Tuesday, June 24, 2008

മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി

കുണ്ടനിടവഴികള്‍ താണ്ടി ഞങ്ങള്‍ ആ ചെറിയ ഗ്രാമത്തിലെ സീതിക്കോയ ഹാജിയാരുടെ വീട്ടിലെത്തുമ്പോള്‍ നേരം നാലുമണിയായിരുന്നു. നിറയെ ഓറഞ്ച്‌ നിറം വാരിപ്പൂശിയ വലിയ ബംഗ്ലാവിലേക്ക്‌ പോക്കുവെയിലിന്റെ ഓറഞ്ച്‌ കൂടി കലര്‍ന്നപ്പോള്‍ നല്ല ഭംഗി തോന്നി. ഈ ഗ്രാമത്തില്‍ ഒന്നാം നമ്പര്‍ എന്ന്‌ അടയാളപ്പെടുത്താന്‍ ഇതല്ലാതെ വേറെ വീടില്ല. സമീപത്തുള്ളതെല്ലാം ഹാജിയാരുടെ ആശ്രിതന്മാരും അല്ലാത്തവരുമായ ദരിദ്രക്കുഷ്‌മാണ്ടന്മാരാണ്‌. പിരിവിനു ചെന്നാല്‍ ചില ജാതി പെരക്കാര്‌ കതക്‌ കൊട്ടിയടക്കും. അവരുടെ വീടുകളുടെ ഓടുകള്‍ വെയിലേറ്റ്‌ കോടിയിരുന്നു. കണ്ണുകളില്‍ പട്ടിണിപ്പശ ഒട്ടിപ്പിടിച്ചിരുന്നു.
പരിചാരകനാണ്‌ വാതില്‍ തുറന്നത്‌. ഉദ്ദേശം 50,000 രൂപയെങ്കില്‍ ആവാതിലിനു മുടക്കിയിട്ടുണ്ടാവുമെന്ന്‌ കൂടെയുള്ളയാള്‍ എന്റെ കാതില്‍ പിരുപിറുത്തു. നേരത്തെ വിളിച്ചു പറഞ്ഞതു പ്രകാരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ പിരിവിനാണ്‌ ഞങ്ങള്‍ ഹാജിയാരുടെ വീട്ടിലെത്തുന്നത്‌. പിരിവുകാരാണെങ്കിലും ശുജായികളായ മുന്തിയ അതിഥികള്‍ എത്തിയ പോലെയാണ്‌ ഹാജിയാര്‍ ഞങ്ങളോട്‌ പെരുമാറിയത്‌. എന്തു തങ്കപ്പെട്ട മനുഷ്യന്‍ എന്ന്‌ മന്ത്രിക്കാന്‍ തോന്നുന്ന മനസ്സുമായി ഞങ്ങളിരിക്കെ ഡൈനിംഗ്‌ ടേബിളില്‍ സുപ്ര വിരിച്ചു. പത്തിരി, കോഴിക്കറി തുടങ്ങിയ വിഭവങ്ങള്‍ നിരന്നു. ഞങ്ങള്‍ അത്യാവശ്യം കഴിക്കാന്‍ തന്നെ ഒരുങ്ങിയിരുന്നു.
കൂട്ടത്തിലൊരാള്‍ക്ക്‌ ഒരു പ്ലേറ്റിന്റെ കുറവുണ്ടെന്നറിഞ്ഞതും ഹാജിയാര്‍ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ.. "
മൂന്നു വട്ടം ഹജ്ജിനു പോയിട്ടുള്ള ആ മഹാനവറുകളെ അത്ഭുതാദരങ്ങളോടെ നോക്കിയിരിക്കുമ്പോള്‍ എന്റെ കൂടെയുള്ള ചെറുപ്പക്കാരന്‍ സംശയം ചോദിച്ചു.
" ബസിയോ.. അതെന്താ...?"
" അതേന്നേയ്‌. പിഞ്ഞാണം പിഞ്ഞാണം.." വെറ്റിലക്കറ പിടിച്ച പല്ലുകള്‍ പുറത്തേക്കിട്ട്‌ ഇങ്ങനെയൊരു പോയത്തക്കാരന്‍ എന്നോര്‍ത്ത്‌ ഹാജിയാര്‍ ഉറക്കെ ചിരിച്ചു.
ചെറുപ്പക്കാരന്‌ സംഗതി പിടികിട്ടി. ഹാജിയാരും ഞങ്ങളോടൊപ്പം തിന്നു.
നല്ലൊരു തുക സംഭാവനയായി കിട്ടിയ അന്ന്‌ പിരിവു നിര്‍ത്തി ഞങ്ങള്‍ വീടുകളിലേക്ക്‌ മടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്ന്‌ ആ വാചകം മാഞ്ഞില്ല. `എടീ ഞാന്‍ മൂന്നാമത്‌ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ..'


ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌.. ലബ്ബൈക്ക്‌ ലാ ശരീക്കലക്ക ലബ്ബൈക്ക്‌ എന്ന പ്രത്യുത്തര മന്ത്രവുമോതി ഹജ്ജിനു പോകാനൊരുങ്ങുകയാണ്‌ ലോകമെങ്ങുമുള്ള മുസ്‌്‌ലിംകള്‍. ഇസ്‌്‌ലാമിന്റെ നിര്‍ബന്ധിത പഞ്ചകര്‍മ്മങ്ങളില്‍ സമ്പത്തുള്ളവര്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കേണ്ട വിശുദ്ധ കര്‍മ്മമാണ്‌ ഹജ്ജ്‌. ആഗോള മനുഷ്യ സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമെന്ന്‌ ഉദ്‌ഘോഷിക്കപ്പെടുന്ന ഹജ്ജിന്‌ പോകാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്ന്‌ മുസ്‌്‌ലിംകള്‍ വിശ്വസിക്കുന്നു.
പണ്ടു കാലത്ത്‌ വേണ്ടപ്പെട്ടവരോടെല്ലാം പറഞ്ഞ്‌ മരിക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു ഹജ്ജിനു പോയിരുന്നത്‌. കാടും മരുഭൂമികളും താണ്ടി ഒട്ടനേകം ദുരിതങ്ങള്‍ സഹിച്ച്‌ ഹജ്ജ്‌ ചെയ്‌തു വന്നവരുടെ സാഹസിക കഥകള്‍ നമ്മള്‍ ഏറെ കേട്ടതാണ്‌. കുടിക്കാനിത്തിരി വെള്ളമില്ലാതെ, കിടിക്കാനൊരിടമില്ലാതെ ഒന്നും രണ്ടും വര്‍ഷം വഴിദൂരം താണ്ടി അവര്‍ വിശുദ്ധ കര്‍മ്മം നിര്‍വ്വഹിച്ചു. പോകുന്ന വഴിയില്‍ തന്നെ ജിവനൊടുങ്ങിയവരുമുണ്ട്‌. പിന്നെ ചിലര്‍ കപ്പലുകളില്‍ കയറി കടല്‍ക്ഷോഭവും മറ്റും സഹിച്ച്‌ എത്തിയാലെത്തി ഇല്ലെങ്കില്‍ ദൈവമാര്‍ഗ്ഗത്തില്‍ മരണം എന്ന നിയ്യത്തോടെ ഹജ്ജിനു പോയി. പഴയ കാരണവന്മാര്‍ ഏറെ പറഞ്ഞതാണ്‌ ആ ദുരിത കഥകള്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമായ വസ്‌തുത എന്തെന്നാല്‍ കച്ചവടകാലത്ത്‌ ഹജ്ജും അങ്ങനെയായിരിക്കുന്നു എന്നതാണ്‌. ചിലര്‍ ടൂറു പോകുന്നതു പോലെയൊരു എന്‍ജോയ്‌മെന്റിനാണ്‌ ഇപ്പോള്‍ ഹജ്ജിനു പോകുന്നത്‌. മറ്റു ചിലര്‍ സര്‍ക്കാരിനെ പറ്റിച്ചും അല്ലാതെയും രണ്ടും മൂന്നും തവണ അവധിക്കാലം ചെലവഴിക്കാനെന്ന പോലെ ഹജ്ജ്‌ ചെയ്യുന്നു.
പൊങ്ങച്ചസഞ്ചി പിരടിയില്‍ തൂക്കി നടക്കുന്നവരും അവരെ പിന്താങ്ങുന്ന മതനേതാക്കളും ഇക്കാര്യത്തില്‍ അപകടകരമായ മൗനം തുടരുന്നത്‌ ദുരൂഹമാണ്‌. പണ്ടൊക്കെ ഹജ്ജിനു പോകാനായി എടങ്ങേറായി സ്വരുക്കൂട്ടിവെച്ച പണം അയല്‍പക്കത്തെ പട്ടിണിക്കാര്‍ക്കു നല്‍കിയ ഒരു സാത്വികന്റെ കഥ പറയാറുണ്ടായിരുന്നു പള്ളിയിലെ ഉസ്‌താദ്‌. അയല്‍വാസിയായ സ്‌ത്രീയും കുട്ടികളും പന്നിയിറച്ചി കഴിക്കുന്നതു വരെയെത്തിയ പട്ടിണിയില്‍ കഴിയുമ്പോള്‍ തനിക്ക്‌ ഹജ്ജ്‌ ചെയ്യേണ്ടെന്നു പറഞ്ഞ ആ മഹാനായ മനുഷ്യന്‍ വളരെയധികം അധ്വാനിച്ചുണ്ടാക്കിയ പൈസ അവര്‍ക്കു കൊടുത്തതായൂം അതുമൂലം അദ്ദേഹത്തിന്‌ ഹജ്ജ്‌ ചെയ്‌തതിന്റെ പ്രതിഫലം ലഭിച്ചതായും ചരിത്രത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കഥ അധികം കേള്‍ക്കാറില്ല. എന്തെന്നാല്‍ ഇക്കഥ പറഞ്ഞ്‌ രാജ്യത്തെ പട്ടിണി മാറ്റാന്‍ മുതിര്‍ന്നവര്‍ തന്നെയാണ്‌ ഇപ്പോള്‍ പണം വാരിക്കൂട്ടുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകളെ തലപ്പത്തിരിക്കുന്നവരും അക്കണക്കില്‍ അമീറുമാരായി പോയി ഹജ്ജ്‌ ചെയ്യുന്നതും. അയല്‍പക്കത്തെ പട്ടിണിക്കാരനെ മറന്ന്‌ നാലും അഞ്ചും തവണ ഹജ്ജിനു പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ മതം അറിയാത്ത ചിലരുടെ വിചാരം. മതം അറിയുന്നവര്‍ സത്യമെന്താണെന്ന്‌ പറയാന്‍ മെനക്കെടുന്നുമില്ല. അയല്‍ക്കാരന്‍ കടവും കള്ളിയുമായി ജീവിതദുരിതങ്ങളില്‍പെട്ട്‌ ആത്മഹത്യയുടെ വക്കത്ത്‌ നില്‍ക്കുമ്പോഴും അയല്‍പക്കത്ത്‌ നാലും അഞ്ചും പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം കെട്ടാച്ചരക്കുകളായി ഇരിക്കുമ്പോള്‍ ഹജ്ജിനു പോകുന്നവന്റെ അനുഷ്‌ഠാനത്തിന്‌ അല്ലാഹു എങ്ങനെയാണ്‌ പ്രതിഫലം നല്‍കുക...?ഒരു പ്രദേശത്തിന്റെ സാമ്പത്തിക സുരക്ഷയെതന്നെ തകിടം മറിക്കുന്ന തരത്തിലേക്ക്‌ ഇപ്പോള്‍ ഹജ്ജ്‌ ഭ്രമം മാറിയിരിക്കുകയാണ്‌. ഏറെ പണം മുടക്കി ചെയ്യുന്ന കര്‍മ്മം എന്ന നിലയില്‍ ഏറെ പ്രതിഫലം പ്രതീക്ഷിക്കുന്ന (അല്ലാഹുവിനോടും ലാഭക്കച്ചവടം) പ്രമാണിമാര്‍ ഒരിക്കലെങ്കിലും നിലത്തേക്കിറങ്ങി ചിന്തിച്ചിട്ടുണ്ടോ താന്‍ ചെയ്യുന്നത്‌ ശരിയാണെന്ന്‌...? ഹജ്ജ്‌ ക്ലാസ്സെടുപ്പ്‌ ആഘോഷമാക്കി മാറ്റാറുള്ളവര്‍ എപ്പോഴെങ്കിലും നിങ്ങള്‍ മക്കയും മദീനയും മനസ്സില്‍ വെച്ച്‌ അയലോക്കത്തേക്കൊന്നു നോക്കൂ എന്ന്‌ പറഞ്ഞിട്ടുണ്ടോ...?
