
കേരളം വീണ്ടും ജനീവയിലേക്ക് ഉറ്റുനോക്കുന്നു. ഏപ്രില്‍ 25 മുതല്‍ 27 വരെ സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതി അവിടെ യോഗം ചേരുകയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിലാണ് ഏവര്‍ക്കും ആകാംക്ഷ. കരളലിയുന്ന കാഴ്ചകളിലേക്ക് ഇക്കുറിയെങ്കിലും കരുണയുടെ നോട്ടമുണ്ടാകുമെന്ന പ്രത്യാശയിലാണ് മനുഷ്യസ്നേഹികള്‍. എന്നാല്‍ നിരോധനം ആവശ്യമില്ലെന്ന നിലപാടുതന്നെ വീണ്ടും സ്വീകരിക്കാന്‍ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചുവെന്ന വാര്‍ത്തയെ ആശങ്കയോടെയാണ് സാമൂഹ്യപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നത്.
ഒരു ഗ്ലാസ്സ് പാല് കഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത്രയും ആരോഗ്യപ്രശ്നങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ ഉപയോഗംകൊണ്ട് മനുഷ്യന് സംഭവിക്കുകയുള്ളൂ എന്നാണ് നേരത്തെ ജനീവയില്‍ നടന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ പ്രതിനിധി വാദിച്ചത്. ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി മുറവിളി കൂട്ടുമ്പോള്‍ കീടനാശിനി നിര്‍മ്മാതാക്കളും അവരെ അനുകൂലിക്കുന്ന കച്ചവട മനസ്സുകളും ഇത്തരം വിചിത്രമായ തടസ്സവാദങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാന്, ബ്രസീല്‍, ഓസ്ട്രേലിയ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകംതന്നെ ഈ മാരകവിപത്തിനെ പടിക്ക് പുറത്താക്കിക്കഴിഞ്ഞു. ദുരന്തത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ഒരിറ്റു കാരുണ്യത്തിനുവേണ്ടി കേണുകൊണ്ടിരിക്കുന്ന നാടിനാണ് പിന്നെയും ശങ്ക. നിരോധിക്കണോ വേണ്ടയോ എന്ന്. കീടനാശിനി നിയമങ്ങളെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പൊതുമനസ്സിനെയും അവഹേളിച്ചുകൊണ്ടാണ് കേരളമൊട്ടാകെ പകല്‍വെളിച്ചത്തില്‍ ഇപ്പോഴും ഇതിന്റെ വില്പനയും തെളിയും നടക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കര്‍ശന നിരോധനം അനിവാര്യമാക്കുന്നു.
ബാധിത പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത മനുഷ്യരക്തത്തില്‍ തുടങ്ങി പിഞ്ചുകുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന മുലപ്പാലില്‍വരെ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. (Centre for Science and Enviornment). കാസര്‍ക്കോട്ടെ ദുരന്തചിത്രങ്ങള്‍ പുറംലോകത്തെപോലും ഭയപ്പെടുത്തിതുടങ്ങിയപ്പോള്‍ വടക്കോട്ട് പഠനസംഘങ്ങളുടെ വേലിയേറ്റമുണ്ടായി. കീടനാശിനിക്ക് അനുകൂലമായും പ്രതികൂലമായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മനുഷ്യദുരിതങ്ങളുടെ പച്ചയായ ചിത്രങ്ങളെ അമര്‍ത്തി മായ്ച്ചുകൊണ്ടായിരുന്നു ചില കണ്ടെത്തലുകള്‍. ഉറപ്പായിട്ടും മരുന്നുകമ്പനികളുടെയും വ്യവസായ ലോബിയുടെയും എച്ചില്‍നക്കികള്‍ക്ക് മനുഷ്യനെ അറിയില്ല. നേര്‍ക്കണ്ണ് കാണുകയുമില്ല.
