Friday, May 14, 2021

ഫലസ്തീൻ പ്രശ്‌നത്തിന്റെ നാൾവഴികൾ- Israel Palestine Conflict | Israel Pa...


ഫലസ്തീൻ പ്രശ്‌നത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുന്നതിനു മുമ്പ് ആ രാജ്യത്തിന്റെ ചരിത്രം സാമാന്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ബി.സി 2500 മുതൽ എ.ഡി 2021 വരെയുള്ള ഫലസ്തീൻ പ്രശ്‌നത്തിന്റെ നാൾവഴികൾ അധികം വിശദീകരണങ്ങളില്ലാതെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.

Saturday, January 9, 2021

ഹലാൽ വിവാദത്തിന്റെ പ്രായോജകർ | Halal controversy in Kerala -sagar talks


കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർത്ത് ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവരുടെ കൈയിലെ കളിപ്പാവകളാവുകയാണ് ചിലർ. ഹലാൽ വിവാദത്തിന്റെ ഉള്ളറകളിലേക്ക് ഒരന്വേഷണം.

Thursday, December 31, 2020

ഭൂപരിഷ്‌ക്കരണം- ചരിത്രവും വസ്തുതകളും I Land reforms in kerala - Sagar talks


കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമങ്ങളുടെ ചരിത്രവും വസ്തുതകളും എന്താണ്? ഭൂപരിഷ്‌ക്കരണം കൊണ്ട് സാധാരണക്കാർക്ക് എന്തു ഗുണം കിട്ടി? എന്നാണ് കേരളത്തിൽ ജന്മിത്തം അവസാനിച്ചത്? കുത്തക മുതലാളിത്തം ഭൂബന്ധങ്ങളിൽനിന്ന് കുടിയൊഴിഞ്ഞ് പോയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം

Monday, November 2, 2020

കേരളത്തിൽ സംവരണ അട്ടിമറി നടന്നതെങ്ങനെ? - sagar talks



റോക്കറ്റ് വേഗത്തിലാണ് കേരളത്തിൽ ഇടതുമുന്നണി സർക്കാർ സാമ്പത്തിക സംവരണമെന്ന പേരിട്ട് മുന്നോക്ക സംവരണം നടപ്പാക്കിയത്. യഥാർത്ഥത്തിൽ കേരളത്തിൽ സംഭവിച്ചത് മുന്നോക്ക ഹിന്ദുക്കളിലെ സമ്പന്നർക്കുള്ള സംവരണമാണ്. സവർണ സമ്പന്നരെ കൂടുതൽ മുന്നിലെത്തിക്കുകയും സംവരണ വിഭാഗത്തിൽപെട്ടവരെ കൂടുതൽ പിന്നിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് സർക്കാർ ചെയ്തത്. വിശദമായി അറിയാം.

Sunday, June 5, 2011

ബാബാ രാംദേവ്‌ ആരുടെ ബിനാമി...?