കേരളത്തില്‍ നിന്ന്‌ 29054 പേരാണ്‌ ഇത്തവണ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയത്‌. 5918 ആണ്‌ കേരളത്തിന്റെ ഹജ്ജ്‌ ക്വാട്ട. 1290 അധികം സീറ്റുകള്‍ നല്‍കിയിട്ടും കേരളത്തില്‍ അപേക്ഷ നല്‍കിയ 75 ശതമാനം ആളുകള്‍ക്കും ഇത്തവണ ഹജ്ജിനു പോകാന്‍ കഴിയില്ല. 7208 പേര്‍ക്ക്‌ പോകാന്‍ അനുമതി ലഭിച്ചു. കണക്കു പ്രകാരം 21846 പേര്‍ക്ക്‌ ഇത്തവണ ഹജ്ജ്‌ ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന്‌ മൊത്തം 270962 അപേക്ഷകളാണ്‌ ഇത്തവണ ലഭിച്ചത്‌. ഇന്ത്യയില്‍ നിന്ന്‌ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ഹജ്ജ്‌ സര്‍വ്വീസ്‌ വഴിയും 1,60491 പേര്‍ ഇക്കുറി ഹജ്ജ്‌ ചെയ്യും. 270962 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ്‌ ഇത്രയും പേരെ തെരഞ്ഞെടുത്തത്‌.
ചിലര്‍ രണ്ടും മൂന്നും തവണ ഹജ്ജിനു പോകാന്‍ പെടുന്ന പാടുകള്‍ സങ്കടപ്പെടുത്തുന്നതാണെന്ന്‌ ഒരു സുഹൃത്ത്‌ പറയുകയുണ്ടായി. സര്‍ക്കാര്‍ കണക്ക്‌ പ്രകാരം ഒരാള്‍ക്ക്‌ അഞ്ചു വര്‍ഷത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യാന്‍ അവസരമുള്ളൂ. എന്നാല്‍ കഴിഞ്ഞ തവണ ഹജ്ജ്‌ ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ല എന്ന്‌ ഉളുപ്പില്ലാതെ പച്ച നുണ എഴുതി ഹജ്ജിനു പോകാന്‍ സീറ്റു തരപ്പെടുത്തുന്നവര്‍ ധാരാളമാണ്‌. കള്ളത്തരം കാണിക്കുന്ന സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പ്‌ നടത്തിപ്പുകാരുടെ ലീലാവിലാസങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളാത്തതാണ്‌. മതം പഠിപ്പിക്കാന്‍ വേഷം കെട്ടിയിറങ്ങിയവരാണ്‌ ഇത്തരം കളളത്തരങ്ങള്‍ കാണിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ എന്നത്‌ വേദനാജനകം. സ്വകാര്യഹജ്ജ്‌ ഗ്രൂപ്പുകള്‍ പലതും വരുന്ന അഞ്ചു കൊല്ലത്തേക്ക്‌ ബുക്കിംഗ്‌ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുമ്പ്‌ എഴുപതിനായിരം രൂപ ചെലവുണ്ടായിരുന്ന ഹജ്ജ്‌ യാത്രക്ക്‌ ഇപ്പോള്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം വരെ സ്വാകാര്യ ഗ്രൂപ്പുകള്‍ പണം വാ(രു)ങ്ങുന്നുണ്ട്‌. അതു കൊടുക്കാനും ശുജായികള്‍ എമ്പാടുമുണ്ട്‌.
കാലം കണക്കു ചോദിക്കുന്ന ദിവസത്തെപ്പറ്റി ബേജാറോടെ ചിന്തിച്ച്‌ ജീവിക്കുന്ന സമുദായത്തിന്റെ അകത്തു നിന്ന്‌ ഇത്തരം അപകടങ്ങളെപ്പറ്റി പറയാന്‍ ഹജ്ജ്‌ ഗ്രൂപ്പുകാരെ ഭയമില്ലാത്ത ആണുങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നു.

