
Monday, November 24, 2008
ഹിന്ദുക്കള്‍ ഈ രാജ്യദ്രോഹികളെ തള്ളിപ്പറയാത്തതെന്ത്..?

Saturday, August 23, 2008
എമ്മാന്തരം
ഭര്‍ത്താവിന് തീരെ ഉറക്കമില്ല
എന്തു ചെയ്യണം മുസ്‌്‌ല്യാരേ?..
101 ആയത്തുല്‍കുര്‍സി ഓതി
ചെവിയില്‍ ഊതണം.
ആരോ കണ്ണുതട്ടിയതാ
വല്ലാത്ത ക്ഷീണം
ഇനീപ്പൊ എന്തു ചെയ്യും?
കടുകും മുളകും മന്ത്രിച്ചൂതി അടുപ്പിലിട്ട്
തിരിഞ്ഞുനോക്കാതെ പോവുക.
തലകറക്കമാണ്-
നില്‍ക്കാന്‍ പറ്റുന്നില്ല
എന്തു ചെയ്യും ഉസ്‌താദേ..?
ഫാത്തിഹയും കുല്‍ഹുവള്ളയും ഓതി
കറങ്ങിത്തിരിയുക.
കല്ലായിപ്പാലത്തില്‍ ആക്‌സിഡന്റ്
ആളുകിടന്നു പിടയുന്നു..
എന്താപ്പൊ പരിഹാരം?..
ടപ്പേ!
കറണ്ടു പോയി.
എമ്മാന്തരം!.
Thursday, July 10, 2008
രാഷ്ട്രീയക്കാര്‍ യൂണിയനുണ്ടാക്കണം
സത്യത്തില്‍ ഈ നിഗമനങ്ങളുടെ വസ്‌തുതയെന്താണ്...? രാഷ്ട്രീയക്കാര്‍ എല്ലാവരും കള്ളന്മാരാണോ... ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാറുദ്യോഗസ്ഥന്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും കള്ളത്തരങ്ങളും ശുദ്ധ തെമ്മാടിത്തങ്ങളും ചെയ്യുന്നവരാണ്... എന്നാല്‍ രാഷ്ട്രീയക്കാര്‍ സാമൂഹ്യസേവകര്‍ എന്ന നിലയില്‍ വ്യക്തിശുദ്ധി പാലിക്കണമെന്നാണ് അലിഖിത നിയമം. ചില രാഷ്ട്രീയക്കാര്‍ക്ക് എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍ അപ്പോള്‍ തന്നെ കോലാഹലങ്ങള്‍ തുടങ്ങും. പ്രധാനമായും മാധ്യമങ്ങളും പിന്നെ എതിര്‍ കക്ഷികളുമാണ് ഇയാള്‍ക്കെതിരെ പടവാളുമായി കലിതുള്ളുക.
രാഷ്ട്രീയം ആരുടെയും ഉപജീവന മാര്‍ഗ്ഗമല്ല. എന്നാല്‍ ചിലര്‍ക്ക് അങ്ങനെ തന്നെയാണ്. അവര്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങളുള്ളതിനാല്‍ ചില അഡ്‌ജസ്റ്റുമെന്റുകള്‍ക്ക് വിധേയരാകേണ്ടതായി വരും. എന്നാല്‍ അത് രാജ്യദ്രോഹപരമാകുമ്പോഴും സമൂഹത്തിന് ഉള്‍ക്കൊള്ളാനാവാത്ത ചെറ്റത്തരമാകുമ്പോഴുമാണ് അപകടമാവുക. അത്തരത്തില്‍ രാജ്യത്തെ ഒറ്റുകയും സ്വന്തം കീശ വീര്‍പ്പിച്ച് ഇത്തിള്‍ക്കണ്ണികളായി ജീവിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചല്ല ഈ കുറിപ്പ്. മറിച്ച് യാതൊരു തെറ്റും ചെയ്യാതെ ചില ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയക്കാര്‍ വേട്ടയാടപ്പെടാറുണ്ട്. ഇവരുടെ കൂട്ടിന് സ്വന്തം പാര്‍ട്ടിക്കാരെ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല. അത്രമാത്രം ഒറ്റപ്പെടാറുള്ള ഇവര്‍ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലെവിടെയോ വെച്ച് നടത്തം മതിയാക്കാറാണ് പതിവ്. ചിലര്‍ കരുത്തോടെ ഉയിര്‍ത്തു വന്ന ചരിത്രവുമുണ്ട്.
ചുരുക്കത്തില്‍ ആരോപണവിധേയനായ ഒരാളെ നിജസ്ഥിതികള്‍ അന്വേഷിക്കാതെ അപമാനിക്കാണ് മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കാറുള്ളത്. സമൂഹത്തില്‍ ഏതൊരു വിഭാഗവും ജനങ്ങള്‍ക്കു വേണ്ടി ഇത്രയധികം അധ്വാനിക്കുന്നില്ല എന്നതാണ് എന്റെ പക്ഷം. മരണവീട്ടിലും കല്യാണവീട്ടിലുമൊക്കെ ഇവര്‍ ഏതു പാതിരാത്രിയിലും ഓടിയെത്തും. രോഗികളുടെ ജീവന്‍ രക്ഷിക്കേണ്ട നാട്ടിന്‍പുറത്തെ ചില ഡോക്ടര്‍മാര്‍ പോലും രാത്രി പത്തിനു ശേഷം വാതിലില്‍ മുട്ടിയാല്‍ തുറക്കാറില്ല. മനുഷ്യസ്‌നേഹം പ്രസംഗിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. എത്ര പുളിച്ച തെറി പറഞ്ഞാലും ആളുകള്‍ ചില ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടിച്ചെല്ലുന്നത് രാഷ്ട്രീയക്കാരുടെ അടുത്തേക്കാണ്.
