Wednesday, December 30, 2009

കേരള മുസ്‌്‌ലിംകള്‍ വായിച്ചറിയുന്നതിന്‌

ആദ്യം മനുഷ്യരാവുക, പിന്നെ മുസ്‌്‌ലിംകളാവുക, ശേഷം മുജാഹിദും സുന്നിയും ജമാഅത്തും ആവുക.......
സാലിം പടിക്കല്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ മുസ്‌്‌ലിംകളായ മനുഷ്യരും, മനുഷ്യരായ മുസ്‌്‌ലിംകളും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട്‌ പൂര്‍ണമായും യോജിക്കുന്നതോടൊപ്പം ഈ എളിയ ശ്രമത്തിന്‌ ഇത്തരം ഗുസ്‌തികളില്‍ മനംനോന്ത ഒരു മുസ്‌്‌ലിം എന്ന നിലക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. താങ്കള്‍ ഒറ്റയ്‌ക്കല്ല; ഈ നെറികേടുകളെ പ്രതിരോധിക്കാന്‍ പുതിയ തലമുറയിലെ ചിന്തിക്കുന്ന വലിയ വിഭാഗം കൂടെയുണ്ടെന്ന്‌ സ്‌നേഹത്തോടെ അറിയിക്കുന്നു. പ്രസ്‌തുത ലേഖനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. നിങ്ങള്‍ നോക്കൂ. ഡോ. സക്കരിയ്യ സ്വലാഹിയെ, പേരോടിനെ, സലഫിയെ, സുല്ലമിയെ. പാണ്ഡിത്യത്തില്‍ ഒന്നിനൊന്ന്‌ കേമന്മാര്‍. പ്രസംഗകലയില്‍ അഗ്രഗണ്യര്‍. എന്നിട്ടോ? കഴിവുകള്‍ മുഴുവന്‍ തെരി പറയാനും സ്വവാദഗതി സ്ഥാപിച്ചെടുക്കാന്‍ ഏത്‌ പച്ചക്കള്ളവും എഴുന്നള്ളിക്കാനും മാത്രം മാറാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു?
2. കര്‍മ്മശാസ്‌ത്രത്തിലെ ചില സാദൃശ്യങ്ങള്‍ മാറ്റിവെച്ചാല്‍ ഇവര്‍ക്കൊന്നും അല്ലാഹുവിന്റെ മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കാന്‍ ഇവരെ ആരാണ്‌ പഠിപ്പിക്കേണ്ടത്‌? തിമിരം ബാധിച്ച അനുയായി വൃന്ദത്തെ ഹരം പിടിപ്പിക്കലാണോ ദീനീപ്രബോധനം?
3. പരസ്‌പരവൈരാഗ്യം വളര്‍ത്തിയും തെറി പറഞ്ഞും നടന്നാലേ ഈ ആട്ടിന്‍പറ്റത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താന്‍ കഴിയൂ എന്ന്‌ മറ്റാരേക്കാളും ഈ പണ്ഡിതകേസരികള്‍ക്കറിയാം.
4. പടച്ചവനേ, ഈ നാടിന്റെ ഭരണം മുസ്‌്‌ലിംകളുടെ കൈകളില്‍ ഏല്‍പ്പിക്കരുതേ എന്ന്‌ ഓരോ നമസ്‌കാരത്തിലും പ്രാര്‍ത്ഥിക്കുക. അത്ര മഹത്തരമാണ്‌ ഈ വിഭാഗങ്ങളുടെ കുത്തിത്തിരിപ്പുകളും കൊള്ളരുതായ്‌മകളും.
5. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌്‌ലിംകള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരല്ല. അവര്‍ക്ക്‌ വിശ്വാസം, സുന്നി, മുജാഹിദ്‌, ജമാഅത്ത്‌, തബ്‌്‌ലീഗ്‌ പണ്ഡിതന്മാരില്‍ മാത്രം. സുന്നിയാമെങ്കില്‍ എ.പി, അല്ലെങ്കില്‍ ഇകെ, മുജാഹിദാണെങ്കില്‍ മടവൂര്‍, അല്ലെങ്കില്‍ ഔദ്യോഗികം. സംഘടനകളിലും നേതാക്കളിലും മാത്രമാണ്‌ ഇവരുടെ വിശ്വാസം. അതുകൊണ്ട്‌ തന്നെ സംഘടനക്കെതിരെ വരുന്ന ആരോപണങ്ങളെ ഏത്‌ വിധേനയും ചെറുക്കാന്‍ ഒന്നുമറിയാത്ത വിഡ്‌ഢികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു.
6. തങ്ങള്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ കേരളത്തിലെ ഒരു മുസ്‌്‌ലിം ഗ്രൂപ്പും ഇക്കാലം വരെ സമ്മതിച്ചിട്ടില്ല. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും ആളെ കൂട്ടുന്ന റിക്രൂട്ടിംഗ്‌ ഏജന്‍സികളെ പോലെയാണ്‌ അവരുടെ പെരുമാറ്റം. അവരോടൊപ്പം നിന്നാലേ സ്വര്‍ഗ്ഗത്തിലെത്തൂ എന്നാണ്‌ പ്രചാരണം.
7. ലോകാടിസ്ഥാനത്തില്‍ പണ്ടു മുതലേ നിലനില്‍ക്കുന്ന കര്‍മ്മശാസ്‌ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ചാണ്‌ ഇവരുടെ നിലനില്‍പ്പ്‌. സുബ്‌്‌ഹിയിലെ കുനൂത്ത്‌, സ്‌ത്രീ പള്ളിപ്രവേശം, തറാവീഹിലെ റക്‌്‌അത്ത്‌, ജുമുഅയിലെ രണ്ടാം ബാങ്ക്‌, നമസ്‌കാരത്തെല കൈ കെട്ടല്‍ തുടങ്ങിയ നിസ്സാരപ്രശ്‌നങ്ങളെ ഇക്കൂട്ടര്‍ ഭീകരമായി അവതരിപ്പിക്കുന്നു. സലഫി ഭരണമുള്ള മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ തറാവീഹ്‌ ഇരുപതാമെന്നും അവിടെ ജുമുഅക്ക്‌ മുമ്പ്‌ രണ്ട്‌ ബാങ്കാണെന്നും മുജാഹിദുകള്‍ അറിയാമെങ്കിലും ഒളിയ്‌ക്കുന്നു. സലഫി ഭരണത്തില്‍ സഊദിയില്‍ മുസ്‌്‌ലിം സ്‌ത്രീകള്‍ക്ക്‌ പൊതുപ്രവേസം പോയിട്ട്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പോലും ലഭിക്കില്ല. സ്‌ത്രീ പൊതുപ്രവേശം പാടില്ലെന്ന്‌ പര്‍ദ്ദ എന്ന തന്റെ പുസ്‌തകത്തില്‍ ചൂണ്ടിക്കാട്ടിയ സാക്ഷാല്‍ മൗദൂദിയുടെ പുസ്‌തകത്തിന്‌ ജമാഅത്തിന്റെ ഐ.പി.എച്ചില്‍ വിലക്കേര്‍പ്പെടുത്തി. സ്‌ത്രീ പള്ളിയില്‍പോകരുതെന്ന്‌ ഫത്‌വയിറക്കിയ എ.പി ബഹ്‌്‌റൈനിലെ സ്‌ത്രീകള്‍ നമസ്‌കരിക്കുന്ന അറാഭ്‌ പള്ളിയില്‍ ഖുതുബ നടത്തി. നാട്ടിലെത്തിയപ്പോള്‍ ആ പള്ളിയില്‍ പെണ്ണുങ്ങളില്ലെന്ന്‌ പച്ചനുണ പറഞ്ഞു. ആ പള്ളിയെപ്പറ്റി അറിവുള്ള എ.പി സുന്നികളാരും ഉസ്‌താദിനെ ചോദ്യം ചെയ്‌തില്ല. ലോക മുസ്‌്‌ലിംകളുടെ പുണ്യഗേഹങ്ങളായ മസ്‌്‌ജിദുല്‍ ഹറാം, മസ്‌ജിദുന്നബവി, മസ്‌്‌ജിദുല്‍ അഖ്‌സ എന്നിവിടങ്ങളില്‍ സ്‌ത്രീകളും നമസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം സുന്നികള്‍ മറച്ചുവെക്കുന്നു.