8 comments:

‍ശരീഫ് സാഗര്‍ said...

അയല്‍പക്കത്തെ പട്ടിണിക്കാരനെ മറന്ന്‌ നാലും അഞ്ചും തവണ ഹജ്ജിനു പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ്‌ മതം അറിയാത്ത ചിലരുടെ വിചാരം. മതം അറിയുന്നവര്‍ സത്യമെന്താണെന്ന്‌ പറയാന്‍ മെനക്കെടുന്നുമില്ല. അയല്‍ക്കാരന്‍ കടവും കള്ളിയുമായി ജീവിതദുരിതങ്ങളില്‍പെട്ട്‌ ആത്മഹത്യയുടെ വക്കത്ത്‌ നില്‍ക്കുമ്പോഴും അയല്‍പക്കത്ത്‌ നാലും അഞ്ചും പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം കെട്ടാച്ചരക്കുകളായി ഇരിക്കുമ്പോള്‍ ഹജ്ജിനു പോകുന്നവന്റെ അനുഷ്‌ഠാനത്തിന്‌ അല്ലാഹു എങ്ങനെയാണ്‌ പ്രതിഫലം നല്‍കുക...?

Unknown said...

നന്നായി. ഇനിയും ഇങ്ങനെ തകര്‍ത്തെഴുതണം...

M said...

priyappetta shareef, ninte hajj kurippu vayichu kannukal niranju. pandu ketta oru haddez orma vannu. "jan muunnamathe hajjinu poyappol kondu vanna supra virikku" ennu bharyayodu vilichu paranja aadhideyaneppatti pravachakan paranhathre: "ayalude munnu hajjum nashtappettu.."
- M Noushad

ഷാഫി said...

ഹജ്ജ്‌ പുണ്യമേറിയ കര്‍മ്മമാണ്‌. എന്നാല്‍ അതിനു പുറപ്പെടുമ്പോള്‍ എല്ലാ ബാധ്യതകളില്‍ നിന്നും മുക്തമായി, ശാരീരികവും മാനസികവുമായി ശുദ്ധി കൈവരിച്ചിരിക്കണമെന്നാണ്‌ ഇസ്‌്‌ലാമിന്റെ നിയമം. ഇന്ന്‌ പേരിനും പെരുമക്കും വേണ്ടി പോകുന്നവരുണ്ട്‌. പണമുള്ളതല്ലേ, ആ കടമങ്ങ്‌ വീടട്ടെ എന്നു കരുതി പോകുന്നവരും ധാരാളം. എന്നാല്‍ പണം കൊണ്ട്‌ കാര്യമില്ലാത്ത വിധി വിചാരണയുടെ നാളില്‍ ഇവര്‍ എന്തു പറയും?
ഒരാള്‍ ഹജ്ജ്‌ ചെയ്‌താല്‍ അയാള്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ പരിശുദ്ധനാക്കപ്പെടും എന്നുണ്ട്‌. ചെയ്‌തു കൂട്ടുന്ന തെറ്റുകള്‍ പൊറുക്കപ്പെടട്ടെ എന്നു കരുതിയാവും ആളുകള്‍ വീണ്ടും വീണ്ടും ഹജ്ജിനു പോകുന്നത്‌. ഹജ്ജിനു ശേഷം ഹാജിയുടെ ജീവിതം കുഞ്ഞിനെപ്പോലെ നിഷ്‌ക്കളങ്കമായെങ്കിലേ അയാള്‍ ചെയ്‌തത്‌ യഥാര്‍ത്ഥ ഹജ്ജായി എന്നു പറയാനാവൂ. ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ന്‌ കേരളത്തില്‍, ഇന്ത്യയില്‍, ലോകത്ത്‌ എത്ര ഹാജിമാരുണ്ട്‌?
ശരീഫ്‌ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമാണ്‌.
പക്ഷേ......
നീ മേടിക്കും.