രാഷ്ട്രീയക്കാരാണെങ്കില്‍ തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈ പതുക്കെ മാറ്റിവെച്ചിട്ട് കൂടെ വരും. അല്ലാത്തവര്‍ ഒന്നു കൂടി മൂടിപ്പുതച്ചുറങ്ങും. അല്ലെങ്കില്‍ നേരം വെളുക്കട്ടെ എന്നു പറയും. (എല്ലാ ജനസാമാന്യത്തെയും ഉദ്ദേശിച്ചല്ല. ചില മാന്യദേഹങ്ങള്‍ മാത്രം). ഈ ചാടി വരവിനെ വോട്ടിനു വേണ്ടിയെന്നോ കള്ളപ്പണമുണ്ടാക്കാനെന്നോ വ്യാഖ്യാനിച്ച് പരിഹസിക്കാനാണ് നമ്മള്‍ ശ്രമിക്കുക. എന്തൊരു കഷ്ടം.!എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന് വിചാരിക്കരുത്. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ഒട്ടേറെ പേരെ എനിക്കു നേരിട്ടു പരിചയമുണ്ട്. ഭൂരിപക്ഷം ആളുകളും ഇത്തരക്കാരാണെന്നാണ് എന്റെ വിലയിരുത്തല്‍. എല്ലാ മേഖലയിലുമെന്ന പോലെ ഇക്കൂട്ടത്തിലും ചില കള്ളനാണയങ്ങളുണ്ട്. അവരെ വേര്‍തിരിച്ചറിയാന്‍ സാധിക്കണം. അതിനു മാധ്യമങ്ങള്‍ക്ക് ഏറെ പങ്കു വഹിക്കാനുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യം എന്തെന്നാല്‍ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌ത നുണയെ എത്രത്തോളം പെരുപ്പിക്കാമെന്നു മാത്രമാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ച ഒന്ന് കൈയില്‍ കിട്ടിയാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. ഏതു പാതിരാത്രിക്കും കൊടും മഴയത്തും വിളിച്ചാല്‍ കൂടെ വരുന്ന രാഷ്ട്രീയക്കാരാണ് എന്റെ നാട്ടിന്‍പുറത്തുള്ളത്. അത് ഏതു പാര്‍ട്ടിയിലായാലും.
രാഷ്ട്രീയക്കാരന്റെ ഖദറോ അല്ലെങ്കില്‍ ആ തരത്തിലുള്ള ഏതെങ്കിലും ആദര്‍ശപ്രകടനങ്ങളോ കാണുമ്പോള്‍ തന്നെ ചിലരുടെ നെറ്റിചുളിയും. താന്‍ നടക്കുന്ന റോഡും താനിരിക്കുന്ന വീട്ടിലെ വൈദ്യുതിയും തന്നെ നിയന്ത്രിക്കുന്ന ജീവിത സാഹചര്യങ്ങളും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഈ രാഷ്ട്രത്തിന്റെ കരുതലുകളാണെന്നും അതിലേക്കു തന്നെ നയിച്ചത് വ്യക്തവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളാണെന്നും രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്ന വിഡ്‌ഢികള്‍ ആലോചിക്കാറില്ല. കപടമതേതരത്വമെന്നും കപടജനാധിപത്യമെന്നും മുദ്രപ്പെടുത്തി അവര്‍ തങ്ങളുടെ സുന്ദരമായ വര്‍ഗ്ഗീയ മുഖം നിഷ്‌കളങ്കമായി വെളിപ്പെടുത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം സംവിധാനിച്ച സുഖസൗകര്യങ്ങളുടെ പന്തലിലിരുന്ന് ഏമ്പക്കം വിട്ടിട്ട് ആ അരാഷ്ട്രീയവാദി എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നു പറയും. അയല്‍ രാജ്യങ്ങളില്‍ രാഷ്ട്രീയം വഴിവിട്ടതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരന്തചിത്രങ്ങളൊന്നും അവന്റെ മനസ്സില്‍ പതിഞ്ഞിട്ടേ ഉണ്ടാകില്ല. മറ്റേതു ലോകരാഷ്ട്രങ്ങളേക്കാളും സൗകര്യങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നിട്ടും ഉളുപ്പില്ലാത്ത അരാഷ്ട്രീയവാദി വിളിച്ചു പറയും.. രാജാക്കന്മാരുടെ കാലം തന്നെയായിരുന്നു നല്ലത്. അവനറിഞ്ഞുകൂട; രാജാക്കന്മാരുടെ കാലത്തെ ചരിത്രവും ദുരിതപര്‍വങ്ങളും. പുതിയ തലമുറയിലെ ആളുകള്‍ രാഷ്‌ട്രീയത്തില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ കുട്ടികള്‍ രാഷ്ട്രീയം ഔദ്യോഗികമായി പഠിച്ച് ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ സ്വീകരിച്ചുതുടങ്ങിയ കാലമാണിത്.
Thursday, July 3, 2008
പ്രിയപ്പെട്ട മാലാഖക്കൊച്ചുങ്ങള്‍ക്ക്
എന്റെ കൂടെ പാലക്കാട് വിക്ടോറിയയില്‍ പഠിച്ചിരുന്ന തങ്കം പോലത്തെ ഒരു കന്യാസ്‌ത്രീയായിരുന്നു സിസ്‌റ്റര്‍ ഉദയ. ബ്രഹ്മചര്യത്തെപ്പറ്റിയും മറ്റും അവരോട് പലതവണ സംവദിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഈ പടുപാപിയുടെ ചില വിവരക്കേടുകളെ അവര്‍ തിരുത്തിയിട്ടുമുണ്ട്. എന്നിട്ടുമിപ്പോള്‍ ആ ഭാഗ്യവതികളെപ്പറ്റിത്തന്നെയാകുന്നു എന്റെ ചിന്ത. സ്വര്‍ഗ്ഗത്തിലേക്ക് നേരിട്ട പ്രവേശനം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒരേയൊരു ജീവിതത്തെ ബലി കൊടുത്ത് അവരെന്തിനാണിങ്ങനെ ഉരുകിത്തീരുന്നതെന്ന ചോദ്യം വിടാത്ത വേദനയായി ഇടനെഞ്ചില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ബ്രഹ്മചര്യം അനുഷ്‌ഠിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് കന്യാസ്‌ത്രീ ആയാലും സംന്യാസി ആയാലും സൂഫിയായാലും. പ്രത്യുല്‍പാദനത്തിനും ലൈംഗികതക്കുമുള്ള സ്വാഭാവികമായ ആഗ്രഹങ്ങള്‍ ലോകത്തിന്റെ നിലനില്‍പ്പിനായി ദൈവം സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കുന്ന എന്റെയുള്ളില്‍ ഇപ്പോഴും വിയോജിപ്പുള്ള വിഷയമാണ് ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങള്‍.
