വേണ്ടിയാണ്‌.

Thursday, July 3, 2008

പ്രിയപ്പെട്ട മാലാഖക്കൊച്ചുങ്ങള്‍ക്ക്‌

കന്യാസ്‌ത്രീകളും പള്ളീലച്ചന്മാരും എത്രയോ ഭാഗ്യവതികളും ഭാഗ്യവാന്മാരുമാണ്‌. അവര്‍ക്കൊരിക്കലും വട്ടിപ്പലിശക്ക്‌ തമിഴന്റെ കൈയില്‍ നിന്ന്‌ പണം വാങ്ങേണ്ട ഗതികേടു വരില്ല. ഭാര്യയുടെ ചിരിക്കുന്ന മുഖം പ്രതീക്ഷിച്ചു ചെന്നാല്‍ കേള്‍ക്കേണ്ടി വരുന്ന പയ്യാരങ്ങളുടെ കൊട്ടകള്‍ തലയില്‍ പേറേണ്ടി വരില്ല. കള്ളുകുടിച്ച്‌ കൂത്താടുകയും ചീട്ടുകളിച്ച്‌ കിനാക്കോട്ടകള്‍ തകര്‍ക്കുകയും ചെയ്‌ത ഭര്‍ത്താവ്‌ പാതിരയാകുമ്പോള്‍ വലിഞ്ഞുകയറി വരുന്നത്‌ കാണേണ്ടി വരില്ല. ദൈവത്തോടല്ലാതെ മറ്റാരോടും യാതൊരു ബാദ്ധ്യതയുമില്ലാതെ അവര്‍ സുഖമായുറങ്ങുന്നു. കര്‍ത്താവിന്റെ മണവാട്ടിമാരും അച്ചന്മാരും ഇടക്കിടെ മാത്രം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ തോല്‍പ്പിക്കാനാവാതെ കുഴയുന്നു. ഇടക്കിടെ മാത്രം.
എന്റെ കൂടെ പാലക്കാട്‌ വിക്ടോറിയയില്‍ പഠിച്ചിരുന്ന തങ്കം പോലത്തെ ഒരു കന്യാസ്‌ത്രീയായിരുന്നു സിസ്‌റ്റര്‍ ഉദയ. ബ്രഹ്മചര്യത്തെപ്പറ്റിയും മറ്റും അവരോട്‌ പലതവണ സംവദിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്‌. അപ്പോഴൊക്കെ ഈ പടുപാപിയുടെ ചില വിവരക്കേടുകളെ അവര്‍ തിരുത്തിയിട്ടുമുണ്ട്‌. എന്നിട്ടുമിപ്പോള്‍ ആ ഭാഗ്യവതികളെപ്പറ്റിത്തന്നെയാകുന്നു എന്റെ ചിന്ത. സ്വര്‍ഗ്ഗത്തിലേക്ക്‌ നേരിട്ട പ്രവേശനം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒരേയൊരു ജീവിതത്തെ ബലി കൊടുത്ത്‌ അവരെന്തിനാണിങ്ങനെ ഉരുകിത്തീരുന്നതെന്ന ചോദ്യം വിടാത്ത വേദനയായി ഇടനെഞ്ചില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ബ്രഹ്മചര്യം അനുഷ്‌ഠിക്കുന്നത്‌ പ്രകൃതി വിരുദ്ധമാണെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. അത്‌ കന്യാസ്‌ത്രീ ആയാലും സംന്യാസി ആയാലും സൂഫിയായാലും. പ്രത്യുല്‍പാദനത്തിനും ലൈംഗികതക്കുമുള്ള സ്വാഭാവികമായ ആഗ്രഹങ്ങള്‍ ലോകത്തിന്റെ നിലനില്‍പ്പിനായി ദൈവം സൃഷ്ടിച്ചതാണെന്ന്‌ വിശ്വസിക്കുന്ന എന്റെയുള്ളില്‍ ഇപ്പോഴും വിയോജിപ്പുള്ള വിഷയമാണ്‌ ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങള്‍.
വിശപ്പു പോലെ അനിവാര്യമായ പ്രകൃതിയുടെ വിളിയാണ്‌ ലൈംഗികതയുമെങ്കില്‍ ജീവിതത്തില്‍ നിന്ന്‌ ദൈവത്തിന്റെ പേരില്‍ അതിനെ പറ്റെ മാറ്റിനിര്‍ത്തുന്നത്‌ തെറ്റാണ്‌. ഗുദസംഭോഗം പോലെയോ അല്ലെങ്കില്‍ സ്വവര്‍ഗ്ഗ രതി പോലെയോ പ്രകൃതിവിരുദ്ധമാണ്‌ ബ്രഹ്മചര്യവും. പ്രകൃതിവിരുദ്ധമെന്നാല്‍ ദൈവത്തെ ധിക്കരിക്കുക എന്നാണ്‌. ദൈവത്തെ ധിക്കരിക്കുന്നവരെങ്ങനെയാണ്‌ സ്വര്‍ഗ്ഗത്തില്‍ പോവുക..?ലോകത്തെ നന്നാക്കിയെടുക്കാന്‍ മെഴുകുതിരി പോലെ ഉരുകുകയാണ്‌ തങ്ങളെന്ന്‌ ഇവര്‍ക്ക്‌ പറയാമായിരിക്കാം. ഇങ്ങനെ ചില മെഴുകുതിരികള്‍ ഉരുകാതെങ്ങനെയാണ്‌ വെളിച്ചമുണ്ടാവുക. ഇരുട്ട്‌ മാറിപ്പോവുക എന്നും ചോദിക്കാം. ശരി തന്നെ. എന്നാലും ആ മെഴുകുതിരികളും പടച്ചോന്റെ പടപ്പുകളല്ലായോ..? അവര്‍ക്കുമില്ലേ മനുഷ്യാവകാശങ്ങള്‍...?