8. ഇവിടെ മുജാഹിദുകളോട്‌ തുടര്‍ന്ന്‌ നിസ്‌കരിക്കാന്‍ പാടില്ലെന്നും സലാം പോലും പറയരുതെന്നും ശഠിക്കുന്ന സുന്നികള്‍ മക്കത്തും മദീനത്തുമെത്തിയാല്‍ ഖുനൂത്തോതാത്ത, കൂട്ടുപ്രാര്‍ത്ഥന നടത്താത്ത, ബിസ്‌മി ചൊല്ലാത്ത ഒന്നാം നമ്പര്‍ സലഫികളെ ഇമാമുമാരാക്കി നമസ്‌കരിക്കുന്നു.
9. അധികാരത്തോടും പണത്തോടും തങ്ങളുടെ സ്ഥാപനങ്ങളോടും മാത്രമാണ്‌ മതസംഘടനകള്‍ക്ക്‌ ആര്‍ത്തിയും വിധേയത്വവുമുള്ളത്‌. അല്ലാഹുവിനോടും റസൂലിനോടുമല്ല. തങ്ങളുടെ അധികാരസ്‌താനങ്ങളും പണാധിപത്യവും നഷ്ടപ്പെടുമെന്ന പേടി മാത്രമാണ്‌ ഇവരുടെ ലയനനീക്കങ്ങള്‍ക്കുള്ള പ്രധാന തടസ്സം.
10. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ തന്നെ സ്വന്തം ആവശ്യത്തിന്‌ അതിനെ ഹലാലാക്കുന്നു. മകന്റെ പാര്‍ട്‌ണര്‍ഷിപ്പുള്ള കമാലിയ്യ മെഡിക്കല്‍ കോളേജിനു ഫണ്ട്‌ കണ്ടെത്താന്‍ എ.പി ഉസ്‌താദ്‌ യത്തീം കുട്ടികളുടെ മുതലായ മര്‍കസ്‌ കോംപ്ലക്‌സ്‌ കാത്തലിക്‌ സിറിയന്‍ ബാങ്കില്‍ പണയം വെക്കുന്നു. ആ മര്‍കസ്‌ കോംപ്ലക്‌സില്‍തന്നെ പലിശക്കാര്‍ വിലസുന്ന സ്ഥാപനങ്ങളും. മടവൂര്‍ മുജാഹിദുകള്‍ വര്‍ത്തമാനം പത്രത്തിനുവേണ്ടി യൂണിയന്‍ ബാങ്കില്‍നിന്നും ജീവനക്കാരുടെ ജാമ്യത്തില്‍ ലോണെടുക്കുമ്പോള്‍ പലിശ ഹലാലാകുന്നു.
11. കേരളത്തില്‍ മുസ്‌്‌ലിം തീവ്രവാദം വളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍നിന്ന ജമാഅത്തെ ഇസ്‌്‌ലാമി ജനാധിപത്യത്തെ നൂറുവട്ടം തള്ളിപ്പറഞ്ഞവരാണ്‌. പിന്നീട്‌ നിലപാടു മാറ്റിയിട്ടും ഇന്നേവരെ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിട്ടില്ല.
12. എന്‍.ഡി.എഫിന്റെ തുടക്കത്തില്‍ അതുമായി സഹകരിച്ചതും മഅ്‌ദനി, സിമി, ഐ.എസ്‌.എസ്‌., പി.ഡി.പി തുടങ്ങി എല്ലാതരം തീവ്രവാദ സംഘടനകള്‍ക്കും അതിരുകടന്ന പ്രാധാന്യവും സെന്‍സേഷനും നല്‍കി മീറത്തും സൂറത്തും ഭഗല്‍പൂരും ബാബരി ധ്വംസനവും മുതലെടുത്ത്‌ കേരളത്തിലെ മുസ്‌്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്കടുപ്പിക്കുന്നതില്‍ ജമാഅത്തും മാധ്യമവും ഐ.പി.എച്ചും വലിയ പങ്ക്‌ വഹിച്ചു. കുരങ്ങിനെക്കൊണ്ട്‌ ചുടുചോര്‌ എടുപ്പിച്ച ജമഅത്തുകാരുടെ ഇസ്‌്‌തിരി ചുളിഞ്ഞില്ല; അവര്‍ മേലുനോവുന്ന ഒരു പണിക്കും പോയില്ല.
13. മുസ്‌്‌ലിംകളുടെ യഥാര്‍ത്ഥ ശത്രുക്കളെ കണ്ടെത്തുന്നതില്‍ എന്‍.ഡി.എഫ്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഒരേ സമയം ഇസ്‌്‌ലാമിനും പ്രായോഗിക ബുദ്ധിക്കും നിരക്കുന്നതല്ല. മുസ്‌്‌ലിംകളുടെ ശത്രുക്കള്‍ സവര്‍ണഹിന്ദുവോ ക്രിസ്‌ത്യാനിയോ അല്ല. മുസ്‌്‌ലിം തന്നെയാണ്‌. ഒരു മുസ്‌്‌ലിമിനു പകരം രണ്ടു ഹിന്ദുവിനെ കൊന്നാല്‍ വിജയം മുസ്‌്‌ലിംകള്‍ക്കായി എന്ന ദാരണ ശുദ്ധ അസംബന്ധം.
14. സംഘടനക്ക്‌ ദോഷം വന്നാലും മതത്തിന്‌ ദോഷമോ ചീത്തപ്പേരോ വരുത്താതെ നോക്കാനാണ്‌ മുസ്‌്‌ലിം ശ്രമിക്കേണ്ടത്‌. തെറ്റു കണ്ടാല്‍ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം മുസ്‌്‌ലിം കാണിക്കണം.
15. പരസ്‌പരം കാഫിറാക്കാന്‍ നോക്കാതെ സുബഹിക്ക്‌ ഖുനൂത്ത്‌ സുന്നത്താമെന്ന്‌ അഭിപ്രായപ്പെട്ട ശാഫി ഇമാം തന്റെ ഉസ്‌താദായ ഹനഫി ഇമാമിന്റെ നാട്ടില്‍ പോയപ്പോള്‍ ഖുനൂത്തോതാതെ സുബഹി നിസ്‌കരിച്ച ചരിത്രത്തില്‍ പാഠം ഉള്‍ക്കൊള്ളുക.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കേരളത്തിലെ ഓരോ മുസ്‌്‌ലിമും ചിന്തിക്കേണ്ട വസ്‌തുതകളാണ്‌. പണ്ടത്തെപ്പോലെ പാവങ്ങളായ ജനങ്ങളെ പറ്റിക്കാന്‍ ഇനിയും കഴിയില്ലെന്ന്‌ ഈ മതസംഘടനകള്‍ തിരിച്ചറിയുന്നത്‌ നന്ന്‌. പുതിയ തലമുറ ഭിന്നിപ്പുകളെ കുടഞ്ഞെറിഞ്ഞ്‌ ഒന്നിച്ചുനില്‍ക്കാനും കാര്യങ്ങള്‍ തിരിച്ചറിയാനുമുള്ള പ്രാപ്‌തി സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ ഈ ലേഖനം. തീവ്രവാദം, സങ്കുചിത ചിന്തകള്‍ എന്നിവയുടെ പേരില്‍ -യഥാര്‍ത്ഥത്തില്‍ വഴികാട്ടികളാവേണ്ട മുതിര്‍ന്നവരെയും വിവരമുള്ളവരെയും തിരുത്തേണ്ടി വരിക എന്നത്‌ ഒരുപക്ഷേ, പുതിയ കാലത്തെ മുസ്‌്‌ലിം യുവാക്കളുടെ മാത്രം ദുര്യോഗമായിരിക്കാം. സാലിം പടിക്കലിന്‌ അഭിനന്ദനങ്ങളും പിന്തുണയും.