വിശപ്പു പോലെ അനിവാര്യമായ പ്രകൃതിയുടെ വിളിയാണ് ലൈംഗികതയുമെങ്കില്‍ ജീവിതത്തില്‍ നിന്ന് ദൈവത്തിന്റെ പേരില്‍ അതിനെ പറ്റെ മാറ്റിനിര്‍ത്തുന്നത് തെറ്റാണ്. ഗുദസംഭോഗം പോലെയോ അല്ലെങ്കില്‍ സ്വവര്‍ഗ്ഗ രതി പോലെയോ പ്രകൃതിവിരുദ്ധമാണ് ബ്രഹ്മചര്യവും. പ്രകൃതിവിരുദ്ധമെന്നാല്‍ ദൈവത്തെ ധിക്കരിക്കുക എന്നാണ്. ദൈവത്തെ ധിക്കരിക്കുന്നവരെങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ പോവുക..?ലോകത്തെ നന്നാക്കിയെടുക്കാന്‍ മെഴുകുതിരി പോലെ ഉരുകുകയാണ് തങ്ങളെന്ന് ഇവര്‍ക്ക് പറയാമായിരിക്കാം. ഇങ്ങനെ ചില മെഴുകുതിരികള്‍ ഉരുകാതെങ്ങനെയാണ് വെളിച്ചമുണ്ടാവുക. ഇരുട്ട് മാറിപ്പോവുക എന്നും ചോദിക്കാം. ശരി തന്നെ. എന്നാലും ആ മെഴുകുതിരികളും പടച്ചോന്റെ പടപ്പുകളല്ലായോ..? അവര്‍ക്കുമില്ലേ മനുഷ്യാവകാശങ്ങള്‍...?
വിശ്വാസത്തിന്റെ പേരില്‍ ഇത്തരം അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി മിണ്ടാന്‍ എന്തുകൊണ്ടാണ് നമ്മുടെ മനുഷ്യാവകാശം മൊത്തമായും ചില്ലറയായും തോളില്‍ തൂക്കി നടക്കുന്നവര്‍ അറയ്‌ക്കുന്നത്. കന്യാസ്‌ത്രീകല്‍ക്ക് ആ ജീവിതം തെരെഞ്ഞെടുക്കാനുള്ള പ്രായം പതിനെട്ടു വയസ്സാക്കണമെന്ന ഒരു വിവരക്കേടു മാത്രമാണ് വനിതാ കമ്മീഷന്‍ ഈയിടെ ഉന്നയിച്ചത്. സത്യത്തില്‍ പല പല റീത്തുകളായി കിടക്കുന്ന ക്രസ്‌തീയ സഭാന്തരീക്ഷത്തില്‍ ലാറ്റിന്‍ റൈറ്റ് പ്രകാരം കന്യാസ്‌ത്രീയാകാന്‍ 18 വയസ്സാകണം. സീറോ മലബാറില്‍ ഇത് 21 വയസ്സാണ്. മലങ്കരയിലും മറ്റും മറ്റുമായി 18 വയസ്സിനപ്പുറം ഇത്തരം തീരുമാനമെടുക്കാന്‍ ഒരു പെണ്‍കുട്ടിക്ക് അവകാശമില്ല. പിന്നെ നേര്‍ച്ചയിടല്‍ പരിപാടി പുരാതന കാലത്തേതാണെന്നണ് എന്റെ പ്രിയപ്പെട്ട മാലാഖക്കോച്ച് സിസ്‌റ്റര്‍ ഉദയയുടെ വെളിപ്പെടുത്തല്‍. ഇന്നത്തെക്കാലത്ത് അങ്ങനെ നേര്‍ച്ചയിട്ടാലൊന്നും പെണ്‍കൊച്ചുങ്ങളെ ഇപ്പണിക്ക് കിട്ടില്ലെന്നും അവര്‍ പറയുന്നു.
മലയാളം വാരികയില്‍ ഇതുസംബന്ധമായി വന്ന രണ്ടു ലേഖനങ്ങളാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണയായത്. പലപ്പോഴും എന്നെ വേട്ടയാടിയിരുന്ന ഒരു പ്രഹേളികയായിരുന്നു ഈ കന്യാസ്‌ത്രീകളെന്നത്. മഠത്തില്‍ നിന്നിറങ്ങി കൂട്ടത്തോടെ നടക്കാറുള്ള അവരിലെ ഏറ്റവും സുന്ദരികള്‍ ഏതാണെന്ന് പറഞ്ഞ് ഞാനും കൂട്ടുകാരും തര്‍ക്കിക്കാറുണ്ടായിരുന്നു. എത്ര വഴക്കിട്ടാലും അവരുടെ ജീവിതത്തില്‍ പ്രണയമില്ലല്ലോ എന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് സങ്കടപ്പെടുകയും ചെയ്യും. പിന്നെയാണ് ഞാന്‍ സി.വി ബാലകൃഷ്‌ണന്റെ കഥയെഴുത്ത് വായിക്കുന്നത്. അപ്പോള്‍ ഈ വിഭാഗത്തോടുള്ള സഹാനുഭൂതി ഇത്തിരി കൂടുകയും ചെയ്‌തു. സി.വി ബാലകൃഷ്‌ണന്റെ ആമേന്‍ ആമേന്‍ ഒരു വാര്‍ഷികപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ വിക്ടോറിയാ കോളജിന്റെ ലൈബ്രറിയില്‍ വെച്ച് സിസ്‌റ്റര്‍ ഉദയയെ ഞാന്‍ ഇരുത്തി വായിപ്പിച്ചു. കന്യാസ്‌ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗരതിയെ വളരെ മനോഹരമായാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതു വായിച്ചപ്പോള്‍ മാത്രമാണ് എനിക്കത്തിരി ആശ്വാസം തോന്നിയത്. ഇവര്‍ക്കും ഇത്തരം വികാരങ്ങളുണ്ടെന്ന് ഈയടുത്ത് വര്‍ഷങ്ങളോളം ഒരു ജീപ്പ് ഡ്രൈവറുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന കന്യാസ്‌ത്രീയുടെ ചരിത്രം കൂടി വായിച്ചപ്പോള്‍ ബോധ്യപ്പെട്ടു. അവരുടെ പാപ ബോധവും ദൈവത്തോടുള്ള ഏറ്റുപറച്ചിലുമാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. ഇത്രയൊക്കെ അപമാനം വരുത്തിവെക്കുന്നതാണ് ലൈംഗികതയെങ്കില്‍ എന്തിനാണു ദൈവമേ ഞങ്ങള്‍ക്കത് തന്നത് എന്നു ചോദിക്കാന്‍ ഒരു കന്യാസ്‌ത്രീ ജനിക്കുമോ ആവോ..?.