വിശ്വാസത്തിന്റെ പേരില്‍ ഇത്തരം അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി മിണ്ടാന്‍ എന്തുകൊണ്ടാണ്‌ നമ്മുടെ മനുഷ്യാവകാശം മൊത്തമായും ചില്ലറയായും തോളില്‍ തൂക്കി നടക്കുന്നവര്‍ അറയ്‌ക്കുന്നത്‌. കന്യാസ്‌ത്രീകല്‍ക്ക്‌ ആ ജീവിതം തെരെഞ്ഞെടുക്കാനുള്ള പ്രായം പതിനെട്ടു വയസ്സാക്കണമെന്ന ഒരു വിവരക്കേടു മാത്രമാണ്‌ വനിതാ കമ്മീഷന്‍ ഈയിടെ ഉന്നയിച്ചത്‌. സത്യത്തില്‍ പല പല റീത്തുകളായി കിടക്കുന്ന ക്രസ്‌തീയ സഭാന്തരീക്ഷത്തില്‍ ലാറ്റിന്‍ റൈറ്റ്‌ പ്രകാരം കന്യാസ്‌ത്രീയാകാന്‍ 18 വയസ്സാകണം. സീറോ മലബാറില്‍ ഇത്‌ 21 വയസ്സാണ്‌. മലങ്കരയിലും മറ്റും മറ്റുമായി 18 വയസ്സിനപ്പുറം ഇത്തരം തീരുമാനമെടുക്കാന്‍ ഒരു പെണ്‍കുട്ടിക്ക്‌ അവകാശമില്ല. പിന്നെ നേര്‍ച്ചയിടല്‍ പരിപാടി പുരാതന കാലത്തേതാണെന്നണ്‌ എന്റെ പ്രിയപ്പെട്ട മാലാഖക്കോച്ച്‌ സിസ്‌റ്റര്‍ ഉദയയുടെ വെളിപ്പെടുത്തല്‍. ഇന്നത്തെക്കാലത്ത്‌ അങ്ങനെ നേര്‍ച്ചയിട്ടാലൊന്നും പെണ്‍കൊച്ചുങ്ങളെ ഇപ്പണിക്ക്‌ കിട്ടില്ലെന്നും അവര്‍ പറയുന്നു.
മലയാളം വാരികയില്‍ ഇതുസംബന്ധമായി വന്ന രണ്ടു ലേഖനങ്ങളാണ്‌ ഈ കുറിപ്പെഴുതാന്‍ പ്രേരണയായത്‌. പലപ്പോഴും എന്നെ വേട്ടയാടിയിരുന്ന ഒരു പ്രഹേളികയായിരുന്നു ഈ കന്യാസ്‌ത്രീകളെന്നത്‌. മഠത്തില്‍ നിന്നിറങ്ങി കൂട്ടത്തോടെ നടക്കാറുള്ള അവരിലെ ഏറ്റവും സുന്ദരികള്‍ ഏതാണെന്ന്‌ പറഞ്ഞ്‌ ഞാനും കൂട്ടുകാരും തര്‍ക്കിക്കാറുണ്ടായിരുന്നു. എത്ര വഴക്കിട്ടാലും അവരുടെ ജീവിതത്തില്‍ പ്രണയമില്ലല്ലോ എന്ന്‌ ഞങ്ങള്‍ ഒരുമിച്ചിരുന്ന്‌ സങ്കടപ്പെടുകയും ചെയ്യും. പിന്നെയാണ്‌ ഞാന്‍ സി.വി ബാലകൃഷ്‌ണന്റെ കഥയെഴുത്ത്‌ വായിക്കുന്നത്‌. അപ്പോള്‍ ഈ വിഭാഗത്തോടുള്ള സഹാനുഭൂതി ഇത്തിരി കൂടുകയും ചെയ്‌തു. സി.വി ബാലകൃഷ്‌ണന്റെ ആമേന്‍ ആമേന്‍ ഒരു വാര്‍ഷികപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ വിക്ടോറിയാ കോളജിന്റെ ലൈബ്രറിയില്‍ വെച്ച്‌ സിസ്‌റ്റര്‍ ഉദയയെ ഞാന്‍ ഇരുത്തി വായിപ്പിച്ചു. കന്യാസ്‌ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗരതിയെ വളരെ മനോഹരമായാണ്‌ അതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. അതു വായിച്ചപ്പോള്‍ മാത്രമാണ്‌ എനിക്കത്തിരി ആശ്വാസം തോന്നിയത്‌. ഇവര്‍ക്കും ഇത്തരം വികാരങ്ങളുണ്ടെന്ന്‌ ഈയടുത്ത്‌ വര്‍ഷങ്ങളോളം ഒരു ജീപ്പ്‌ ഡ്രൈവറുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന കന്യാസ്‌ത്രീയുടെ ചരിത്രം കൂടി വായിച്ചപ്പോള്‍ ബോധ്യപ്പെട്ടു. അവരുടെ പാപ ബോധവും ദൈവത്തോടുള്ള ഏറ്റുപറച്ചിലുമാണ്‌ എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്‌. ഇത്രയൊക്കെ അപമാനം വരുത്തിവെക്കുന്നതാണ്‌ ലൈംഗികതയെങ്കില്‍ എന്തിനാണു ദൈവമേ ഞങ്ങള്‍ക്കത്‌ തന്നത്‌ എന്നു ചോദിക്കാന്‍ ഒരു കന്യാസ്‌ത്രീ ജനിക്കുമോ ആവോ..?.
മെത്രാന്മാര്‍ മദ്ധ്യകാലത്ത്‌ ശാഠ്യം പിടിച്ചതിനൊക്കെ മാറ്റം വരുത്താന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ വലിയ കഷ്ടമാണ്‌. ചുരുങ്ങിയ പക്ഷം അച്ചന്മാരും കന്യാസ്‌ത്രീകളും പരസ്‌പരമെങ്കിലും ശമനമാകണമെന്നാണ്‌ എന്റെ പക്ഷം. പ്രണയം ദൈവത്തിന്‌ ഒരിക്കലും ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. സോളമന്റെ ഗീതങ്ങള്‍ തന്നെ വലിയ ഉദാഹരണം. പതിനൊന്നാം നൂറ്റാണ്ടില്‍ ബെനഡിക്ട്‌ എട്ടാമന്‍ എന്ന മാര്‍പ്പാപ്പ ബുദ്ധിപൂര്‍വ്വം ഏര്‍പ്പെടുത്തിയതാണ്‌ നിര്‍ബന്ധിത ബ്രഹ്മചര്യമെന്ന ആശയം. ബൈബിളോ മറ്റു കാനോനിക പാരമ്പര്യങ്ങളോ ഇതിനെ അനുകൂലിക്കുന്നില്ല. ആയുഷ്‌ക്കാലം മുഴുവന്‍ കന്യകയായി കഴിയുന്ന പെണ്ണുങ്ങള്‍ വിഡ്‌ഢികളാണെന്ന്‌ ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുരുഷ സ്‌പര്‍ശമേല്‍ക്കാതെ മരിക്കുന്ന കന്യകകളുടെ വ്യര്‍ത്ഥമായ കന്യകാത്വത്തെച്ചൊല്ലി അവളുടെ സഖിമാര്‍ ഒരു നിര്‍ദ്ദിഷ്‌ഠ കാലം അനുഷ്‌ഠാനപരമായി വിലപിക്കാറുണ്ടായിരുന്നു.(ന്യായാധിപന്മാര്‍: 11-37-46).
