
അരാഷ്ട്രീയ നേതാക്കള്‍ നിരാഹാരസമരത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണമെന്തെന്ന അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നു. യോഗ സാമ്രാജ്യത്തിലെ കിരീടം വെച്ച രാജാവ് ബാബാ രാംദേവിന്റെ നിരാഹാരസമരമാണ് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. യോഗ ബിസിനസ്സിലൂടെ മാത്രം കോടികള്‍ സമ്പാദിച്ച രാംദേവ് നേരത്തെ അണ്ണാ ഹസാരെ നടത്തിയതിനേക്കാള്‍ മുന്നൊരുക്കങ്ങളോടെയാണ് സമരം ആരംഭിച്ചത്.
പബ്ലിക് റിലേഷനാണ് ഈ ആഘോഷത്തിന്റെ ഒന്നാംഘട്ടം. സമരം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പേ പ്രചരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. പത്രമോഫീസുകള് കയറിയിറങ്ങി ദേശീയ മാധ്യമങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു. രാജ്യത്തെ പ്രധാന മാധ്യമഭീമന്മാര് പ്രധാനവാര്‍ത്തയായി ഏറ്റെടുക്കുന്നതോടെ മറ്റുള്ള പത്രങ്ങളും ചാനലുകളും സ്വാഭാവികമായും കൊണ്ടാടുന്നു. ഈ ഏറ്റെടുക്കല്‍ എങ്ങനെ നടക്കുന്നു എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്.
യോഗ വില്പനയിലൂടെ രാജ്യത്തെ പട്ടിണി മാറ്റാന്‍ മാത്രം പണമുണ്ടാക്കിയ ഈ സ്വാമി ആരുടെ ബിനാമിയാണ് എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. നിരാഹാരസമരത്തിന്റെ മാര്‍ക്കറ്റ് വാല്യൂ മനസ്സിലാക്കിയവര്‍ അരാഷ്ട്രീയസമരത്തിലൂടെ രാഷ്ട്രീയ അട്ടിമറി നടത്തി രാജ്യത്തെ ഫാസിസ്റ്റുകള്‍ക്ക് എഴുതിക്കൊടുക്കാനൊരുങ്ങുകയാണെന്നും ആരോപണമുണ്ട്. ബാബരി മസ്ജിദ് കേസിലെ പ്രതി സാധ്വി ഋതംബരയുടെ സമരപ്പന്തലിലെ സജീവസാന്നിദ്ധ്യം ഈ ആരോപണത്തിന് ആക്കം കൂട്ടുന്നു.
18 കോടിയാണ് ശീതീകരിച്ച സമരപ്പന്തലിനുവേണ്ടി ചെലവഴിച്ചത്. മാസങ്ങള്‍ക്കുമുമ്പേ പ്രചരണത്തിനുള്ള കോപ്പ്കൂട്ടി. അനുയായികളില്‍നിന്ന് ലക്ഷങ്ങള്‍ പിരിവു നടത്തി. ഹൈ ടെക് സമരമെന്ന് തുടങ്ങുന്നതിനുമുമ്പേ പ്രചാരണമുണ്ടായിട്ടും സ്വന്തം വിമാനത്തില്‍ സമരത്തിനു വന്നിറങ്ങിയ രാംദേവ് അവിടെ നടത്തിയ പ്രഭാഷണങ്ങളില്‍ ഒരു ഭാഗം ഇങ്ങനെയാണ്: സ്വാതന്ത്ര്യത്തിനായുള്ള സമരപരിപാടികള്‍ക്ക് തുടക്കംകുറിച്ചത് ഭഗത്സിംഗാണെന്ന കാര്യം നമ്മള് പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്. അവരെപ്പോലുള്ള ത്യാഗികളില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യം നമുക്കിന്നും അന്യമായി തുടരുമായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഭഗത് സിംഗും ചന്ദ്രശേഖര്‍ ആസാദും. ഇവരെപ്പോലുള്ള സേനാനികളെ നമ്മളൊരിക്കലും മറക്കാന്‍ പാടില്ല. ഭഗത് സിംഗിന്റെ പേരില്‍ രാജ്ഘട്ട് പോലെ മനോഹരമായ ഒരു പാര്‍ക്ക് നിര്‍മിക്കാന്‍ 5 ലക്ഷം രൂപ ഞങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.