Tuesday, September 8, 2009

ഗുരുവായൂരപ്പനോട്‌ ഇനി പ്രാര്‍ത്ഥിച്ചിട്ട്‌ കാര്യമില്ല`എന്റെ രോഗം പ്രശ്‌നമല്ല. അതിനേക്കാള്‍ മാരകമാണ്‌ ഈ നാടിന്റെ രോഗം. നമ്മുടെ പഴയ പുഴ നമുക്ക്‌ തിരിച്ചു കിട്ടണം. വായു ശുദ്ധമാവണം`- (അശുദ്ധമായ ചാലിയാറിന്റെ രക്തസാക്ഷിയും സമരനായകനുമായിരുന്ന കെ.എ റഹ്‌്‌മാന്‍ പറഞ്ഞ വാക്കുകള്‍)
ഭരണ പ്രതിപക്ഷങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ ചക്കംകണ്ടത്തുകാരുടെ ദുരിതങ്ങളാണ്‌. മൂന്നു പതിറ്റാണ്ടു കാലത്തെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. മൂന്നു ദശാബ്ദങ്ങളുടെ വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ ചക്കംകണ്ടത്തുകാര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നു. ഇനിയും നമ്മളെങ്ങനെ സുസ്ഥിര ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്നവരാണെന്ന്‌ ഉറക്കെ പറയും...? ഇനിയും നമ്മള്‍ ശുചിത്വകേരളത്തെപ്പറ്റി ഒരു വാക്ക്‌ മിണ്ടുന്നതെങ്ങനെ? മലയാളി ശുദ്ധിയുളളവരാണെന്ന്‌ അഹങ്കാരത്തോടെ പറയാന്‍ ആര്‍ക്കാണ്‌ ചങ്കൂറ്റമുളളത്‌? ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുന്നു.
ജലത്തെ ശുദ്ധമാക്കാന്‍ ശ്രീകൃഷ്‌ണന്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ്‌ കാളിന്ദി പറയുന്നത്‌. കാളിയനെന്ന മഹാസര്‍പ്പം നദിയെ കാളകൂടവിഷം കലക്കി അശുദ്ധമാക്കിയപ്പോള്‍ കൃഷ്‌ണന്‍ കാളിയനോട്‌ പോരാടി നദിയുടെ വിശുദ്ധി വീണ്ടെടുക്കുന്നു. ഗുരുവായൂരപ്പനാണ്‌ ആ കൃഷ്‌ണന്‍. അതേ കൃഷ്‌ണനെ പൂജിച്ചാദരിക്കുന്ന നാട്ടില്‍, നാടിന്റെ നാനാഭാഗത്തു നിന്നും ദിവസവും ആയിരക്കണക്കിന്‌ ഭക്തര്‍ വന്നു ചേരുന്ന നാട്ടില്‍, വിശുദ്ധനഗരമെന്ന്‌ വിശേഷിപ്പിക്കുന്ന ഗുരുവായൂരില്‍ അശുദ്ധിയുടെ ഒഴുക്കുകള്‍ക്ക്‌ കനം വെക്കുകയാണ്‌. ഗുരുവായൂര്‍ നഗര മധ്യത്തിലൂടെ ഒഴുകുന്ന വലിയതോട്ടിലേക്കാണ്‌ മുന്നൂറോളം വരുന്ന ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും മലവും മാലിന്യങ്ങളും ഒഴുക്കി വിടുന്നത്‌. ഈ തോട്‌ 12 കിലോ മീറ്റര്‍ നീളമുളള ചക്കംകണ്ടം കായലില്‍ ചെന്നു ചേരുന്നു. ഐക്യരാഷ്ട്രസഭ ലിസ്‌റ്റ്‌ ചെയ്‌ത രാംസാര്‍ സൈറ്റില്‍പ്പെട്ട തൃശൂര്‍ കോള്‍നിലത്തിന്റെ ഒരു ഭാഗമാണ്‌ ചക്കംകണ്ടം കായല്‍. വേലിയേറ്റവും വേലിയിറക്കവുമുളള കായല്‍. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ ഒരു മാറ്റവും വരുത്താതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട പ്രദേശം. ഈ കായല്‍ സി.ആര്‍.ഇസഡ്‌ സോണില്‍ ഉള്‍പ്പെടുന്നു. `ഗുരുവായൂരില്‍ നിന്ന്‌ ഇപ്പോള്‍ മാലിന്യമൊഴുക്കിവിടുന്ന തോട്ടിലൂടെ ഒരു കാലത്ത്‌ മഴവെള്ളം മാത്രമേ ഒഴുകിയിരുന്നുളളൂ.`പറയുന്നത്‌ ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതി പ്രവര്‍ത്തകന്‍ സി.എഫ്‌ ജോര്‍ജ്ജ്‌ മാഷ്‌. `പണ്ട്‌ ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന കാലത്ത്‌ കാലും മുഖവും കഴുകിയിരുന്ന തോടാണ്‌ ഇന്ന്‌ മലത്തിന്റെ കൂമ്പാരം പേറുന്ന അഴുക്കുചാലായി മാറിയിരിക്കുന്നത്‌. അന്ന്‌ ഇവിടെയൊരു ബോള്‍മിന്റണ്‍ കോര്‍ട്ട്‌ ഉണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളായ മാളിയേക്കല്‍ ഹംസ, ഖാലിദ്‌ എന്നിവരും ഈ കോര്‍ട്ടില്‍ ഒരുപാട്‌ കളിച്ചിട്ടുണ്ട്‌. സന്ധ്യയാകും കഴിയുമ്പോള്‍. കളി കഴിഞ്ഞ്‌ ഞങ്ങള്‍ തോട്ടിലിറങ്ങി കൈകാലുകള്‍ കഴുകുകയും ജലം വായിലാക്കി കുലുക്കുഴിയുകയും ചെയ്യും. പിന്നെ ഓരോ ചായ കുടിക്കും. ഇന്ന്‌ മാലിന്യക്കൂമ്പാരമായ ഈ തോട്ടിലേക്ക്‌ ഒന്നു നോക്കാന്‍ പോലുമാകുന്നില്ല- സി.