സഭയുടെ ക്രൂരമായ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഇരകള്‍ കൂടിയാണ്‌ കന്യാസ്‌ത്രീകള്‍. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭാസ്വത്തുക്കളില്‍ അവര്‍ കൂലിയില്ലാതെ പണിയെടുത്തതിന്റെ വിയര്‍പ്പിന്റെ ഉപ്പാണുള്ളത്‌. ദീര്‍ഘകാലമായി വിദേശത്തെ മഠങ്ങളിലേക്ക്‌ കയറ്റി അയക്കുന്ന ബുദ്ധിയുള്ള കന്യാസ്‌ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ വിവരണാതീതമാണ്‌. നിര്‍ബന്ധിത കൂലിയില്ലാ ജോലി എന്നതിനപ്പുറം അവര്‍ അനുഭവിക്കുന്ന മാനസികവ്യഥകളും ഏറെയാണെന്ന്‌ ഫാദര്‍ വടക്കന്‍ എഴുതിയ ആത്മകഥ വ്യക്തമാക്കുന്നുണ്ട്‌ (കുതിപ്പും കിതപ്പും). സഭാനേതൃത്വവും ക്രൈസ്‌തവ സമൂഹവും ഇന്നു കാണുന്ന അഭിവൃദ്ധിയിലേക്ക്‌ കുതിച്ചത്‌ ഈ വര്‍ഗ്ഗത്തിന്റെ നിസ്വാര്‍ത്ഥമായ അദ്ധ്വാനം കൊണ്ടായിരുന്നു.
ഇപ്പോഴാണ്‌ ബിഷപ്പുമാര്‍ക്ക്‌ ബോധോദയമുണ്ടായത്‌. ഇത്രയൊക്കെ പണിയെടുത്തിട്ടും ക്രിസ്‌ത്യാനികള്‍ കുറയുന്നതെന്തു കൊണ്ടാണ്‌...? ഉത്തരം ലളിതം. ഒരു നല്ല വിഭാഗം വൈദികരോ കന്യാസ്‌ത്രീകളോ ആയി വിവാഹജീവിതം ഉപേക്ഷിക്കുന്നു. വിവാഹം കഴിച്ചവര്‍ തന്നെ ഒന്നോ രണ്ടോ കൊച്ചുണ്ടായാല്‍ സംഗതി അവസാനിപ്പിക്കുന്നു. ജനപ്പെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യത്തിനകത്തു നിന്ന്‌ സഭാ നേതൃത്വം ക്രിസ്‌ത്യന്‍ പെണ്ണുങ്ങളോട്‌ ഇനിയെങ്കിലും നന്നായി പെറ്റുകൂട്ടണമെന്ന്‌ പറഞ്ഞതിന്റെ സാരം എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്‌.
കന്യാസ്‌ത്രീകള്‍ മാലാഖകളെപ്പോലെ പരിശുദ്ധിയുള്ളവരാകണമെന്ന്‌ വാശിപിടിക്കേണ്ടത്‌ പ്രകൃതിവരുദ്ധ ലൈംഗികജീവിതം ഉപദേശിച്ചു കൊണ്ടല്ല. മറിച്ച്‌, വിശുദ്ധമായ ആണ്‍, പെണ്‍ ബന്ധത്തിന്റെ മഹിമ പറഞ്ഞിട്ടാണ്‌. ആ ഒരു സുഖമൊന്നും ബ്രഹ്മചര്യത്തിന്‌ കിട്ടില്ല എന്നാണ്‌ ചുരുക്കിപ്പറയേണ്ടത്‌. ആ ഒരു സന്തോഷം ദൈവത്തിന്‌ ബ്രഹ്മചാരികള്‍ നല്‍കുന്നുമില്ല.

Thursday, June 26, 2008

നമ്മുടെ പള്ളികള്‍ ആരുടെ കൈകളില്‍...?

നമ്മുടെ നാട്ടില്‍ ദിനേനയെന്നോണം മുളച്ചു പൊന്തുന്ന പള്ളികള്‍ക്ക്‌ കണക്കില്ല. ഇതെങ്ങനെ എവിടുന്നുണ്ടാകുന്നു എന്നോ പള്ളിപ്പണിക്ക്‌ വരുന്ന വിദേശപ്പണത്തിന്റെ വരവു ചെലവ്‌ കണക്കുകള്‍ എങ്ങനെയൊക്കെയാണെന്നോ ആരുമധികം അന്വേഷിക്കാറില്ല. വീട്ടില്‍ പട്ടിണിയാണെങ്കിലും നാട്ടുകാര്‍ മുണ്ടു മുറുക്കിയെടുത്ത്‌ പള്ളികള്‍ക്ക്‌ സംഭാവന നല്‍കാറുമുണ്ട്‌(വരിസംഖ്യക്കു പുറമെ). കേരളത്തിലെ ഓരോ പളളിക്കും ലക്ഷക്കണക്കിന്‌ രൂപയുടെ ആസ്‌തിയാണുള്ളത്‌. റബ്ബര്‍ തോട്ടങ്ങളും ഷോപ്പിംഗ്‌ കോംപ്ലക്‌സുകളും അക്കൂട്ടത്തില്‍പെടും. എന്നാല്‍ മാരകരോഗം, മാറാവ്യാധി തുടങ്ങി ജനങ്ങളുടെ അടിയന്തരമായ ആവശ്യങ്ങള്‍ക്ക്‌ നാട്ടില്‍ പണം തികയാറുമില്ല. അങ്ങനെ സംഭവിച്ചവന്‍ ഒന്നുകില്‍ കൈനീട്ടണം. അല്ലെങ്കില്‍ പള്ളിപ്പടിയില്‍ മുണ്ട്‌ വിരിക്കണം.
