Saturday, July 10, 2010

ഒരു ദിവസം എത്രപേരെ കൊല്ലാം?...

ഒറ്റ വെട്ടിന്‌ പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്‌. വെട്ടിയവനും വെട്ട്‌ കൊണ്ടവനും അതറിയാം. തൊടുപുഴയില്‍ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ അറുത്തെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ വീണ്ടും നിന്ദിക്കുകയാണ്‌ അക്രമികള്‍ ചെയ്‌തത്‌. ഇസ്‌്‌ലാം ശുദ്ധമതമാണെന്നും അത്‌ ലോകസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന്‌ മുസ്‌്‌ലിംകളുടെ ഹൃദയങ്ങളിലേക്കുകൂടിയാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ചിന്തുന്ന ചോരക്കറ പടരുന്നത്‌. മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ്‌ ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്‌.
ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത്‌ പെരുമാറിയതെന്ന്‌ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത്‌ ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്‌. അങ്ങനെ ചെയ്യുന്നത്‌ നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ്‌ പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ്‌ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്‌. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന്‌ പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക്‌ സാധിച്ചേക്കാം. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ്‌ കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച്‌ വിജയിപ്പിക്കുക എന്ന ദൗത്യമാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്‌. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്‌. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന്‌ അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട്‌ പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. തന്നെ വധിക്കാന്‍ വാളൂരിയവന്‌ മാപ്പ്‌ കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ്‌ വിജയമെന്ന്‌ തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക്‌ വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച്‌ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന്‌ നില്‍ക്കുന്നവരോട്‌ ` ഇന്ന്‌ നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക്‌ പോകാം. നിങ്ങള്‍ സ്വതന്ത്രരാണ്‌ എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ്‌ നിന്ന്‌ ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്‌. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത്‌ വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്‌.
ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന്‌ പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന്‌ പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത്‌ ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്‌. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന്‌ പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത്‌ കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്‌. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്‌. മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.
താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട്‌ ഇത്തിരിനേരം സംസാരിക്കുന്നത്‌ നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന്‌ തെറ്റു ചെയ്‌തിട്ട്‌ പിന്നീട്‌ വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌. പ്രവാചകന്‍ ലോകത്തിന്‌ പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ്‌ അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്‌.
ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്‌. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന്‌ ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്‌. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട്‌ സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ്‌ വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക്‌ വേണ്ടത്‌ വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്‌. നശിപ്പിക്കാന്‍ എളുപ്പമാണ്‌. നിര്‍മാണമാണ്‌ പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക്‌ മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്‌. വിചാരമാണ്‌ വേണ്ടത്‌. വിചാരം വിവേകത്തിന്‌ വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ്‌ വഴിമരുന്ന്‌ പാകുന്നത്‌. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട്‌ എന്ന ബോധവും നല്ലതാണ്‌.
അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത്‌ കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.

10 comments:

‍ശരീഫ് സാഗര്‍ said...

ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.

muham said...

ഗംഭീരം!
നന്നായിട്ടുണ്ട്
ഇ ദിശാബോധം നമ്മുടെ സമൂഹം നില നിർത്താൻ ഈ സന്ദേശം കാരണമാകട്ടെ എന്ന് ആശംസിക്കുന്നു

Malayali Peringode said...

ഈ വിഷയത്തിൽ മറ്റൊരു നല്ല പോസ്റ്റുകൂടി വായിക്കാൻ കഴിഞ്ഞു!

ഇത്തരം വിചാരങ്ങൾ വികാരജീവികളുടെ വിചാരങ്ങളെ മാറ്റിമറിച്ചിരുന്നെങ്കിൽ...!!

വരവൂരാൻ said...

മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.

ഗംഭീരം!
നന്നായിട്ടുണ്ട്

Noushad Vadakkel said...

>>>മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.<<<

ന്യായം തന്നെ . എങ്കിലും അദ്ധ്യാപകന്‍ ജോസെഫിന്റെ മത നിന്ദ അത് ഒറ്റപ്പെട്ടത് ആണെന്ന് തീര്‍ത്തു പറയുക സാധ്യമാണോ ? ഒരു മുസ്ലിം മാനേജ്മെന്റ് നു കീഴില്‍ അയാള്‍ ഇത്തരമൊരു ചോദ്യം എഴുതുമോ ?

ഇട്ടോളി said...

nice article.. keep posting

ramliali said...

Nice Mr Shareef Sagar
Your article made me thinnking a lot,,,, very effective speculations
thank you.

‍ശരീഫ് സാഗര്‍ said...