Unknown said...

ചോദ്യം പ്രസക്തം തന്നെ.
വീണ്ടും വീണ്ടും ഹജ്ജ്‌ ചെയ്യുക എന്നത്‌ പുണ്യമുള്ള കാര്യം തന്നെയല്ലേ?... വളഞ്ഞ വഴികള്‍ സ്വീകരിക്കാതെ ഹജ്ജ്‌ നിര്‍വ്വഹിക്കുക, അതെത്ര തവണയാണെങ്കിലും ഏറെ നന്ന്‌.
ഒരു ചിട്ടയും സത്യസന്ധതയുമില്ലാതെ പണം ധൂര്‍ത്തടിച്ചുകളയുന്ന മുതലാളിമാരേക്കാള്‍ നന്നില്ലേ, ഹജ്ജ്‌ ചെയ്യുന്നവര്‍?

amaju said...

മത വിശ്വാസികൾക്ക് വിശ്വാസമില്ലാതായിരിക്കുന്ന ഈ കാലത്ത് വിശ്വസികൾക്ക് മതവുമില്ലതായിരിക്കുന്നു ശരീഫ്.
മതവും വിശ്വാസവും കച്ചവട സംസ്കാരത്തിന്റെ
വിപണന തന്ത്രം മാത്രമായിരിക്കുന്നു. കൂടുതൽ അനുഷ്ടാങ്ങൾ കൂടുതൽ ആളുകൾ കാൺകെ ചെയ്യുന്നവൻ സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടുന്നു.പിണെ ഇന്നത്തെ വിശ്വാസിക്ക് ഒരുകുഴപ്പം കൂടിയുണ്ട് . താൻ തന്റെ ദൈവത്തിന്റെ അടുത്ത് കൂടുതൽ സ്വീകാര്യനാണെന്നും അതു കൊണ്ടുതന്നെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പാടിനടക്കുകയും അവരെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുകയും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്ന തോന്നൽ.പിന്നെ മനുഷ്യൻ വെറും മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം.
അഹങ്കാരമില്ലാത്ത കരുണയുള്ള അന്യനിൽ അവനവനെ കാണാൻ കഴിയുന്ന വെറും മനുഷ്യൻ. അതിന് മൌലവിയും ഹാജിയും ആകണമെന്നില്ല.മതമില്ലാത്ത ജീവനായാൽ മാത്രം മതി....

Unknown said...

it very valuable thoughts because in the some cruel persons make money through this holy things

‍ശരീഫ് സാഗര്‍ said...

മനുഷ്യൻ വെറും മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം.
അഹങ്കാരമില്ലാത്ത കരുണയുള്ള അന്യനിൽ അവനവനെ കാണാൻ കഴിയുന്ന വെറും മനുഷ്യൻ.
ഈ വരികളില്‍ ജീവനുണ്ട്‌. ദൈവവും. നന്ദി.

ഒരു ചിട്ടയും സത്യസന്ധതയുമില്ലാതെ പണം ധൂര്‍ത്തടിച്ചുകളയുന്ന മുതലാളിമാരേക്കാള്‍ നന്നില്ലേ, ഹജ്ജ്‌ ചെയ്യുന്നവര്‍?
ഇതു വിഡ്‌ഢിത്തം. ഉമ്മയെ വ്യഭിചരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പെങ്ങള്‍ എന്നു പറയുന്നതു പോലെ............