പള്ളികള്‍ മുസ്‌്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നാണ്‌ പൊതുവെ പറയപ്പെടുന്നത്‌. പള്ളികളെക്കുറിച്ച്‌ വിശ്വ കാഥികന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ ഒരു കാര്യമാണ്‌ ഓര്‍മ്മ വരുന്നത്‌. ഒരാള്‍ അദ്ദേഹത്തോട്‌ അടുത്തു വല്ല പള്ളിയുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞു." നേരെ പോയാല്‍ നല്ല സൊയമ്പന്‍ മൂത്രത്തിന്റെ മണമടിക്കും. അവിടെത്തന്നെ." അദ്ദേഹം പറഞ്ഞതില്‍ നിന്ന്‌ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനമായും മനസ്സിലാക്കാവുന്നതാണ്‌. സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന പള്ളിയെ സമുദായം മൂത്രപ്പുരയാക്കി എന്നതാണ്‌ ഒന്ന്‌. ഇന്ന്‌ ജനങ്ങള്‍ക്ക്‌ പള്ളികളെക്കൊണ്ട്‌ എന്തെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ അതു മൂത്രമൊഴിക്കാനുളള സൗകര്യമാണ്‌. ഇത്രയും സ്വസ്ഥമായും പണം മുടക്കാതെയും ലഭിക്കുന്ന സൗകര്യത്തിന്‌ അല്ലാഹുവിന്‌ സ്‌തുതി!.. നേരത്തെ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി വിഭാഗം പുറത്തിറക്കുന്ന മാസികയില്‍ ഈയൊരു ചര്‍ച്ച പൊടിപൊടിച്ചിരുന്നു. ഈ മാറാലപ്പുരകള്‍ ആരു തകര്‍ക്കും എന്നായിരുന്നു അതിന്റെ കവര്‍ സ്റ്റോറി എന്നാണ്‌ ഓര്‍മ്മ. എന്തായാലും വളരെ ഭംഗിയായി കേരളത്തിലെ പള്ളികള്‍ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അതില്‍ വിവരിച്ചിരുന്നു. എന്തു കൊണ്ടോ പയ്യന്മാര്‍ തയ്യാറാക്കിയ കണക്കു പുസ്‌തകമായതിനാല്‍ മതനേതാക്കള്‍ അത്‌ ശ്രദ്ധിക്കുകയോ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുകയോ ഉണ്ടായില്ല.
ആര്‍ക്കും പള്ളിയില്‍ വരാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍തന്നെ വേണ്ടത്ര ഗൗരവത്തില്‍ ഇക്കാര്യങ്ങള്‍ ഉണര്‍ത്തിക്കാനാവുന്നില്ലെന്നുമാണ്‌ ഇമാമുമാര്‍ പറയുന്ന ന്യായം. ശുദ്ധ അസംബന്ധമാണത്‌. പണ്ടൊക്കെ ദര്‍സ്‌ മുഖേനയും പാതിരാപ്രസംഗങ്ങളിലൂടെയും നാട്ടുകാര്‍ക്ക്‌ നല്ല വിവരം കിട്ടിയിരുന്നു. പള്ളിയില്‍ അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ വിധിതീര്‍പ്പുകളുമുണ്ടായിരുന്നു. ഇന്ന്‌ പള്ളിയിലെ മുസ്‌്‌ല്യാരുടെ അടുത്തേക്ക്‌ പ്രശ്‌നപരിഹാരത്തിനു ചെല്ലുന്നവര്‍ തുലോം വിരളമാണ്‌. കാരണമെന്താണെന്ന്‌ അവര്‍ തന്നെ ചിന്തിക്കുന്നത്‌ നന്നായിരിക്കും.
കേവലം അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ നിന്ന്‌ ഈ മാറാലപ്പുരകള്‍ തകര്‍ക്കാന്‍, താന്‍പോരിമയുടെ അഹന്ത കൊണ്ട്‌ അര്‍ഹരല്ലാത്തവരുടെ ആസനത്തിനടിയില്‍ കിടക്കുന്ന പരിശുദ്ധിയെ വീണ്ടെടുക്കാന്‍ പണ്ഡിത പക്ഷത്തു നിന്നാണ്‌ കൂടുതല്‍ ശ്രമങ്ങളുണ്ടാവേണ്ടത്‌. (സഹികെട്ട ദുരവസ്ഥയില്‍ നിന്ന്‌ ഇനി നമുക്ക്‌ അമ്പലങ്ങള്‍ക്ക്‌ തീ കൊളുത്താമെന്നു പറഞ്ഞത്‌ വി.ടി ഭട്ടതിരിപ്പാടാണ്‌).
ഇനി നമുക്ക്‌ നാട്ടുകാര്‍ക്ക്‌ വേണ്ടാത്ത പള്ളികളുടെ അടിക്കല്ലിളക്കാം....
പള്ളികള്‍ സാധാരണക്കാരില്‍ നിന്ന്‌ എത്ര അകലം പാലിക്കാമോ അത്രയും അകലം സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു എന്നതാണ്‌ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ദുര്യോഗം. ആരുടെ വരുതിയിലാണ്‌ അല്ലാഹുവിന്റെ ഭവനങ്ങള്‍ നിലകൊള്ളുന്നത്‌ എന്നതിനെപ്പറ്റി ഒരു സാമാന്യനിരീക്ഷണം ഓരോരുത്തരും നടത്തുന്നത്‌ നല്ലതാണ്‌. ആ നിരീക്ഷണം എത്തിച്ചേരുന്ന സംജ്ഞ എന്താണെങ്കിലും ഇനിപ്പറയുന്ന കാര്യത്തിന്റെ (കഥയല്ല; ഈ ഭൂലോകത്ത്‌ നടന്ന സംഭവം) അടുത്തേക്കെങ്കിലും വിവരമുള്ളവരും പരിസരവ്യാകുലതയുള്ളവരും എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണ്‌.
