ഇതിനെ എടുക്കുന്നതും ഉടുക്കുന്നതും ഞാന്‍...
നിനക്ക് തൊടാനാവില്ല.

സ്വത്വത്തിലേക്ക് മടങ്ങുക എന്നാല്‍ പ്രകൃതിയുടെ ഇലയനക്കങ്ങളെപ്പോലും തിരിച്ചറിയുക എന്നാണ്.
കൃത്യമായ സ്വത്വ ബോധത്തിലേക്ക് വിദ്യാര്‍ത്ഥിയും യുവത്വവും ഉണരേണ്ട അനിവാര്യത ദിനംപ്രതിയുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതൊരുപക്ഷേ നവോത്ഥാനത്തിന് ഇറങ്ങിത്തിരിച്ചവരുടെ പിന്മുറക്കാരെയൊക്കെ ഭയപ്പെടുത്തുന്നതു കൂടിയാണ്.
നമ്മുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും പാടെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ആധുനികയുടെ മതിഭ്രമങ്ങള്‍ വഴിമാറിയപ്പോഴാണ് യുവത്വത്തിന് തിരിച്ചിവും സ്വത്വ ബോധവും നഷ്ടമായത്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢികളായി പുതിയ തലമുറ മാറരുത് എന്നാഗ്രഹിക്കുകയും അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികള്‍ നിര്‍മിക്കുകയും ചെയ്യുക എന്നതാണ് ഇതിനുളള പരിഹാരമായി സംഘടിത പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ധാര്‍മികത അപ്രത്യക്ഷമാകുന്നു എന്നത് ഇക്കാലത്തെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. നമ്മുടെ താല്ക്കാലികമായ ഇച്ഛകളെ തൃപ്തിപ്പെടുത്തുന്ന പ്രലോഭനങ്ങളാണ് ആധുനിക ലോകം ഒരുക്കുന്ന കെണി. അതില്‍ അകപ്പെടുന്നവന് അറിവുണ്ടാകുമെങ്കിലും തിരിച്ചറിവുണ്ടാകണമെന്നില്ല. അവന്റെ ഹൃദയത്തിലേക്കുള്ള തിരിച്ചറിവിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കാനും അവിടെ കേറി അടയിരിക്കാനുമുള്ള മിടുക്ക് ആഗോളീകരണം ഒരുക്കുന്ന കെണികള്‍ക്കുണ്ട്. അവിടെ കച്ചവടമാണ് പ്രധാനം. 

എന്റെ ഏകാന്തത അപാരം. അവിടെ ചെന്ന് ഇരിക്കാന്‍ എനിക്ക് ഭയമാണ്. ഇഷ്ടവുമാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം എന്നീ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളെന്ന് നാം ധരിച്ചു വെച്ചവയെല്ലാം ഇവിടെ പ്രഫഷണല്‍ ആവുകയും കച്ചവടത്തിന്റെ സാധ്യതകള്‍ തേടുകയും ചെയ്യുന്നു. ഏതൊരാള്‍ ഏതൊന്നിനെ സമീപിക്കുന്നുവോ അതതെല്ലാം കച്ചവടക്കണ്ണിലൂടെയാവണമെന്ന് യുവത്വത്തെ നിരന്തരം ധരിപ്പിക്കാനും അതനുസരിച്ചുള്ള ജീവിത രീതി കെട്ടിപ്പടുക്കാനും ഈ പ്രവണത ശ്രമിച്ചു കൊണ്ടിരിക്കും. അവിടെ ബന്ധങ്ങള്‍, സൗഹൃദം, സ്നേഹം, ദയ, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുകയും പകരം കച്ചവടത്തിന്റെ കണ്ണുകള്‍ അവയെ നോട്ടമിടുകയും ചെയ്യുന്നു. ഈ പറയപ്പെട്ടവയെല്ലാം എന്തെങ്കിലും ലൗകിക നേട്ടങ്ങള്‍ക്കായുള്ള ഉപാധി എന്ന നിലക്ക് ഉപയോഗിക്കപ്പെടുന്നതോടെ മഹത്തായ മാനവികത എന്നൊക്കെ നാം പറയാറുളള കാര്യങ്ങളില്‍ ചെളി പറ്റുകയാണ്. കച്ചവട കാലത്ത് ധാര്‍മ്മിക ബോധത്തോടെയും പരലോപ്രീതി പ്രതീക്ഷിച്ചും കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ പരിഹസിക്കാനാണ് ചുറ്റുമുള്ളവര്‍ക്ക് കമ്പം. അതോടെ മറ്റുള്ളവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനായി ഇത്തിരിയെങ്കിലും ദയയുള്ളവന്റെ ഹൃദയവും വാണിജ്യവല്ക്കരിക്കപ്പെടും.