അരാഷ്ട്രീയ നേതാക്കള്‍ നിരാഹാരസമരത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണമെന്തെന്ന അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു. യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ്‌ ബാബാ രാംദേവിന്റെ നിരാഹാരസമരമാണ്‌ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്‌. യോഗ ബിസിനസ്സിലൂടെ മാത്രം കോടികള്‍ സമ്പാദിച്ച രാംദേവ്‌ നേരത്തെ അണ്ണാ ഹസാരെ നടത്തിയതിനേക്കാള്‍ മുന്നൊരുക്കങ്ങളോടെയാണ്‌ സമരം ആരംഭിച്ചത്‌.
പബ്ലിക്‌ റിലേഷനാണ്‌ ഈ ആഘോഷത്തിന്റെ ഒന്നാംഘട്ടം. സമരം ആരംഭിക്കുന്നതിന്‌ മാസങ്ങള്‍ക്കു മുമ്പേ പ്രചരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. പത്രമോഫീസുകള്‍ കയറിയിറങ്ങി ദേശീയ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു. രാജ്യത്തെ പ്രധാന മാധ്യമഭീമന്മാര്‍ പ്രധാനവാര്‍ത്തയായി ഏറ്റെടുക്കുന്നതോടെ മറ്റുള്ള പത്രങ്ങളും ചാനലുകളും സ്വാഭാവികമായും കൊണ്ടാടുന്നു. ഈ ഏറ്റെടുക്കല്‍ എങ്ങനെ നടക്കുന്നു എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.
യോഗ വില്‍പനയിലൂടെ രാജ്യത്തെ പട്ടിണി മാറ്റാന്‍ മാത്രം പണമുണ്ടാക്കിയ ഈ സ്വാമി ആരുടെ ബിനാമിയാണ്‌ എന്ന ചോദ്യമാണ്‌ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്‌. നിരാഹാരസമരത്തിന്റെ മാര്‍ക്കറ്റ്‌ വാല്യൂ മനസ്സിലാക്കിയവര്‍ അരാഷ്ട്രീയസമരത്തിലൂടെ രാഷ്ട്രീയ അട്ടിമറി നടത്തി രാജ്യത്തെ ഫാസിസ്റ്റുകള്‍ക്ക്‌ എഴുതിക്കൊടുക്കാനൊരുങ്ങുകയാണെന്നും ആരോപണമുണ്ട്‌. ബാബരി മസ്‌ജിദ്‌ കേസിലെ പ്രതി സാധ്വി ഋതംബരയുടെ സമരപ്പന്തലിലെ സജീവസാന്നിദ്ധ്യം ഈ ആരോപണത്തിന്‌ ആക്കം കൂട്ടുന്നു.
18 കോടിയാണ്‌ ശീതീകരിച്ച സമരപ്പന്തലിനുവേണ്ടി ചെലവഴിച്ചത്‌. മാസങ്ങള്‍ക്കുമുമ്പേ പ്രചരണത്തിനുള്ള കോപ്പ്‌കൂട്ടി. അനുയായികളില്‍നിന്ന്‌ ലക്ഷങ്ങള്‍ പിരിവു നടത്തി. ഹൈ ടെക്‌ സമരമെന്ന്‌ തുടങ്ങുന്നതിനുമുമ്പേ പ്രചാരണമുണ്ടായിട്ടും സ്വന്തം വിമാനത്തില്‍ സമരത്തിനു വന്നിറങ്ങിയ രാംദേവ്‌ അവിടെ നടത്തിയ പ്രഭാഷണങ്ങളില്‍ ഒരു ഭാഗം ഇങ്ങനെയാണ്‌: സ്വാതന്ത്ര്യത്തിനായുള്ള സമരപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചത്‌ ഭഗത്‌സിംഗാണെന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്‌. അവരെപ്പോലുള്ള ത്യാഗികളില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം നമുക്കിന്നും അന്യമായി തുടരുമായിരുന്നു. എന്നെ ഒരുപാട്‌ സ്വാധീനിച്ച വ്യക്തികളാണ്‌ ഭഗത്‌ സിംഗും ചന്ദ്രശേഖര്‍ ആസാദും. ഇവരെപ്പോലുള്ള സേനാനികളെ നമ്മളൊരിക്കലും മറക്കാന്‍ പാടില്ല. ഭഗത്‌ സിംഗിന്റെ പേരില്‍ രാജ്‌ഘട്ട്‌ പോലെ മനോഹരമായ ഒരു പാര്‍ക്ക്‌ നിര്‍മിക്കാന്‍ 5 ലക്ഷം രൂപ ഞങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ബാബാ രാംദേവ്‌ തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ഭഗത്‌്‌സിംഗിന്റെയോ ആസാദിന്റെയോ മാര്‍ഗത്തിലല്ല സമരം ചെയ്യുന്നത്‌ എന്നതും ഈ വാചകങ്ങളും കൂട്ടിവായിക്കുന്നത്‌ രസകരമാണ്‌. സ്വാധീനിച്ച വ്യക്തികളുടെ നിലപാടുകളല്ല രാംദേവ്‌ ജീവിതത്തില്‍ പിന്തുടരുന്നത്‌ എന്നത്‌ മറ്റൊരു കാര്യം. ലാളിത്യത്തിന്റെയും അഹിംസയുടെയും പ്രതീകമെന്ന്‌ ലോകം വാഴ്‌ത്തിയ മഹാത്മാഗാന്ധിയുടെ മാര്‍ഗമാണ്‌ സഹനസമരം. (ഈ സമരത്തില്‍ സഹനമെവിടെ എന്ന ചോദ്യം വേറെ). എന്നാല്‍ പ്രസംഗത്തിലെവിടെയും താന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ ഉപാസകനെ അദ്ദേഹം അനുസ്‌മരിച്ചില്ല.
രാംദേവ്‌ ഉന്നയിച്ച ആവശ്യങ്ങളും വിചിത്രമായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണം എന്ന തമാശയായിരുന്നു അതിലൊന്ന്‌. താന്‍ സമ്പാദിച്ച കോടികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുപോലും ഓര്‍ക്കാതെയാണ്‌ രാംദേവ്‌ ഇക്കാര്യം പറഞ്ഞത്‌. മറ്റൊന്ന്‌ അഴിമതിക്കുറ്റം ചെയ്‌തവര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും. ഏറ്റവുമൊടുവില്‍ ഈ ആവശ്യങ്ങളില്‍നിന്ന്‌ പിന്‍വാങ്ങിയെങ്കിലും തമാശകള്‍ വേറെയുമുണ്ട്‌്‌. ഹൈന്ദവ ഫാസിസ്റ്റുകള്‍ സമരം കൈയേറിയെന്ന ആരോപണത്തെ തൊപ്പിവെച്ച ഒരു മൗലവിയെക്കൊണ്ട്‌ പലവട്ടം പ്രസംഗിപ്പിച്ചാണ്‌ അദ്ദേഹം പ്രതിരോധിച്ചത്‌. വിശ്വഹിന്ദു പരിഷത്തിന്റെ വിഷം വമിപ്പിക്കുന്ന തീപ്പൊരിനേതാവായ ഋതംബരയെ അനാഥശാലകള്‍ നടത്തുന്ന മഹതിയെന്ന്‌ വിശേഷിപ്പിക്കുമ്പോള്‍തന്നെയാണ്‌ ഈ നാടകവും. സമരത്തിന്‌ മുസ്‌്‌ലിംകളുടെ പിന്തുണയുണ്ടെന്ന്‌ ബോധ്യപ്പെടുത്താന്‍ മൗലാനയ്‌ക്ക്‌ പിന്നെയും പിന്നെയും അവസരം നല്‍കി. അതും പോരാഞ്ഞ്‌ മക്കയിലും മദീനയിലും പോകാന്‍ ആഗ്രഹമുണ്ടെന്നുകൂടി രാംദേവ്‌ തട്ടിവിട്ടു. ആര്‍.എസ്‌.എസ്സും ബി.ജെ.പി.പിയും സമരത്തെ ആവര്‍ത്തിച്ച്‌ പിന്തുണച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഈ കസര്‍ത്തുകള്‍.
രാജ്യത്തെ എണ്ണപ്പെട്ട ആക്ടിവിസ്റ്റുകളെല്ലാം സമരത്തെ തള്ളിപ്പറഞ്ഞു. പഞ്ചനക്ഷത്രസമരമെന്നാണ്‌ മേധാപട്‌കര്‍ ഈ നിരാഹാര നാടകത്തെ വിശേഷിപ്പിച്ചത്‌. പ്രതിവര്‍ഷം 4 കോടി ഡോളര്‍ വിറ്റുവരവുള്ള വന്‍ ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെ ഉടമയായ രാംദേവ്‌ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‍ പോലും കുറ്റപ്പെടുത്തി. അഴിമതിവിരുദ്ധസമരത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയും വലിയ താല്‍പര്യം കാണിച്ചില്ല. എല്ലാ ആധുനികസൗകര്യങ്ങള്‍ക്കുംപുറമെ 100 രഹസ്യ ക്യാമറകള്‍ കൂടി സമരപ്പന്തലില്‍ ഘടിപ്പിച്ചു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പാലും പഴവും മാത്രം കഴിക്കുന്ന ഈ സന്യാസിയുടെ പൂര്‍വ്വാശ്രമത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരണം വരെ നിരാഹാരം കിടക്കുമെന്ന്‌ തുടക്കത്തില്‍ പ്രഖ്യാപിച്ച സ്വാമി കൃത്യം 14 മണിക്കൂര്‍ മാത്രമേ പട്ടിണി കിടക്കാന്‍ പറ്റൂ എന്ന്‌ പിന്നീട്‌ വ്യക്തമാക്കി.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ്‌ ചെയ്യാന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച ബാബാ രാംദേവ്‌ പോലീസ്‌ വന്നപ്പോള്‍ രക്ഷപ്പെടാനായി വെള്ള കൂര്‍ത്തയും ഷാളുമണിഞ്ഞ്‌ സ്‌ത്രീകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടും സമരം തുടര്‍ന്ന രാംദേവിനെതിരെ പോലീസ്‌ നടപടി അനിവാര്യമായിരുന്നു.
കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട ആത്മീയത രാഷ്‌ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ വിലപേശിത്തുടങ്ങുന്നതിന്റെ സൂചനയാണിത്‌. കാര്യമാകുന്ന കളി. കള്ളപ്പണവും അഴിമതിയും രാജ്യത്തിന്റെ തീരാശാപമാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഭൂരിഭാഗവും. ഒരു സുപ്രഭാതത്തില്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയാല്‍ പരിഹരിക്കപ്പെടാവുന്ന വിഷയമല്ല അതെന്നും എല്ലാവര്‍ക്കും നിശ്ചയമുണ്ട്‌. പുതിയ ബോധ്യപ്പെടലുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. അതിനാല്‍, ആത്മാര്‍ത്ഥതയോടെയല്ല ഈ സമരമെന്ന്‌ ഓരോരുത്തരും അര്‍ത്ഥശങ്കയില്ലാതെ പറയുമ്പോള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ വേറെയാണ്‌.
ഇനി ബി.ജെ.പിയുടെ ഹിന്ദുത്വവുമായി മുന്നോട്ടുപോയാല്‍പോര എന്ന അഭിപ്രായമുള്ള സംഘ്‌പരിവാര്‍ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെയാണ്‌ ബാബാ രാംദേവ്‌ സമരനാടകം അരങ്ങേറുന്നതെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. രാമജന്മഭൂമി പോലുള്ള വിഷയങ്ങള്‍ വൈകാരികമായ ആഘാതങ്ങളേല്‍പ്പിക്കുന്നില്ലെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലുള്ള പുതിയ പടപ്പുറപ്പാടാണിത്‌. ജനപിന്തുണ ലഭിക്കുമെന്ന്‌ ഉറപ്പുള്ള ഒരു വിഷയത്തെ മുന്‍നിര്‍ത്തി കളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ നേരത്തെ താല്‍പര്യം പ്രകടിപ്പിച്ച ബാബക്ക്‌ അതൊരു പിടിവള്ളിയാകുമെന്ന അജണ്ട സമരത്തിനു പിന്നിലുണ്ട്‌. ശക്തമായ ഒരു ദേശീയ നേതൃത്വത്തിന്റെ അഭാവത്താലും ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടുകളാലും ഇരുട്ടില്‍തപ്പുന്ന സംഘ്‌്‌പരിവാര്‍ ശക്തികള്‍ക്ക്‌ ഉണരാനുള്ള ഊര്‍ജ്ജംകൂടിയാണിത്‌. അണ്ണാ ഹസാരെയുടെ അരാഷ്ട്രീയ സമരത്തേക്കാള്‍ അപകടം പിടിച്ച പരുവത്തിലേക്കാണ്‌ ബാബാ രാംദേവിന്റെ ഈ സമരം രാജ്യത്തെ എത്തിക്കുക. ഫാസിസം അരാഷ്‌ട്രീയമാണ്‌. അരാഷ്‌ട്രീയം അരാജകത്വവും സര്‍വ്വനാശത്തിന്റെ വിത്തുമാണ്‌. അധികാരം കൈയാളുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ഫാസിസ്റ്റ്‌ തന്ത്രം വിജയിപ്പിച്ചെടുക്കുകയാണ്‌ രാംദേവിന്റെ ദൗത്യം. ഇത്രയധികം സമ്പാദിച്ചിട്ടും ഇന്ത്യയിലെ പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്യസായിബാബ ചെയ്‌ത സേവനങ്ങള്‍ പോലും ബാബാ രാംദേവിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. സ്വന്തം കള്ളപ്പണത്തിന്റെയും ബിസിനസ്സ്‌ സാമ്രാജ്യത്തിന്റെയും രഹസ്യങ്ങള്‍ ഒളിപ്പിക്കാനാണ്‌ ഈ സമരമെന്നും സംശയമുണ്ട്‌. ദേശീയരാഷ്ട്രീയത്തില്‍ പുതിയ പ്രതിബിംബത്തെ സൃഷ്ടിച്ച്‌ ഫാസിസം അതിന്റെ പണി തുടരുന്നു എന്നതാണ്‌ മനസ്സിലാക്കേണ്ട സത്യം.