എഫ്‌ ജോര്‍ജ്ജ്‌ വേദനയോടെ പറയുന്നു. ചെറുപ്പത്തില്‍ കായലില്‍ വഞ്ചിയിറക്കുകയും ചെറിയ മീനുകളെ പിടിക്കുകയും ചെയ്‌തിരുന്ന ഓര്‍മ്മയിലാണ്‌ ജോര്‍ജ്ജ്‌ മാഷ്‌. ഗുരുവായൂര്‍ അമ്പലവും ചക്കംകണ്ടം കായലും തമ്മില്‍ വെറും രണ്ടു കിലോ മീറ്ററിന്റെ ദൂരം മാത്രം. ഹോട്ടലുകളില്‍ നിന്ന്‌ ഒഴുക്കി വിടുന്ന മാലിന്യങ്ങള്‍ കാനകളില്‍ നിന്ന്‌ വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലില്‍ അടിയുന്നു. ഇങ്ങനെ മലം വന്നടിഞ്ഞ്‌ എട്ട്‌ ചതുരശ്രകിലോമീറ്റര്‍ കായല്‍ നശിച്ചു പോയി. കാലക്രമേണ അവിടങ്ങളില്‍ കണ്ടല്‍ചെടികള്‍ വളര്‍ന്നെങ്കിലും പിന്നീട്‌ അതും ചീയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കായലിനെ ആശ്രയിക്കുന്ന ആവാസ വ്യവസ്ഥയായിരുന്നു ഒരു കാലത്ത്‌ ചക്കംകണ്ടത്തുണ്ടായിരുന്നത്‌. മത്സ്യബന്ധനവും, കക്ക വാരലും, പൊക്കാളി കൃഷിയും, ചകിരി തല്ലി നാരാക്കിയും കയറു പിരിക്കലുമെല്ലാം മാലിന്യം വന്ന്‌ മൂടിയതോടെ ഇല്ലാതായി. പ്രധാനമായും മലമാണ്‌ പ്രശ്‌നം. ഹോട്ടലുകളിലും ലോഡ്‌ജുകളിലും നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട ശുചീകരണ സംവിധാനങ്ങളില്ലാത്തതാണ്‌ മാലിന്യം തോട്ടിലേക്ക്‌ ഒഴുക്കിവിടാനുളള കാരണം. മിക്ക ലോഡ്‌ജുകളിലും സെപ്‌റ്റിക്‌ ടാങ്കുകളില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ` അധികാരികള്‍ സമ്മതിക്കാത്തത്‌ ലോഡ്‌ജുകളില്‍ നിന്ന്‌ മാലിന്യം വരുന്നില്ല എന്ന ഈ പ്രശ്‌നമാണ്‌. ഇത്‌ സമ്മതിക്കാതിരുന്നാല്‍ പിന്നെ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, ഗുരുവായൂരിലുളള ഏത്‌ കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌ മാലിന്യം എവിടെ നിന്ന്‌ വരുന്നു എന്നത്‌. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ ഇന്നേവരെ ഒരു നോട്ടീസ്‌ പോലും നല്‍കിയിട്ടില്ല. ഹോട്ടലുടമകളേക്കാള്‍ ഭംഗിയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ നഗരസഭ കാരണം ചക്കംകണ്ടത്തുകാര്‍ക്ക്‌ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ചക്കംകണ്ടം കായല്‍ സമുദ്രവുമായി ബന്ധപ്പെടുന്നത്‌ ചേറ്റുവ ആഴിയിലാണ്‌. ഇതിന്റെ കരയിലൊക്കെ മനുഷ്യ വാസമുണ്ട്‌. 1952ലാണ്‌ ആദ്യമായി ഗുരുവായൂരില്‍ ഒരു ലോഡ്‌ജുണ്ടാകുന്നത്‌. അതിനു മുമ്പ്‌ ഇത്രയേറെ ഭക്തജനത്തിരക്കുണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ അമ്പലത്തിന്‌ ചുറ്റുമുളള വീടുകളിലായിരുന്നു ഭക്തര്‍ താമസിച്ചിരുന്നത്‌. ആ വീടുകളില്‍ നിന്നു തന്നെ അവര്‍ക്ക്‌ ഭക്ഷണവും ലഭിച്ചു. 1957ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷമാണ്‌ ഗുരുവായൂര്‍ വികസനത്തിലേക്ക്‌ വേച്ചു വരുന്നത്‌. കിഴക്കേനട വികസിക്കുന്നത്‌ പാലം വന്നതിനു ശേഷമാണ്‌. അതിനു മുമ്പ്‌ ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഒതുങ്ങിയിരുന്നു. എഴുപതുകളില്‍ അമ്പലത്തിന്‌ തീപ്പിടുത്തമുണ്ടായതില്‍പ്പിന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ വികസനത്തിന്റെ കുതിപ്പു തന്നെ നടന്നു. ഇരുപത്‌ മുപ്പത്‌ വര്‍ഷത്തിനകമാണ്‌ ലോഡ്‌ജുകളില്‍ നിന്ന്‌ പ്രവഹിക്കുന്ന മലം ഇത്ര അപകടാവസ്ഥയിലേത്തുന്നത്‌. ടൗണ്‍ഷിപ്പായിരുന്ന കാലത്ത്‌ 1973ലാണ്‌ സര്‍ക്കാരിന്‌ മാലിന്യത്തിന്റെ ആധിക്യത്തെക്കുറിച്ച്‌ ബോധ്യമാകുന്നത്‌. ലോഡ്‌ജുകള്‍ വര്‍ദ്ധിച്ച്‌ മലം പ്രവഹിക്കുകയും നാറ്റമുണ്ടാവുകയും ചെയ്‌തപ്പോള്‍ ജനങ്ങള്‍ പിറുപിറുത്ത്‌ തുടങ്ങി. മലം വരുന്നത്‌ എവിടെ നിന്നാണെന്ന ഒരു പഠനവും നടത്താതെയാണ്‌ സര്‍ക്കാര്‍ സംസ്‌കരണത്തെക്കുറിച്ച്‌ ചിന്തിച്ചത്‌. നാറ്റം അസഹ്യമായപ്പോഴാണ്‌ ജനം ഇതേപ്പറ്റി കൂടുതല്‍ ബോധവാന്മാരാകുന്നത്‌. പേരറിയാ രോഗങ്ങള്‍ അവരെ വേട്ടയാടുകയും കായലില്‍ ഇറങ്ങാന്‍ പറ്റാതാവുകയും ചെയ്‌തു. ഏതാണ്ട്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യകാലത്ത്‌ ഈ അഴുക്കുചാല്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. പിന്നീട്‌ ഹോട്ടലുകാരുടെ സൗജന്യങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവര്‍ പതുക്കെ പിന്‍വാങ്ങുകയായിരുന്നു. ഈ മാലിന്യം എവിടുന്നുണ്ടാകുന്നു എന്നതിനെപ്പറ്റി ഒരാളും അന്വേഷിക്കാനില്ല. മാലിന്യമുണ്ട്‌ എന്ന്‌ സമ്മതിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ടാണല്ലോ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. സംസ്‌കരണത്തിന്‌ ഞങ്ങള്‍ എതിരല്ല. പക്ഷേ, അത്‌ ഉറവിടത്തില്‍തന്നെയാകണമെന്നാണ്‌ അഴുക്കുചാല്‍ വിരുദ്ധസമിതി ആവശ്യപ്പെടുന്നത്‌. `ജോര്‍ജ്ജ്‌ മാഷ്‌ 'പറയുന്നു.