മൂല്യങ്ങള്‍ വിസ്മരിക്കപ്പെടുന്നിടത്ത് ചെകുത്താന് പാര്‍പ്പു തുടങ്ങുകയായി. പിന്നെ സംഭവിക്കുന്നതെല്ലാം തെറ്റായിരിക്കും. ആ തെറ്റുകളെ കച്ചവടത്തിന്റെ ന്യായം പറഞ്ഞ് സ്വീകരിക്കാനാണ് പലരും പിന്നീട് ശ്രമിക്കുക. താന്‍ നില കൊള്ളുന്ന സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ തന്റെ പ്രവര്‍ത്തന മേഖലയെ എങ്ങനെ സജ്ജീകരിക്കാം എന്നതിനെപ്പറ്റി യുവത്വം ഇന്നത്തെക്കാലത്ത് അധികം ചിന്തിക്കാറില്ല. പകരം തനിക്കും കുടുംബത്തിനും എന്തു കിട്ടും എന്ന് അവന് ആലോചിക്കുന്നു. അതിന്റെ പളപളപ്പുകളിലേക്ക് അവന്റെ മനസ്സു ചായുന്നു. മാനുഷിക മൂല്യങ്ങള്‍ക്കോ ബന്ഘങ്ങള്‍ക്കോ അവിടെ യാതൊരു പ്രസക്തിയുമില്ല. നില്ക്കുന്ന തറ ഏതാണെന്ന് അറിയാതെ പോയതാണ് ആധുനിക കാലത്തെ യുവത്വത്തിനു പറ്റിയ അബദ്ധങ്ങളില്‍ പ്രാധാനം. ജീവിക്കുന്ന തറയുടെ ചരിത്രവും അതിന്റെ ഉറച്ച മണ്ണ് കൊടുക്കുന്ന ബലവും ഉപയോഗപ്പെടുത്തി ജീവിതം ക്രമപ്പെടുത്തിയവര്‍ തന്നെ അതിനെ തള്ളിപ്പറയുന്ന കാഴ്ച ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭീതിതവുമാണ്. ദൈവബോധവും ധാര്‍മ്മികതയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിതങ്ങള്‍ക്ക് തീറെഴുതിക്കൊടുത്തവരാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം കുടുക്കുകളില്‍ ചെന്നു വീഴുന്നത്. അവര്‍ ചെയ്യുന്നതു മാത്രമാണ് ശരി എന്ന വാശിയും ഇവരുടെ പ്രത്യേകതയാണ്. നാം വീണ്ടെടുക്കേണ്ടത് സ്വയാര്‍ജ്ജിതമായ പൈതൃകങ്ങളം ധാര്‍മ്മികതയുമാണ്. നില്ക്കുന്ന തറയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയല്ലാതെ അതു കൈവരില്ല. ആ തിരിച്ചറവു തന്നെയാണ് യഥാര്‍ത്ഥമായ സ്വത്വ ബോധത്തിലേക്ക് നമ്മെ നയിക്കുക. ആരുടെയെങ്കിലും ചട്ടുകമാവുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ തന്റെ അസ്തിത്വം തിരിച്ചറിഞ്ഞവന് ഒരിക്കലും അത്തരത്തിലുള്ള ചട്ടുകങ്ങളാകാന്‍ നിന്നു കൊടുക്കില്ല. ജീവിതത്തെപ്പറ്റിയും സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധമുള്ളവനായിരിക്കും അവന്. അവനെ കീഴ്പ്പെടുത്താന്‍ ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തികള്‍ക്കല്ലാതെ മറ്റൊന്നിനും കഴിയില്ല. ദൈവത്തിനല്ലാതെ അവന് മറ്റൊന്നിനും കീഴ്പ്പെടുകയുമില്ല. ചുറ്റും ചെളിയാണ് എന്നു വിലപിക്കുന്നതിനു പകരം അത് നീക്കം ചെയ്യാനുളള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനാണ് നാം മെനക്കെടേണ്ടത്. സ്വത്വ ബോധം നേടിയവന് അത് സാധിക്കും. എല്ലാം പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഉള്ളില്‍ കിടക്കുന്നു. അതിനെ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാനും വരുംതലമുറയുടെ നല്ല ഭാവിക്കായി ഇട്ടു കൊടുക്കാനുമാകുമ്പോള്‍ നാം നേടിയ അറിവുകളെല്ലാം ഉപകാരപ്പെട്ടടുന്നതാകുമെന്ന് ഉറപ്പുണ്ട്. കച്ചവട കാലത്ത് നാം വിചാരപ്പെടേണ്ടത് സ്വത്വത്തെ തിരിച്ചറിയേണ്ടത് എങ്ങനെയെന്നാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളിലൂടെ അതു സാധിക്കില്ല. ഇടപെടുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാറ്റിലും തന്റേതായ അംശത്തെ തേടലും പ്രയോഗിക്കലുമാണത്. നമുക്കതിനു കഴിയും. നമുക്ക് മാത്രമേ കഴിയൂ.