

എം.കെ മുനീറും കെ.എം ഷാജിയും ജയിച്ചതെങ്ങനെയാണ്...? തീവ്രവാദികളുടെ വോട്ട് വാങ്ങി തിരുവനന്തപുരത്തേക്ക് വണ്ടികയറാന്‍ ഒട്ടും താല്പര്യമില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ രണ്ടുപേര്‍. ആ വര്‍ത്തമാനം കേട്ട പലരും മൂക്കത്ത് വിരല്‍ വെച്ചു. എന്ത് അസംബന്ധമാണ് ഇവര്‍ വിളിച്ചുകൂവുന്നത് എന്നു പറഞ്ഞ് പഴിച്ചു. രാഷ്ട്രീയക്കാര്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ട എന്നു പറയുന്നത് വിഡ്ഢിത്തം വിഡ്ഢിത്തം..! മുനീറിനും ഷാജിക്കും ഭ്രാന്താണെന്നും ആര്.എസ്.എസ്സിന്റെ അച്ചാരം വാങ്ങിയവരാണെന്നും പ്രളയമായി. ബി.ജെ.പിക്ക് ആര്.എസ്.എസ് പോലെ മുസ്്ലിംലീഗിന് എന്‍.ഡി.എഫ് ആയാലെന്താ എന്നു ചോദിച്ചവരും വിരളമല്ല. എന്‍.ഡി.എഫിന്റെ അടുക്കളവാതിലിലൂടെ ചെന്ന് ഇത്തിരി എരിവും പുളിയും ഉപ്പും സ്പൂണിലാക്കി വാങ്ങിയവരുമുണ്ട്. നാല് വോട്ടുകള്‍ക്കു വേണ്ടി തീവ്രവാദികളുമായി ആരുമറിയാത്ത ബന്ധം സ്ഥാപിച്ചാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലേ എന്നു ചോദിച്ചവരും. ഇങ്ങനെ പോയാല്‍ മുനീറും ഷാജിയും ഒരു കാലത്തും ഇനി ജയിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞവരും. ഇപ്പറഞ്ഞവരെയെല്ലാം അടങ്കരെ അടക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം. മുനീറും ഷാജിയും ജയിച്ചിരിക്കുന്നു! അതു കറകളഞ്ഞ വോട്ടുകളാല്‍. എന്നാല്‍പ്പിന്നെ അതെങ്ങനെയായിരിക്കും എന്നതാണ് പിന്നത്തെ ചോദ്യം. ആരാണ് ഇവര്‍ക്ക് വോട്ട് ചെയ്തത്.
അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് വന്നു. പാര്‍ട്ടിയിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍. ഇന്ത്യാവിഷന്റെ പേരില്‍ മുനീറിനു പഴി.
കടുപ്പമുള്ള മണ്ഡലങ്ങളിലാണ് രണ്ടാള്‍ക്കും നറുക്ക് വീണത്. കെകെ പിപി. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കിയവനെന്ന പേരില്‍ ലീഗുകാരില്‍ പലര്‍ക്കും മുനീറിനോട് പുഞ്ഞം. തൊണ്ടയില്‍ ഓപ്പറേഷന് നടത്തി ഒന്നര മാസത്തെ മൗനവ്രതത്തിന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സമയത്തുതന്നെ വിവാദകാലം വന്നതിനാല്‍ മിണ്ടാന്‍ പറ്റാതായ ഷാജിക്കും കിട്ടി പ്രവര്‍ത്തകരുടെ വക ചില കൊട്ടുകള്. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്തവരെന്ന് വിധിയെഴുത്തുകള്‍. മുനീറിനില്ലാത്ത പാര്‍ട്ടി സ്നേഹം പ്രകടിപ്പിക്കാന്‍, മുനീറിനെതിരെ വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം ടിക്കറ്റെടുത്ത് വിമാനം കയറിയ ലീഗുകാര്‍ ഗള്‍ഫിലുണ്ട്. അപ്പോള്‍പ്പിന്നെ കോഴിക്കോട് സൗത്ത് മണ്ഡലത്തിലും അങ്ങനെയുള്ളവര്‍ ഉണ്ടായേക്കാം. സാംസ്കാരികസംഗമം നടത്തിയാലൊന്നും സാധാരണക്കാരന്റെ വോട്ട് കിട്ടില്ലെന്ന് പറഞ്ഞ് പിന്നെയും പുഞ്ഞം. അഴീക്കോട്ടാണെങ്കില്‍ എന്‍.ഡി.എഫുകാരുടെ വക നുണപ്രചരണങ്ങള്‍. മുസ്്ലിം വോട്ടുകള്‍ ഒറ്റയെണ്ണം ഷാജിക്ക് കിട്ടില്ലെന്ന തറപ്പിക്കലുകള്‍. ആര്.എസ്.എസ്സിന് സമുദായത്തെ ഒറ്റുന്നവനെന്ന സല്‍പ്പേര്. ഇരവിപുരത്തിനുശേഷം അഴീക്കോടുംകൂടി പിടിവിട്ടാല്‍ ഷാജിയുടെ രാഷ്ട്രീയഗ്രാഫ് അടിയോടടുക്കുമെന്ന് വീമ്പ്. മുനീറിനെതിരെ പ്രചരണം നടത്താന്‍ വേണ്ടി മാത്രം മത്സരിച്ച എസ്.ഡി..പി.ഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 749 വോട്ട്. തീവ്രവാദരാഷ്ട്രീയത്തിന് സമുദായത്തിന്റെ പിന്തുണ. ഷാജിക്കെതിരെ നുണ പറച്ചില് യത്നത്തിന് നിന്ന സുഡാപ്പികള്‍ക്ക് കിട്ടിയത് രണ്ടായിരത്തിത്തൊള്ളായിരത്തിന്റെ പുട്ട്. മലപ്പുറത്ത് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ നിന്ന സുഡാപ്പിക്ക് 4683. പെരിന്തല്‍മണ്ണയില്‍ 1067. മലപ്പുറത്ത് എസ്.ഡി.പി.ഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒട്ടാകെ ലഭിച്ചത് 44,415. മലപ്പുറത്ത് കെ. ഉബൈദുല്ലയുടെ 44508 എന്ന ഭൂരിപക്ഷത്തിന്റെ അടുത്തുപോലും എസ്.ഡി.പി.ഐക്ക് ജില്ലയില്‍ ആളില്ല. സുഡാപ്പിക്കാരന്റെ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പ്.
മുനീറും ഷാജിയുമാണ് വിഷയം. ആര്‍ക്കും വേണ്ടാത്ത ഇവരെ ആരാണ് ജയിപ്പിച്ചത്... ? എന്തായിരുന്നു വോട്ട് ചെയ്തവരുടെ ഉദ്ദേശ്യം. അറിയാന്‍ താല്പര്യമുണ്ട്.