ഹോട്ടലുകളിലും വ്യാപാരകേന്ദ്രങ്ങളിലും കക്കൂസും മൂത്രപ്പുരയും നിര്‍ബന്ധമാക്കാന്‍ 2007 ഒക്ടോബര്‍ ഏഴിന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ലൈസന്‍സ്‌ ലഭിച്ചുകഴിഞ്ഞാല്‍ കക്കൂസിനും മൂത്രപ്പുരക്കും വേണ്ടി പ്ലാനില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നു എന്ന്‌ കണ്ടെത്തിയതിനെതുടര്‍ന്നാണ്‌ ഉത്തരവ്‌. പ്ലാനില്‍ പറയുന്ന കക്കൂസും മൂത്രപ്പുരയുമില്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യാനും ഉത്തരവില്‍ സ്‌പഷ്ടമായി പറയുന്നു. മാത്രവുമല്ല, ഇടക്കിടെ ഈ സ്ഥലം സന്ദര്‍ശിച്ച്‌ വൃത്തിയെപ്പറ്റി റിപ്പോര്‍ട്ട്‌ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇങ്ങനെയൊരു ഉത്തരവ്‌ വന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുരുവായൂരിന്‌ ഇതൊന്നും ബാധകമല്ല. സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കി ഗുരുവായൂരിലെ ഹോട്ടലുകളിലും ലോഡ്‌ജുകളിലും മാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും അതാണ്‌ പ്രശ്‌നപരിഹാരത്തിനുളള അന്തിമവിധിയെന്നുമാണ്‌ ചക്കംകണ്ടത്തുകാര്‍ പറയുന്നത്‌. ജലത്തില്‍ മലത്തിന്റെ സാന്നിദ്ധ്യം അധികമാകുമ്പോഴാണ്‌ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്‌. എന്നാല്‍ വിശുദ്ധമെന്ന്‌ നാം വിശ്വസിക്കുന്ന ഗുരുവായൂര്‍ അമ്പലക്കുളത്തില്‍ ഒരു സാമ്പിള്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1100 ആണെന്ന്‌ കണ്ടെത്തുകയുണ്ടായി. ഡോക്ടര്‍ മഹാദേവന്‍പിള്ള, ഡോ.സി.എം ജോയ്‌, ഡോ. പി.സി അലക്‌സാണ്ടര്‍ എന്നീ വിദഗ്‌ധസംഘമാണ്‌ ഈ ഞെട്ടിപ്പിക്കുന്ന അളവ്‌ കണ്ടെത്തിയത്‌. കോളിഫോമിന്റെ അളവില്‍ ഇന്ത്യയില്‍ അനുവദനീയമായ കൂടിയ യൂണിറ്റ്‌ 500 ആണ്‌. മനുഷ്യസ്‌നേഹികളായ ആരെയും വേദനിപ്പിക്കുന്നതാണ്‌ ഈ വെളിപ്പെടുത്തല്‍. എന്നാല്‍ പരിശോധനയില്‍ അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ്‌ മുനിസിപ്പാലിറ്റി നിരന്തരമായി പറയുന്നത്‌. കാളാനി മരുതയൂര്‍ കായല്‍തീരങ്ങളിലെ വീടുകളിലെ കുടിവെളള പരിശോധന സംബന്ധിച്ച്‌ 2007 ഒക്ടോബര്‍ 5ന്‌ സി.എഫ്‌ ജോര്‍ജ്ജ്‌ വിവരാവകാശ നിയമപ്രപകാരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എഴുതി ചോദിച്ചതിന്റെ മറുപടിയില്‍ കുടിവെളളത്തില്‍ കലരാവുന്നതിന്റെ പരമാവധിയേക്കാള്‍ കോളിഫോം ഉണ്ടെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. 100 മില്ലി ജലത്തില്‍ 180 കോളിഫോം ബാക്ടീരിയകളുണ്ടെന്നാണ്‌ മെഡിക്കല്‍ ഓഫീസറുടെ കണ്ടെത്തല്‍. കുടിക്കാനായി ഈ കിണറുകളില്‍ നിന്ന്‌ വെളളം ഉപയോഗിക്കരുതെന്നും തറപ്പിച്ച്‌ പറയുന്നു. അധികാരികളും ഹോട്ടല്‍ മാനേജ്‌്‌മെന്റുകളും തമ്മിലുളള അവിഹിതബന്ധമാണ്‌ ഗുരുവായൂരിന്റെ ഈ ദുരവസ്ഥക്ക്‌ കാരണം. ഭക്തജനങ്ങള്‍ തലയില്‍ പുരട്ടുകയും പ്രസാദം പോലെ കുടിക്കുകയും ചെയ്യുന്ന ക്ഷേത്രത്തിനകത്തെ മണിക്കിണര്‍ പോലും മാലിന്യമുക്തമല്ല. അമ്പലക്കുളത്തില്‍ നിന്ന്‌ ഏകദേശം 15 മീറ്റര്‍ ദൂരം മാത്രമാണ്‌ മണിക്കിണറിലേക്കുളള അകലം. ഈ കിണറ്റില്‍ നിന്നാണ്‌ കൃഷ്‌ണവിഗ്രഹം കുളിപ്പിക്കാനും മറ്റും വെള്ളമെടുക്കുന്നത്‌ എന്നത്‌ ഭക്തജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്‌തുതയാണ്‌.