സംഭവം നടന്നത്‌ ഒട്ടൊന്നും അകലെയല്ല. മലപ്പുറം ജില്ലയില്‍ വിവരം എമ്പാടുമുള്ള മുസ്‌്‌ലിംകള്‍ തിങ്ങിനിറഞ്ഞ്‌ പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌. പലചരക്ക്‌ കച്ചവടവും അത്യാവശ്യം പൊളിയുന്ന മറ്റു പല 'വിസിനസ്സു'കളുമായി കഴിഞ്ഞുകൂടിയിരുന്ന കഥാ നായകന്‍ ഒരു സുപ്രഭാതത്തില്‍ ഗല്‍ഫിലേക്ക്‌ പറക്കുകയാണ്‌. പച്ചപിടിക്കാത്ത തന്റെ സാമ്രാജ്യം പച്ചപിടിപ്പിക്കാനുറച്ചായിരുന്നു ആ പറക്കം. കൃത്യം 2 മാസത്തിനുള്ളില്‍ ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയ ഉടനെ ജീപ്പും കാറും കൂറ്റന്‍ ബംഗ്ലാവും പമികഴിപ്പിച്ചു. മൂന്നു കാറുകള്‍, കൊട്ടാരസദൃശമായ വീട്‌, റബ്ബര്‍ തോട്ടം എന്നിങ്ങനെ ആള്‍ അക്ഷരാര്‍ത്ഥത്തില്‍ കോടീശ്വരനായി. പള്ളിയിലേക്ക്‌ ഇയാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത വാതിലിന്‌ ലക്ഷക്കണക്കിന്‌ ഉറുപ്പിക വിലയുണ്ടായിരുന്നു. അപ്പോഴും ആ നാട്ടില്‍ ദുരിതക്കാരുണ്ടായിരുന്നു. നാശം പിടിച്ച പട്ടിണി വര്‍ഗ്ഗം. അതിലൊരാള്‍ മകളുടെ കല്യാണ ആവശ്യത്തിന്‌ ഒരിക്കല്‍ ഇയാളുടെ അടുത്ത്‌ പിരിവിനു പോയി. അപ്പോള്‍ നമ്മുടെ കഥാപുരുഷന്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. എന്തെന്നാല്‍ ഹേയ്‌.... ഒന്നുകില്‍ നിങ്ങള്‍ക്ക്‌ പണം വേണം. അല്ലെങ്കില്‍ മകള്‍ക്ക്‌ സൗന്ദര്യം വേണം. ഇതു രണ്ടുമില്ലാത്തവന്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണരുത്‌..
ഇങ്ങനെ അരുളിച്ചെയ്‌ത ഈ മഹാന്‍ സ്വന്തം മകളുടെ കല്യാണം സന്തോഷ്‌ മാധവന്‍ നടത്തിയ വിവാഹത്തേക്കാള്‍ പൊടിപൊടിച്ചു. കോഴി, കാട, ബീഫ്‌, കഷ്‌ണം മീന്‍ തുടങ്ങി വിഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. നാട്ടുകാരെന്ന എമ്പോക്കികള്‍ ബഹുസ്സായി അകത്താക്കിയിട്ട്‌ ഇതിയാന്റെ പോരിശയും പറഞ്ഞ്‌ ചായപ്പീടികയില്‍ കുത്തിയിരുന്നു. കഥാനായകന്‍ ഇടക്കിടെ ഗള്‍ഫില്‍ പോയി കീശ നിറയെ പണവുമായി മടങ്ങി.
ഇക്കഥയില്‍ പള്ളിക്കെന്തു കാര്യം എന്നതാണു വിഷയം. കഥാപുരുഷന്‍ ഒരു പുലര്‍ച്ചെ പണക്കാരനായതിനു ശേഷം പള്ളിക്കമ്മിറ്റിക്ക്‌ സംഭാവനകള്‍ ഒഴുക്കി. നാട്ടില്‍ അത്യാവശ്യം സ്വീകാര്യത ലഭിക്കണമെങ്കില്‍ പള്ളിക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കണമെന്ന സാമാന്യതത്വം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗള്‍ഫില്‍ ഇയാള്‍ക്ക്‌ കള്ളക്കടത്താണു പണിയെന്ന്‌ പള്ളിക്കമ്മിറ്റിക്കാര്‍ക്കടക്കം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരസ്യമായ പരസ്യമാണ്‌. (രഹസ്യമല്ല). നിഴല്‍ക്കടത്ത്‌ എന്ന പുതിയ ഭാഷയാണ്‌ ഇതിന്‌ നാട്ടുകാര്‍ ഉപയോഗിച്ചത്‌. എന്തെല്ലാമോ നിഗൂഢതകള്‍ ഇയാളെ ചുറ്റിപ്പറ്റി ഉണ്ടെന്ന്‌ നാട്ടുകാര്‍ക്കറിയാമായിരുന്നു. പറഞ്ഞു പറഞ്ഞിരിക്കെ സംഭവിക്കേണ്ടത്‌ സംഭവിച്ചു. കഥാപുരുഷന്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ടായി.
സംഭവങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഇയാള്‍ പിന്നെയും ഗള്‍ഫില്‍ പോയി. അവിടെ വെച്ച്‌ പലനാള്‍ കള്ളന്‍ അതിമനോഹരമായി പിടിക്കപ്പെട്ടു. ജയിലിലായി. പിന്നെയുള്ള കഥയാണ്‌ രസം. എന്റെ റബ്ബേ... ചിരിച്ച്‌ ചിരിച്ച്‌ .... സംഗതി മറ്റൊന്നുമല്ല. രാജ്യദ്രോഹിയും കൊടും ക്രിമിനലുമായ ഇയാള്‍ക്കു വേണ്ടി പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. ഇയാളെ വേഗം വിട്ടുകിട്ടണേ നാഥാ എന്ന്‌ കരഞ്ഞു പറഞ്ഞു. (എന്നാലല്ലേ പള്ളിക്ക്‌ പിന്നെയും പണം കിട്ടൂ. ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കാനാവൂ.)
ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു വള്ളിപുള്ളി നുണയില്ല. ഇനിയും നൂറുനൂറു നാറിയ കഥകള്‍ ബാക്കിയുണ്ട്‌. ഇളിഭ്യച്ചിരിയുമായി ഹദീസും ആയത്തും കക്ഷത്ത്‌ വെച്ച്‌ ഉറങ്ങിയുണരുകയും സമുദായത്തിന്റെ ചോറ്‌ തിന്ന്‌ തടിച്ചു കൊഴുക്കുകയും ചെയ്‌തവര്‍ക്ക്‌ ബാധ്യതയുണ്ട്‌. എല്ലാമറിഞ്ഞിട്ടും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്ന ഉളുപ്പില്ലാത്ത നാട്ടുകാര്‍ക്കും ബാധ്യതയുണ്ട്‌. എന്തു കൊണ്ട്‌ മമ്മൂട്ടിയുടെ സിനിമ ഹറാമും പള്ളിക്ക്‌ സംഭാവന കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ പണം ഹലാലുമാകുന്നു എന്നു ചിന്തിക്കാന്‍ ഇനിയും നേരമുണ്ട്‌. ഇതിലും സത്യസന്ധമായി പറയാന്‍ എനിക്ക്‌ മനസ്സില്ല. ഇത്തിരി കാലം കൂടി ജീവിക്കണമെന്ന്‌ കൊതിയുണ്ടളിയോ...

വാലില്‍ കടി: സ്‌നേഹ സഹോദരന്മാരേ, ഇതൊരു കാടടച്ചുള്ള വെടിയല്ല. കൊള്ളേണ്ടവര്‍ക്കു മാത്രം കൊള്ളാനുള്ളതാണ്‌. മേത്ത്‌ തട്ടാതിരിക്കണമെന്നുള്ളവര്‍ മാറി നില്‍ക്കുക. നന്മകളുടെ വീണ്ടെടുപ്പിന്‌ പ്രതിജ്ഞാബദ്ധമാവുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

Tuesday, June 24, 2008

മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി

കുണ്ടനിടവഴികള്‍ താണ്ടി ഞങ്ങള്‍ ആ ചെറിയ ഗ്രാമത്തിലെ സീതിക്കോയ ഹാജിയാരുടെ വീട്ടിലെത്തുമ്പോള്‍ നേരം നാലുമണിയായിരുന്നു. നിറയെ ഓറഞ്ച്‌ നിറം വാരിപ്പൂശിയ വലിയ ബംഗ്ലാവിലേക്ക്‌ പോക്കുവെയിലിന്റെ ഓറഞ്ച്‌ കൂടി കലര്‍ന്നപ്പോള്‍ നല്ല ഭംഗി തോന്നി. ഈ ഗ്രാമത്തില്‍ ഒന്നാം നമ്പര്‍ എന്ന്‌ അടയാളപ്പെടുത്താന്‍ ഇതല്ലാതെ വേറെ വീടില്ല. സമീപത്തുള്ളതെല്ലാം ഹാജിയാരുടെ ആശ്രിതന്മാരും അല്ലാത്തവരുമായ ദരിദ്രക്കുഷ്‌മാണ്ടന്മാരാണ്‌. പിരിവിനു ചെന്നാല്‍ ചില ജാതി പെരക്കാര്‌ കതക്‌ കൊട്ടിയടക്കും. അവരുടെ വീടുകളുടെ ഓടുകള്‍ വെയിലേറ്റ്‌ കോടിയിരുന്നു. കണ്ണുകളില്‍ പട്ടിണിപ്പശ ഒട്ടിപ്പിടിച്ചിരുന്നു.
പരിചാരകനാണ്‌ വാതില്‍ തുറന്നത്‌. ഉദ്ദേശം 50,000 രൂപയെങ്കില്‍ ആവാതിലിനു മുടക്കിയിട്ടുണ്ടാവുമെന്ന്‌ കൂടെയുള്ളയാള്‍ എന്റെ കാതില്‍ പിരുപിറുത്തു. നേരത്തെ വിളിച്ചു പറഞ്ഞതു പ്രകാരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ പിരിവിനാണ്‌ ഞങ്ങള്‍ ഹാജിയാരുടെ വീട്ടിലെത്തുന്നത്‌. പിരിവുകാരാണെങ്കിലും ശുജായികളായ മുന്തിയ അതിഥികള്‍ എത്തിയ പോലെയാണ്‌ ഹാജിയാര്‍ ഞങ്ങളോട്‌ പെരുമാറിയത്‌. എന്തു തങ്കപ്പെട്ട മനുഷ്യന്‍ എന്ന്‌ മന്ത്രിക്കാന്‍ തോന്നുന്ന മനസ്സുമായി ഞങ്ങളിരിക്കെ ഡൈനിംഗ്‌ ടേബിളില്‍ സുപ്ര വിരിച്ചു. പത്തിരി, കോഴിക്കറി തുടങ്ങിയ വിഭവങ്ങള്‍ നിരന്നു. ഞങ്ങള്‍ അത്യാവശ്യം കഴിക്കാന്‍ തന്നെ ഒരുങ്ങിയിരുന്നു.
കൂട്ടത്തിലൊരാള്‍ക്ക്‌ ഒരു പ്ലേറ്റിന്റെ കുറവുണ്ടെന്നറിഞ്ഞതും ഹാജിയാര്‍ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ.. "
മൂന്നു വട്ടം ഹജ്ജിനു പോയിട്ടുള്ള ആ മഹാനവറുകളെ അത്ഭുതാദരങ്ങളോടെ നോക്കിയിരിക്കുമ്പോള്‍ എന്റെ കൂടെയുള്ള ചെറുപ്പക്കാരന്‍ സംശയം ചോദിച്ചു.
" ബസിയോ.. അതെന്താ...?"
" അതേന്നേയ്‌. പിഞ്ഞാണം പിഞ്ഞാണം.." വെറ്റിലക്കറ പിടിച്ച പല്ലുകള്‍ പുറത്തേക്കിട്ട്‌ ഇങ്ങനെയൊരു പോയത്തക്കാരന്‍ എന്നോര്‍ത്ത്‌ ഹാജിയാര്‍ ഉറക്കെ ചിരിച്ചു.