മെത്രാന്മാര്‍ മദ്ധ്യകാലത്ത് ശാഠ്യം പിടിച്ചതിനൊക്കെ മാറ്റം വരുത്താന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ വലിയ കഷ്ടമാണ്. ചുരുങ്ങിയ പക്ഷം അച്ചന്മാരും കന്യാസ്‌ത്രീകളും പരസ്‌പരമെങ്കിലും ശമനമാകണമെന്നാണ് എന്റെ പക്ഷം. പ്രണയം ദൈവത്തിന് ഒരിക്കലും ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. സോളമന്റെ ഗീതങ്ങള്‍ തന്നെ വലിയ ഉദാഹരണം. പതിനൊന്നാം നൂറ്റാണ്ടില്‍ ബെനഡിക്ട് എട്ടാമന്‍ എന്ന മാര്‍പ്പാപ്പ ബുദ്ധിപൂര്‍വ്വം ഏര്‍പ്പെടുത്തിയതാണ് നിര്‍ബന്ധിത ബ്രഹ്മചര്യമെന്ന ആശയം. ബൈബിളോ മറ്റു കാനോനിക പാരമ്പര്യങ്ങളോ ഇതിനെ അനുകൂലിക്കുന്നില്ല. ആയുഷ്‌ക്കാലം മുഴുവന്‍ കന്യകയായി കഴിയുന്ന പെണ്ണുങ്ങള്‍ വിഡ്‌ഢികളാണെന്ന് ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുരുഷ സ്‌പര്‍ശമേല്‍ക്കാതെ മരിക്കുന്ന കന്യകകളുടെ വ്യര്‍ത്ഥമായ കന്യകാത്വത്തെച്ചൊല്ലി അവളുടെ സഖിമാര്‍ ഒരു നിര്‍ദ്ദിഷ്‌ഠ കാലം അനുഷ്‌ഠാനപരമായി വിലപിക്കാറുണ്ടായിരുന്നു.(ന്യായാധിപന്മാര്‍: 11-37-46).
സഭയുടെ ക്രൂരമായ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഇരകള്‍ കൂടിയാണ് കന്യാസ്‌ത്രീകള്‍. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭാസ്വത്തുക്കളില്‍ അവര്‍ കൂലിയില്ലാതെ പണിയെടുത്തതിന്റെ വിയര്‍പ്പിന്റെ ഉപ്പാണുള്ളത്. ദീര്‍ഘകാലമായി വിദേശത്തെ മഠങ്ങളിലേക്ക് കയറ്റി അയക്കുന്ന ബുദ്ധിയുള്ള കന്യാസ്‌ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ വിവരണാതീതമാണ്. നിര്‍ബന്ധിത കൂലിയില്ലാ ജോലി എന്നതിനപ്പുറം അവര്‍ അനുഭവിക്കുന്ന മാനസികവ്യഥകളും ഏറെയാണെന്ന് ഫാദര്‍ വടക്കന്‍ എഴുതിയ ആത്മകഥ വ്യക്തമാക്കുന്നുണ്ട് (കുതിപ്പും കിതപ്പും). സഭാനേതൃത്വവും ക്രൈസ്‌തവ സമൂഹവും ഇന്നു കാണുന്ന അഭിവൃദ്ധിയിലേക്ക് കുതിച്ചത് ഈ വര്‍ഗ്ഗത്തിന്റെ നിസ്വാര്‍ത്ഥമായ അദ്ധ്വാനം കൊണ്ടായിരുന്നു.
ഇപ്പോഴാണ് ബിഷപ്പുമാര്‍ക്ക് ബോധോദയമുണ്ടായത്. ഇത്രയൊക്കെ പണിയെടുത്തിട്ടും ക്രിസ്‌ത്യാനികള്‍ കുറയുന്നതെന്തു കൊണ്ടാണ്...? ഉത്തരം ലളിതം. ഒരു നല്ല വിഭാഗം വൈദികരോ കന്യാസ്‌ത്രീകളോ ആയി വിവാഹജീവിതം ഉപേക്ഷിക്കുന്നു. വിവാഹം കഴിച്ചവര്‍ തന്നെ ഒന്നോ രണ്ടോ കൊച്ചുണ്ടായാല്‍ സംഗതി അവസാനിപ്പിക്കുന്നു. ജനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഒരു രാജ്യത്തിനകത്തു നിന്ന് സഭാ നേതൃത്വം ക്രിസ്‌ത്യന്‍ പെണ്ണുങ്ങളോട് ഇനിയെങ്കിലും നന്നായി പെറ്റുകൂട്ടണമെന്ന് പറഞ്ഞതിന്റെ സാരം എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്.
കന്യാസ്‌ത്രീകള്‍ മാലാഖകളെപ്പോലെ പരിശുദ്ധിയുള്ളവരാകണമെന്ന് വാശിപിടിക്കേണ്ടത് പ്രകൃതിവരുദ്ധ ലൈംഗികജീവിതം ഉപദേശിച്ചു കൊണ്ടല്ല. മറിച്ച്, വിശുദ്ധമായ ആണ്‍, പെണ്‍ ബന്ധത്തിന്റെ മഹിമ പറഞ്ഞിട്ടാണ്. ആ ഒരു സുഖമൊന്നും ബ്രഹ്മചര്യത്തിന് കിട്ടില്ല എന്നാണ് ചുരുക്കിപ്പറയേണ്ടത്. ആ ഒരു സന്തോഷം ദൈവത്തിന് ബ്രഹ്മചാരികള്‍ നല്‍കുന്നുമില്ല.
Thursday, June 26, 2008
നമ്മുടെ പള്ളികള്‍ ആരുടെ കൈകളില്‍...?
പള്ളികള്‍ മുസ്‌്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. പള്ളികളെക്കുറിച്ച് വിശ്വ കാഥികന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്. ഒരാള്‍ അദ്ദേഹത്തോട് അടുത്തു വല്ല പള്ളിയുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞു." നേരെ പോയാല്‍ നല്ല സൊയമ്പന്‍ മൂത്രത്തിന്റെ മണമടിക്കും. അവിടെത്തന്നെ." അദ്ദേഹം പറഞ്ഞതില്‍ നിന്ന് ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനമായും മനസ്സിലാക്കാവുന്നതാണ്. സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പള്ളിയെ സമുദായം മൂത്രപ്പുരയാക്കി എന്നതാണ് ഒന്ന്. ഇന്ന് ജനങ്ങള്‍ക്ക് പള്ളികളെക്കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ അതു മൂത്രമൊഴിക്കാനുളള സൗകര്യമാണ്. ഇത്രയും സ്വസ്ഥമായും പണം മുടക്കാതെയും ലഭിക്കുന്ന സൗകര്യത്തിന് അല്ലാഹുവിന് സ്‌തുതി!.. നേരത്തെ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി വിഭാഗം പുറത്തിറക്കുന്ന മാസികയില്‍ ഈയൊരു ചര്‍ച്ച പൊടിപൊടിച്ചിരുന്നു. ഈ മാറാലപ്പുരകള്‍ ആരു തകര്‍ക്കും എന്നായിരുന്നു അതിന്റെ കവര്‍ സ്റ്റോറി എന്നാണ് ഓര്‍മ്മ. എന്തായാലും വളരെ ഭംഗിയായി കേരളത്തിലെ പള്ളികള്‍ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അതില്‍ വിവരിച്ചിരുന്നു. എന്തു കൊണ്ടോ പയ്യന്മാര്‍ തയ്യാറാക്കിയ കണക്കു പുസ്‌തകമായതിനാല്‍ മതനേതാക്കള്‍ അത് ശ്രദ്ധിക്കുകയോ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുകയോ ഉണ്ടായില്ല.