ഗുരുവായൂരിലെ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന്‌ പറയാനുളള ധൈര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലെന്ന്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നു. ഒരു കാലത്ത്‌ നെല്ല്‌ വിളഞ്ഞു കിടന്നിരുന്ന പാടശേഖരങ്ങളാണ്‌ നിങ്ങളീ കാണുന്നതൊക്കെ. മുന്തിയ ഇനം പുഴമത്സ്യങ്ങള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം. കേച്ചേരി, പുന്ന, മറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകള്‍ വന്ന്‌ വല വീശിയും മറ്റും മത്സ്യം കോരിയെടുത്ത്‌ ജീവിച്ചിരുന്നു. സാധാരണക്കാരായ ആളുകള്‍ക്ക്‌ ഒരു കുടം കമിഴ്‌ത്തിയാല്‍ പോലും ധാരാളം മീന്‍ കിട്ടുമായിരുന്നു`. -തൈക്കാട്‌ പഞ്ചായത്ത്‌ അംഗം ലൈലാ ഹംസ പറയുന്നു. പാര്‍ട്ടിയുടെ കെട്ടുകളെപ്പോലും അവഗണിച്ച്‌ ഇവര്‍ നാട്ടുകാര്‍ക്കൊപ്പമുണ്ട്‌. `ഗുരുവായൂര്‍ അങ്ങാടിത്താഴത്ത്‌ പാലത്തിന്റവിടെ വഞ്ചിയിലും മറ്റും തൊഴാനായി ജനങ്ങളെത്തിയിരുന്നു. ഇപ്പോള്‍ അത്‌ നടക്കുന്നില്ല. ജലമാര്‍ക്ഷമുളള കൈമാറ്റ വ്യവസ്ഥയും ഇല്ലാതായി` അവര്‍ പറഞ്ഞു. പാവറട്ടി, വെങ്കിടന്നി, മുല്ലശ്ശേരി, ഒരുമനയൂര്‍, തൈക്കാട്‌ പഞ്ചായത്തുകളുടെ കരകളിലെ വീട്ടു കിണറുകളിലെല്ലാം കോളിഫോം ബാക്ടീരിയകളുടെ അളവ്‌ കൂടി.


വീടിനു മുന്നിലൂടെ ഒഴുകുന്ന മലിനജലം ജീവിതം ദുസ്സഹമാക്കിയപ്പോള്‍ ഒരു വൃദ്ധ സ്‌ത്രീ പത്രലേഖകരോട്‌ പ്രതികരിക്കുന്നത്‌ ശ്രദ്ധിക്കുക. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയൊന്നു പറയാമോ?എന്തൂട്ടാ. നല്ല അവസ്ഥയാണ്‌. എന്തൊക്കെയാണ്‌ ബുദ്ധിമുട്ടുകളുളളത്‌?ഒരു ബുദ്ധിമുട്ടൂല്ലാട്ടോ. ഒരു ബുദ്ധിമുട്ടൂല്ല പൊന്നുമോനേ..കിണറ്റിലെ വെളളം എങ്ങനെയുണ്ട്‌..?നല്ല അന്തസ്സുണ്ട്‌. ഇശ്ശി കുടിച്ചോളൂ. ഞങ്ങള്‌ കുടിച്ച്‌ മതിയാക്കി. ഇനി നിങ്ങള്‌ കുടിച്ചോളൂ.വെളളത്തിന്‌ ഇനിയെന്താ ചെയ്യേണ്ടത്‌?ഒന്നും വേണ്ട. ഇതുവരെ ചെയ്‌തതു തന്നെ ധാരാളം. അഞ്ചാറു മാസായല്ലോ നിങ്ങള്‌ ചെയ്‌ത്‌ തുടങ്ങീട്ട്‌. എവിടുന്നെങ്കിലും ഒരു പൈപ്പ്‌ ഈ ചാകാന്‍ പോണ തളളക്ക്‌ നിങ്ങള്‌ ഇട്ടു തന്നില്ലല്ലോ. ഞ്ഞി മതി ണ്ടാക്ക്യാത്‌.


പ്രതീക്ഷകള്‍ അസ്‌തമിച്ചു പോയതിന്റെ, നിരാശയുടെ ആഴങ്ങളില്‍ കിടന്ന്‌ പിടയുന്നതിന്റെ ശബ്ദമായിരുന്നു ആ വൃദ്ധയില്‍ നിന്ന്‌ കേട്ടത്‌. ചക്കംകണ്ടത്തുകാര്‍ എല്ലാം അറിയുന്നു. 1973 മുതല്‍ ഇന്നേ വരെ ഈ പ്രദേശത്തുകാരെ പറഞ്ഞ്‌ പറ്റിച്ചുകൊണ്ടിരിക്കുന്നവരുടെ ഉളളിലിരുപ്പ്‌ എന്താണെന്ന്‌ ഇവര്‍ക്ക്‌ നന്നായറിയാം. പ്ലാന്റിനു വേണ്ടി പ്രയത്‌നിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ്‌ പണിയെടുക്കുന്നതെന്നും അവര്‍ അറിയുന്നു. കൊടുംവേദനയുടെ കയ്‌പ്പുനീര്‌ ഉളളിലൊതുക്കി ആര്‍ക്കും വേണ്ടാത്തവരായി കഴിഞ്ഞുകൂടുകയാണ്‌ ഈ പ്രദേശത്തുകാര്‍. ഇവരുടെ പെണ്‍മക്കള്‍ക്ക്‌ അറിഞ്ഞുകൊണ്ട്‌ ആരും കല്യാണാലോചനയുമായി വരുന്നില്ല. ആണ്‍കുട്ടികള്‍ക്ക്‌ ആരും വിവാഹം ചെയ്‌ത്‌ കൊടുക്കുന്നുമില്ല. ആരൊക്കെ കൈവെടിഞ്ഞാലും ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ പത്രമാധ്യമങ്ങള്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയും കുറെയൊക്കെ അസ്‌തമിച്ചിരിക്കുന്നു. ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതിക്കുവേണ്ടി പത്രക്കാരെ കാണാനെത്തിയ സാറാജോസഫ്‌ അടക്കമുളള ആക്ടിവിസ്റ്റുകളോട്‌്‌ വളരെ മോശമായാണ്‌ ഗുരുവായൂരിലെ പത്രപ്രതിനിധികള്‍ പ്രതികരിച്ചതെന്ന്‌ സി.എഫ്‌ ജോര്‍ജ്ജ്‌ മാഷ്‌ സാക്ഷ്യപ്പെടുത്തുന്നു. പണാധിപതികളുടെ കാര്യസ്ഥന്മാരായി നടക്കുന്ന ചില നാലാം എസ്റ്റേറ്റുകാരും ഇനി ഇവരെ തിരിഞ്ഞുനോക്കില്ലെന്ന്‌ ഉറപ്പായി. മധ്യവര്‍ക്ഷത്തിനു വേണ്ടിയുളള പാചകപംക്തികളും സൗന്ദര്യമത്സരത്തിന്റെ ലൈവ്‌ റിപ്പോര്‍ട്ടിംഗും മാത്രം മതി കച്ചവടം കൂട്ടാനെന്ന്‌ പത്രങ്ങള്‍ക്ക്‌ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മാലിന്യത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഭയപ്പെടുന്നവര്‍ കൊലക്ക്‌ കൊടുക്കുന്നത്‌ അവനവന്റെ കുട്ടികളെയാണ്‌. ജീവിതം ദുരന്തമാകുമ്പോള്‍ വരും തലമുറ ഈ പിന്തിരിപ്പന്മാരെ തെരുവിലൂടെ ആട്ടിയോടിക്കുമെന്ന കാര്യം ഉറപ്പ്‌. ഹോട്ടലുകള്‍ പൊതുകാനയിലേക്ക്‌ മണ്ണിനടിയിലൂടെ തുറന്നുവിടുന്ന മലം അടക്കമുളള ദ്രവ്യമാലിന്യം പട്ടണം ചുറ്റുന്നുണ്ടെന്ന്‌ അതിഥികള്‍ ആരുമറിയുന്നില്ലെങ്കിലും ഗുരുവായൂരിലുളളവര്‍ക്ക്‌ നന്നായറിയാം, താന്‍ നില്‍ക്കുന്ന തറയ്‌ക്കുതാഴെ ഒന്നുമൊന്നും സമ്മതിക്കാത്ത ചീഞ്ഞ മനസ്സുകളുടെ അഴുക്കാണെന്ന്‌. ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതി ചെയര്‍മാന്‍ എന്‍.പി മനോഹരന്‌ നഗരസഭ നല്‍കിയ വിശദീകരണത്തില്‍ ഇങ്ങനെ പറയുന്നു: കാനയിലേക്ക്‌ മലം ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ആയതിനാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ല. നഗരസഭ ഇങ്ങനെ ആണയിട്ടു പറഞ്ഞാല്‍പ്പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ അഴുക്കുചാല്‍ വേണ്ട. മാലിന്യസംസ്‌കരണ പ്ലാന്റ്‌ വേണ്ട. അഴുക്കുചാല്‍ വിരുദ്ധസമിതിയും വേണ്ട.