ചെറുപ്പക്കാരന്‌ സംഗതി പിടികിട്ടി. ഹാജിയാരും ഞങ്ങളോടൊപ്പം തിന്നു.
നല്ലൊരു തുക സംഭാവനയായി കിട്ടിയ അന്ന്‌ പിരിവു നിര്‍ത്തി ഞങ്ങള്‍ വീടുകളിലേക്ക്‌ മടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്ന്‌ ആ വാചകം മാഞ്ഞില്ല. `എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ..'


ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌.. ലബ്ബൈക്ക്‌ ലാ ശരീക്കലക്ക ലബ്ബൈക്ക്‌ എന്ന പ്രത്യുത്തര മന്ത്രവുമോതി ഹജ്ജിനു പോകാനൊരുങ്ങുകയാണ്‌ ലോകമെങ്ങുമുള്ള മുസ്‌്‌ലിംകള്‍. ഇസ്‌്‌ലാമിന്റെ നിര്‍ബന്ധിത പഞ്ചകര്‍മ്മങ്ങളില്‍ സമ്പത്തുള്ളവര്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കേണ്ട വിശുദ്ധ കര്‍മ്മമാണ്‌ ഹജ്ജ്‌. ആഗോള മനുഷ്യ സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമെന്ന്‌ ഉദ്‌ഘോഷിക്കപ്പെടുന്ന ഹജ്ജിന്‌ പോകാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്ന്‌ മുസ്‌്‌ലിംകള്‍ വിശ്വസിക്കുന്നു.
പണ്ടു കാലത്ത്‌ വേണ്ടപ്പെട്ടവരോടെല്ലാം പറഞ്ഞ്‌ മരിക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു ഹജ്ജിനു പോയിരുന്നത്‌. കാടും മരുഭൂമികളും താണ്ടി ഒട്ടനേകം ദുരിതങ്ങള്‍ സഹിച്ച്‌ ഹജ്ജ്‌ ചെയ്‌തു വന്നവരുടെ സാഹസിക കഥകള്‍ നമ്മള്‍ ഏറെ കേട്ടതാണ്‌. കുടിക്കാനിത്തിരി വെള്ളമില്ലാതെ, കിടിക്കാനൊരിടമില്ലാതെ ഒന്നും രണ്ടും വര്‍ഷം വഴിദൂരം താണ്ടി അവര്‍ വിശുദ്ധ കര്‍മ്മം നിര്‍വ്വഹിച്ചു. പോകുന്ന വഴിയില്‍ തന്നെ ജിവനൊടുങ്ങിയവരുമുണ്ട്‌. പിന്നെ ചിലര്‍ കപ്പലുകളില്‍ കയറി കടല്‍ക്ഷോഭവും മറ്റും സഹിച്ച്‌ എത്തിയാലെത്തി ഇല്ലെങ്കില്‍ ദൈവമാര്‍ഗ്ഗത്തില്‍ മരണം എന്ന നിയ്യത്തോടെ ഹജ്ജിനു പോയി. പഴയ കാരണവന്മാര്‍ ഏറെ പറഞ്ഞതാണ്‌ ആ ദുരിത കഥകള്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമായ വസ്‌തുത എന്തെന്നാല്‍ കച്ചവടകാലത്ത്‌ ഹജ്ജും അങ്ങനെയായിരിക്കുന്നു എന്നതാണ്‌. ചിലര്‍ ടൂറു പോകുന്നതു പോലെയൊരു എന്‍ജോയ്‌മെന്റിനാണ്‌ ഇപ്പോള്‍ ഹജ്ജിനു പോകുന്നത്‌. മറ്റു ചിലര്‍ സര്‍ക്കാരിനെ പറ്റിച്ചും അല്ലാതെയും രണ്ടും മൂന്നും തവണ അവധിക്കാലം ചെലവഴിക്കാനെന്ന പോലെ ഹജ്ജ്‌ ചെയ്യുന്നു.
പൊങ്ങച്ചസഞ്ചി പിരടിയില്‍ തൂക്കി നടക്കുന്നവരും അവരെ പിന്താങ്ങുന്ന മതനേതാക്കളും ഇക്കാര്യത്തില്‍ അപകടകരമായ മൗനം തുടരുന്നത്‌ ദുരൂഹമാണ്‌. പണ്ടൊക്കെ ഹജ്ജിനു പോകാനായി എടങ്ങേറായി സ്വരുക്കൂട്ടിവെച്ച പണം അയല്‍പക്കത്തെ പട്ടിണിക്കാര്‍ക്കു നല്‍കിയ ഒരു സാത്വികന്റെ കഥ പറയാറുണ്ടായിരുന്നു പള്ളിയിലെ ഉസ്‌താദ്‌. അയല്‍വാസിയായ സ്‌ത്രീയും കുട്ടികളും പന്നിയിറച്ചി കഴിക്കുന്നതു വരെയെത്തിയ പട്ടിണിയില്‍ കഴിയുമ്പോള്‍ തനിക്ക്‌ ഹജ്ജ്‌ ചെയ്യേണ്ടെന്നു പറഞ്ഞ ആ മഹാനായ മനുഷ്യന്‍ വളരെയധികം അധ്വാനിച്ചുണ്ടാക്കിയ പൈസ അവര്‍ക്കു കൊടുത്തതായൂം അതുമൂലം അദ്ദേഹത്തിന്‌ ഹജ്ജ്‌ ചെയ്‌തതിന്റെ പ്രതിഫലം ലഭിച്ചതായും ചരിത്രത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കഥ അധികം കേള്‍ക്കാറില്ല. എന്തെന്നാല്‍ ഇക്കഥ പറഞ്ഞ്‌ രാജ്യത്തെ പട്ടിണി മാറ്റാന്‍ മുതിര്‍ന്നവര്‍ തന്നെയാണ്‌ ഇപ്പോള്‍ പണം വാരിക്കൂട്ടുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകളെ തലപ്പത്തിരിക്കുന്നവരും അക്കണക്കില്‍ അമീറുമാരായി പോയി ഹജ്ജ്‌ ചെയ്യുന്നതും. അയല്‍പക്കത്തെ പട്ടിണിക്കാരനെ മറന്ന്‌ നാലും അഞ്ചും തവണ ഹജ്ജിനു പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ മതം അറിയാത്ത ചിലരുടെ വിചാരം. മതം അറിയുന്നവര്‍ സത്യമെന്താണെന്ന്‌ പറയാന്‍ മെനക്കെടുന്നുമില്ല. അയല്‍ക്കാരന്‍ കടവും കള്ളിയുമായി ജീവിതദുരിതങ്ങളില്‍പെട്ട്‌ ആത്മഹത്യയുടെ വക്കത്ത്‌ നില്‍ക്കുമ്പോഴും അയല്‍പക്കത്ത്‌ നാലും അഞ്ചും പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം കെട്ടാച്ചരക്കുകളായി ഇരിക്കുമ്പോള്‍ ഹജ്ജിനു പോകുന്നവന്റെ അനുഷ്‌ഠാനത്തിന്‌ അല്ലാഹു എങ്ങനെയാണ്‌ പ്രതിഫലം നല്‍കുക...?