ആര്‍ക്കും പള്ളിയില്‍ വരാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍തന്നെ വേണ്ടത്ര ഗൗരവത്തില്‍ ഇക്കാര്യങ്ങള്‍ ഉണര്‍ത്തിക്കാനാവുന്നില്ലെന്നുമാണ് ഇമാമുമാര്‍ പറയുന്ന ന്യായം. ശുദ്ധ അസംബന്ധമാണത്. പണ്ടൊക്കെ ദര്‍സ് മുഖേനയും പാതിരാപ്രസംഗങ്ങളിലൂടെയും നാട്ടുകാര്‍ക്ക് നല്ല വിവരം കിട്ടിയിരുന്നു. പള്ളിയില്‍ അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത് വിധിതീര്‍പ്പുകളുമുണ്ടായിരുന്നു. ഇന്ന് പള്ളിയിലെ മുസ്‌്‌ല്യാരുടെ അടുത്തേക്ക് പ്രശ്‌നപരിഹാരത്തിനു ചെല്ലുന്നവര്‍ തുലോം വിരളമാണ്. കാരണമെന്താണെന്ന് അവര്‍ തന്നെ ചിന്തിക്കുന്നത് നന്നായിരിക്കും.
കേവലം അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത് നിന്ന് ഈ മാറാലപ്പുരകള്‍ തകര്‍ക്കാന്‍, താന്‍പോരിമയുടെ അഹന്ത കൊണ്ട് അര്‍ഹരല്ലാത്തവരുടെ ആസനത്തിനടിയില്‍ കിടക്കുന്ന പരിശുദ്ധിയെ വീണ്ടെടുക്കാന്‍ പണ്ഡിത പക്ഷത്തു നിന്നാണ് കൂടുതല്‍ ശ്രമങ്ങളുണ്ടാവേണ്ടത്. (സഹികെട്ട ദുരവസ്ഥയില്‍ നിന്ന് ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താമെന്നു പറഞ്ഞത് വി.ടി ഭട്ടതിരിപ്പാടാണ്).
ഇനി നമുക്ക് നാട്ടുകാര്‍ക്ക് വേണ്ടാത്ത പള്ളികളുടെ അടിക്കല്ലിളക്കാം....
പള്ളികള്‍ സാധാരണക്കാരില്‍ നിന്ന് എത്ര അകലം പാലിക്കാമോ അത്രയും അകലം സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു എന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ദുര്യോഗം. ആരുടെ വരുതിയിലാണ് അല്ലാഹുവിന്റെ ഭവനങ്ങള്‍ നിലകൊള്ളുന്നത് എന്നതിനെപ്പറ്റി ഒരു സാമാന്യനിരീക്ഷണം ഓരോരുത്തരും നടത്തുന്നത് നല്ലതാണ്. ആ നിരീക്ഷണം എത്തിച്ചേരുന്ന സംജ്ഞ എന്താണെങ്കിലും ഇനിപ്പറയുന്ന കാര്യത്തിന്റെ (കഥയല്ല; ഈ ഭൂലോകത്ത് നടന്ന സംഭവം) അടുത്തേക്കെങ്കിലും വിവരമുള്ളവരും പരിസരവ്യാകുലതയുള്ളവരും എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണ്.
സംഭവം നടന്നത് ഒട്ടൊന്നും അകലെയല്ല. മലപ്പുറം ജില്ലയില്‍ വിവരം എമ്പാടുമുള്ള മുസ്‌്‌ലിംകള്‍ തിങ്ങിനിറഞ്ഞ് പാര്‍ക്കുന്ന ഒരു പ്രദേശത്ത്. പലചരക്ക് കച്ചവടവും അത്യാവശ്യം പൊളിയുന്ന മറ്റു പല 'വിസിനസ്സു'കളുമായി കഴിഞ്ഞുകൂടിയിരുന്ന കഥാ നായകന്‍ ഒരു സുപ്രഭാതത്തില്‍ ഗല്‍ഫിലേക്ക് പറക്കുകയാണ്. പച്ചപിടിക്കാത്ത തന്റെ സാമ്രാജ്യം പച്ചപിടിപ്പിക്കാനുറച്ചായിരുന്നു ആ പറക്കം. കൃത്യം 2 മാസത്തിനുള്ളില്‍ ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയ ഉടനെ ജീപ്പും കാറും കൂറ്റന്‍ ബംഗ്ലാവും പമികഴിപ്പിച്ചു. മൂന്നു കാറുകള്‍, കൊട്ടാരസദൃശമായ വീട്, റബ്ബര്‍ തോട്ടം എന്നിങ്ങനെ ആള്‍ അക്ഷരാര്‍ത്ഥത്തില്‍ കോടീശ്വരനായി. പള്ളിയിലേക്ക് ഇയാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത വാതിലിന് ലക്ഷക്കണക്കിന് ഉറുപ്പിക വിലയുണ്ടായിരുന്നു. അപ്പോഴും ആ നാട്ടില്‍ ദുരിതക്കാരുണ്ടായിരുന്നു. നാശം പിടിച്ച പട്ടിണി വര്‍ഗ്ഗം. അതിലൊരാള്‍ മകളുടെ കല്യാണ ആവശ്യത്തിന് ഒരിക്കല്‍ ഇയാളുടെ അടുത്ത് പിരിവിനു പോയി. അപ്പോള്‍ നമ്മുടെ കഥാപുരുഷന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. എന്തെന്നാല്‍ ഹേയ്.... ഒന്നുകില്‍ നിങ്ങള്‍ക്ക് പണം വേണം. അല്ലെങ്കില്‍ മകള്‍ക്ക് സൗന്ദര്യം വേണം. ഇതു രണ്ടുമില്ലാത്തവന്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണരുത്..