ബാബാ രാംദേവ് തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച ഭഗത്്സിംഗിന്റെയോ ആസാദിന്റെയോ മാര്‍ഗത്തിലല്ല സമരം ചെയ്യുന്നത് എന്നതും ഈ വാചകങ്ങളും കൂട്ടിവായിക്കുന്നത് രസകരമാണ്. സ്വാധീനിച്ച വ്യക്തികളുടെ നിലപാടുകളല്ല രാംദേവ് ജീവിതത്തില്‍ പിന്തുടരുന്നത് എന്നത് മറ്റൊരു കാര്യം. ലാളിത്യത്തിന്റെയും അഹിംസയുടെയും പ്രതീകമെന്ന് ലോകം വാഴ്ത്തിയ മഹാത്മാഗാന്ധിയുടെ മാര്‍ഗമാണ് സഹനസമരം. (ഈ സമരത്തില്‍ സഹനമെവിടെ എന്ന ചോദ്യം വേറെ). എന്നാല്‍ പ്രസംഗത്തിലെവിടെയും താന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ ഉപാസകനെ അദ്ദേഹം അനുസ്മരിച്ചില്ല.
രാംദേവ് ഉന്നയിച്ച ആവശ്യങ്ങളും വിചിത്രമായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണം എന്ന തമാശയായിരുന്നു അതിലൊന്ന്. താന്‍ സമ്പാദിച്ച കോടികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നുപോലും ഓര്‍ക്കാതെയാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്. മറ്റൊന്ന് അഴിമതിക്കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും. ഏറ്റവുമൊടുവില്‍ ഈ ആവശ്യങ്ങളില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും തമാശകള്‍ വേറെയുമുണ്ട്്. ഹൈന്ദവ ഫാസിസ്റ്റുകള്‍ സമരം കൈയേറിയെന്ന ആരോപണത്തെ തൊപ്പിവെച്ച ഒരു മൗലവിയെക്കൊണ്ട് പലവട്ടം പ്രസംഗിപ്പിച്ചാണ് അദ്ദേഹം പ്രതിരോധിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ വിഷം വമിപ്പിക്കുന്ന തീപ്പൊരിനേതാവായ ഋതംബരയെ അനാഥശാലകള്‍ നടത്തുന്ന മഹതിയെന്ന് വിശേഷിപ്പിക്കുമ്പോള്‍തന്നെയാണ് ഈ നാടകവും. സമരത്തിന് മുസ്്ലിംകളുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ മൗലാനയ്ക്ക് പിന്നെയും പിന്നെയും അവസരം നല്കി. അതും പോരാഞ്ഞ് മക്കയിലും മദീനയിലും പോകാന്‍ ആഗ്രഹമുണ്ടെന്നുകൂടി രാംദേവ് തട്ടിവിട്ടു. ആര്.എസ്.എസ്സും ബി.ജെ.പി.പിയും സമരത്തെ ആവര്‍ത്തിച്ച് പിന്തുണച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കസര്‍ത്തുകള്‍.
രാജ്യത്തെ എണ്ണപ്പെട്ട ആക്ടിവിസ്റ്റുകളെല്ലാം സമരത്തെ തള്ളിപ്പറഞ്ഞു. പഞ്ചനക്ഷത്രസമരമെന്നാണ് മേധാപട്കര്‍ ഈ നിരാഹാര നാടകത്തെ വിശേഷിപ്പിച്ചത്. പ്രതിവര്‍ഷം 4 കോടി ഡോളര്‍ വിറ്റുവരവുള്ള വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ രാംദേവ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് ബോളിവുഡ് നടന് ഷാരൂഖ് ഖാന് പോലും കുറ്റപ്പെടുത്തി. അഴിമതിവിരുദ്ധസമരത്തിലൂടെ ശ്രദ്ധേയനായ അണ്ണാ ഹസാരെയും വലിയ താല്പര്യം കാണിച്ചില്ല. എല്ലാ ആധുനികസൗകര്യങ്ങള്‍ക്കുംപുറമെ 100 രഹസ്യ ക്യാമറകള്‍ കൂടി സമരപ്പന്തലില്‍ ഘടിപ്പിച്ചു എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. പാലും പഴവും മാത്രം കഴിക്കുന്ന ഈ സന്യാസിയുടെ പൂര്‍വ്വാശ്രമത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരണം വരെ നിരാഹാരം കിടക്കുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ച സ്വാമി കൃത്യം 14 മണിക്കൂര്‍ മാത്രമേ പട്ടിണി കിടക്കാന്‍ പറ്റൂ എന്ന് പിന്നീട് വ്യക്തമാക്കി.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടത്തെ വെല്ലുവിളിച്ച ബാബാ രാംദേവ് പോലീസ് വന്നപ്പോള്‍ രക്ഷപ്പെടാനായി വെള്ള കൂര്‍ത്തയും ഷാളുമണിഞ്ഞ് സ്ത്രീകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. തന്റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടും സമരം തുടര്‍ന്ന രാംദേവിനെതിരെ പോലീസ് നടപടി അനിവാര്യമായിരുന്നു.
കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ട ആത്മീയത രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ വിലപേശിത്തുടങ്ങുന്നതിന്റെ സൂചനയാണിത്. കാര്യമാകുന്ന കളി. കള്ളപ്പണവും അഴിമതിയും രാജ്യത്തിന്റെ തീരാശാപമാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ഒരു സുപ്രഭാതത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പരിഹരിക്കപ്പെടാവുന്ന വിഷയമല്ല അതെന്നും എല്ലാവര്ക്കും നിശ്ചയമുണ്ട്. പുതിയ ബോധ്യപ്പെടലുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. അതിനാല്‍, ആത്മാര്‍ത്ഥതയോടെയല്ല ഈ സമരമെന്ന് ഓരോരുത്തരും അര്‍ത്ഥശങ്കയില്ലാതെ പറയുമ്പോള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ വേറെയാണ്.
ഇനി ബി.ജെ.പിയുടെ ഹിന്ദുത്വവുമായി മുന്നോട്ടുപോയാല്‍പോര എന്ന അഭിപ്രായമുള്ള സംഘ്പരിവാര്‍ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെയാണ് ബാബാ രാംദേവ് സമരനാടകം അരങ്ങേറുന്നതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രാമജന്മഭൂമി പോലുള്ള വിഷയങ്ങള്‍ വൈകാരികമായ ആഘാതങ്ങളേല്‍പ്പിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലുള്ള പുതിയ പടപ്പുറപ്പാടാണിത്. ജനപിന്തുണ ലഭിക്കുമെന്ന് ഉറപ്പുള്ള ഒരു വിഷയത്തെ മുന്‍നിര്‍ത്തി കളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ നേരത്തെ താല്പര്യം പ്രകടിപ്പിച്ച ബാബക്ക് അതൊരു പിടിവള്ളിയാകുമെന്ന അജണ്ട സമരത്തിനു പിന്നിലുണ്ട്. ശക്തമായ ഒരു ദേശീയ നേതൃത്വത്തിന്റെ അഭാവത്താലും ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടുകളാലും ഇരുട്ടില്‍തപ്പുന്ന സംഘ്്പരിവാര്‍ ശക്തികള്‍ക്ക് ഉണരാനുള്ള ഊര്‍ജ്ജംകൂടിയാണിത്. അണ്ണാ ഹസാരെയുടെ അരാഷ്ട്രീയ സമരത്തേക്കാള്‍ അപകടം പിടിച്ച പരുവത്തിലേക്കാണ് ബാബാ രാംദേവിന്റെ ഈ സമരം രാജ്യത്തെ എത്തിക്കുക. ഫാസിസം അരാഷ്ട്രീയമാണ്. അരാഷ്ട്രീയം അരാജകത്വവും സര്‍വ്വനാശത്തിന്റെ വിത്തുമാണ്. അധികാരം കൈയാളുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് തന്ത്രം വിജയിപ്പിച്ചെടുക്കുകയാണ് രാംദേവിന്റെ ദൗത്യം. ഇത്രയധികം സമ്പാദിച്ചിട്ടും ഇന്ത്യയിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്യസായിബാബ ചെയ്ത സേവനങ്ങള്‍ പോലും ബാബാ രാംദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സ്വന്തം കള്ളപ്പണത്തിന്റെയും ബിസിനസ്സ് സാമ്രാജ്യത്തിന്റെയും രഹസ്യങ്ങള്‍ ഒളിപ്പിക്കാനാണ് ഈ സമരമെന്നും സംശയമുണ്ട്. ദേശീയരാഷ്ട്രീയത്തില്‍ പുതിയ പ്രതിബിംബത്തെ സൃഷ്ടിച്ച് ഫാസിസം അതിന്റെ പണി തുടരുന്നു എന്നതാണ് മനസ്സിലാക്കേണ്ട സത്യം.