കൂടെ വന്നവര്‍ക്ക്‌ നന്ദി. നാഷാദ്‌, കൈ വെട്ടി മാറ്റപ്പെട്ട ജോസഫിന്റെ മതനിന്ദയെ മനുഷ്യരാരും അനുകൂലിച്ച്‌ കണ്ടിട്ടില്ല. എന്നാല്‍ കൈ വെട്ടിയതിനെ പലരും അനുകൂലിച്ചു കണ്ടു. ഈ വൈപരീത്യത്തോടാണ്‌ എന്റെ പോരാട്ടം. ജനാധിപത്യവിശ്വാസികള്‍ കൂടെയുള്ള കാലത്തോളം അത്‌ തുടരുകതന്നെ ചെയ്യും.

Noushad Vadakkel said...

@ ‍ശരീഫ് സാഗര്‍

>>>നാഷാദ്‌, കൈ വെട്ടി മാറ്റപ്പെട്ട ജോസഫിന്റെ മതനിന്ദയെ മനുഷ്യരാരും അനുകൂലിച്ച്‌ കണ്ടിട്ടില്ല<<<

എന്റെ നിലപാടുകള്‍ ഇവിടെ വായിക്കുമല്ലോ :)


നമ്മുടെ മാദ്ധ്യമ സുഹൃത്തുക്കള്‍ കാടിളക്കുന്നത് ആരെ പ്രതിക്കൂട്ടിലാക്കുവാനാനെന്നു സംശയമുണ്ട്‌ .കൈ വെട്ടിയതിനെ മുഖ്യധാരാ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം അപലപിച്ചു. (തീവ്രവാദികളായ പോപ്പുലര്‍ ഫ്രന്റ്‌ പോലും അപലപിച്ചു )

എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ജോസെഫിനെ വിശുദ്ധനാക്കി മുസ്ലിം സമുദായത്തെ അവഹെളിക്കുവാനുള്ള ശ്രമമാണ് . ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ >>>ഒരു മുസ്ലിം മാനേജ്മെന്റ് നു കീഴില്‍ അയാള്‍ ഇത്തരമൊരു ചോദ്യം എഴുതുമോ ?<<<

ഇല്ല അയാള്‍ക്ക്‌ ധൈര്യം കിട്ടിയത് അതൊരു ക്രിസ്ത്യന്‍ മാനേജ്മെന്റ് നു കീഴില്‍ ഉള്ള കോളേജ്‌ ആയത് കൊണ്ടാണ് . ഗത്യന്തരമില്ലാതെയാണ് കോളേജ്‌ മാനേജ്മെന്റ് അയാളെ തള്ളിപ്പറഞ്ഞത് ....

എന്നാലിപ്പോള്‍ അയാളെ വിശുദ്ധനാക്കി മുസ്ലിം സമുദായത്തെ അവഹെളിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത് . അയാളെ അനുകൂലിച്ചു പ്രകടനം നടത്തിയത് പന്ത്രണ്ടു പള്ളികളിലെ വിശ്വാസികളുടെ സംഘമാണ് . അവരുടെ വെറുപ്പ്‌ ഇത് ചെയ്തവരോട് മാത്രമല്ല , മുസ്ലിം സമുദായത്തോട് മുഴുവനാണ് . കുറച്ചു കാത്തിരിക്കുക . അത് വെളിപ്പെടും ...

‍ശരീഫ് സാഗര്‍ said...

നാഷാദ്‌, കണ്ടതില്‍ സന്തോഷം. താങ്കള്‍ പറഞ്ഞതില്‍ സത്യങ്ങളുണ്ട്‌. എന്നാല്‍ അധ്യാപകന്‌ ഈ സഹതാപത്തിന്റെ തരംഗം ചാര്‍ത്തിക്കൊടുത്തതിന്റെ കാരണക്കാര്‍ ആരെന്നുകൂടി നമ്മള്‍ ചിന്തിക്കണം. അദ്ദേഹം ചെയ്‌ത കൊടുംതെറ്റിനെ തമസ്‌കരിക്കുന്ന വിധം ചര്‍ച്ചകള്‍ മാറിപ്പോകുന്നുണ്ട്‌ എന്നതു ശരിതന്നെ. ലോകത്ത്‌ മുസ്‌്‌ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തമസ്‌കരിക്കപ്പെടുകയും തീവ്രവാദം ചര്‍ച്ചയാവുകയും ചെയ്യുന്നത്‌ ഇതുമായി കൂട്ടി വായിക്കണം. ഏതു വഴിയാണ്‌ ശരിയെന്ന്‌ അപ്പോള്‍ ബോധ്യമാകും.

മാനേജ്‌മെന്റ്‌ ഏതായാലും വിഷം അകത്തുള്ളവന്‍ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും നേരെ അത്‌ ചീറ്റുകതന്നെ ചെയ്യും.

എന്റെ ലേഖനത്തിന്റെ ആദ്യ വരി വായിച്ചല്ലോ..ഒറ്റ വെട്ടിന്‌ പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്‌. വെട്ടിയവനും വെട്ട്‌ കൊണ്ടവനും അതറിയാം..

വിലാപങ്ങള്‍ പ്രസക്തമല്ല. വിചാരിക്കുകയാണ്‌ വേണ്ടത്‌.