വിവിധ പഠനറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2003ല്‍ ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അത് നടപ്പാക്കാനുള്ള നടപടികള്‍ അപര്യാപ്തമായിരുന്നു. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ മാത്രം ഇതിനകം ഇരുപതോളം കമ്മിറ്റികളാണ് നിലവില്‍ വന്നത്. മിക്ക പഠനങ്ങളും കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നെങ്കിലും ഈ കീടനാശിനി ഉപയോഗിച്ച കേരളത്തിലെ പലയിടങ്ങളിലും വിഷമഴയുടെ ദുരന്തചിത്രങ്ങള്‍ തെളിഞ്ഞുവന്നു.
ശാസ്ത്രം ജയിച്ചു മനുഷ്യന് തോറ്റു എന്നത് വെറുമൊരു സിനിമാപ്പേര് മാത്രമല്ലെന്ന് കാസര്‍കോട്ടെ ജനങ്ങള്‍ അറിഞ്ഞു. ജയിച്ചത് ശാസ്ത്രം മാത്രമായിരുന്നില്ല. ശാസ്ത്രത്തെ ഉപയോഗിച്ച് ഈ പെരുംകീടത്തെ (കീടനാശിനി കീടമായി തിരിഞ്ഞുകൊത്തുമ്പോള്‍) നിര്‍മിച്ച് വിതരണം ചെയ്യുന്ന മരണത്തിന്റെ കച്ചവടക്കാരായ വ്യവസായ- ഭരണകൂട ഭീകരതയും ജയിച്ചു. തോറ്റത് മനുഷ്യന്. സഹായിക്കാന്‍ വന്ന ഭൂതം തങ്ങളെ വിഴുങ്ങിയതറിഞ്ഞ് മരവിച്ചുപോയ മനുഷ്യന്. പച്ചയായി കണ്ടത് പച്ചയ്ക്ക് വിളിച്ചുപറഞ്ഞുവെന്ന അപരാധം ചെയ്ത മനുഷ്യന്.
ലബോറട്ടറിയില്‍ പത്ത് എലികള്‍ക്ക് കീടനാശിനി കൊടുത്ത്, അതില്‍ അഞ്ചെണ്ണമെങ്കിലും ചാകുന്നെങ്കില്‍ മാത്രമേ ശാസ്ത്രത്തിന്റെ ദൃഷ്ടിയില് കീടനാശിനി അപകടകാരിയാവുകയുള്ളൂ. അഥവാ നൂറു മനുഷ്യര്‍ക്ക് കീടനാശിനി അപകടം വിതച്ചാല്‍ അതില്‍ നാല്പത്തിയൊമ്പത് പേര് മരിച്ചാലും യാതൊരു കുഴപ്പവുമില്ല. ധൈര്യമായി നിര്‍മ്മിക്കാം. വിതരണം ചെയ്യാം. ഉപയോഗിക്കാം. എത്ര സുന്ദരമായ ശാസ്ത്രനീതി!. വീണ്ടും പഠനകമ്മിറ്റി വരുന്നു എന്നു കേള്‍ക്കുമ്പോള്‍തന്നെ കാസര്‍കോട്ടുകാര്‍ ആശങ്കയിലാകുന്നതിന്റെ കാര്യം ഈ നിയമവ്യവസ്ഥയാണ്.
ലാഭം പരിഗണിക്കുമ്പോള്‍ മനുഷ്യനെ അവഗണിക്കാം എന്നതാണ് കച്ചവടകാലത്തിന്റെ രീതി. തമിഴ്നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് അറിവുള്ളവരും ആഗ്രഹിക്കുന്നത് അമിതലാഭമാണ്. നൂറില്‍ നൂറ് പാവയ്ക്കയും കേടുകൂടാതെ പറിച്ച് കുട്ടയിലാക്കി അതിര്‍ത്തി കടത്തിയാലേ തമിഴ് കര്ഷകന് ലാഭം കൊയ്യാനാവൂ. കൊങ്ങന്‍ലോറികളുടെ മൂളക്കം കേട്ട് വെള്ളം തിളപ്പിക്കുന്ന നമ്മുടെ അടുക്കളകളില്‍ ദിവസവും പാകം ചെയ്യുന്ന വിഷക്കായകള്‍ എത്ര രുചിയോടെയാണ് നാം തിന്നുതീര്‍ക്കുന്നത്!.