ഇങ്ങനെ അരുളിച്ചെയ്‌ത ഈ മഹാന്‍ സ്വന്തം മകളുടെ കല്യാണം സന്തോഷ് മാധവന്‍ നടത്തിയ വിവാഹത്തേക്കാള്‍ പൊടിപൊടിച്ചു. കോഴി, കാട, ബീഫ്, കഷ്‌ണം മീന്‍ തുടങ്ങി വിഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. നാട്ടുകാരെന്ന എമ്പോക്കികള്‍ ബഹുസ്സായി അകത്താക്കിയിട്ട് ഇതിയാന്റെ പോരിശയും പറഞ്ഞ് ചായപ്പീടികയില്‍ കുത്തിയിരുന്നു. കഥാനായകന്‍ ഇടക്കിടെ ഗള്‍ഫില്‍ പോയി കീശ നിറയെ പണവുമായി മടങ്ങി.
ഇക്കഥയില്‍ പള്ളിക്കെന്തു കാര്യം എന്നതാണു വിഷയം. കഥാപുരുഷന്‍ ഒരു പുലര്‍ച്ചെ പണക്കാരനായതിനു ശേഷം പള്ളിക്കമ്മിറ്റിക്ക് സംഭാവനകള്‍ ഒഴുക്കി. നാട്ടില്‍ അത്യാവശ്യം സ്വീകാര്യത ലഭിക്കണമെങ്കില്‍ പള്ളിക്ക് കൈയയച്ച് സംഭാവന നല്‍കണമെന്ന സാമാന്യതത്വം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗള്‍ഫില്‍ ഇയാള്‍ക്ക് കള്ളക്കടത്താണു പണിയെന്ന് പള്ളിക്കമ്മിറ്റിക്കാര്‍ക്കടക്കം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരസ്യമായ പരസ്യമാണ്. (രഹസ്യമല്ല). നിഴല്‍ക്കടത്ത് എന്ന പുതിയ ഭാഷയാണ് ഇതിന് നാട്ടുകാര്‍ ഉപയോഗിച്ചത്. എന്തെല്ലാമോ നിഗൂഢതകള്‍ ഇയാളെ ചുറ്റിപ്പറ്റി ഉണ്ടെന്ന് നാട്ടുകാര്‍ക്കറിയാമായിരുന്നു. പറഞ്ഞു പറഞ്ഞിരിക്കെ സംഭവിക്കേണ്ടത് സംഭവിച്ചു. കഥാപുരുഷന്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ടായി.
സംഭവങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഇയാള്‍ പിന്നെയും ഗള്‍ഫില്‍ പോയി. അവിടെ വെച്ച് പലനാള്‍ കള്ളന്‍ അതിമനോഹരമായി പിടിക്കപ്പെട്ടു. ജയിലിലായി. പിന്നെയുള്ള കഥയാണ് രസം. എന്റെ റബ്ബേ... ചിരിച്ച് ചിരിച്ച് .... സംഗതി മറ്റൊന്നുമല്ല. രാജ്യദ്രോഹിയും കൊടും ക്രിമിനലുമായ ഇയാള്‍ക്കു വേണ്ടി പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. ഇയാളെ വേഗം വിട്ടുകിട്ടണേ നാഥാ എന്ന് കരഞ്ഞു പറഞ്ഞു. (എന്നാലല്ലേ പള്ളിക്ക് പിന്നെയും പണം കിട്ടൂ. ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാനാവൂ.)
ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു വള്ളിപുള്ളി നുണയില്ല. ഇനിയും നൂറുനൂറു നാറിയ കഥകള്‍ ബാക്കിയുണ്ട്. ഇളിഭ്യച്ചിരിയുമായി ഹദീസും ആയത്തും കക്ഷത്ത് വെച്ച് ഉറങ്ങിയുണരുകയും സമുദായത്തിന്റെ ചോറ് തിന്ന് തടിച്ചു കൊഴുക്കുകയും ചെയ്‌തവര്‍ക്ക് ബാധ്യതയുണ്ട്. എല്ലാമറിഞ്ഞിട്ടും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്ന ഉളുപ്പില്ലാത്ത നാട്ടുകാര്‍ക്കും ബാധ്യതയുണ്ട്. എന്തു കൊണ്ട് മമ്മൂട്ടിയുടെ സിനിമ ഹറാമും പള്ളിക്ക് സംഭാവന കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ പണം ഹലാലുമാകുന്നു എന്നു ചിന്തിക്കാന്‍ ഇനിയും നേരമുണ്ട്. ഇതിലും സത്യസന്ധമായി പറയാന്‍ എനിക്ക് മനസ്സില്ല. ഇത്തിരി കാലം കൂടി ജീവിക്കണമെന്ന് കൊതിയുണ്ടളിയോ...
വാലില്‍ കടി: സ്‌നേഹ സഹോദരന്മാരേ, ഇതൊരു കാടടച്ചുള്ള വെടിയല്ല. കൊള്ളേണ്ടവര്‍ക്കു മാത്രം കൊള്ളാനുള്ളതാണ്. മേത്ത് തട്ടാതിരിക്കണമെന്നുള്ളവര്‍ മാറി നില്‍ക്കുക. നന്മകളുടെ വീണ്ടെടുപ്പിന് പ്രതിജ്ഞാബദ്ധമാവുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
Tuesday, June 24, 2008
മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി
പരിചാരകനാണ് വാതില്‍ തുറന്നത്. ഉദ്ദേശം 50,000 രൂപയെങ്കില്‍ ആവാതിലിനു മുടക്കിയിട്ടുണ്ടാവുമെന്ന് കൂടെയുള്ളയാള്‍ എന്റെ കാതില്‍ പിരുപിറുത്തു. നേരത്തെ വിളിച്ചു പറഞ്ഞതു പ്രകാരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ പിരിവിനാണ് ഞങ്ങള്‍ ഹാജിയാരുടെ വീട്ടിലെത്തുന്നത്. പിരിവുകാരാണെങ്കിലും ശുജായികളായ മുന്തിയ അതിഥികള്‍ എത്തിയ പോലെയാണ് ഹാജിയാര്‍ ഞങ്ങളോട് പെരുമാറിയത്. എന്തു തങ്കപ്പെട്ട മനുഷ്യന്‍ എന്ന് മന്ത്രിക്കാന്‍ തോന്നുന്ന മനസ്സുമായി ഞങ്ങളിരിക്കെ ഡൈനിംഗ് ടേബിളില്‍ സുപ്ര വിരിച്ചു. പത്തിരി, കോഴിക്കറി തുടങ്ങിയ വിഭവങ്ങള്‍ നിരന്നു. ഞങ്ങള്‍ അത്യാവശ്യം കഴിക്കാന്‍ തന്നെ ഒരുങ്ങിയിരുന്നു.