Sunday, May 15, 2011

മുനീറും ഷാജിയും ജയിച്ചതെങ്ങനെ...?



എം.കെ മുനീറും കെ.എം ഷാജിയും ജയിച്ചതെങ്ങനെയാണ്‌...? തീവ്രവാദികളുടെ വോട്ട്‌ വാങ്ങി തിരുവനന്തപുരത്തേക്ക്‌ വണ്ടികയറാന്‍ ഒട്ടും താല്‍പര്യമില്ലെന്ന്‌ പച്ചയ്‌ക്ക്‌ പറഞ്ഞ രണ്ടുപേര്‍. ആ വര്‍ത്തമാനം കേട്ട പലരും മൂക്കത്ത്‌ വിരല്‍ വെച്ചു. എന്ത്‌ അസംബന്ധമാണ്‌ ഇവര്‍ വിളിച്ചുകൂവുന്നത്‌ എന്നു പറഞ്ഞ്‌ പഴിച്ചു. രാഷ്ട്രീയക്കാര്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ വോട്ട്‌ വേണ്ട എന്നു പറയുന്നത്‌ വിഡ്‌ഢിത്തം വിഡ്‌ഢിത്തം..! മുനീറിനും ഷാജിക്കും ഭ്രാന്താണെന്നും ആര്‍.എസ്‌.എസ്സിന്റെ അച്ചാരം വാങ്ങിയവരാണെന്നും പ്രളയമായി. ബി.ജെ.പിക്ക്‌ ആര്‍.എസ്‌.എസ്‌ പോലെ മുസ്‌്‌ലിംലീഗിന്‌ എന്‍.ഡി.എഫ്‌ ആയാലെന്താ എന്നു ചോദിച്ചവരും വിരളമല്ല. എന്‍.ഡി.എഫിന്റെ അടുക്കളവാതിലിലൂടെ ചെന്ന്‌ ഇത്തിരി എരിവും പുളിയും ഉപ്പും സ്‌പൂണിലാക്കി വാങ്ങിയവരുമുണ്ട്‌. നാല്‌ വോട്ടുകള്‍ക്കു വേണ്ടി തീവ്രവാദികളുമായി ആരുമറിയാത്ത ബന്ധം സ്ഥാപിച്ചാല്‍ അത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലേ എന്നു ചോദിച്ചവരും. ഇങ്ങനെ പോയാല്‍ മുനീറും ഷാജിയും ഒരു കാലത്തും ഇനി ജയിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞവരും. ഇപ്പറഞ്ഞവരെയെല്ലാം അടങ്കരെ അടക്കിക്കൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. മുനീറും ഷാജിയും ജയിച്ചിരിക്കുന്നു! അതു കറകളഞ്ഞ വോട്ടുകളാല്‍. എന്നാല്‍പ്പിന്നെ അതെങ്ങനെയായിരിക്കും എന്നതാണ്‌ പിന്നത്തെ ചോദ്യം. ആരാണ്‌ ഇവര്‍ക്ക്‌ വോട്ട്‌ ചെയ്‌തത്‌.
അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ്‌ വന്നു. പാര്‍ട്ടിയിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍. ഇന്ത്യാവിഷന്റെ പേരില്‍ മുനീറിനു പഴി.
കടുപ്പമുള്ള മണ്ഡലങ്ങളിലാണ്‌ രണ്ടാള്‍ക്കും നറുക്ക്‌ വീണത്‌. കെകെ പിപി. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയവനെന്ന പേരില്‍ ലീഗുകാരില്‍ പലര്‍ക്കും മുനീറിനോട്‌ പുഞ്ഞം. തൊണ്ടയില്‍ ഓപ്പറേഷന്‍ നടത്തി ഒന്നര മാസത്തെ മൗനവ്രതത്തിന്‌ ഡോക്ടര്‍മാര്‍ വിധിയെഴുതിയ സമയത്തുതന്നെ വിവാദകാലം വന്നതിനാല്‍ മിണ്ടാന്‍ പറ്റാതായ ഷാജിക്കും കിട്ടി പ്രവര്‍ത്തകരുടെ വക ചില കൊട്ടുകള്‍. കൈച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പറ്റാത്തവരെന്ന്‌ വിധിയെഴുത്തുകള്‍. മുനീറിനില്ലാത്ത പാര്‍ട്ടി സ്‌നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട്‌ ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത്‌ വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്‌. അപ്പോള്‍പ്പിന്നെ കോഴിക്കോട്‌ സൗത്ത്‌ മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. സാംസ്‌കാരികസംഗമം നടത്തിയാലൊന്നും സാധാരണക്കാരന്റെ വോട്ട്‌ കിട്ടില്ലെന്ന്‌ പറഞ്ഞ്‌ പിന്നെയും പുഞ്ഞം. അഴീക്കോട്ടാണെങ്കില്‍ എന്‍.ഡി.എഫുകാരുടെ വക നുണപ്രചരണങ്ങള്‍. മുസ്‌്‌ലിം വോട്ടുകള്‍ ഒറ്റയെണ്ണം ഷാജിക്ക്‌ കിട്ടില്ലെന്ന തറപ്പിക്കലുകള്‍. ആര്‍.എസ്‌.എസ്സിന്‌ സമുദായത്തെ ഒറ്റുന്നവനെന്ന സല്‍പ്പേര്‌. ഇരവിപുരത്തിനുശേഷം അഴീക്കോടുംകൂടി പിടിവിട്ടാല്‍ ഷാജിയുടെ രാഷ്ട്രീയഗ്രാഫ്‌ അടിയോടടുക്കുമെന്ന്‌ വീമ്പ്‌. മുനീറിനെതിരെ പ്രചരണം നടത്താന്‍ വേണ്ടി മാത്രം മത്സരിച്ച എസ്‌.ഡി..പി.ഐ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയത്‌ 749 വോട്ട്‌. തീവ്രവാദരാഷ്ട്രീയത്തിന്‌ സമുദായത്തിന്റെ പിന്തുണ. ഷാജിക്കെതിരെ നുണ പറച്ചില്‍ യത്‌നത്തിന്‌ നിന്ന സുഡാപ്പികള്‍ക്ക്‌ കിട്ടിയത്‌ രണ്ടായിരത്തിത്തൊള്ളായിരത്തിന്റെ പുട്ട്‌. മലപ്പുറത്ത്‌ മുസ്‌്‌ലിംലീഗ്‌ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ നിന്ന സുഡാപ്പിക്ക്‌ 4683. പെരിന്തല്‍മണ്ണയില്‍ 1067. മലപ്പുറത്ത്‌ എസ്‌.ഡി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഒട്ടാകെ ലഭിച്ചത്‌ 44,415. മലപ്പുറത്ത്‌ കെ. ഉബൈദുല്ലയുടെ 44508 എന്ന ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എസ്‌.ഡി.പി.ഐക്ക്‌ ജില്ലയില്‍ ആളില്ല. സുഡാപ്പിക്കാരന്റെ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും വോട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറപ്പ്‌.
മുനീറും ഷാജിയുമാണ്‌ വിഷയം. ആര്‍ക്കും വേണ്ടാത്ത ഇവരെ ആരാണ്‌ ജയിപ്പിച്ചത്‌... ? എന്തായിരുന്നു വോട്ട്‌ ചെയ്‌തവരുടെ ഉദ്ദേശ്യം. അറിയാന്‍ താല്‍പര്യമുണ്ട്‌.