1980 മുതല്‍ 2000 ഡിസംബര്‍ 26 വരെയാണു കാസര്‍കോട്ടെ കശുമാവിന് തോട്ടങ്ങളില്‍ പൂവുകളെ നശിപ്പിക്കുന്ന തേയിലക്കൊതുകിനെ കൊല്ലാന്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 11 പഞ്ചായത്തുകളിലടക്കം ഒട്ടേറെ പേര് രോഗ ബാധിതരായതോടെ സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. 2003ല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം സംസ്ഥാനത്തിനു നിര്‍ദേശം നല്കി. 2004 ഡിസംബര്‍ എട്ടിനു സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചു. എന്നാല്‍, ഇതിനകം രോഗത്തിന് അടിമകളായവരുടെ എണ്ണം ഭീകരമായിരുന്നു.
എന്‍ഡോസള്‍ഫാനെതിരെ അന്തിമയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേരളത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമങ്ങളും. കഴിഞ്ഞ ഒക്ടോബര്‍ 15ന് സ്വിറ്റ്സര്‍ലന്റില്‍ നടന്ന അന്തര്‍ദേശീയ സ്ഥാവര കാര്‍ബണിക മാലിന്യ നിയന്ത്രണ റിവ്യൂ കമ്മിറ്റിയുടെ (Persistent Organic Pollutants' Review Committee) ആറാമത് കണ്വന്ഷന് അതിനൊരു നിമിത്തമായി എന്നു മാത്രം. എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണമായി നിരോധിക്കുക എന്നത് ഇന്ന് കാസര്‍കോട്ടുകാരുടെ മാത്രം ആവശ്യമല്ല. ആര്‍ക്കും അവഗണിക്കാനാവാത്ത വിധം ദുരന്തചിത്രങ്ങള്‍ മലയാളികളെ വേട്ടയാടുമ്പോള്‍ കേരളം അതേറ്റെടുക്കുകയായിരുന്നു. ബദിയടുക്ക പള്ളത്തടുക്കയിലെ കവിതയും സൈനബയും സുജിതും ഷാഹിനയുമെല്ലാം ഇന്ന് മലയാളി മനസ്സിന്റെ നൊമ്പരങ്ങളാണ്.
യഥാര്‍ത്ഥ രോഗികള്‍ സര്‍ക്കാര്‍ കണക്കില്‍ ഇപ്പോഴും ഇടം പിടിച്ചിട്ടില്ല എന്ന പരാതിയും നിലനില്ക്കുന്നു. 2046 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ശരിക്കുള്ള കണക്ക് ഇതിന്റെ ഇരട്ടിയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള പട്ടികയിലുള്ളത് 537 പേര് മാത്രം. നിരോധനത്തിന്റെ പേരില്‍ കേന്ദ്രത്തിനു മേല്‍ കുതിര കയറുന്നവര്‍ കാണിക്കുന്ന വിവേചനത്തിന്റെ സത്യമാണിത്. ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക് ആളെ കൂട്ടുന്നവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നവരും കണ്ണടച്ച് ഇരുട്ടാക്കാതിരുന്നാല്‍ നന്ന്.