കൂട്ടത്തിലൊരാള്‍ക്ക് ഒരു പ്ലേറ്റിന്റെ കുറവുണ്ടെന്നറിഞ്ഞതും ഹാജിയാര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. " എടീ ഞാന്‍ മൂന്നാമത് ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ.. "
മൂന്നു വട്ടം ഹജ്ജിനു പോയിട്ടുള്ള ആ മഹാനവറുകളെ അത്ഭുതാദരങ്ങളോടെ നോക്കിയിരിക്കുമ്പോള്‍ എന്റെ കൂടെയുള്ള ചെറുപ്പക്കാരന്‍ സംശയം ചോദിച്ചു.
" ബസിയോ.. അതെന്താ...?"
" അതേന്നേയ്. പിഞ്ഞാണം പിഞ്ഞാണം.." വെറ്റിലക്കറ പിടിച്ച പല്ലുകള്‍ പുറത്തേക്കിട്ട് ഇങ്ങനെയൊരു പോയത്തക്കാരന്‍ എന്നോര്‍ത്ത് ഹാജിയാര്‍ ഉറക്കെ ചിരിച്ചു.
ചെറുപ്പക്കാരന് സംഗതി പിടികിട്ടി. ഹാജിയാരും ഞങ്ങളോടൊപ്പം തിന്നു.
നല്ലൊരു തുക സംഭാവനയായി കിട്ടിയ അന്ന് പിരിവു നിര്‍ത്തി ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങി. ഉറങ്ങാന്‍ കിടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്ന് ആ വാചകം മാഞ്ഞില്ല. `എടീ ഞാന്‍ മൂന്നാമത് ഹജ്ജിനു പോയപ്പോള്‍ കൊണ്ടന്ന ബസി ഇങ്ങോട്ടെടുത്തേ..'
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.. ലബ്ബൈക്ക് ലാ ശരീക്കലക്ക ലബ്ബൈക്ക് എന്ന പ്രത്യുത്തര മന്ത്രവുമോതി ഹജ്ജിനു പോകാനൊരുങ്ങുകയാണ് ലോകമെങ്ങുമുള്ള മുസ്‌്‌ലിംകള്‍. ഇസ്‌്‌ലാമിന്റെ നിര്‍ബന്ധിത പഞ്ചകര്‍മ്മങ്ങളില്‍ സമ്പത്തുള്ളവര്‍ ഒരിക്കലെങ്കിലും ചെയ്‌തിരിക്കേണ്ട വിശുദ്ധ കര്‍മ്മമാണ് ഹജ്ജ്. ആഗോള മനുഷ്യ സാഹോദര്യത്തിന്റെ, സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമെന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന ഹജ്ജിന് പോകാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാരാണെന്ന് മുസ്‌്‌ലിംകള്‍ വിശ്വസിക്കുന്നു.
പണ്ടു കാലത്ത് വേണ്ടപ്പെട്ടവരോടെല്ലാം പറഞ്ഞ് മരിക്കാന്‍ പോകുന്ന പ്രതീതിയിലായിരുന്നു ഹജ്ജിനു പോയിരുന്നത്. കാടും മരുഭൂമികളും താണ്ടി ഒട്ടനേകം ദുരിതങ്ങള്‍ സഹിച്ച് ഹജ്ജ് ചെയ്‌തു വന്നവരുടെ സാഹസിക കഥകള്‍ നമ്മള്‍ ഏറെ കേട്ടതാണ്. കുടിക്കാനിത്തിരി വെള്ളമില്ലാതെ, കിടിക്കാനൊരിടമില്ലാതെ ഒന്നും രണ്ടും വര്‍ഷം വഴിദൂരം താണ്ടി അവര്‍ വിശുദ്ധ കര്‍മ്മം നിര്‍വ്വഹിച്ചു. പോകുന്ന വഴിയില്‍ തന്നെ ജിവനൊടുങ്ങിയവരുമുണ്ട്. പിന്നെ ചിലര്‍ കപ്പലുകളില്‍ കയറി കടല്‍ക്ഷോഭവും മറ്റും സഹിച്ച് എത്തിയാലെത്തി ഇല്ലെങ്കില്‍ ദൈവമാര്‍ഗ്ഗത്തില്‍ മരണം എന്ന നിയ്യത്തോടെ ഹജ്ജിനു പോയി. പഴയ കാരണവന്മാര്‍ ഏറെ പറഞ്ഞതാണ് ആ ദുരിത കഥകള്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമായ വസ്‌തുത എന്തെന്നാല്‍ കച്ചവടകാലത്ത് ഹജ്ജും അങ്ങനെയായിരിക്കുന്നു എന്നതാണ്. ചിലര്‍ ടൂറു പോകുന്നതു പോലെയൊരു എന്‍ജോയ്‌മെന്റിനാണ് ഇപ്പോള്‍ ഹജ്ജിനു പോകുന്നത്. മറ്റു ചിലര്‍ സര്‍ക്കാരിനെ പറ്റിച്ചും അല്ലാതെയും രണ്ടും മൂന്നും തവണ അവധിക്കാലം ചെലവഴിക്കാനെന്ന പോലെ ഹജ്ജ് ചെയ്യുന്നു.