ഒരു പ്രദേശത്തിന്റെ സാമ്പത്തിക സുരക്ഷയെതന്നെ തകിടം മറിക്കുന്ന തരത്തിലേക്ക്‌ ഇപ്പോള്‍ ഹജ്ജ്‌ ഭ്രമം മാറിയിരിക്കുകയാണ്‌. ഏറെ പണം മുടക്കി ചെയ്യുന്ന കര്‍മ്മം എന്ന നിലയില്‍ ഏറെ പ്രതിഫലം പ്രതീക്ഷിക്കുന്ന (അല്ലാഹുവിനോടും ലാഭക്കച്ചവടം) പ്രമാണിമാര്‍ ഒരിക്കലെങ്കിലും നിലത്തേക്കിറങ്ങി ചിന്തിച്ചിട്ടുണ്ടോ താന്‍ ചെയ്യുന്നത്‌ ശരിയാണെന്ന്‌...? ഹജ്ജ്‌ ക്ലാസ്സെടുപ്പ്‌ ആഘോഷമാക്കി മാറ്റാറുള്ളവര്‍ എപ്പോഴെങ്കിലും നിങ്ങള്‍ മക്കയും മദീനയും മനസ്സില്‍ വെച്ച്‌ അയലോക്കത്തേക്കൊന്നു നോക്കൂ എന്ന്‌ പറഞ്ഞിട്ടുണ്ടോ...?
കേരളത്തില്‍ നിന്ന്‌ 29054 പേരാണ്‌ ഇത്തവണ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയത്‌. 5918 ആണ്‌ കേരളത്തിന്റെ ഹജ്ജ്‌ ക്വാട്ട. 1290 അധികം സീറ്റുകള്‍ നല്‍കിയിട്ടും കേരളത്തില്‍ അപേക്ഷ നല്‍കിയ 75 ശതമാനം ആളുകള്‍ക്കും ഇത്തവണ ഹജ്ജിനു പോകാന്‍ കഴിയില്ല. 7208 പേര്‍ക്ക്‌ പോകാന്‍ അനുമതി ലഭിച്ചു. കണക്കു പ്രകാരം 21846 പേര്‍ക്ക്‌ ഇത്തവണ ഹജ്ജ്‌ ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന്‌ മൊത്തം 270962 അപേക്ഷകളാണ്‌ ഇത്തവണ ലഭിച്ചത്‌. ഇന്ത്യയില്‍ നിന്ന്‌ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ഹജ്ജ്‌ സര്‍വ്വീസ്‌ വഴിയും 1,60491 പേര്‍ ഇക്കുറി ഹജ്ജ്‌ ചെയ്യും. 270962 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ്‌ ഇത്രയും പേരെ തെരഞ്ഞെടുത്തത്‌.
ചിലര്‍ രണ്ടും മൂന്നും തവണ ഹജ്ജിനു പോകാന്‍ പെടുന്ന പാടുകള്‍ സങ്കടപ്പെടുത്തുന്നതാണെന്ന്‌ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി. സര്‍ക്കാര്‍ കണക്ക്‌ പ്രകാരം ഒരാള്‍ക്ക്‌ അഞ്ചു വര്‍ഷത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യാന്‍ അവസരമുള്ളൂ. എന്നാല്‍ കഴിഞ്ഞ തവണ ഹജ്ജ്‌ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ല എന്ന്‌ ഉളുപ്പില്ലാതെ പച്ച നുണ എഴുതി ഹജ്ജിനു പോകാന്‍ സീറ്റു തരപ്പെടുത്തുന്നവര്‍ ധാരാളമാണ്‌. കള്ളത്തരം കാണിക്കുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പ്‌ നടത്തിപ്പുകാരുടെ ലീലാവിലാസങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളാത്തതാണ്‌. മതം പഠിപ്പിക്കാന്‍ വേഷം കെട്ടിയിറങ്ങിയവരാണ്‌ ഇത്തരം കളളത്തരങ്ങള്‍ കാണിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ എന്നത്‌ വേദനാജനകം. സ്വകാര്യഹജ്ജ്‌ ഗ്രൂപ്പുകള്‍ പലതും വരുന്ന അഞ്ചു കൊല്ലത്തേക്ക്‌ ബുക്കിംഗ്‌ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുമ്പ്‌ എഴുപതിനായിരം രൂപ ചെലവുണ്ടായിരുന്ന ഹജ്ജ്‌ യാത്രക്ക്‌ ഇപ്പോള്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം വരെ സ്വാകാര്യ ഗ്രൂപ്പുകള്‍ പണം വാ(രു)ങ്ങുന്നുണ്ട്‌. അതു കൊടുക്കാനും ശുജായികള്‍ എമ്പാടുമുണ്ട്‌.
കാലം കണക്കു ചോദിക്കുന്ന ദിവസത്തെപ്പറ്റി ബേജാറോടെ ചിന്തിച്ച്‌ ജീവിക്കുന്ന സമുദായത്തിന്റെ അകത്തു നിന്ന്‌ ഇത്തരം അപകടങ്ങളെപ്പറ്റി പറയാന്‍ ഹജ്ജ്‌ ഗ്രൂപ്പുകാരെ ഭയമില്ലാത്ത ആണുങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നു.