Wednesday, May 4, 2011

ബിന്‍ലാദന്റെ ശവമടക്ക്‌ എവിടെ നടത്തിയാലെന്താ...?


ബിന്‍ലാദന്റെ മൃതദേഹം കടലിലെറിഞ്ഞു എന്നത്‌ വലിയൊരു ചതിയായി പല മുസ്‌്‌ലിം നേതാക്കളും കൊണ്ടാടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ലോകത്തെ മനുഷ്യസ്‌നേഹികളെല്ലാം ഭയക്കുന്ന ഒരാളെ കൊന്നതിനേക്കാള്‍ വലിയ പാതകമാണോ കടലില്‍ തള്ളിയത്‌...? അമേരിക്കന്‍ വിരോധത്തിന്റെ രതിമൂര്‍ച്ഛയില്‍ ഈ മഹാപാതകിയെ തീവ്രമനസ്സിന്റെ ഉള്ളില്‍നിന്ന്‌ തള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ശവഘോഷ വിവാദങ്ങള്‍.ചിലര്‍ പറയുന്നു ചെയ്‌തത്‌ ശരീഅത്ത്‌ വിരുദ്ധമാണെന്ന്‌. ശരീഅത്തിന്‌ അനുസരിച്ചായിരുന്നോ ലാദന്റെ പ്രവര്‍ത്തികള്‍..? അറിയാന്‍ കൗതുകമുണ്ട്‌. ബിന്‍ലാദന്‍ മതത്തിന്റെ യശസ്സുയര്‍ത്താനാണ്‌ ജിഹാദ്‌ നടത്തിയതെന്ന്‌ പറയാനുള്ള ധൈര്യം വിവരമുള്ള ഏതെങ്കിലും പണ്ഡിതനുണ്ടോ...? അമേരിക്ക ചെയ്‌തത്‌ നന്നായി എന്ന്‌ ആശ്വസിക്കുകയല്ലേ അന്തസ്സുള്ള മുസ്‌്‌ലിംകള്‍ കരുതേണ്ടത്‌. ഉസാമ എന്ന പ്രതിരൂപത്തിന്റെ സൃഷ്ടിപ്പിന്റെ ഉത്തരവാദി അമേരിക്ക തന്നെയെന്ന്‌ സമ്മതിക്കുമ്പോഴും അതായിരിക്കണം മാതൃകയെന്ന്‌ ഏതെങ്കിലും പണ്ഡിതന്‍ പറഞ്ഞതായി അറിവില്ല.
മുസ്‌്‌ലിം ലോകത്തിന്‌ ലാദന്‍ നല്‍കിയ സംഭാവനകളില്‍ പ്രധാനപ്പെട്ടത്‌ ഇവയാണ്‌

1. ഇസ്‌്‌ലാം അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമായി കരുതുന്ന താടിയും തലപ്പാവും തീവ്രവാദത്തിന്റെ അടയാളമാക്കി.
2. യൂറോപ്പിന്റെ ഇസ്‌്‌ലാമോഫോബിയക്ക്‌ ആക്കം കൂട്ടി.
3. ജിഹാദിന്‌ ഇസ്‌്‌ലാം നല്‍കുന്ന മഹത്തായ അര്‍ത്ഥതലങ്ങളെ അപ്രസക്തമാക്കി ആ പദത്തെ ഭയത്തിന്റെ പര്യായമാക്കി.
4. മുസ്‌്‌ലിം പേരിനെപ്പോലും ഭയത്തിന്റെ അടയാളമാക്കി അമേരിക്ക നടത്തുന്ന കുരിശുയുദ്ധത്തിന്റെ എരിതീയിലേക്ക്‌ എണ്ണയൊഴിച്ചു.
5. നിരപരാധികളെ കൂട്ടക്കൊല ചെയ്‌ത്‌ ഇസ്‌്‌ലാമിനെ താറടിച്ചു.

അമേരിക്കയെ കുറ്റം പറയുന്നത്‌ തെറ്റല്ല. അതോടൊപ്പം ബിന്‍ലാദനും കൂട്ടിവായിക്കപ്പെടണം. ബിന്‍ലാദനും ഇനിയും പൊന്താനിരിക്കുന്ന ബിന്‍ലാദന്‍മാരും ലോകസമാധാനത്തിനു ഭീഷണിയാണെന്നും ലാദന്റെ ഗതി തീവ്രവാദികള്‍ക്ക്‌ പാഠമാകണമെന്നും പഠിപ്പിക്കാനുള്ള ഈ അവസരത്തെ അനാവശ്യ വിവാദത്തിലൂടെ തല്ലിക്കെടുത്തുന്നവരുടെ ഉള്ളിന്റെ ഇസ്‌്‌ലാമിന്റെ മഹത്തായ ആദര്‍ശത്തിന്റെ കണികയില്ലെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.