മലയാളിക്ക്‌ യഥാര്‍ത്ഥ ഭക്തിയുടെ സത്തയെ പരിചയപ്പെടുത്തിയ സ്വാമി നിത്യചൈതന്യ യതി പറഞ്ഞാലും ഗുരുവായൂരില്‍ മാലിന്യമുണ്ടെന്ന്‌ അധികൃതര്‍ സമ്മതിക്കില്ല. ഗുരു നിത്യചൈതന്യ യതി സുനില്‍ ബാലകൃഷ്‌ണന്‌ 1997 നവംബര്‍ 26ന്‌ എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: പ്രിയപ്പെട്ട ശ്രീ സുനില്‍ ബാലകൃഷ്‌ണന്‌,സുഹൃത്തുക്കളേ, നിങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ നിരന്തര സമ്പര്‍ക്കത്തില്‍ കഴിയുന്ന ജ്യോതിസ്സുകളല്ലേ. എന്നിട്ടും എന്തേ ഈ വിലാപം? ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുകൂടി ഒരിക്കല്‍ പോകേണ്ടി വന്നപ്പോള്‍ മൂക്കിലേക്ക്‌ അടിച്ചുകയറി വന്ന മനുഷ്യ മൂത്രത്തിന്റെ നാറ്റവും വഴിയോരങ്ങളിലെല്ലാം നിറച്ചുവെച്ച ദൃശ്യങ്ങളും കൊണ്ട്‌ വിഷമിക്കുകയാല്‍ അവിടെ നിന്ന്‌ ഓടി രക്ഷപ്പെടേണ്ടി വന്നു. ഗുരുവായൂരില്‍ ജീവിക്കുന്നവര്‍ക്ക്‌ ഹാ കഷ്ടം! നിങ്ങള്‍ മറ്റ്‌ സാംസ്‌കാരികതകള്‍ കൈക്കൊണ്ട്‌ വരുന്നതിനു മുമ്പ്‌ ആ പട്ടണത്തില്‍ മലമൂത്രങ്ങളുടെ ന്യായമായ ശുദ്ധീകരണപ്രക്രിയകള്‍ക്കു വേണ്ടി അവിടുത്തെ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ എന്താണെന്നു വെച്ചാല്‍ അവര്‍ക്ക്‌, ദൈവികത തുടങ്ങുന്നത്‌ ശുദ്ധിയില്‍ നിന്നാണെന്ന്‌ ഒന്നു പറഞ്ഞുകൊടുക്കണം. എനിക്ക്‌ ഇനി ഒരിക്കല്‍പോലും ഗുരുവായൂര്‍ കാണാന്‍ ആഗ്രഹമില്ല. നിങ്ങളോടൊക്കെ എനിക്ക്‌ വലിയ അനുകമ്പയാണ്‌ തോന്നുന്നത്‌. ഗുരുവായൂരപ്പനോട്‌ ഇനി പ്രാര്‍ത്ഥിച്ചിട്ട്‌ കാര്യമില്ല. അദ്ദേഹമായിരിക്കണമല്ലോ ആദ്യം ശ്വാസം മുട്ടി ചത്തത്‌.


സ്‌നേഹത്തോടെ,


നിത്യചൈതന്യയതി


26-11-'൯൭


യതിയുടെ വാക്കുകള്‍ സത്യമാണെന്ന്‌ ഗുരുവായൂര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഒരു വിശുദ്ധനഗരം അശുദ്ധമായിപ്പോയതിന്റെ വേദനയായിരുന്നു ആ വാക്കുകളില്‍. ` നഗരപ്രദേശങ്ങളിലടക്കം മാലിന്യസംസ്‌കരണത്തിന്‌ കേന്ദ്രീകൃത സംവിധാനം ഫലപ്രദമല്ല. മാലിന്യം ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ തന്നെ കഴിയുന്നതും സംസ്‌കരിക്കുന്നതിനുളള സാങ്കേതികവിദ്യ ഇന്ന്‌ ലഭ്യമാണ്‌... കുടിവെളളവും തോടുകളും അരുവികളും നദികളും സംരക്ഷിക്കേണ്ടത്‌ ഭാവിതലമുറയോടുതന്നെ നാം പുലര്‍ത്തേണ്ട ഉത്തരവാദിത്തമാണ്‌. ആയതിനാല്‍ കുടിവെളള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടാതിരിക്കുന്നതിന്‌ പ്രത്യേക പ്രാധാന്യം നല്‍കും.` നിര്‍മ്മല്‍ പുരസ്‌കാരം കേരളത്തിന്‌ അഭിമാനം എന്ന തലക്കെട്ടില്‍ 2008 ഡിസംബര്‍ 7ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലുളളതാണ്‌ മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍.


ഭരണ പ്രതിപക്ഷങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ ചക്കംകണ്ടത്തുകാരുടെ ദുരിതങ്ങളാണ്‌. മൂന്നു പതിറ്റാണ്ടു കാലത്തെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. മൂന്നു ദശാബ്ദങ്ങളുടെ വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ ചക്കംകണ്ടത്തുകാര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നു. ഇനിയും നമ്മളെങ്ങനെ സുസ്ഥിര ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്നവരാണെന്ന്‌ ഉറക്കെ പറയും...? ഇനിയും നമ്മള്‍ ശുചിത്വകേരളത്തെപ്പറ്റി ഒരു വാക്ക്‌ മിണ്ടുന്നതെങ്ങനെ? മലയാളി ശുദ്ധിയുളളവരാണെന്ന്‌ അഹങ്കാരത്തോടെ പറയാന്‍ ആര്‍ക്കാണ്‌ ചങ്കൂറ്റമുളളത്‌? ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുന്നു.