പൊങ്ങച്ചസഞ്ചി പിരടിയില്‍ തൂക്കി നടക്കുന്നവരും അവരെ പിന്താങ്ങുന്ന മതനേതാക്കളും ഇക്കാര്യത്തില്‍ അപകടകരമായ മൗനം തുടരുന്നത് ദുരൂഹമാണ്. പണ്ടൊക്കെ ഹജ്ജിനു പോകാനായി എടങ്ങേറായി സ്വരുക്കൂട്ടിവെച്ച പണം അയല്‍പക്കത്തെ പട്ടിണിക്കാര്‍ക്കു നല്‍കിയ ഒരു സാത്വികന്റെ കഥ പറയാറുണ്ടായിരുന്നു പള്ളിയിലെ ഉസ്‌താദ്. അയല്‍വാസിയായ സ്‌ത്രീയും കുട്ടികളും പന്നിയിറച്ചി കഴിക്കുന്നതു വരെയെത്തിയ പട്ടിണിയില്‍ കഴിയുമ്പോള്‍ തനിക്ക് ഹജ്ജ് ചെയ്യേണ്ടെന്നു പറഞ്ഞ ആ മഹാനായ മനുഷ്യന്‍ വളരെയധികം അധ്വാനിച്ചുണ്ടാക്കിയ പൈസ അവര്‍ക്കു കൊടുത്തതായൂം അതുമൂലം അദ്ദേഹത്തിന് ഹജ്ജ് ചെയ്‌തതിന്റെ പ്രതിഫലം ലഭിച്ചതായും ചരിത്രത്തില്‍ എഴുതി വെച്ചിരിക്കുന്നു. ഇപ്പോള്‍ ഈ കഥ അധികം കേള്‍ക്കാറില്ല. എന്തെന്നാല്‍ ഇക്കഥ പറഞ്ഞ് രാജ്യത്തെ പട്ടിണി മാറ്റാന്‍ മുതിര്‍ന്നവര്‍ തന്നെയാണ് ഇപ്പോള്‍ പണം വാരിക്കൂട്ടുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ തലപ്പത്തിരിക്കുന്നവരും അക്കണക്കില്‍ അമീറുമാരായി പോയി ഹജ്ജ് ചെയ്യുന്നതും. അയല്‍പക്കത്തെ പട്ടിണിക്കാരനെ മറന്ന് നാലും അഞ്ചും തവണ ഹജ്ജിനു പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നാണ് മതം അറിയാത്ത ചിലരുടെ വിചാരം. മതം അറിയുന്നവര്‍ സത്യമെന്താണെന്ന് പറയാന്‍ മെനക്കെടുന്നുമില്ല. അയല്‍ക്കാരന്‍ കടവും കള്ളിയുമായി ജീവിതദുരിതങ്ങളില്‍പെട്ട് ആത്മഹത്യയുടെ വക്കത്ത് നില്‍ക്കുമ്പോഴും അയല്‍പക്കത്ത് നാലും അഞ്ചും പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ മാത്രം കെട്ടാച്ചരക്കുകളായി ഇരിക്കുമ്പോള്‍ ഹജ്ജിനു പോകുന്നവന്റെ അനുഷ്‌ഠാനത്തിന് അല്ലാഹു എങ്ങനെയാണ് പ്രതിഫലം നല്‍കുക...?ഒരു പ്രദേശത്തിന്റെ സാമ്പത്തിക സുരക്ഷയെതന്നെ തകിടം മറിക്കുന്ന തരത്തിലേക്ക് ഇപ്പോള്‍ ഹജ്ജ് ഭ്രമം മാറിയിരിക്കുകയാണ്. ഏറെ പണം മുടക്കി ചെയ്യുന്ന കര്‍മ്മം എന്ന നിലയില്‍ ഏറെ പ്രതിഫലം പ്രതീക്ഷിക്കുന്ന (അല്ലാഹുവിനോടും ലാഭക്കച്ചവടം) പ്രമാണിമാര്‍ ഒരിക്കലെങ്കിലും നിലത്തേക്കിറങ്ങി ചിന്തിച്ചിട്ടുണ്ടോ താന്‍ ചെയ്യുന്നത് ശരിയാണെന്ന്...? ഹജ്ജ് ക്ലാസ്സെടുപ്പ് ആഘോഷമാക്കി മാറ്റാറുള്ളവര്‍ എപ്പോഴെങ്കിലും നിങ്ങള്‍ മക്കയും മദീനയും മനസ്സില്‍ വെച്ച് അയലോക്കത്തേക്കൊന്നു നോക്കൂ എന്ന് പറഞ്ഞിട്ടുണ്ടോ...?
കേരളത്തില്‍ നിന്ന് 29054 പേരാണ് ഇത്തവണ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയത്. 5918 ആണ് കേരളത്തിന്റെ ഹജ്ജ് ക്വാട്ട. 1290 അധികം സീറ്റുകള്‍ നല്‍കിയിട്ടും കേരളത്തില്‍ അപേക്ഷ നല്‍കിയ 75 ശതമാനം ആളുകള്‍ക്കും ഇത്തവണ ഹജ്ജിനു പോകാന്‍ കഴിയില്ല. 7208 പേര്‍ക്ക് പോകാന്‍ അനുമതി ലഭിച്ചു. കണക്കു പ്രകാരം 21846 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാനാവില്ല. ഇന്ത്യയില്‍ നിന്ന് മൊത്തം 270962 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ഹജ്ജ് സര്‍വ്വീസ് വഴിയും 1,60491 പേര്‍ ഇക്കുറി ഹജ്ജ് ചെയ്യും. 270962 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്.
ചിലര്‍ രണ്ടും മൂന്നും തവണ ഹജ്ജിനു പോകാന്‍ പെടുന്ന പാടുകള്‍ സങ്കടപ്പെടുത്തുന്നതാണെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. സര്‍ക്കാര്‍ കണക്ക് പ്രകാരം ഒരാള്‍ക്ക് അഞ്ചു വര്‍ഷത്തിലൊരിക്കലേ ഹജ്ജ് ചെയ്യാന്‍ അവസരമുള്ളൂ. എന്നാല്‍ കഴിഞ്ഞ തവണ ഹജ്ജ് ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ല എന്ന് ഉളുപ്പില്ലാതെ പച്ച നുണ എഴുതി ഹജ്ജിനു പോകാന്‍ സീറ്റു തരപ്പെടുത്തുന്നവര്‍ ധാരാളമാണ്. കള്ളത്തരം കാണിക്കുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് നടത്തിപ്പുകാരുടെ ലീലാവിലാസങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളാത്തതാണ്. മതം പഠിപ്പിക്കാന്‍ വേഷം കെട്ടിയിറങ്ങിയവരാണ് ഇത്തരം കളളത്തരങ്ങള്‍ കാണിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നത് വേദനാജനകം. സ്വകാര്യഹജ്ജ് ഗ്രൂപ്പുകള്‍ പലതും വരുന്ന അഞ്ചു കൊല്ലത്തേക്ക് ബുക്കിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മുമ്പ് എഴുപതിനായിരം രൂപ ചെലവുണ്ടായിരുന്ന ഹജ്ജ് യാത്രക്ക് ഇപ്പോള്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം വരെ സ്വാകാര്യ ഗ്രൂപ്പുകള്‍ പണം വാ(രു)ങ്ങുന്നുണ്ട്. അതു കൊടുക്കാനും ശുജായികള്‍ എമ്പാടുമുണ്ട്.
കാലം കണക്കു ചോദിക്കുന്ന ദിവസത്തെപ്പറ്റി ബേജാറോടെ ചിന്തിച്ച് ജീവിക്കുന്ന സമുദായത്തിന്റെ അകത്തു നിന്ന് ഇത്തരം അപകടങ്ങളെപ്പറ്റി പറയാന്‍ ഹജ്ജ് ഗ്രൂപ്പുകാരെ ഭയമില്ലാത്ത ആണുങ്ങള്‍ ഉണ്ടാകുമെന്നു കരുതുന്നു.