മാരക കീടനാശിനിയുമായി ബന്ധപ്പെട്ട് ഈയിടെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍കൂടി പുറത്തു വരികയുണ്ടായി. എന്‍ഡോസള്‍ഫാനേക്കാള്‍ ദോഷം ചെയ്യുന്ന കീടനാശിനികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് എന്നതായിരുന്നു അത്. കേരള കാര്‍ഷിക സര്‍വകലാശാല ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. വന്‍കിട കീടനാശിനി നിര്‍മ്മാതാക്കളുമായി ഒത്തുകളിച്ച് കീടനാശിനി നയം സംബന്ധിച്ച് ഉത്തരവിറക്കാതെ കേന്ദ്രത്തിനെതിരെ കള്ളനും പോലീസും കളിക്കാനാണ് കേരളം സമയം കണ്ടെത്തിയത്. വിഷവീര്യം കൂടിയ റെഡ് വിഭാഗം കീടനാശിനികളും യെല്ലോ വിഭാഗത്തില്‍പെടുന്ന ട്രയാസാഫോസ്, പ്രിഫനോഫോസ്, എഡിഫെന്‍ഫോസ്, ട്രൈ സൈക്ലാസോള്‍, ഓക്സിതയോക്വിനോക്സ്, കരാട്ടെ എന്ന ബ്രിട്ടീഷ് കീടനാശിനി തുടങ്ങിയ വീര്യമേറിയ കീടനാശിനികളും സര്‍ക്കാരിന്റെ ഉപയോഗിക്കാവുന്ന ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്നും ഇതു തടയണമെന്നും സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും തുടര്‍ നടപടിയുണ്ടായില്ല എന്ന വിവരം കേന്ദ്രത്തിനെതിരെ പുകമറ സൃഷ്ടിക്കുന്നവരുടെ തനിനിറം വെളിപ്പെടുത്തുന്നു.
കേരളത്തിന്റെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട്ടെ കൊല്ലങ്കോട്ടും മുതലമടയിലുമെല്ലാം ഇത് വിളവെടുപ്പ് കാലമാണ്. സിന്ദൂരം, കിളിച്ചുണ്ടന്‍, ആപോസ്, നടുച്ചേല, ബങ്കനപ്പിള്ളി മാങ്ങകള്‍ മൂത്ത് പഴുത്ത് മധുരമൂറുന്ന മാമ്പഴക്കാലം. ഇവിടങ്ങളിലെ മാന്തോപ്പുകളിലെല്ലാം മാരക കീടനാശിനികള്‍ തളിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട്ടില്‍നിന്ന് വാളയാര്‍ വഴിയെത്തുന്ന ഈ കീടനാശിനികളുടെ ദുരന്തം മുതലമടയിലും പരിസരങ്ങളിലും അനുഭവപ്പെടുന്നുമുണ്ട്.
യൂറോപ്യന്‍ യൂണിയന് 2006ല്‍ എന്റോസള്ഫാന് നിരോധിക്കുന്നതിനു മുമ്പേ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിച്ച ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന് എന്നീ രാജ്യങ്ങളുടെ ഇച്ഛാശക്തിയെ ഈ അന്തിമസമരത്തില്‍ ഓര്‍ക്കാവുന്നതാണ്. അമിതലാഭത്തേക്കാള്‍ മനുഷ്യജീവന് വില കല്‍പ്പിച്ച ഈ രാജ്യങ്ങളുടെ ആത്മാര്‍ത്ഥതക്കു മുന്നില്‍ ഏറ്റവുമധികം മനുഷ്യജീവനുകളുള്ള ഇന്ത്യാ മഹാരാജ്യം നിലപാട് സ്വീകരിക്കാന്‍ മടിക്കുന്നതിനെ ലജ്ജയോടെയല്ലാതെ കാണാനാവില്ല. ആര്‍ത്തിപ്പണ്ടാരങ്ങളുടെ പണക്കൊതിയില്‍ പൊലിയുന്നത് വരും തലമുറയുടെ നിര്‍മാണത്തിനുള്ള ഊര്‍ജ്ജമാണെന്ന് മറക്കാതിരിക്കുക. മരണത്തിന്റെ കച്ചവടം ഇനിയെങ്കിലും മതിയാക്കാമെന്ന് ഒരു ജനതയൊന്നാകെ വിളിച്ചുപറയുമ്പോള്‍ ചെവിപൊത്തുന്നത് നല്ല ഭരണകൂടത്തിന്റെ ലക്ഷണമല്ല.