Thursday, January 1, 2009

അടിച്ചു കൊല്ലുന്ന ആഘോഷം


നന്മകളും പ്രത്യാശയുടെ പുതൂകിരണങ്ങളും ആശംസിച്ചു കൊണ്ടാണ്‌ ലോകം പുതിയ വര്‍ഷത്തെ വരവേറ്റത്‌. ആയുസ്സില്‍ ഒരാണ്ട്‌ കുറഞ്ഞു പോയെന്ന സങ്കടമില്ലാതെതന്നെ ലഹരിയിലും അല്ലാതെയും ആഘോഷങ്ങളുടെ കൊടിയേറ്റം നടത്താനും ആരും മറന്നില്ല. എന്നായാലും മരിക്കും എന്നതിനാല്‍ പരമാവധി അറമാദിച്ച്‌ മരിക്കുക എന്നതാണ്‌ പുതിയ തലമുറയിലെ ചിലരെങ്കിലും നയമായി സ്വീകരിച്ചിട്ടുള്ളത്‌. ആഘോഷങ്ങളാവാം. അത്‌ അന്യന്റെ നെഞ്ചത്തു കേറി കുതിര കളിക്കുന്നതാകുമ്പോഴാണ്‌ കളി കാര്യമാകുന്നത്‌. ഈ പുതുവര്‍ഷവും കാര്യമായ ചില കളികളെ കണ്ടു. പണക്കൊഴുപ്പിന്റെ മേളപ്പെരുക്കളുമായാണ്‌ ഉപരിവര്‍ഗ്ഗം പുതുവര്‍ഷത്തെ വരവേറ്റതെങ്കില്‍ മധ്യവര്‍ഗ്ഗം പതിവു പോലെ അടിപിടിയിലും വാറ്റിലും കൂടി. പട്ടിണിപ്പാവങ്ങള്‍ ചോറ്റുപൊതിക്കുള്ള പാച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.
പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ ചെറുകുന്നത്ത്‌ ഹാരിഷ്‌(24) എന്ന യുവാവ്‌ മരിച്ച കാര്യം കേട്ടിട്ടും നമ്മുടെ അറമാദച്ചുള്ളന്മാര്‍ക്ക്‌ മാനസാന്തരമുണ്ടാകാന്‍ വഴിയില്ല. അവര്‍ രണ്ടും കല്‍പിച്ച്‌ ആഘോഷിക്കാനിറങ്ങിയവരല്ലേ. ആഘോഷത്തിനിടെ മുന്നില്‍ വരുന്നത്‌ സ്വന്തം തന്തയാണെങ്കിലും ഒന്നു പൊട്ടിച്ചു വിട്ടില്ലെങ്കില്‍ പിന്നെന്തു ഹരമാണ്‌ ഹേ. രാത്രി രണ്ടു മണിയോടുകൂടിയാണ്‌ പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടങ്ങിയത്‌. മുട്ടുങ്ങലില്‍ ചെറുകുന്നത്ത്‌, പൊട്ടേങ്ങല്‍ കോളനികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അടിപിടിയില്‍ പരാജയപ്പെട്ട ഒരു സംഘം കൂടുതല്‍ ആയുധങ്ങളുമായി മടങ്ങിവന്ന്‌ വീണ്ടും ആക്രമണം നടത്തി. ഹാരിഷ്‌ ഉള്‍പ്പെടെ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാരിഷ്‌ രാവിലെയോടെ മരിക്കുകയായിരുന്നു. സഹജീവിയെ അടിച്ചു കൊല്ലാന്‍ വരെ നമുക്ക്‌ ആഘോഷങ്ങള്‍ ലൈസന്‍സ്‌ തന്നിരിക്കുന്നു. പരമാനന്ദ രസത്തിന്‌ ഇനിയെന്തു വേണം സഖാക്കളേ....
ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ മലയാളി ഓണത്തല്ല്‌ പോലുള്ള ചില സംഗതികള്‍ ചട്ടപ്രകാരം നടത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത്‌ ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും യാതൊരു വിലയുമില്ല. അവനവന്റെ ആത്മസുഖം തന്നെ സുഖം. അപരന്റെ സുഖം ദു:ഖവും. (ഇതെഴുതുന്നയാള്‍ പ്രവാചകനല്ല, ഈ വകുപ്പില്‍ പെട്ട ആത്മവിമര്‍ശനം നടത്തുന്നവന്‍ തന്നെ).മദ്യപിച്ച്‌ വാഹനമോടിച്ച 353 പേര്‍ ഡല്‍ഹിയില്‍ അറസ്‌റ്റിലായി. പുതുവത്സരത്തിന്റെ തലേ ദിവസം രാത്രി നടത്തിയ പ്രത്യേക പരിശോധനയിലാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. 274 പേര്‍ക്കെതിരെ മദ്യപിച്ച്‌ വണ്ടിയോടിച്ചതിനും 79 പേര്‍ക്കെതിരെ അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിനുമാണ്‌ കേസെടുത്തിരിക്കുന്നത്‌. മദ്യപിച്ചിരുന്നു എന്നു സംശയിക്കുന്നവരുടെ രക്‌ത പരിശോധന നടത്തുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2000 രൂപ പിഴയോ മൂന്നു വര്‍ഷം തടവോ ആണ്‌ മദ്യപിച്ച്‌ വാഹനമോടിച്ചാലുള്ള ശിക്ഷ. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 600 ഓളം പേരില്‍ നിന്ന്‌ ഇവിടെ പിഴ ഈടാക്കിയിട്ടുണ്ട്‌്‌. എന്നിട്ടും ഈ ആഘോഷങ്ങള്‍ക്ക്‌ ലവലേശം കുറവില്ല എന്നത്‌ രസകരം.
എന്നു മുതലാണ്‌ മലയാളി ന്യൂ ഇയര്‍ ഇത്ര മട്ടത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്‌... എന്നു മുതലാണ്‌ കോഴിക്കോട്‌ കടപ്പുറത്തും കോവളത്തും ഇത്രയധികം ആളുകള്‍ അര്‍ദ്ധരാത്രിയിലും പുതുവര്‍ഷമാഘോഷിക്കാന്‍ വരാന്‍ തുടങ്ങിയത്‌... ചുമ്മാ ചിന്തിച്ചു നോക്കുക. ചിരിച്ചു മണ്ണു കപ്പും. നല്ല കാര്യങ്ങളില്‍ പാശ്ചാത്യനെ അനുകരിക്കാന്‍ നോക്കരുത്‌. ചീത്തകളൊക്കെ കൊത്തിവലിക്കുക. ഏറ്റവും വൃത്തിവെടിപ്പെഴുക. നെഗളിക്കുക. ഹാഹഹ....